കഥ:നിയോഗം

വര്ഗീസ് ജോസ്

അവള്‍ക്ക് ഒാര്‍മ്മയുണ്ട്,അയാളുടെ മുഖവും രൂപവും.അത്ര സുന്ദരനായ ഒരു പുരുഷനെ അവള്‍ എവിടെയും, കണ്ടിട്ടില്ലായിരുന്നു……..
ഫാദര്‍: സ്ററീഫന്റെ മരണത്തിനു കാരണക്കാരായ ബജ്രംഗദള്‍ പ്രവര്‍ത്തകരെ ഐഡന്റിഫൈ ചെയ്ത് നിയമക്കുരുക്കിലേക്ക് നയിക്കേണ്ട നിയോഗം, കൊല്ലപ്പെട്ട ഫാദറുടെ ഭാര്യ എന്ന നിലയില്‍ തന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നു.അതിനു തയ്യാറായിത്തന്നെയാണ് അവള്‍ ഒരുങ്ങിയിരുന്നതും….പക്ഷെ, അന്നത്തെ സായന്തനം….ആ സായന്തനമാണ് അയാള്‍ക്ക് മുന്നില്‍ അവളെ കൊണ്ടുചെന്ന് നിറുത്തിയത്.
അതൊരു സുന്ദരമായ നിമിഷമായിരുന്നു! മഞ്ഞും മേഘ പാളികളും അവനു ചുററും പാറി നടന്ന് മറ തീര്‍ക്കുന്നുണ്ടായിരുന്നു. സായാഹ്നം സ്വര്‍ണ്ണം വിതറിയ കാറ്റില്‍, അവന്റെ നീണ്ടു ചുരുണ്ട മുടിയിഴകള്‍ അതിമനോഹരമായി പാറിപ്പറന്നുകൊണ്ടിരുന്നു!
അവന്‍  അവളോട് പറഞ്ഞു
” കുറ്റവാളികളെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതല്ല നിനക്ക് മുന്നിലുള്ള യഥാര്‍ത്ത നിയോഗം.ഫാ.സ്ററീഫന് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ദൗത്ത്യം ഇനിയും എത്രയോ ബാക്കി. നീ എന്ന സ്ത്രീയെ സ്വീകരിക്കാന്‍ വേണ്ടി തിരുസഭയെ എതിര്‍ത്തവന്‍….പരസ്യമായി തിരുവസ്ത്രം എന്ന മുഖംമൂടി വലിച്ചുകീറിയവന്‍….സഭാപ്രമാണിമാരുടെ അതിക്രമങ്ങള്‍ എത്രയോ സഹിച്ചവന്‍….അല്ലെന്കിലും ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ വിവാഹം കഴിക്കരുതെന്ന് ആര്‍ പറഞ്ഞിരിക്കുന്നു! അത് വെറും പൊളിച്ചെഴുത്ത്..സഭയുടെ വളച്ചൊടിക്കപ്പെട്ട നിയമകാപട്യം ! സ്വന്ത കുടുംബത്തെ ഭരിക്കാന്‍ കഴിയാത്തവന്‍ ഒരു സഭയെ എങ്ങിനെ ഭരിക്കും എന്നാണല്ലോ തിരുവചനത്തില്‍…
 ഫാ: സ്ററീഫന്‍ തിരുവസ്ത്രം ഉപേക്ഷിച്ചു എന്നേയുള്ളൂ, ഒരു പെണ്ണിന്റെ പേരില്‍ അയാള്‍ ഒരിക്കലും തന്റെ നിയോഗത്തില്‍ നിന്നു വ്യതിചലിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ നിന്റെ കൈ പിടിച്ച് അവന്‍ കാതങ്ങള്‍ നടന്നു കയറിയത്….ഉത്തരേന്ത്യയിലെ തെരുവുകളില്‍…കാടുകളില്‍, മലനിരകളില്‍…വെളിച്ചമെന്തെന്നറിയാതെ കൂരിരുട്ടിലലയുന്ന മൃഗതുല്ല്യരായ നരജന്മങ്ങള്‍ക്കിടയില്‍….ഒാര്‍ക്കുന്നില്ലേ..? ക്രിസ്തുവിന്റെ സമാധാനം എന്ന ഒലിവു ചില്ലയുമായി ഈ പാഴ്മരുവില്‍ പറന്നിറങ്ങിയ രണ്ടിണപ്രാക്കളില്‍ ഒരുവള്‍ നീയായിരുന്നില്ലേ? മൗനമായിരിക്കാന്‍ എങ്ങിനെ കഴിയും നിനക്ക് ?
ഫാ: സ്ററീഫന്‍…..അവന്റെ ദൗത്യം നിന്നിലൂടെ  പൂര്‍ത്തീകരിക്കപ്പെടണം….. ….ക്രിസ്തു ജീവിക്കണം, നിന്നിലൂടെ…..!!
അവന്റെ വാക്കുകള്‍ക്ക് അവളുടെ ജീവിതവീക്ഷണം മാറ്റിമറിക്കാന്‍ ശക്തിയുണ്ടായിരുന്നു.
 അവളുടെ കണ്മുന്നില്‍ നിന്ന് മായും മുമ്പ്, അവന്‍ ഒന്ന് കൂടെ പറഞ്ഞു. നീ കരുതുംപോലെ ഭജ് രംഗദള്‍ പ്രവര്‍ത്തകരോ, ശിവസേന പ്രവര്‍ത്തകരോ അല്ല ഫാ: സ്ററീഫനെ വകവരുത്തിയത് !
 ” അതുപിന്നെ ആര് ? ‘
 അവള്‍ക്കതറിയാന്‍ തിടുക്കമുണ്ടായിരുന്നു. പക്ഷെ അവന്റെ മറുപടി ഇത്ര മാത്രമായിരുന്നു
” നീ അത് തിരിച്ചറിയും പക്ഷെ അതിപ്പോഴല്ല……
സമയമാകുമ്പോള്‍..!  ‘
അതും പറഞ്ഞ് അവന്‍ അവളെവിട്ട് എവിടേക്കോ പോയി.
വിചിത്രമായ ആ സ്വപ്നത്തില്‍ നിന്നുണരുമ്പോഴേക്കും അവള്‍ തന്റെ ജീവിതത്തില്‍ വ്യക്തമായ തീരുമാനങ്ങളെടുത്തിരുന്നു…അത് വെറുമൊരു സ്വപ്നം മാത്രമായിരുന്നു എന്നറിയാമായിരുന്നിട്ടുകൂടി…കുറ്റവാളികളെ വെറും സംശയത്തിന്റെ പേരില്‍ കാണിച്ചുകൊടുക്കാന്‍ അവള്‍ പോയില്ല…പകരം, അവള്‍, ഫാ: സ്ററീഫന്‍ തുടങ്ങിവച്ച സുവിശേഷവേല പുനരാരംഭിച്ചു..
 അങ്ങിനെ  അങ്ങിനെ വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞു….
അവള്‍ എന്ന വൃദ്ധയായ മിഷനറി പ്രവര്‍ത്തകയെക്കാണാന്‍ അവളേക്കാള്‍ അല്‍പ്പംകൂടെ പ്രായം ചെന്ന ഒരു വൃദ്ധന്‍ വന്നെത്തി.
എവിടെയോ കണ്ടു മറന്ന മുഖം.പക്ഷെ എത്ര ചിന്തിച്ചിട്ടും അയാളാരെന്ന് അവള്‍ക്ക് മനസ്സിലായില്ല. സംസാരമദ്ധ്യേ അയാള്‍, അയാളുടേത് മാത്രമായ ഒരു കാഴ്ചപ്പാട് പറഞ്ഞു.
” പശ്ചാത്തപിക്കുന്ന പാപിയെച്ചൊല്ലി സ്വര്‍ഗ്ഗം ഏറ്റം സന്തോഷിക്കുന്നു എന്നല്ലേ ? എങ്കില്‍, തിരുവചനപ്രകാരം ആരുടെ ഏറ്റുപറച്ചിലിലിലാവും സ്വര്‍ഗ്ഗം ഏറ്റം സന്തോഷിച്ചിരിക്കുക ?
ആ ചോദ്യം അവളെ ഏറെ നേരം ചിന്തിപ്പിച്ചു.പക്ഷെ, മറുപടി പറയാന്‍ അവള്‍ക്കു സാധിച്ചില്ല. ഒടുവില്‍ അയാള്‍ തന്നെ മറുപടി പറഞ്ഞു.
 ” ഞാന്‍ കുറ്റമില്ലാത്ത രക്തത്തെ ഒറ്റുകൊടുത്തു ! ‘
യൂദാ സ്കര്യോത്താവിന്റെ പശ്ചാത്താപം ! – അല്ലെന്‍കിലും അവന്‍ അമ്മയുടെ ഉദരത്തില്‍ ഉരുവാകും മുമ്പേ പ്രവചനപുസ്തകങ്ങളില്‍ എഴുതിവയ്ക്കപ്പെട്ട തിരുവെഴുത്ത് നിവൃത്തിയാവാന്‍ വേണ്ടി സംഭവിക്കപ്പെട്ട ഒരു കാര്യം…. വെറുമൊരു സാധാരണക്കാരനായ യൂദയ്ക്ക് അതില്‍നിന്ന് എങ്ങിനെ ഒഴിഞ്ഞുമാറാന്‍ കഴിയുമായിരുന്നു?
അത് അവനില്‍ നിയോഗിക്കപ്പെട്ട ദൗത്യമായിരുന്നു. അയാള്‍ പറഞ്ഞുവന്ന പൊരുള്‍ കേട്ടുനില്‍ക്കുമ്പോള്‍ അവളുടെയുള്ളില്‍ ശാന്തി പടര്‍ന്നു. ഒന്നോര്‍ത്താല്‍ സ്ററീഫന്റെ മരണവും ഒരു ദൈവഹിതമായിരിക്കാം…ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ചുവല്ലോ അവന് ! ‘ തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്ക് പ്രിയപ്പെട്ടതാകുന്നുവല്ലോ !
പക്ഷെ, ആ മനുഷ്യന്‍ പറഞ്ഞുവന്ന പൊരുള്‍ അതല്ലായിരുന്നു എന്ന് പിന്നാലെ വന്ന വാക്കുകളില്‍ വ്യക്തമായി…
വളച്ചുകെട്ടലുകളില്ലാതെ അയാള്‍ കാര്യം പറഞ്ഞു. ” നിങ്ങള്‍ കരുതുംപോലെ സുവിശേഷ വിരോധികളുടെ കയ്യാലല്ല സ്ററീഫന്‍ ചുട്ടെരിക്കപ്പെട്ടത്..പകരം ഞാനുള്‍പ്പെടുന്ന നാലംഗസംഗം ക്രിസ്ത്യാനികള്‍…പഴയ, പള്ളിപ്രമാണിമാരായ ശത്രുക്കള്‍….. പൂര്‍വ്വ വൈരാഗ്യത്തിന്റെ കണക്കുതീര്‍ക്കാന്‍ തന്ത്രപൂര്‍വ്വം ആ മനുഷ്യനെ കെണിയിലകപ്പെടുത്തുകയായിരുന്നു!  പലപ്പോഴും അന്യ മതസ്തരല്ല നമ്മുടെ ശത്രുക്കള്‍….അത് നാം തന്നെയാണ് എന്ന പാഠം. ” അവന്‍ സ്വന്തത്തിലേക്ക് വന്നു പക്ഷെ, സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല ” എന്നെഴുതിവയ്ക്കപ്പെട്ട സത്യവചനം…അതുതന്നെയായിരുന്നു എന്റെ ഹൃദയത്തോട് സംസാരിച്ചതും..ആ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന തെറ്റ് കോടതി മുന്പാകെ ഞാന്‍ സ്വയം ഏറ്റുപറയുകയായിരുന്നു.മററുള്ള പ്രതികളെക്കുറിച്ച് ഞാനിവിടെ പറയുന്നില്ല.ഇത് എന്റെ  ഏറ്റുപറച്ചിലാണ്……..എന്റെ മാത്രം ഏറ്റുപറച്ചില്‍!!..….
ജീവിതത്തിലെ വലിയൊരു കാലയളവ് ജയില്‍മുറികളിലെ ഇരുട്ടിലും, ഏകാന്തതയിലും കഴിച്ചുകൂട്ടി.പക്ഷെ ആ ഇരുള്‍മുറിയില്‍ വച്ചാണ് എന്റെ ഹൃദയത്തില്‍ ക്രിസ്തു’ എന്ന വെളിച്ചം പരക്കുന്നത്…  അക്ഷരാര്‍തഥത്തില്‍ , ഞാന്‍ തിരിച്ചറിയപ്പെടുകയായിരുന്നു യഥാര്‍ഥത്തില്‍ ക്രിസ്ത്യാനി’ ആരായിരിക്കണം എന്ന്…ജയില്‍മോചിതനായ ശേഷം , ഫാ: സ്ററീഫനും, നിങ്ങളും, നമ്മുടെ പൂര്‍വ്വപിതാക്കന്മാരും വിത്തെറിഞ്ഞ സുവിശേഷത്തിന്റെ വയലില്‍ സന്തോഷത്തോടെ,സംതൃപ്തിയോടെ, അവനുവേണ്ടി ഇന്നും വേല ചെയ്യുന്നു.ഞാന്‍ പറഞ്ഞില്ലേ ? ഇത് എന്റെ ഏറ്റുപറച്ചിലാണ്…
 ദൈവത്തോടേറ്റുപറഞ്ഞു, സ്വന്തമനസാക്ഷിയോടേറ്റു
പറഞ്ഞു…പക്ഷെ,
ഒരു കടം…ഒരു കടമ….അങ്ങിനെയൊന്ന് ശേഷിച്ചിരുന്നു ഈ നിമിഷം വരെ. ആ പാപക്ഷമ യാചിക്കാന്‍ വേണ്ടിമാത്രമാണ് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വന്നത്..
അവളിലെ നടുക്കം മുഖത്ത് പ്രതിഫലിച്ചില്ല…അവള്‍ ഒച്ച വച്ചില്ല…വിതുമ്പിയില്ല…കാരണം,
 ത്യാഗം, ക്ഷമ , സഹനം…… ….നന്മകളുടെ ആകെത്തുകയായ ദൈവീകസ്നേഹം… അത് പ്രതിഫലിപ്പിവാന്‍ കഴിയുന്ന മനസ്സ്…അതാണ് ഒരു യഥാര്‍ത്ത ക്രിസ്ത്യാനിക്ക് എന്നും കൈമുതലായി വേണ്ടതെന്ന് അവള്‍ ഇതിനോടകം തിരിച്ചറിഞ്ഞിരുന്നുവല്ലോ….
 മനസ്സിനുള്ളില്‍ ഒരു കടല്‍ ആര്‍ത്തിരമ്പുന്നത് അവള്‍ തിരിച്ചറിയുന്നുണ്ട്…അവള്‍ കണ്ണുകളടച്ച് ഹൃദയം സ്വര്‍ഗ്ഗത്തോളം ഉയര്‍ത്തി, വെറുതേ മൗനമായിരിക്കുകമാത്രം ചെയ്തു.എത്ര നേരം എന്നോര്‍മ്മയില്ല….
അതിനിടെ, അവള്‍ക്കുമുന്നിലിരുന്നിരുന്ന ആ മനുഷ്യന്‍ എപ്പോഴാണ് യാത്ര പറഞ്ഞ് കടന്നുപോയതെന്നുപോലും അവള്‍ക്കോര്‍മ്മയില്ലായിരുന്നു...എപ്പോഴോ ഒരുനിമിഷം കണ്ണു തുറന്ന് നോക്കുമ്പോള്‍………
 അവള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല….
 വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ ജീവിതം ആകെ മാറ്റിമറിച്ച ആ വിചിത്രമായ സ്വപ്നത്തിന്റെ ബാക്കിപത്രം !!!!
 അതവളുടെ കണ്മുന്നില്‍ വിരിഞ്ഞുനില്‍ക്കുന്നതുപോലെ തോന്നിച്ചു. അവള്‍ക്കുചുറ്റും മഞ്ഞും,മേഘപാളികളും ഒരു കടല്‍ തീര്‍ത്തിരിക്കുന്നു….സാന്ധ്യ വര്‍ണ്ണങ്ങള്‍ സ്വര്‍ണ്ണം വിതറിയ മാസ്മര വെളിച്ചത്തില്‍ അവള്‍ക്കു വ്യക്തമായി കാണാം…!
അവന്റെ രൂപം…ഭൂമിയിലിന്നോളം കണ്ടിട്ടില്ലാത്ത അത്ര സുന്ദരനായവന്‍….
 “ഞാന്‍ പറഞ്ഞില്ലേ ? ഇപ്പോഴാണ് ആ സമയം വന്നെത്തിയത് .നീ സത്യം തിരിച്ചറിയേണ്ടിയിരുന്ന സമയം “
 അത് പറഞ്ഞുനിറുത്തി, അവന്‍ പുഞ്ചിരിച്ചു….
അവന്‍……
പവിഴവര്‍ണ്ണം കൊണ്ട് കടഞ്ഞടുക്കപ്പെട്ടതുപോലുള്ള ഒരു നഗ്നരൂപം. കാറ്റില്‍ പറക്കുന്ന, ചുരുണ്ട സ്വര്‍ണ്ണമുടിനാരുകള്‍…
 ഇല്ല..ഇതൊരു വെറും സ്വപ്നമല്ല….
 ഒന്നുകില്‍ ഒരു ദര്‍ശനം…അതുമല്ലെങ്കില്‍ യാഥാര്‍ത്ത്യം !!
അവള്‍ നന്നേ പണിപ്പെട്ട് തന്റെ ചുണ്ട് അനക്കാന്‍ ശ്രമിച്ചു…
എന്നിട്ട് വിറയാര്‍ന്ന ചുണ്ടുകളോടെ ചോദിച്ചു
” നീ…
 നീ ആരാണ്?…..
 നിന്റെ പേരെന്ത് ? ‘
അവന്‍ തിരിഞ്ഞ് അവളെ നോക്കി മൃദുവായി പുഞ്ചിരിച്ചു…എന്നിട്ട് പറഞ്ഞു
 ” മൈക്കിള്‍ ..”
 അത് പറഞ്ഞക്ഷണം,
അവന്‍ അതുവരെ ഒതുക്കിവച്ചിരുന്ന വലിയ ചിറകുകള്‍  വിടര്‍ത്തി വിരിച്ച് ആ രൂപം അതിദൂരേയക്കു പറന്നുപോയി !
അവള്‍…! അവളാകെ അമ്പരന്നു നിന്നു..
അവളുടെ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചുപോയി….
” മിഖായേല്‍…! ” (St.Michael )

 

 

 

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.