പുതുമുഖ എഴുത്തുകാർ അറിയാൻ

ആകാരഭംഗിയല്ല, അതുപോലെ എണ്ണത്തിലും അല്ല മറിച്ചു ഉള്ളിലെ ഉള്ളടക്കത്തിലെ കാമ്പും കഴമ്പും ആണു പ്രധാനം എന്ന സത്യം വീണ്ടും ഓർക്കുക

 

1. ടുറ്റ സൃഷ്ടികൾ അഥവാ കാമ്പും കഴമ്പും ഉള്ളവ എഴുതുവാൻ ശ്രമിക്കുക . പുതിയതായി എഴുതിത്തുടങ്ങുന്നവർക്ക് പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണിതെങ്കിലും അൽപ്പം പരിശ്രമത്തിലൂടെ ഇത് നേടിയെടുക്കുവാൻ ആർക്കും കഴിയും. “ഉള്ളടക്കം രാജാവ്” എന്നൊരു ചൊല്ലുണ്ടല്ലോ, അത് വളരെ വാസ്തവമത്രേ. നിങ്ങളുടെ ഉള്ളടക്കം ആണിവിടെ പ്രധാനം. ഉള്ളടക്കം മികച്ചതാക്കാൻ നാം പരമാവധി ശ്രമിച്ചാൽ നമുക്കു വായനക്കാർ താനേ ഉണ്ടാകും. നമ്മുടെ ഉള്ളടക്കം മറ്റുള്ളവർക്ക് ഏതെങ്കിലും വിധത്തിൽ പ്രയോജനപ്പെടുന്നതെങ്കിൽ തീർച്ചയായും അവിടെ ഒരിക്കൽ വന്നവർ വീണ്ടും എത്തും. ഒരു പക്ഷെ നമ്മുടെ വെബ്സൈറ്റ് അതിമനോഹരം ആണെങ്കിലും അതിൽ കാമ്പും കഴമ്പും ഉള്ള ഉള്ളടക്കം ഇല്ലെങ്കിൽ അതുകൊണ്ട് കാര്യമില്ല, അവിടെ സന്ദർശകർ വരില്ല. ചുരുക്കത്തിൽ അത് കാണാൻ ഭംഗിയുള്ള ഒരു പുരാവസ്തുവായി അവശേഷിക്കും. അതുകൊണ്ട് നമ്മുടെ വെബ്സൈറ്റ്പേജുകൾ വായനക്കാർക്ക് ഏതെങ്കിലും നിലയിൽ പ്രയോജനപ്പെടുന്ന ഉള്ളടക്കത്താൽ നിറക്കുവാൻ പരിശ്രമിക്കുക. വാരി വലിച്ചു എന്തെല്ലാമോ എഴുതിപ്പിടിപ്പിച്ചു പേജുകൾ നിറയ്ക്കരുത് . വലിപ്പം കുറവെങ്കിലും എഴുതുന്നവയിൽ കാമ്പും കഴമ്പും ഉണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കുക. പിന്നീടു പ്രസിദ്ധീകരിക്കുക. അനേകായിരങ്ങൾ ചിലപ്പോൾ കോടി ജനങ്ങൾ എൻറെ രചനകൾ വായിക്കും എന്ന ചിന്തയിൽ കാമ്പും കഴമ്പും ഉള്ളവ സൃഷ്ടിക്കുവാൻ ശ്രമിക്കുക. ഒരു പക്ഷെ ഇപ്പോൾ നിങ്ങളുടെ രചന നിങ്ങളും നിങ്ങളുടെ വീട്ടിലുള്ളവരും മാത്രമായിരിക്കും വായിക്കുന്നത് ഒപ്പം ചില അടുത്ത സുഹൃത്തുക്കളും. എങ്കിൽ പോലും മുകളിൽ പറഞ്ഞ ചിന്തയിൽ സൃഷ്ടികൾ എഴുതാൻ ശ്രമിക്കുക. തീർച്ചയായും അത് നിങ്ങളെ നല്ല രചനകൾ എഴുതുവാൻ സഹായിക്കും. ഇവിടെ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എഴുത്തിലെ അക്ഷരഘടന, അക്ഷരപ്പിശകുകൾ തുടങ്ങിയവയാണ്, പോസ്റ്റ്‌ എഴുതി പബ്ലിഷ് ബട്ടണ്‍ അമർത്തുന്നതിനു മുൻപ് ഒന്നു രണ്ടു ആവർത്തി കൂടി വായിച്ചു ഈ കാര്യങ്ങൾ ഉറപ്പു വരുത്തി പോസ്റ്റ്‌ ചെയ്യുക.

2. നിങ്ങളുടെ സൈറ്റിലെ ആര്‍ട്ടിക്കിള്‍ പോസ്റ്റുകൾ നിങ്ങൾ തന്നെ പ്രചരിപ്പിക്കുവാൻ മുൻകൈയ്യെടുക്കുക. ( ഫേസ് ബുക്ക്‌ പോലുള്ള മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുക) നാം എഴുതുന്നവ നമ്മുടെ ഗ്രൂപ്പില്‍ ഉള്ളവരും വീട്ടിലുള്ളവരും അടുത്ത സുഹൃത്തുക്കളും മാത്രം വായിച്ചാൽ മതിയോ? കൊള്ളാം ഇതു നല്ല ചോദ്യം! ഏതൊരു എഴുത്തുകാരൻറെയും മുഖ്യ ലക്ഷ്യം തന്റെ സൃഷ്ടികൾ മറ്റുള്ളവർ വായിക്കണം എന്നതു തന്നെ. ഭൂരിപക്ഷം എഴുത്തുകാരും ഈ ചിന്താഗതിക്കാർ തന്നെ, എന്നാൽ ചുരുക്കം ചിലർ തങ്ങളുടെ ആത്മസംപ്തൃപ്തിക്കു മാത്രമായി എഴുതുന്നുണ്ടാവാം. എന്നാൽ ഭൂരിപക്ഷം എഴുത്തുകാരും തങ്ങൾ എഴുതുന്നവ മറ്റുള്ളവർ വായിക്കണം അതേപ്പറ്റിയുള്ള അവരുടെ പ്രതികരണം എന്തു എന്ന് അറിയുവാൻ ആഗ്രഹിക്കുന്നവർ തന്നെ എന്നതിൽ രണ്ടു പക്ഷം ഇല്ല. നമ്മുടെ രചനകളെ കഴിവുള്ളിടത്തോളം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രമിക്കുക, അതിനു ഇന്ന് ഏറ്റവും പറ്റിയ മാർഗ്ഗം ഇന്നുള്ള സോഷ്യൽ മീഡിയകൾ തന്നെ. facebook, twitter, Google+ Linkdin തുടങ്ങി നൂറു കണക്കിനു സോഷ്യൽ മീഡിയകൾ ഇന്നു ലഭ്യമാണ്. അവയിൽ അംഗത്വം എടുക്കുക അതിലൂടെ സൃഷ്ടികളെപ്പറ്റി ഒരു ചെറു കുറിപ്പോടെ നമ്മുടെ എഴുത്തിന്‍റെ ലിങ്കുകൾ ചേർക്കുക. അതേപ്പറ്റി അവിടെയുള്ള സുഹൃത്തുക്കളോട് പറയുക അവർ അത് അവരുടെ സുഹൃത്തുക്കൾക്ക് ഷയർ ചെയ്യും അങ്ങനെ അവർ വായിപ്പാനും അവിടെ നിന്നും അത് മറ്റുള്ളവരിലേക്ക് പ്രചരിക്കപ്പെടുവാനും അത് കാരണം ആകുന്നു, ഇവിടെ പ്രധാനമായും ഓർത്തിരിക്കേണ്ടത്, ഒന്നാം കൽപ്പനയിൽ പറഞ്ഞത് തന്നെ “കാമ്പും കഴമ്പും ഉള്ളവ” എങ്കിൽ മാത്രമേ മറ്റുള്ളവർ അത് പ്രചരിപ്പിക്കുവാൻ മുൻകൈ യെടുക്കുകയുള്ളൂ. അങ്ങനെ അവിടെ നിന്നും നമുക്ക് കൂടുതൽ വായനക്കാരെ ലഭിക്കും.

3. നമ്മുടെ വെബ്സൈറ്റിലെ മറ്റു ആര്‍ട്ടിക്കിള്‍ സന്ദർശിക്കുക ഏഴുത്തുകള്‍ക്ക് ക്രീയാത്മകമായ പ്രതികരണങ്ങൾ കമന്റിലൂടെ എഴുതുക. : ഒരു രചന വായിച്ചു നല്ലൊരു കമന്റു, പ്രോത്സാഹജനകമോ, വിമർശനാത്മകാമോ ആയവ വിഷയവുമായി ബന്ധപ്പെട്ടതു ചേർത്താൽ അതു വായിക്കുന്നവർ ആ കമന്റിന്റെ ഉടമയെ തേടി അയാളുടെപോസ്റ്റില്‍ എത്തും എന്നതിനു സംശയം ഇല്ല. അതിലൂടെ നിങ്ങളുടെ എഴുത്തിന്റെ പ്രസക്തി വർദ്ധിക്കും എന്നതിൽ രണ്ടു പക്ഷം ഇല്ല.

4. കൊടുക്കുക വാങ്ങുക അഥവാ അറിവുകൾ പങ്കു വെക്കുക : ഒരു പക്ഷെ നിങ്ങള്‍ ആര്‍ട്ടിക്കിള്‍ എഴുതി അനേക വർഷത്തെ പരിചയം ഉള്ള ഒരു വ്യക്തിയായിരിക്കാം , പുതുതായി എഴുത്തിലേക്ക്‌ വരുന്നവരെ തള്ളിക്കളയാതെ , മറിച്ചു അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുക. അല്ലെങ്കിൽ കുറഞ്ഞ പക്ഷം അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക. അവരും വളരട്ടെ! ഓരോരുത്തരുടെയും കഴിവുകൾ പ്രകടിപ്പിക്കുവാൻ, പ്രദർശിപ്പിക്കുവാൻ ലഭിച്ചിരിക്കുന്ന ഒരു പൊതു വേദിയാണല്ലോ ഇത്. അവരുടെ വാസനക്കൊത്ത കാര്യങ്ങൾ അവർ ഇവിടെ പങ്കു വെക്കട്ടെ, ഒപ്പം അവർക്കാവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്ക. ഇത്തരത്തിൽ മറ്റുള്ളവരെ തങ്ങളുടെ അറിവുകൾ പകർന്നു നൽകി സഹായിക്കുന്ന നിരവധി പേരെടുത്ത എഴുത്തുകാര്‍ ഇവിടെയുണ്ട് എന്നത് ആശക്കു വക നൽകുന്നു. പുതിയ എഴുത്തുകാര്‍ നിരാശരാകാതെ കൂടുതൽ അറിവു നേടാൻ പരിശ്രമിക്കുക ഒപ്പം ലഭിച്ചതുപോലെ അത് മറ്റുള്ളവർക്കും കൊടുക്കുവാൻ പിശുക്കു കാട്ടാതെയുമിരിക്കുക.

5. വായനയില്ലെങ്കിൽ എഴുത്തും ഇല്ല : അതെ, ഏതൊരു എഴുത്തുകാരനും പ്രത്യേകം ഓർത്തിരിക്കേണ്ടതും ഒപ്പം ചെയ്യേണ്ടതുമായ ഒന്നത്രേ അത്. ലോക സാഹിത്യചരിത്രം പരിശോധിച്ചാൽ ഈ കാര്യം കുറേക്കൂടി വ്യക്തമാകും. പേരെടുത്ത എഴുത്തുകാർ എല്ലാവരും തന്നെ നല്ല വായനക്കാർ ആയിരുന്നു. എഴുതുവാൻ അല്ലെങ്കിൽ എഴുത്തുകാരൻ ആകുവാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായിക്കുവാൻ സമയം കണ്ടെത്തേണ്ടതുണ്ട്. ഇന്ന് വായന വളരെ വിരളമായിക്കൊണ്ടിരിക്കുന്നു എന്ന ഒരു ധാരണ പരക്കെ ഉണ്ട്, അത് ഒരു പരിധി വരെ സത്യവുമാണ്. എന്നാൽ വായനയില്ലെങ്കിൽ എഴുത്തും ഇല്ല എന്നു പറഞ്ഞാലും അതിൽ കാര്യമില്ലാതില്ല. നല്ലൊരു എഴുത്തുകാരൻ നല്ലൊരു വായനക്കാരൻ കൂടിയാണ്.

6. സോഷ്യൽ സൈറ്റുകളിലൂടെയോ മറ്റു മാധ്യമങ്ങളിലൂടെയോ പങ്കു വെക്കുക/ പരിചയപ്പെടുത്തുക. ഓരോ ദിവസവും നിരവധി ഗ്രൂപ്പുകള്‍ സന്ദർശിക്കുന്നവരാണല്ലോ നാമെല്ലാം. നമ്മുടെ ടീമില്‍ ഉള്ള മറ്റു വ്യക്തികളുടെ പോസ്റ്റുകൾ നമ്മുടെ സോഷ്യൽ മീഡിയകളിലൂടെ നമ്മുടെ സുഹൃത്തുക്കൾക്കായി പങ്കു വെക്കുക. . എൻറെ ഒരു പോസ്റ്റു നൂറിലധികം പേർ തങ്ങളുടെ സോഷ്യൽ സൈറ്റുകളിലൂടെ ഷയർ ചെയ്തിട്ടുണ്ട് ഇതൊരു നല്ല പ്രവണതയാണ്. അങ്ങനെ പരസ്പരം ചെയ്യുമ്പോൾ ഓരോരുത്തരുടേയും പേജിൽ വായനക്കാർ വർദ്ധിക്കുന്നതായി കാണുവാൻ കഴിയും. ഇവിടെയും ആദ്യ കലപ്പനക്ക് “കാമ്പും കഴമ്പും ഉള്ളവ” ആക്കം കൊടുക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

7. എഴുതുന്നവ വായിക്കുക തിരുത്തുക, വീണ്ടും വായിക്കുക വീണ്ടും തിരുത്തുക, അക്ഷരപ്പിശാചിനെ അകറ്റി നിർത്തുക : പബ്ലിഷ് ബട്ടണ്‍ അമർത്തുന്നതിനു മുൻപ് പലവട്ടം, എഴുതിയ സൃഷ്ടിയിലൂടെ ഒന്ന് ചുറ്റിത്തിരിയുക, ചില അനാവശ്യമായ കാര്യങ്ങൾ നമുക്ക് അവിടെനിന്നും ഇല്ലാതാക്കാം, പലവട്ടം ഇങ്ങനെ ചെത്തി മിനുക്കി പുറത്തു വരുന്ന സൃഷ്ടി കാണാൻ ചന്തവും വായിക്കാൻ മധുരവും ഉള്ളതായിത്തീരുന്നു. നമ്മുടെ ഇപ്പോഴത്തെ മാറിയ ചുറ്റുപാടിൽ അതായത് തിരക്കു പിടിച്ച ഈ ജീവിതത്തിൽ ഇതിനെല്ലാം സമയം എവിടെ എന്നു ചോദിക്കുന്ന ചിലർ ഉണ്ടാകാം. എന്നാൽ അങ്ങനെ പരിശ്രമിക്കുന്നുയെങ്കിൽ, അതായത് അതിനായി സമയം കണ്ടെത്തുന്നുയെങ്കിൽ ഈടുറ്റ സൃഷ്ടികൾ തന്നെ നമുക്കോരോരുത്തർക്കും പുറം ലോകത്തിൽ എത്തിക്കുവാൻ കഴിയും. പിന്നൊരു കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, സൃഷ്ടികൾ കഴിവുള്ളിടത്തോളം ചെറിയവ അഥവാ ദൈറ്ഘ്യമേറിയവ ആകാതിരിക്കട്ടെ. ഒപ്പം തന്നെ, പറയേണ്ടതെല്ലാം അതിൽ ഉൾപ്പെടുത്താനും ശ്രമിക്കുക. ഈ തിരക്കേറിയ ജീവിതത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന സൃഷ്ടികൾ കണ്ടു പലപ്പോഴും വായനക്കാർ ഓടിയകലും. ചിലപ്പോൾ അതൊരു നല്ല സൃഷ്ടി ആണെങ്കിൽ തന്നെയും പലരുടെയും ശ്രദ്ധ കിട്ടാതെ പോകും എന്നതാണ് സത്യം. “Short & Sweet” എന്ന ചൊല്ല് ഇവിടെ വളരെ അർത്ഥവത്താകുന്നു. അതെ. ചെറുതും, ലളിതവുമായ ഭാഷയിൽ രചനകൾ നടത്തുക അവിടെ വായനക്കാർ ഉണ്ടാകും.

8. മറ്റുള്ളവരുടെ രചനകൾ പകർത്താതിരിക്കുക അഥവാ മറ്റുള്ളവരുടെ സൃഷ്ടികൾ മോഷ്ടിക്കാതിരിക്കുക : മറ്റുള്ളവരുടെ കഠിനപ്രയഗ്നത്താൽ പിറവികൊണ്ട സൃഷ്ടികൾ ചിലർ ചുളുവിൽ അനായാസേനെ തങ്ങളുടെതാക്കി മാറ്റി പ്രസിദ്ധീകരിക്കുന്ന ഒരു പ്രവണത നല്ല എഴുത്തുകാരന് ചേർന്നതല്ല എന്തായാലും ഇതൊരു നല്ല പ്രവണത അല്ല. മുകളിൽ പറഞ്ഞ വായിക്കുക എഴുതുക, വായിക്കുക എഴുതുക എന്ന കൽപ്പന ഓർക്കുക. ചിലപ്പോൾ ചില എഴുത്തുകാരുടെ സൃഷ്ടികൾ സ്ഥിരമായി വായിക്കുന്നതു മൂലം അവരുടെ എഴുത്തു ശൈലി നമ്മുടെ രചനകളിൽ കടന്നു വരാൻ സാദ്ധ്യതയുണ്ട്. അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നു തന്നെ. പിന്നെ ചില സൃഷടികൾ നടത്തുമ്പോൾ തീർച്ചയായും ചില റിസർച്ച്കൾ ചെയ്യേണ്ട ആവശ്യം ഉണ്ടാകും അപ്പോൾ ലഭിക്കുന്ന വിവരങ്ങൾ എവിടെ നിന്നും എടുത്തു തുടങ്ങിയ വിവരങ്ങൾ ക്രെഡിറ്റ്‌ ആയി source: എന്നു നൽകി രചനകൾക്കു താഴെ കൊടുക്കുക, അവരുടെ പേജിലേക്കുള്ള ലിങ്കു കൊടുത്താൽ കൂടുതൽ നന്ന്. അതുപോലെ മറ്റു പേജുകളിൽ നിന്നും ചിത്രങ്ങൾ കടം എടുക്കുമ്പോൾ ആ വിവരം പ്രത്യേകം picture credit എന്നു നൽകി ചിത്രത്തിന് താഴെയോ അല്ലെങ്കിൽ രചനയുടെ അവസാനത്തിലോ തീർച്ചയായും കൊടുക്കണം ഇപ്പോൾ നിലവിലുള്ള ചില copyright നിയമങ്ങൾ അത് അനുശാസിക്കുന്നു.

9. എഴുത്തിലൂടെയും കമന്ടിലൂടെയും മറ്റുള്ളവരെ തേജോവധം ചെയ്യാതിരിക്കുക ക്രീയാത്മകമായ രചനകൾ എപ്പോഴും പ്രതികരണങ്ങൾ വിളിച്ചു വരുത്തും. അവയിൽ ചിലത് അരോചകം ഉളവാക്കുന്നവയായിരിക്കും. അത്തരം വിമർശനങ്ങൾ ചിലപ്പോൾ അസ്സഹനീയവും ആകാം. ഇവിടെ നാം സംയമനം പാലിക്കേണ്ടതു വളരെ ആവശ്യം തന്നെ. അവയെ തന്മയത്വത്തോടെ നേരിടുക, അവയ്ക്ക് മൃദുവായ മറുപടികൾ കൊടുക്കുക. അതുകൊണ്ടും അവർ അടങ്ങുന്നില്ലെങ്കിൽ അതു കൂടുതൽ സങ്കീർണ്ണം ആക്കാതെ ആ വിഷയം അവിടെ അവസാനിപ്പിക്കുക. നമ്മുടെ പോസ്റ്റിൽ ഏതു തരം കമന്റുകൾ ചേർക്കണം എന്നത് തീരുമാനിക്കേണ്ടത് അതിന്റെ ഉടമസ്ഥൻ തന്നെയാണല്ലോ. ഇവിടെ പ്രധാനമായും ഓർത്തിരിക്കേണ്ട ഒരു സംഗതി ‘എപ്പോഴും ക്രീയാത്മകമായ വിമർശനം നടത്തുക. അത് ഒരിക്കലും അവരെ തേജോവധം ചെയ്തു കൊണ്ട് ആകെരുതെന്നു മാത്രം. ഫലം നിറഞ്ഞു നിൽക്കുന്ന ഒരു വൃക്ഷത്തിനു മാത്രം കല്ലേറ് പ്രതീക്ഷിച്ചാൽ മതിയല്ലോ. എഴുതുക ക്രീയാത്മകമായ വിമർശനങ്ങളെ അതിൻറെ മുഖ വിലക്കു തന്നേ എടുക്കുവാൻ പരമാവധി ശ്രമിക്കുക.

10. നമ്മുടെ എഴുത്തുകളെ മറ്റു എഴുത്തുമായി താരതമ്യപ്പെടുത്താൻ ശ്രമിക്കരുത്, അഥവാ അങ്ങനെ ആഗ്രഹിക്കരുത്. മറ്റുള്ളവരുടെ എഴുത്തുകള്‍ കണ്ട് നിരശരകരുത്. അനേക നാളത്തെ പ്രയഗ്ന, പഠന ഫലമായി ഇത്തരത്തിൽ ആകർഷകമായ ഒന്നിനെ അവർ വാർത്തെടുത്തതാകാം. അതിനെ ഒരിക്കലും നിങ്ങളുടേതു മായി താരതമ്യപ്പെടുത്താതിരിക്കുക.സ്വയം എഴുതുക , തെറ്റുകള്‍ കണ്ടു പിടിക്കുക, തിരുത്തുക. മറ്റു പല സുഹൃത്തുക്കളുടെ സഹായം തേടുക. മറ്റുള്ളവരുടെ എഴുത്തുകൾ കണ്ടു അത് മോഹിക്കുവാനോ അവയുമായി സ്വന്തം എഴുത്തിനെ തുലനപ്പെടുത്തി ദുഖിക്കേണ്ട ആവശ്യവും ഇല്ല. ഇവിടെ വീണ്ടും എഴുത്തിലെ ഒന്നാം കൽപ്പന ഓർമ്മപ്പെടുത്തി ഈ കുറിപ്പിനു വിരാമം ഇടട്ടെ! ആകാരഭംഗിയല്ല, അതുപോലെ എണ്ണത്തിലും അല്ല മറിച്ചു ഉള്ളിലെ ഉള്ളടക്കത്തിലെ കാമ്പും കഴമ്പും ആണു പ്രധാനം എന്ന സത്യം വീണ്ടും ഓർക്കുക, എഴുതുക ഒപ്പം അതേപ്പറ്റി മറ്റുള്ളവരോട് പറയുവാനും മറക്കാതിരിക്കുക. എഴുത്തില്‍ പ്രധാനമായും ഓർത്തിരിക്കേണ്ട ഒരു വസ്തുതയത്രെ ഇത്. നമ്മുടെ എഴുത്തുകള്‍ കണ്ടു ആത്മവിശ്വാസവും പ്രചോദനവും നമുക്ക് സ്വയം ലഭിക്കണം. നമുക്ക് പ്രതിഫലം ലഭിക്കുന്ന ഒരു പ്രവര്‍ത്തി അല്ല എഴുത്ത്. എന്നാല്‍ നമുക്ക് വായനക്കാരില്‍ നിന്നും ലഭിക്കുന്ന അംഗീകാരമാണ് നമ്മുടെ പ്രതിഫലം.

ക്രൈസ്തവ എഴുത്തുപുര
www.kraisthavaezhuthupura.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.