പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ചാവേര്‍ ആക്രമണം; 9 മരണം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ക്വെറ്റയിലുള്ള ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ഇമാദ് സ്‌ക്വയറിലെ ബഥേല്‍ മെമ്മോറിയല്‍ ചര്‍ച്ചിനുനേരെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12.10 ഓടെ ആക്രമണമുണ്ടായത്.

സ്‌ഫോടക വസ്തുക്കളുമായി പള്ളിയുടെ പ്രവേശന കവാടത്തിലെത്തിയ ചാവേര്‍ പോരാളിയാണ് സ്‌ഫോടനം നടത്തിയത്. 400 ഓളം പേര്‍ ഈ സമയം പള്ളിയിലുണ്ടായിരുന്നുവെന്ന് പോലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.  സ്‌ഫോടനം നടത്താന്‍ പള്ളിയിലെത്തിയ മറ്റൊരു ഭീകരനെ സുരക്ഷാസൈന്യം വെടിവച്ചു കൊന്നും. രണ്ട് ഭീകരര്‍ ഓടി രക്ഷപെട്ടു.

അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് ഭീകരരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. താലിബാന്‍ ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും സ്വാധീനമുള്ള പ്രദേശമാണ് ബലൂചിസ്താന്‍. ഇവിടുത്തെ സൂഫി ആരാധനാലയത്തിനുനേരെ കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Courtesy : Mathrubhumi News

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.