ലേഖനം: എഫഥാ- തുറന്നുവരിക | ജെ പി വെണ്ണിക്കുളം 

യേശു വിക്കനായ ഒരു ചെകിടനെ സൗഖ്യമാക്കുന്ന ഭാഗം മർക്കോസ് 7:31-37 വരെ വാക്യങ്ങളിൽ വായിക്കുന്നു. യേശു വീണ്ടും ഗലീലതീരത്തു എത്തുന്നു. ഇവിടെ വായിക്കുന്ന അത്ഭുതം ഈ സുവിശേഷത്തിൽ മാത്രം കാണുന്നതാണ്. എട്ടാം അദ്ധ്യായം 22-26 വരെ വാക്യങ്ങളിൽ കാണുന്ന അന്ധന്റെ സൗഖ്യവും മർക്കോസിൽ മാത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഇതുരണ്ടും പുറജാതികളോടുള്ള ബന്ധത്തിലാണ് നടക്കുന്നത്. ഇവിടെ വിക്കനും ചെകിടനുമായ ഒരു മനുഷ്യൻ, വിക്കിവിക്കി എന്തോ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുനിന്നു. അവനു സൗഖ്യം വരേണ്ടതിനു ഒരു പ്രത്യേക മാർഗ്ഗമാണ് കർത്താവ് ഇവിടെ അവലംബിക്കുന്നത്. യേശു അവനെ പുരുഷാരത്തിൽ നിന്നും വേറിട്ടു കൊണ്ടുപോയി അവന്റെ ചെവിയിൽ വിരലിട്ടു, തുപ്പിയ ശേഷം അവന്റെ നാവിനെ തൊടുന്നു. യേശു സ്വർഗ്ഗത്തിലേക്ക് നോക്കി ‘എഫഥാ’ എന്ന് പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു, നാവിൻറെ കെട്ടും അഴിഞ്ഞു. അവൻ ശരിയായി സംസാരിച്ചു. ഇതാണ് അവിടെ സംഭവിച്ചത്.

ഇന്നും ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിടുതൽ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. അവരെല്ലാം വിടുതൽ പ്രാപിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാൽ  ആര് യേശുവിലേക്കു നോക്കുന്നുവോ അവർക്കു ശാശ്വത വിടുതൽ പ്രാപിക്കാം. മനുഷ്യന്റെ ആശ്വാസ വാക്കുകൾക്കു പരിമിതികളുണ്ട്. ദൈവമോ സകലരുടെയും അവസ്ഥ ഉള്ളതുപോലെ അറിയുന്നു. അവിടുത്തേക്ക്‌ ഒന്നും മറഞ്ഞിരിക്കുന്നില്ല. നമുക്ക് മുന്നിൽ പല വഴികളും അടഞ്ഞതാണ്. എന്നാൽ യേശുവിനു മുന്നിൽ തുറക്കാത്ത വഴികളില്ല. അതിനാൽ ഒരു ക്രിസ്തുവിശ്വാസിക്ക് ഭാരപ്പെടേണ്ടതില്ല. കരുതുന്ന കർത്താവ് കൂടെയുണ്ട്. അസാധ്യമെന്നു ചിന്തിക്കുന്ന വിഷയങ്ങളോട് വിശ്വാസത്താൽ പറയുക, ‘എഫഥാ’. അത് നിങ്ങൾക്കായി തുറന്നുവരും. ഇന്നത്തെ ദുഃഖം സന്തോഷമായിത്തീരും. അതെ യേശു കൂടെയുണ്ടെങ്കിൽ സകലതും നമുക്ക് ‘എഫഥാ’.

-ADVERTISEMENT-

-ADVERTISEMENT-

You might also like