ലേഖനം: ഉഴുന്നാലിൽ അച്ചനും ചില ചിന്തകളും | ബ്ലസിൻ ജോൺ മലയിൽ

ഈ ദിവസങ്ങളിൽ ഉഴുന്നാലിൽ അച്ചനാണ് വാർത്തയിലെ താരം. ഇദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി രാജ്യം ശ്രമിച്ചെന്ന് ചിലർ. അല്ല വത്തിക്കാനും ഒമാനും മാത്രമെന്ന് മറ്റുള്ളവർ. ഏതായാലും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള അച്ചന്റെ ജൈത്രയാത്ര തുടരുകയാണ്. വൈകാതെ കേരളത്തിലും പാലായിലും എത്തും. വിടാതെ അനുഗമിക്കുകയാണ് മാധ്യമങ്ങൾ.. അവരുടെ നൂറു നൂറു ചോദ്യങ്ങൾ… അതിനൊക്കെ മറുപടി കൊടുക്കാനുള്ള ആരോഗ്യം ആ പാവം വൈദികനുണ്ടാകുമോ ?ആവോ ?ഏതായാലും കഥ തുടരുകയാണ്. അപ്പോഴും നിരവധി ക്രൈസ്തവർ തീവ്രവാദികളുടെ പിടിയിലാണെന്ന് മറക്കേണ്ട. പ്രാർത്ഥിക്കുക.

ഏതായാലും നാടൊട്ടാകെ അച്ചൻ ചർച്ചയാകുകയാണ്. വർഗ്ഗവർണ്ണ വ്യത്യാസമില്ലാതെ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചവർ നിരവധിയാണ്. മനമുരുകിയുള്ള മലയാളിയുടെ പ്രാർത്ഥന സഫലമായതിന്റെ സന്തോഷം എല്ലാ ഹൃദയങ്ങളിലുമുണ്ട്. അതിൽ കത്തോലിക്കനും പെന്തക്കോസ്തുകാരനുമുണ്ട്. ഹിന്ദുവും മുസ്ലിമും ഉണ്ട്. വിശാലമായ പ്രാർത്ഥനായജ്ഞം നടത്തിയതിൽ കേരളത്തിനു ഒരു മനസായിരുന്നുവെന്നതിന് തർക്കമില്ല. ഇനിയിപ്പോൾ അച്ചനെ അടുത്തൊന്നു കാണണം; കുടെ നിന്നൊരു സെൽഫിയുമെടുക്കണം. സോഷ്യൽ മീഡിയായിലും കയറ്റണം. ഈ നാട്ടിലെ ശരാശരി മലയാളിയുടെ സ്വപ്നങ്ങൾ ആ വഴിക്കാണ് പോകുന്നത്. അപ്പോൾത്തന്നെ സ്വീകരണവും സാക്ഷ്യവും ഒരുക്കാൻ നിരവധി സംഘടനകളും കളത്തിലിറങ്ങും. നാട്ടുനടപ്പ് അങ്ങനെയൊക്കെയാണ്. നല്ല കാര്യം. എങ്കിലും ഒറ്റയുടുപ്പുമായി തീവ്രവാദികളുടെ പിടിയിൽ ഒന്നര വർഷത്തിലേറെ കഴിഞ്ഞ ആ മനുഷ്യന് എല്ലാവരെയും കാണാനുള്ള ആരോഗ്യമുണ്ടോയെന്ന ആശങ്ക മറ്റൊരു വഴിക്ക്.

രഹസ്യമായി രക്ഷപ്പെടുവാനുള്ള അവസരം അച്ചനുമുമ്പിൽ ചില തീവ്രവാദികൾ ഒരുക്കിയെന്ന വാർത്തയാണ് ഇതിനിടയിൽ അല്പം വ്യത്യസ്തമായി തോന്നിയത്. മോചനദ്രവ്യം ആവശ്യപ്പെട്ടു കൊണ്ടിരുന്ന അവരുടെ ലക്ഷ്യമെന്തെന്ന് നമുക്കറിയില്ല. രക്ഷപെടാൻ അനുവദിച്ചതിനു ശേഷം പിന്നിൽ നിന്ന് വധിക്കാനായിരുന്നോ ? അതോ ശരിക്കും തീവ്രവാദികളുടെ മനസലിഞ്ഞോ! ചോദ്യങ്ങൾ തുടരുമ്പോഴും അച്ചന്റെ ഉത്തരമാണ് ഇവിടെ പ്രസക്തം. നാലാൾ അറിഞ്ഞ് ഔദ്യോഗികമായി മാത്രം രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നല്ലോ അത്. എന്തായിരുന്നു അദ്ദേഹത്തെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചതെന്നറിയില്ല. മരണത്തെ മുഖാമുഖം കണ്ട സന്ദർഭത്തിൽ ജീവനുമായി രക്ഷപ്പെടാൻ ആരും കൊതിക്കുന്ന ഒരു നേരമായിരുന്നു അത്. പക്ഷേ ഇപ്പോൾ ചിന്തിക്കുമ്പോൾ അച്ചന്റെ ഉത്തരം ശരിക്കും ആലോചിച്ചെടുത്ത യുക്തമായ തീരുമാനമാണെന്ന് വ്യക്തമാണ്.

ചിന്ത ഇവിടെനിന്ന് മറ്റൊരു വഴിയിലേക്ക് തിരിയുകയാണ്. തിരുവചനത്തിലേക്ക്. അപ്പൊസ്തലനായ പൗലോസ് കാരാഗ്രാഹത്തിൽ കഴിയുന്ന സന്ദർഭം. രഹസ്യമായി അവിടെ നിന്നു പുറത്താക്കുവാൻ അധികാരികൾ ആളെ അയച്ചിരിക്കുന്നു. വിസ്താരമില്ലാതെ പകൽ മുഴുവൻ പരസ്യമായി മർദ്ദിച്ചതിനു ശേഷം രാത്രിയിലെ സംഭവ വികാസങ്ങളെ തുടർന്ന് ആരും അറിയാതെ പുറത്താക്കുകയാണ് ലക്ഷ്യം. നാട്ടിൽ നാലാളിന് മുമ്പിൽ അപമാനിക്കപ്പെട്ടതിന്നു ശേഷം ആരും അറിയാതെ രക്ഷപെടുത്താമെന്ന് പറഞ്ഞാൽ ? അതുകൊണ്ടാണ് പൗലോസ് എല്ലാവരും അറിഞ്ഞ് ഔദ്യോഗികമായി തന്നെ പുറത്ത് വിട്ടാൽ മതിയെന്ന് പറയുന്നത്. നിശ്ചയമായും ഇതൊരു ദൈവിക പദ്ധതിയാണ്.കാരണം
ശത്രുക്കൾ കാൺകെ വിരുന്നൊരുക്കുമെന്നാണ് സങ്കിർത്തനം.

നാട്ടുകാരുടെ ,കൂട്ടുകാരുടെ ,വീട്ടുകാരുടെ മുമ്പിൽ നിങ്ങൾ അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ദൈവത്തിന് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. നിങ്ങൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ട്. ഇത് വായിക്കുന്നവരിൽ ചിലർ സ്വന്തമല്ലാത്ത കാരണങ്ങളാൽ മാനസികക്ലേശം അനുഭവിക്കുന്നവരാണ്. ആരോടും പറയാനാകാതെ , സമൂഹത്തിന് മുന്നിൽ കുറ്റക്കാരായി നിലകൊള്ളുകയാണ്. അവർ ഹൃദയം തുറന്ന് ചോദിക്കുകയാണ് – എന്റെ വിഷയത്തിന് മറുപടിയില്ലേ ? തീർച്ചയായും ദൈവം രഹസ്യമായി ഒരു മറുപടി തരാനല്ല ആഗ്രഹിക്കുന്നത് . മറിച്ച് ദൈവിക ലക്ഷ്യം വ്യത്യസ്തമാണ്. സഹോദരന്മാരാൽ പീഡിപ്പിക്കപ്പെട്ട ജോസഫ് , ശൗൽ രാജാവിനാൽ പീഡിപ്പിക്കപ്പെട്ട ദാവീദ് … ഇവർക്കൊക്കെ ദൈവം നൽകിയ പ്രതിഫലം വ്യത്യസ്തമായിരുന്നു. കാത്തിരിക്കുക: പരസ്യമായി ദൈവം നമ്മെ മാനിക്കാൻ ആഗ്രഹിക്കുന്നു.

സംശയിക്കേണ്ട ,ആരും അറിയാതെ രഹസ്യമായല്ല മറിച്ച് ശത്രുക്കൾ കാൺകെയാണ് അവൻ വിരുന്നൊരുക്കുന്നത്. കാത്തിരിക്കാം പ്രാർത്ഥനയോടെ!

-ADVERTISEMENT-

-ADVERTISEMENT-

You might also like