ക്രിസ്തുവിനെതിരെ വിവാദ നോവൽ : ഒരു നിരൂപണം

എഴുത്തുകാരനും നിരൂപകനും സോഷ്യൽ മീഡിയ ആക്ടിവിറ്റീസ്റ്റുമായ ആഷർ മാത്യു വിലയിരുത്തുന്നു

വിവാദമായിക്കൊണ്ടിരിക്കുന്ന ലിജി മാത്യുവിന്റെ ‘ദൈവാവിഷ്ടർ’ എന്ന നോവൽ വായിച്ചു. ഏറെ പ്രതീക്ഷയോടെ വായിച്ചു തുടങ്ങിയപ്പോൾ എം.ടിയുടെ ‘രണ്ടാമൂഴം’ പോലെയോ, ഒരു ‘ഡാവിഞ്ചി കോഡ്’ പോലെയോ ഒക്കെ ആയിത്തീരുമെന്ന് കരുതിയെങ്കിലും, പണ്ട് ബാലരമയിൽ പ്രസിദ്ധീകരിച്ചിരുന്ന ‘മന്ത്രിയുടെ തന്ത്രങ്ങൾ’ എന്ന കഥയുടെ നിലവാരമായി തോന്നിയത് വിഷമകരമായി. ‘ക്രിസ്തുവിനെ’ വികലമായി ചിത്രീകരിച്ചാൽ ലഭിക്കുന്ന കച്ചവടനേട്ടത്തിലുപരിയായി , തനിക്ക് തോന്നിയ ‘ഭാവന’ ഒരു നോവലാക്കി എന്ന അപരാധമാണ് എഴുത്തുകാരി ചെയ്തിരിക്കുന്നത്. ‘വിയറ്റ്നാം കോളനി’ എന്ന സിനിമയിലെ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെയും, ‘അണ്ണൻ തമ്പി’ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ഇരട്ടവേഷവും മറ്റുമാണ് ഈ നോവൽ വായിച്ചപ്പോൾ ഓർമ്മ വന്നത്.

എന്നാൽ തന്റെ ഭാവന പ്രകടിപ്പിക്കുന്നതിന് ഒരു എഴുത്തുകാരനെയും കുറ്റം പറയാൻ കഴിയില്ല താനും. കാരണം ഇത് ഒരു കേവലം ഭാവനയാണെന്ന് , എഴുത്തുകാരി മുൻകൂർ ജാമ്യം പുസ്തകത്തിൽ അച്ചടിച്ചിട്ടുണ്ട്. ചാവുകടൽ ചുരുളുകളോ, ചരിത്ര പിൻബലമോ ഒന്നും അവകാശപ്പെടാത്ത സ്ഥിതിക്ക് ( പുസ്തകത്തിന് ആമുഖമോ, അവതാരികയോ ഒന്നുമില്ലെന്നുള്ളത് ശ്രദ്ധേയമാണ്) കേവലം ഒരു ഭാവനാസൃഷ്ടിയായ് കാണുകയാണ് ചെയ്യേണ്ടത്.

ഹാസ്‌മോണിയൻ രാജകുമാരിയും സ്വപ്നാടനക്കാരിയുമായിരുന്ന കന്യാമറിയത്തെ ജറുസലേം ദേവാലയത്തിലെ മുഖ്യ പുരോഹിതൻ ഹന്നാസ് ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയെന്നും, അതിൽ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നെന്നും, അവർ ‘യേശുവും യോഹന്നാനും’ ആയിരുന്നെന്നും എഴുത്തുകാരി പറയുന്നു. ലാസറിന്റെ സഹോദരി മറിയത്തിന്റെ യേശുവിനോടുള്ള പ്രണയവും നോവലിനിടെ കാണാം.

അരിമത്യക്കാരൻ യോസഫിന് അമിത പ്രാധാന്യം കൊടുക്കുന്ന കഥയിൽ ,യൂദാസാണ് യോസഫിന്റെ ഉറ്റ സുഹൃത്ത്.
‘ലോജിക്ക് ‘ ഇല്ലാതെ അർത്ഥശൂന്യമായി സൃഷ്ടിച്ചിരിക്കുന്ന ഈ നോവൽ ഒരു അബദ്ധ പഞ്ചാംഗം തന്നെയാണ്.

ചില തെറ്റുകൾ ചൂണ്ടിക്കാണിക്കാം;

1) സ്നാപക യോഹന്നാനും ശിഷ്യനായ യോഹന്നാനും തമ്മിലുള്ള വ്യത്യാസം എഴുത്തുകാരിക്ക് അറിയാത്തതാവാൻ സാദ്ധ്യതയില്ല. ക്രൂശീകരണ സമയത്ത് വരെ യേശുവിനോട് ഒന്നിച്ചുള്ള യോഹന്നാൻ സ്നാപകന്റെ സാന്നിദ്ധ്യം , എഴുത്തുകാരിയുടെ ഗത്യന്തരമായിപ്പോയി.

2) യേശു ഭാരതത്തിൽ വന്ന് ബുദ്ധസന്യാസിയായിരുന്നു എന്ന പഴയ തുരുത്തിയിലെ വീഞ്ഞ്, പുതിയ രീതിയിൽ അവതരിപ്പിക്കാനോ എഴുതി ഫലിപ്പിക്കാനോ കഴിഞ്ഞിട്ടില്ല.

3) ‘ചിലർ നിന്നെ യോഹന്നാൻ എന്ന് പറയുന്നു’ എന്ന ബൈബിളിലെ വാക്യം യേശുവും യോഹന്നാനും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാണിക്കുവാനും, അവർ ഇരട്ടകളായിരുന്നെന്ന് സമർത്ഥിക്കുവാനും ഉപയോഗിക്കുന്നുണ്ട്. പക്ഷെ, ‘ചിലർ നിന്നെ ഏലിയാവോ’ എന്നും വാക്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ‘മുരട്ടകളെ ‘ സൃഷ്ടിക്കാതിരുന്നത് കാര്യമായി.

4) യേശു ചെറുപ്പത്തിലെ മായാജാലം അഭ്യസിച്ചെന്നും, പിന്നീട് അത്ഭുതങ്ങൾ ചെയ്തത് ഇതിന്റെ പിൻബലത്തിലാണെന്നുമാണ് നോവലിൽ. യാതൊരു അടിസ്ഥാനവുമില്ല, തെളിവുകളുമില്ല.

5) മറിയക്കുണ്ടായ ഇരട്ടക്കുട്ടികളിൽ ഒന്നിനെ (യോഹന്നാൻ) എലീസബേത്തിന് നല്കി എന്നാണ് കഥ. പക്ഷെ യേശുവിന്റെ ജനനസമയത്തുണ്ടായ ചരിത്ര സംഭവങ്ങളെപ്പറ്റി എഴുത്തുകാരി മൗനം പാലിക്കുന്നു.

6) യേശുവിന് പകരം യോഹന്നാനെ ക്രൂശിച്ചിട്ട്, മൂന്ന് ദിവസം കഴിഞ്ഞ് യേശുവിനെ ഉയിർത്തവനായി അവതരിപ്പിക്കുക എന്നതായിരുന്നു അരിമത്യ യോസഫിന്റെ പദ്ധതി. യേശുവിനെ കൊല്ലാം എന്ന് സന്നിദ്രി സംഘത്തിൽ പറയുന്നതും യോസഫ് തന്നെ.

7) ഹോശന്നാ ദിനത്തിൽ യേശു അറിയാതെ വേഷഛന്നനായി കഴുതപ്പുറത്ത് വരുന്നത് യോഹന്നാനാണ്. അല്പം പോലും യുക്തിയില്ലാത്ത ഭാവന.

8) ക്രൂശിക്കപ്പെടുന്ന യോഹന്നാനെ മൂന്ന് ദിവസം കൊണ്ട് മരുന്നും, ചികിത്സയും നല്കി സൗഖ്യമാക്കി പൂർവ്വസ്ഥിതിയിലാക്കാം എന്ന യോസഫിന്റെ ചിന്തയും മൗഡ്യം തന്നെ.

എന്തൊക്കെയാണെങ്കിലും, ബെഥാന്യയിലെ മറിയയും യേശുവും തമ്മിലുള്ള ബന്ധത്തെ (പ്രണയത്തെ), മോശമായോ പരിധി വിട്ടോ ചിത്രീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ചുരുക്കത്തിൽ, ഒറ്റവായനയിൽ തന്നെ പൊള്ളത്തരം വെളിപ്പെടുന്ന ഒരു ‘ഭാവനാസൃഷ്ടിയാണ് ‘ ‘ദൈവാവിഷ്ടർ’ .
ഒരു യാഥാസ്തിക മത വിശ്വാസിക്കും, ക്രിസ്തു ഭക്തർക്കും ഇത് വായിച്ചാൽ പുഛം തോന്നുന്നതല്ലാതെ, രോഷം കൊള്ളുമെന്ന് എനിക്ക് തോന്നുന്നില്ല.

– ആഷേർ മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.