ലേഖനം: എനിക്ക് കിട്ടിയ പ്രേമലേഖനം | ടൈറ്റസ് ജോണ്‍സന്‍ ബീഹാർ

അതെ, അതാണ്‌ സത്യം!
പക്ഷെ ഞാന്‍ അത് മനസ്സിലാക്കിയത് വൈകിയാണെന്ന് മാത്രം. തിരിച്ചറിവോടെയല്ലാതെ ഞാന്‍ പലപ്പോഴും അത് വായിക്കുവാന്‍ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ എനിക്കത് വെറും അക്ഷരങ്ങളായി തോന്നി. വ്യക്തമായി മനസ്സിലായില്ലെങ്കിലും, അതിലെ വരികള്‍ എനിക്ക് ആശ്വാസമായ ചില ദിനങ്ങള്‍ പൂര്‍വ്വകാലത്തുണ്ട്.
മാതാപിതാക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി ഞാന്‍ അതിലെ വരികള്‍ പലതും ഹൃദിസ്ഥമാക്കിയിരുന്ന ഒരു കാലം എന്‍റെ ജീവിത വഴിയിലുണ്ട്. പക്ഷെ, ആ സ്നേഹക്കുറിപ്പുകളുടെ മാധുര്യം തിരിച്ചറിയുന്നതിനുള്ള പക്വതയില്‍ ഞാനന്ന് എത്തിയിരുന്നില്ല.
പിന്നീട് സണ്ടേസ്കൂളിലെ അധ്യാപകരുടെ ശകാരം ഭയന്നും സഹപാഠികളെ പിന്നിലാക്കാനും ഞാന്‍ അതിലെ വാചകങ്ങള്‍ പലതും മനപ്പാഠമാക്കി. നീ ഇത് മനപ്പാഠമാക്കിയില്ലെങ്കില്‍ എല്ലാവരുടേയും മുന്‍പില്‍ ശിക്ഷിക്കും എന്ന ഭീഷണിയില്‍ നിന്നും രക്ഷപെടുവാന്‍ ഞാന്‍ അത് പലപ്പോഴും വിരക്തിയോടെ ഹൃദിസ്ഥമാക്കി.
ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്ക് കടന്നപ്പോള്‍ താലന്തുപരിശോധനകള്‍ എന്‍റെ ആവേശമായി. വളര്‍ന്ന ചുറ്റുപാടുകള്‍ അതെന്‍റെ ആവേശമാക്കി എന്ന് പറയുന്നതായിരിക്കും ശരി! അന്നും ഞാന്‍ ആ എഴുത്തുകളിലൂടെ പരതി. പക്ഷെ അതിലെ അഭൌമ പ്രേമം ഉള്‍ക്കൊള്ളുകയെന്നതിനേക്കാള്‍, സഹമത്സരാര്‍ത്ഥിയെ പിന്നിലാക്കുകയെന്ന സ്നേഹരഹിതമായ ഏകലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. ഒരുപരിധിവരെ എന്‍റെ ആത്മീയ കൂട്ടായ്മകള്‍ എനിക്ക് തന്ന പ്രോത്സാഹനം അതിനായിരുന്നു. കൂടാതെ യൂത്ത് മീറ്റിങ്ങുകളിലെ പല പ്രോഗ്രാമുകളിലും ജേതാവായി തിളങ്ങുവാന്‍ അതിലെ വരികള്‍ എന്നെ സഹായിച്ചിരുന്നു.
ഞാനൊരു വേദ വിദ്യാര്‍ഥിയായപ്പോഴും ആ കത്തുകള്‍ എന്നോടൊപ്പം സൂക്ഷിച്ചിരുന്നു. പക്ഷെ വേദപഠന മേഖലയില്‍ അതിലെ ആശയങ്ങളെയും ആശയക്കുഴപ്പങ്ങളെയും കണ്ടെത്തുകയെന്നത് പതിവാക്കേണ്ടിവന്നു. ദൈവശാസ്ത്ര പാഠങ്ങള്‍ അതില്‍ എനിക്ക് പിന്തുണയായി. എന്നാല്‍ അവിടെയെല്ലാം തലച്ചോറില്‍ മാത്രം നടക്കുന്ന അഭ്യാസ പ്രകടങ്ങള്‍ എന്നും മുന്നില്‍ നിന്നു. ആ സന്ദര്‍ഭങ്ങളിലെല്ലാം ഹൃദയം എവിടെയൊക്കെയോ മൂകസാക്ഷിയായി മാറിനില്‍ക്കുകയായിരുന്നുവെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. അല്ലെങ്കില്‍ത്തന്നെ, ഹൃദയങ്ങള്‍ കൈമാറുന്ന ലളിതമായ പ്രേമലേഖനങ്ങള്‍ക്ക് ഒരിക്കലും ഗ്രാമറും, ഡിക്ഷനറിയും, കമെന്‍ററിയും ഒന്നും പൊരുത്തമാവുകയില്ലല്ലോ. അതുകൊണ്ട്തന്നെ ആ കത്ത് തന്നവന്‍റെ സ്നേഹത്തിന്‍റെ അന്തസത്ത അന്നൊന്നും എനിക്ക് ഗ്രഹിക്കുവാനായില്ലയെന്നതാണ് പകല്‍പോലെ ഒരു സത്യം. എങ്കിലും ഞാന്‍ ആ കത്തുകള്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി കൊണ്ടുനടന്നു.
വേദാധ്യാപന മേഖലയിലും ആ കത്തുകള്‍ എന്‍റെ സന്തത സഹചാരിയായി, ഉപജീവന സഹായിയായി. പ്രസംഗ വേദികള്‍ക്കായി മാത്രം പല സന്ദര്‍ഭങ്ങളില്‍ ഞാന്‍ ആ കത്തുകളെ ഉപയോഗിച്ചു. അതൊക്കെ ആത്മാര്‍ഥതയുടെ കഴമ്പില്ലാത്ത ചൂഷണങ്ങള്‍ ആയിരുന്നില്ലേ എന്നൊരു ചോദ്യം ഇന്ന് എന്‍റെ അന്തരാത്മാവില്‍ നൊമ്പരം ഉയര്‍ത്തുന്നു. കുടുംബ പ്രാര്‍ത്ഥനകളിലെ ആദ്യത്തെ പാട്ടുകളും അവസാനത്തെ പ്രാര്‍ത്ഥനകളും കോര്‍ത്തിണക്കുന്നതിനുള്ള കണ്ണിയായി ദിനംതോറും അതിലെ ചില വരികള്‍ ശ്ലോകങ്ങളായിമാത്രം നിലകൊണ്ടു. എന്നാല്‍ ആ ആശ്രയങ്ങളെയൊക്കെ ആത്മാര്‍ത്ഥതയുടെ അളവുകോല്‍വെച്ച് അളന്നപ്പോള്‍ കിട്ടിയ തൂക്കം “മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ” പോലെയായി. പ്രസംഗ വേദികളെ കൊഴുപ്പുള്ളതാക്കുവാന്‍ മാത്രം ഞാന്‍ ആ വാക്കുകളെ ഉപയോഗിച്ചപ്പോഴെല്ലാം, ജനത്തിന്‍റെ പ്രശംസ പിടിച്ചുപറ്റാന്‍ അലയുന്ന ഒരു സ്വാര്‍ത്ഥ വ്യക്തിത്വം എന്നില്‍ എവിടെയോ ഒളിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ആ പ്രത്യേക ദിവസം വന്നെത്തി. ആവശ്യങ്ങളും ആവലാതികളും മാത്രം നിരത്തിവെച്ചശേഷം എഴുന്നേറ്റ് പോകുന്ന പതിവ് പ്രാര്‍ത്ഥനയുടെ ശൈലിയില്‍ എന്തോ പന്തികേട് തോന്നിത്തുടങ്ങിയ ദിവസങ്ങളില്‍ ഒന്ന്!. ആ പതിവ് മാറ്റി ആവശ്യങ്ങള്‍ ഒന്നും പറയാതെ അവന്‍റെയൊപ്പം ഇരിക്കാന്‍ തീരുമാനിച്ച ആ ദിവസം… ഞാന്‍ മാത്രം സംസാരിക്കുന്ന സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായി അവന് എന്നോട് എന്തെങ്കിലും പറയാനുണ്ടാകും എന്ന്‍ കാത്ത് വെറുതെ ഞാന്‍ ദൈവസന്നിധിയില്‍ ഇരുന്ന ഏതോ ഒരു യാമത്തില്‍ ആ സാമീപ്യം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. അവന്‍ എന്നോട് ചേര്‍ന്നിരുന്നു. എന്‍റെ കവിളില്‍ അവന്‍ ഉമ്മവെച്ചിട്ട് എന്നോട് ചോദിച്ചു:
ഞാന്‍ കൊടുത്തയച്ച ആ കത്തുകള്‍, എപ്പോഴെങ്കിലും ഹൃദയപൂര്‍വ്വം, എന്നെയോര്‍ത്ത് മാത്രം, നീ വായിച്ചിട്ടുണ്ടോ? നിന്നോട് മാത്രം ഞാന്‍ പറയാനാഗ്രഹിച്ച എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനം നീ കേവല വായനയ്ക്കപ്പുറം എന്നെ മാത്രം ധ്യാനിച്ച്‌ ഗ്രഹിച്ചിട്ടുണ്ടോ? നിന്നെമാത്രം സ്നേഹിച്ചു, ജീവന്‍ വരെ അവഗണിച്ചു, ഞാന്‍ കൈമാറിത്തന്ന ഇതിലെ വരികള്‍ കാര്യ സാധ്യത്തിനല്ലാതെ, മറ്റാര്‍ക്കും വേണ്ടിയല്ലാതെ നിന്നോടുള്ള എന്‍റെ പ്രേമവാക്കുകളായി നീ ഗ്രഹിചിട്ടുണ്ടോ?
ഇടിനാദം പോലെ ആ വാക്കുകള്‍ എന്നില്‍ മുഴങ്ങുവാന്‍ തുടങ്ങി.
എന്‍റെ ചിന്തകള്‍ അസ്വസ്ഥമായി… ആ സ്നേഹ സാമീപ്യത്തിനു മുന്‍പില്‍ ഞാന്‍ പകച്ചുപോയി. എനിക്ക് ഓടിയൊളിക്കുവാന്‍ ഇടം കാണാതെയായി. എന്നിലെ കപട സ്നേഹത്തിന്‍റെ പൊയ്മുഖങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞു വീഴുവാന്‍ തുടങ്ങി!!! ഞാന്‍ പരവശയായി… എനിക്ക് വാക്ക് മുട്ടി… നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഞാന്‍ അവന്‍റെ മാറിലേക്ക് ചാരി…
ഞാന്‍ പറഞ്ഞു: ഇല്ല പ്രിയാ, അങ്ങയുടെ സ്നേഹത്തെ മാത്രം ഓര്‍ത്ത് ഇതുവരെ ഞാനത് വായിച്ചിട്ടില്ല. എപ്പോഴെല്ലാം ഞാനത് കയ്യിലെടുത്തുവോ അതിനു മുന്‍പേ ഓരോ ആവശ്യങ്ങളും കാര്യസാധ്യങ്ങളും എന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. നിന്നെ ഓര്‍ക്കുന്നതിനെക്കാള്‍ എന്‍റെ നിലനില്പ്പായിരുന്നു എന്‍റെ ചിന്ത. സ്വാര്‍ത്ഥത മുന്തിയ ജീവിതശൈലിയില്‍ എന്‍റെ കാര്യസാധ്യങ്ങള്‍ക്കായി മാത്രം ഞാന്‍ അവയെ എടുത്തു. പലപ്പോഴും മറ്റുള്ളവരെ പലതും ബോധ്യപ്പെടുത്തുവാന്‍ മാത്രം ഞാനത് ഉപയോഗിച്ചു. ഒരുവേള ആ കത്തുകള്‍ എന്‍റെ ഉപജീവന ഉപാധിവരെയാക്കി. എന്നാല്‍ ഇതെല്ലാം അറിഞ്ഞു അങ്ങയുടെ ഹൃദയം വേദനിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല… ഇന്ന് ഞാന്‍ അങ്ങയോട് മാപ്പിരക്കുന്നു. നാഥാ… എന്നോട് ക്ഷമിക്കൂ…
ഇന്നു മുതല്‍ ഞാന്‍ അവയെ എന്‍റെ ഹൃദയത്തോട് ചേര്‍ത്ത് ബന്ധിക്കും. നാം തമ്മിലുള്ള സ്നേഹത്തിന്‍റെ ഉടമ്പടിയായി മാത്രം ഞാന്‍ അതിനെ സമീപിക്കും. അങ്ങയുടെ ഹൃദയം ഞാന്‍ അതില്‍ കാണും. ആ സ്നേഹത്തിന്‍റെ മാധുര്യം മാത്രം ഞാന്‍ അപരരോട് വര്‍ണ്ണിക്കും. ഈ വാക്കുകളില്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ പ്രകാശിക്കുന്നത് ഞാന്‍ കണ്ടു. ആ പ്രാര്‍ഥനാസമയങ്ങള്‍ മണിക്കൂറുകള്‍ക്ക് വഴിമാറിയത് ഞാന്‍ അറിഞ്ഞില്ല. അതേ… സ്നേഹ സാമീപ്യത്തിന്‍റെ മറപൊരുള്‍!!! ഇന്ന് ആ എഴുത്തുകള്‍ എനിക്ക് മാത്രം എന്‍റെ പ്രിയന്‍ കൈമാറിയ പ്രേമ ലേഖനങ്ങളാണ്!!! ഓരോ പ്രാവശ്യം ഞാന്‍ അത് തുറക്കുമ്പോഴും എന്‍റെ പ്രിയന്‍റെ സ്നേഹം മാത്രം അതില്‍ കാണുന്നു…

– Pr. Titus Johnson, Bihar

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.