ലേഖനം: ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത | റോജി ഇലന്തൂർ

 

 

വിശ്വാസവീരന്മാരുടെ പട്ടിക ഒരു അധ്യായം മുഴുവനായി കോറിയിട്ടിരിക്കുന്ന എബ്രായലേഖനകർത്താവ്‌ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന കേന്ദ്രവിഷയം ‘ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത’ എന്നുള്ളതാണ്. യേശുക്രിസ്തു ഇന്ന് സ്വർഗ്ഗത്തിൽ അനുഷ്ഠിക്കുന്ന മഹാപൗരോഹിത്യ ശുശ്രൂഷയെക്കുറിച്ച്‌, മറ്റേതൊരു പുതിയനിയമഗ്രന്ഥത്തിൽ ഉള്ളതിനെക്കാളും ഉപരിയായി എബ്രായലേഖനത്തിലൂടെ ദൈവം നമുക്ക്‌ വെളിപ്പെടുത്തി തരുന്നു.

മനുഷ്യചരിത്രത്തിന്റെ പ്രാരംഭദിശ മുതൽക്കെ തന്നെ പൗരോഹിത്യവും നിലനിന്നിരുന്നു. മോശയുടെ കാലഘട്ടത്തിനു മുൻപ്‌ കുടുംബത്തലവന്മാരാണ് പൗരോഹിത്യ കർമ്മം ചെയ്തുവന്നിരുന്നത്‌. ഓരോ കാലയളവിന്റെയും പ്രത്യേകത അതതു കാലത്തെ പൗരോഹിത്യത്തെ ആശ്രയിച്ചായിരുന്നു.

ഈ ശ്രേഷ്ഠമഹാപുരോഹിതന്റെ ഉത്കൃഷ്ടതകൾ വിവിധങ്ങളാണ്. ക്രിസ്തു ശ്രേഷ്ഠ മഹാപുരോഹിതനാണ്. മോശൈകവ്യവസ്ഥയിൻ കീഴിൽ നിരവധി മഹാപുരോഹിതന്മാർ ഉണ്ടായിരുന്നെങ്കിലും അവരെ ആരെയും ശ്രേഷ്ഠ മഹാപുരോഹിതന്മാർ എന്നു വിളിച്ചിട്ടില്ല. താൻ അന്തരീക്ഷ മണ്ഡലത്തെയും നക്ഷത്ര മണ്ഡലത്തെയും കടന്ന്, മൂന്നാം സ്വർഗ്ഗത്തിലേക്ക്‌ കടന്നുപോയ ശ്രേഷ്ഠ മഹാപുരോഹിതനാണ്. യേശു എന്ന നാമം തന്റെ ജനനത്തിൽ നൽകപ്പെട്ടതും തന്റെ മനുഷ്യത്വത്തോട്‌ ബന്ധപ്പെട്ടാണ്. ദൈവപുത്രൻ എന്നു ക്രിസ്തുവിനെക്കുറിച്ച്‌ പറയുമ്പോൾ പിതാവാം ദൈവത്തോടുള്ള സമ്പൂർണ്ണ സമത്വമാണ് വെളിപ്പെടുന്നത്‌.

പഴയനിയമത്തിൽ പുരോഹിതന്മാരും മഹാപുരോഹിതന്മാരും ഉണ്ടായിരുന്നു. എന്നാൽ ക്രിസ്തു ശ്രേഷ്ഠ മഹാപുരോഹിതനാണ്. നമ്മുടെ ബലഹീനതയിൽ നമ്മെ സഹായിപ്പാൻ കഴിയുന്ന ഏക മഹപുരോഹിതൻ. ബലഹീനത എന്നതുകൊണ്ട്‌ ഇവിടെ വിവക്ഷിക്കുന്നത്‌ പാപത്തെ ഉദ്ദേശിച്ചല്ല. പാപം ഒഴികെ നമുക്ക്‌ തുല്യനായി അവിടുന്ന് പരീക്ഷിക്കപ്പെട്ടവനത്രെ. മനുഷ്യത്വത്തിന്റെ നിഷ്കളങ്കമായ പരിമിതികളെ ഉദ്ദേശിച്ചാണ് ബലഹീനത എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌. മനസ്സാ വാചാ കർമ്മണാ നാം പരീക്ഷിക്കപ്പെടുമ്പോൾ തെറ്റായ സ്ഥാനത്തേക്ക്‌ നാം വഴുതിപോകുന്ന അവസ്ഥാന്തരം നമുക്കുള്ളതിനെയാണു ബലഹീനത എന്നു പറയുന്നത്‌.

ഈ ദൈവകൃപ നാം ഓരോരുത്തരും ആവശ്യാനുസരണമാണ് പ്രാപിക്കേണ്ടത്‌ എന്നാണ് ‘തൽസമയത്ത്‌ സഹായത്തിനുള്ള കൃപ’ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. തൽസമയത്തിനു മുൻപോ പിൻപോ ഈ കൃപ ലഭിക്കയില്ല. പഴയനിയമകാലത്ത്‌ മഹാപുരോഹിതനു മാത്രം, അതും വർഷത്തിൽ ഒരിക്കൽ മാത്രമാണ് അതിപരിശുദ്ധസ്ഥലത്തുള്ള കൃപാസനത്തിനു അടുത്തുചെല്ലാൻ അവകാശം ഉണ്ടായിരുന്നത്‌. എന്നാൽ യേശുവിന്റെ മരണത്തോടെ ദൈവാലയത്തിലെ കൃപാസനത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്ന തിരശ്ശീല ചീന്തപ്പെട്ടതിനാൽ ഇന്ന് വിശ്വാസികൾക്ക്‌ ധൈര്യമായി ഈ കൃപാസനം വരെയും അടുത്തുചെന്ന് നമ്മുടെ ആവശ്യങ്ങളെ കർത്തൃസന്നിധിയിൽ അറിയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌.

മഹപുരോഹിതന്റെ പുത്രന്മാരായി ജനിക്കുന്നവർക്കു മാത്രമുള്ളതാണ് പൗരോഹിത്യം. അറിഞ്ഞും അറിയാതെയും ചെയ്യുന്ന പാപങ്ങൾക്കാണ് പരിഹാരമായി യാഗങ്ങൾ നിശ്ചയിച്ചിരുന്നത്‌. മഹപുരോഹിതനും ബലഹീനത ഉള്ളവനാകയാൽ തനിക്കും കുടുംബത്തിനും വേണ്ടി മഹാപാപ പരിഹാര ദിവസം താൻ യാഗമർപ്പിക്കേണ്ടതുണ്ട്‌. ദൈവത്താൽ നിയമിക്കപ്പെടുക എന്നതാണ് മഹാ പുരോഹിതന്റെ സുപ്രധാന യോഗ്യത. യേശു നിത്യ പുരോഹിതനാണ്, താൻ ലേവ്യ പുരോഹിതന്റെ ജോലികൾ ഒന്നും തന്നെ ചെയ്തിട്ടില്ല.

മൽക്കീസദെക്ക്‌ എന്ന വാക്കിന്റെ അർത്ഥം നീതിയുടെ രാജാവ്‌ എന്നുള്ളതാണ്. മൽക്കീസദെക്കിന്റെ പൗരോഹിത്യത്തിനു ജഡപ്രകാരമുള്ള പിന്തുടർച്ചയോ പാരമ്പര്യമോ ഇല്ലായിരുന്നു. മൽക്കീസെദെക്കിന്റെ ക്രമപ്രകാരം എന്നു പറഞ്ഞിരിക്കുന്നത്‌, ക്രിസ്തുവിന്റെ പൗരോഹിത്യം മുൻഗാമിയിൽ നിന്നും കിട്ടിയതല്ല എന്ന് തെളിയിക്കാനാണ്. മൽക്കീസെദെക്കിന്റെ പൗരോഹിത്യം വംശാവലി പ്രകാരം ഉള്ളതല്ല എന്നു തെളിയിക്കുകയാണ് ഇവിടെ ചെയ്യുന്നത്‌. നാം പുരോഹിതരായി തീരുന്നത്‌ മഹപുരോഹിതന്റെ കുടുംബത്തിലേക്കു ദത്തെടുക്കപ്പെടുന്നതു മുഖാന്തരമാണ്.

ലേവ്യ പൗരോഹിത്യപദവി സമയബന്ധിതമായിരുന്നെങ്കിൽ ക്രിസ്തുവിന്റേത്‌ നിത്യപൗരോഹിത്യമായിരുന്നു. ക്രിസ്തു ഒരേസമയം തന്നെ യാഗവസ്തുവും നിത്യപുരോഹിതനുമാണ്. ക്രിസ്തുവിന്റെ മരണം ഒരു പൗരോഹിത്യശുശ്രൂഷയും അതെസമയം ഒരു യാഗവും ആയിരുന്നു. ലേവ്യപുരോഹിതൻ സ്വന്തപാപത്തിനുവേണ്ടിയും യാഗം അർപ്പിച്ചിരുന്നു. പാപമില്ലാത്ത ക്രിസ്തുവാകട്ടെ മറ്റുള്ളവരുടെ പാപത്തിനുവേണ്ടി തന്നെത്തന്നെ ഏകയാഗമായി അർപ്പിച്ചു. ആ യാഗം പിന്നീട്‌ ആവർത്തിക്കപ്പെടേണ്ട ഒന്നല്ല. ആയതിനാൽതന്നെ ക്രിസ്തു മൽക്കീസെദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.