ഭാവന: ഇതൊന്നുമാരും കാണുന്നില്ലല്ലോ… അല്ലേ…?

റോജി ഇലന്തൂർ

ചിന്നമ്മയുടെ വർഷങ്ങളായുള്ള പ്രാർത്ഥന എന്തായാലും അങ്ങ്‌ ഫലിച്ചു. അതെ, നമ്മുടെ ചാക്കോച്ചായൻ വിശ്വാസത്തിൽ വന്നു!

ഇപ്പൊ ചാക്കോച്ചായനാണ് വീട്ടിലെ താരം, സഭയിലേയും. അതെ, ചിന്നമ്മ ആഗ്രഹിച്ചതുപോലെ അച്ചായൻ പഴയ ‘വീശൊക്കെ’ നിർത്തി നല്ല ഒന്നാന്തരം ഒരു ‘കുഞ്ഞാടായി’. ‘മുഴുത്ത മാനസാന്തരം മൂന്നു മാസം’ എന്നൊക്കെ നാട്ടുകാരു പറയുന്നുണ്ടെങ്കിലും ചാക്കോച്ചന്റെ പോക്കു കണ്ടിട്ട്‌ ഏതാണ്ട്‌ ഒരു ഉപദേശിയാകാനുള്ള ഒരു പുറപ്പാട്‌ പോലൊക്കെ ഉണ്ട്‌‌. ഇപ്പൊ ചാക്കോച്ചനല്ലിയോ എല്ലാത്തിനും മുമ്പന്തിയിൽ. ഹാ… ചിന്നമ്മേടെ പ്രാർത്ഥന അങ്ങേറ്റെന്നാ സഭക്കാരും പറയുന്നെ. എന്തായാലും കൊള്ളാം ചാക്കോച്ചാൻ ഇപ്പൊ പഴയ ചാക്കോച്ചാനല്ല!

ആ പ്രഭാതവും എന്നത്തെയും പോലെ തന്നെ പൊട്ടി വിടർന്നു..
അതെ, ഒരു ഞായറാഴ്ച പ്രഭാതം.. നേരം പരപരാ വെളുക്കുന്നതേയുള്ളു.

ചിന്നമ്മ ‘അതിരാവിലെ തിരുസന്നിധി’ പാടി നിർത്തിയതുമല്ല,
ചാക്കോച്ചായൻ പ്രഭാതപ്രാർത്ഥന വെച്ചുപിടിപ്പിക്കയാണ്. ചിന്നമ്മ ‘ആമേൻ, പ്രയ്സ്‌ ദ്‌ ലോഡ്‌’ പറഞ്ഞ്‌ അടുക്കളയിലേക്ക്‌ കടക്കാനായി പ്രാർത്ഥന നിർത്താനായി ആക്കം കൂട്ടുമ്പോൾ ചാക്കോച്ചാൻ, നമ്മുടെ സഭയിലെ ചില ‘നോൺസ്റ്റോപ്പ്‌’ പ്രാർത്ഥനക്കാരെ പോലെ… അതൊരു പ്രോത്സാഹനം എന്നവണ്ണം ആത്മാവിലായി കൊണ്ടേ ഇരുന്നു!

എന്തായാലും കൊള്ളാം… പ്രാർത്ഥന ഒക്കെ കഴിഞ്ഞു. സമയം നന്നേ മുൻപോട്ട്‌ പോയി. രണ്ടാളും കൂടെ അരങ്ങത്തു നിന്ന് ഇനി അടുക്കളയിലേക്ക്‌‌… ചാക്കോച്ചായൻ പ്രവാസി ആയിരുന്നതുകൊണ്ട്‌ അടുക്കളയിൽ നല്ല സ്പീഡാണ് ആൾക്ക്‌. അതു മനസ്സിലാക്കിയ ചിന്നമ്മ ആ പാവത്തിനെ ഇട്ട്‌ പെടാപ്പാട്‌ പെടുത്താറുമുണ്ട്‌. പാവം ചാക്കോച്ചൻ. എന്തൊക്കെ ആയാലും ചിന്നമ്മ വരയ്‌ക്കുന്ന വരയിൽ നിൽക്കും ചാക്കോച്ചൻ. അതാണ് നമ്മുടെ ചിന്നമ്മ!

മണി ഏതാണ്ട്‌ ഒരൊമ്പതര ഒമ്പതേമുക്കാൽ ആയിക്കാണും. ചാക്കോച്ചൻ കുളിച്ചുകുട്ടപ്പനായി സഭാരാധനക്ക്‌ പോകാൻ ദേ ഇറങ്ങിവരുന്നു..!
‘എടി ചിന്നമ്മേ… നീ മതി ഒരുങ്ങിയത്‌… നീ ഇപ്പൊ പെണ്ണുകാണാനൊന്നും പോവല്ലല്ലൊ..’
‘അച്ചാനൊന്നു നിക്കച്ചായാ, കോട്ടൺ സാരി ഒക്കെ ഒന്ന് പിടിച്ചിടാതെ അങ്ങനങ്ങ്‌ വരാൻ പറ്റ്വോ..?’
ആ… നീ സാരീം ചുറ്റി വരുമ്പോഴേക്കും ആരാധന തീരും’
ചിന്നമ്മ താറാവ്‌ നടക്കണമാതിരി കുണുങ്ങി കുണുങ്ങി വന്ന് ആച്ചായൻ അങ്ങു ചിന്നമ്മക്കു വേണ്ടി പേർഷ്യേന്നു കൊണ്ടുവന്ന പുതിയ സാരി വടിവ്‌ ഉടയാതെ വന്ന് കാറിൽ കയറി ഇരുന്നതും അച്ചായൻ നൂറേനൂറേന്ന് കാർ പറത്തി. ചിന്നമ്മ കണ്ണുമടച്ച്‌ സ്തോത്രം പറഞ്ഞങ്ങ്‌‌ ഇരുന്നു! ഹാ.. എല്ലാർക്കും പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ഉണ്ടെല്ലൊ!

സഭാഹാളിനു മുൻപിൽ വണ്ടി ദേ വന്ന് പറന്നിറങ്ങി. ചിന്നമ്മ കാറിന്റെ ഡോർ തുറന്ന് ഹാളിലേക്ക്‌ പോയി.
‘ദൈവമേ… ഇന്നും താമസിച്ചു, ആരും കാണല്ലേ..’ന്നും പ്രാർത്ഥിച്ച്‌ ചിന്നമ്മ ആലയത്തിന്റെ പടവുകൾ കണ്ണുമടച്ച്‌ കയറി. സൂക്ഷംപോലെ ദൈവദാസന്റെ കണ്ണിൽ ചിന്നമ്മ പെട്ടു! ‘ഇന്നും താമസിച്ചെത്തിയത്‌ വേറെയാരും കണ്ടില്ലല്ലൊ.. അല്ലേ’ ചിന്നമ്മ മനസ്സിൽ ചിന്തിച്ചു. എന്തായാലും ചിന്നമ്മ ഓടിച്ചാടി ചെന്ന് സ്ഥിരം സീറ്റിൽ ഇരിപ്പുറപ്പിച്ചപ്പോൾ ഒരു ‘റിലാക്സേഷൻ’ ഒക്കെ കിട്ടി. ആരാധനാഗീതങ്ങൾ ഒക്കെ കഴിഞ്ഞ്‌ സാംകുട്ടിച്ചാന്റെ സ്ഥിരം ‘നിത്യനും പരിശുദ്ധനും നീതിമാനുമായ..’ ഓടിക്കൊണ്ടിരിക്കുന്ന സമയം. ചാക്കോച്ചാൻ വണ്ടി പാർക്ക്‌ ചെയ്തുവന്ന് ഇരുന്നപ്പൊഴേക്കും അതും തീർന്നു. ചാക്കോച്ചാൻ ചുറ്റും ഒന്ന് നോക്കി. അപ്പൊ ദാ, ശോശാമ്മാമ്മ സൂപ്പർ ഉറക്കം! ഉപദേശിക്കു നേരെ ‘ഇങ്ങട്‌ വാ, ഇങ്ങട്‌ വാ’ എന്ന് കാണിക്കുന്ന മാതിരി ശോശാമ്മാമ്മ. ഉപദേശിയും സൂക്ഷിച്ചൊന്നു നോക്കി. ഇടയ്ക്ക്‌‌ ശോശാമ്മാമ്മ ഞെട്ടി ഉണർന്ന് ആരാധനയിൽ പങ്കുകൊണ്ട്‌‌ ഉണർവ്വിലേക്ക്‌ കടന്നു, എന്നാൽ വീണ്ടും ശോശാമ്മാമ്മയല്ലേ ആളു.. വെളിപ്പാട്‌ പുസ്തകത്തിലെ കാര്യം പറഞ്ഞതുപോലെ ‘കർത്തൃദിവസത്തിൽ ശോശാമ്മ ആത്മവിവശതയിലായി’.

ചാക്കോച്ചായൻ പലതും വീക്ഷിച്ചങ്ങനെ ഇരുന്നു. യൂത്തുകാരെല്ലാം ഫേസ്ബുക്കിന്റെ ‘എഫ്‌’ വളഞ്ഞിരിക്കുംപോലെ തല കുമ്പിട്ടാണിരുപ്പ്‌. ചാക്കോച്ചാനു കാര്യം പിടി കിട്ടി. പിള്ളേരെല്ലാം തല കുമ്പിട്ടിരുന്ന് വാട്ട്സ്‌ ആപ്പും ഫേസ്ബുക്കും തോണ്ടി പ്രിയപ്പെട്ടവർക്ക്‌ ഒക്കെ മെസ്സേജി അങ്ങനെ ഇരുപ്പാണ്.

റോസമ്മാമ്മ ആരെയോ ഉന്നി പാടുന്ന പോലെ ‘ശത്രുസൈന്യം ഒന്നാകവെ ചെങ്കടലിൽ മുങ്ങിപ്പോയ്‌’ പാടി എഴുന്നേറ്റു സാക്ഷ്യം പറഞ്ഞ്‌ അവസാനം സാരിത്തുമ്പും കൊണ്ട്‌ കണ്ണീരൊപ്പി ഇരുന്നപ്പോൾ മണി പന്ത്രണ്ടേകാൽ. റോസമ്മാമ്മ സാക്ഷ്യം പറഞ്ഞിരുന്നപ്പൊഴേക്കും അരമണിക്കൂർ പോയതുകൊണ്ട്‌ ബാക്കി ഉള്ളവരുടെ സാക്ഷ്യം നഷ്‌ടപ്പെട്ടു‌!

പാട്ടും പാടി സ്തോത്രകാഴ്ച എടുത്തു. പ്രവാസിയായിരുന്ന ചാക്കോച്ചൻ മാനസാന്തരപ്പെട്ടെങ്കിലും സ്തോത്രകാഴ്ചയുടെ കാര്യത്തിൽ ഇപ്പൊഴും ചാക്കോച്ചൻ അൽപം ‘പിടുത്തമൊക്കെയുണ്ട്‌’. പഴയപോലെ തന്നെ നോട്ടുകളുടെ കൂട്ടത്തിൽ ‘കുഞ്ഞനെ’ തന്നെ ചാക്കോച്ചൻ പൊക്കി. ആരും കാണാതെ ചുരുട്ടി കണ്ണുമടച്ച്‌ പ്രാർത്ഥനാപുരസരം സ്തോത്രക്കാഴ്ച നീട്ടുമ്പോൾ ‘ഇതൊന്നും ആരും കാണുന്നില്ലല്ലൊ.. അല്ലേ’ എന്നാരുന്നു ചാക്കൊച്ചന്റെ ഹൃദയത്തിൽ. ചിന്നമ്മ ഇതൊന്നും അറിഞ്ഞതുമില്ല. എന്തു ചെയ്യാം..

വചനശുശ്രൂഷ ഘോരഘോരം നടക്കുമ്പൊഴും ശോശാമ്മാമ്മ വിവശത വിട്ടുണർന്നിഖ്‌ല്ല. അതു കണ്ടിട്ടോ കാണാഞ്ഞിട്ടോ ദൈവദാസൻ ‘ഉറങ്ങുന്നവനേ, നിങ്ങൾ മരിച്ചവരുടെ ഇടയിൽ നിന്ന് എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിങ്ങളുടെമേൽ പ്രകാശിക്കും…’ എന്നു വിളിച്ചുപറഞ്ഞു. ഇതൊക്കെ ആരു കേൾക്കാൻ..? അല്ല, കേൽക്കാതിരിന്നതും ഒരുവിധം പറഞ്ഞാൽ നന്നായി അല്ലെങ്കിൽ ‘കുത്തുപ്രസംഗം’ എന്നുള്ള ശോശാമ്മമ്മേടെ പതിവ്‌ പല്ലവി നമ്മുടെ പാവം ദൈവദാസൻ കേട്ടേനേ. ശോശമ്മാമ്മ വിവശത വിട്ടൊന്ന് ഉണർന്നിട്ട്‌ വേണ്ടേ, ഉണർന്നൊന്നു പ്രകാശിക്കാൻ.. എന്തായാലും കൊള്ളാം, പ്രസംഗത്തിന്റെ അവസാനഭാഗത്തുണ്ടായ വെടിക്കെട്ട്‌ ഉണർവിൽ ശോശാമ്മ വിവശത വിട്ടുണർന്നു, എന്നിട്ട്‌ ചുറ്റും ഒന്ന് നോക്കി. ‘ഇതൊന്നും ആരും കാണുന്നില്ലല്ലൊ അല്ലേ.?’ എന്ന മട്ടിൽ ശക്തമായി കരഘോഷത്തോടെ പ്രാണപ്രിയനെ പാടി ആരാധിച്ചു മഹത്വപ്പെടുത്തി, പിന്നല്ല..! ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ. അല്ല, ശോശാമ്മ ആരാ മോൾ…?

ആശിർവാദം പറയും മുമ്പ്‌ ‘വെളിപ്പാട്‌ പുസ്തകത്തിന്റെ പ്രത്യേക ക്ലാസ്‌’ ഉണ്ടെന്ന് അനൗൺസ്‌മന്റ്‌ കേട്ടപ്പൊ യൂത്തന്മാർ പറഞ്ഞു, ആത്മവിവശതയിൽ പോയ ശോശമ്മാമ്മയ്‌ക്ക്‌ ഇനിയൊരു ക്ലാസ്സിന്റെ കൂടെ ആവശ്യമില്ലെന്ന്! ഭാഗ്യം ശോശാമ്മാമ്മ മാത്രം അത്‌ കേട്ടില്ല. അല്ലെങ്കിൽ ഇപ്പൊ കാണാരുന്നു ആരാധനക്കു ശേഷം ഒരു തൃശ്ശൂർപ്പൂരം. കർത്തൃദാസന്റെ ആശിർവ്വാദത്തോടെ ഏവരും സന്തോഷത്തോടെ സ്നേഹചുംബനവും ഹസ്തദാനവും കൊടുത്തു പിരിഞ്ഞു. ചാക്കോച്ചനും ചിന്നമ്മയും കാർ സ്റ്റാർട്ട്‌ ചെയ്ത്‌ വീട്ടിലേക്ക്‌ പറന്നു. പിന്നേ, ഈ സഭയിൽ നടന്നതൊന്നും ആരും ആരോടും പറയുകയൊന്നും ഇല്ലല്ലൊ… ല്ലേ?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.