വാണിജ്യവത്കരിക്കപ്പെടുന്ന വിമര്ശനപ്രസംഗങ്ങൾ അഥവാ അങ്ങാടി അറിയാതെയുള്ള വാണിഭങ്ങൾ

വളരെ വികാരപരമായി പ്രതികരണങ്ങൾ കണ്ടും കേട്ടും ഇരിക്കുന്ന സമയം ആണ് ഇപ്പോൾ. പ്രസംഗവേദികളിൽ കേൾക്കപ്പെടുന്ന ശബ്ദങ്ങൾ വിമര്ശങ്ങളായും അവയും അവയുടെ ഉടമകളും വിമര്ശിക്കപെടുന്നതായും നാം കാണുന്നു. അസഹിഷ്ണതയുടെ അടയാളങ്ങളായി അവ മാറുന്നുവോ എന്നും നാം ചിന്തിക്കേനേടിയിരിക്കുന്നു. ക്രിയാത്മക വിമർശനങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടതും അവ ഉന്നയിക്കുന്നവർ വിമര്ശിക്കപെടുമെന്നും തിരിച്ചറിയുകയും വേണം.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളോളം, ഏകദേശം നല്ല ഭാഗവും പാഴ്സനേജുകളിൽ ജീവിതം ചിലവഴിച്ച ഒരു വ്യക്തി എന്ന നിലയിൽ നിരവധി അനുഭവങ്ങൾ എനിക്കുണ്ട്. ഞാൻ ജനിക്കും മുൻപേ എന്റെ പിതാവ് സഭ ചാർജ് ഉള്ള ഒരു ശുശ്രുഷകൻ ആയിരുന്നു. സത്ഉദ്ദേശപരമായ പ്രഭാഷണങ്ങളും പ്രസംഗകളും ഉപദേശങ്ങളും ക്‌ളാസ്സുകളും ഞാൻ കേട്ടിട്ടുണ്ട്. ആരെയും മുറിവേൽപ്പിക്കാത്ത തിരുത്തലുകളും തർജ്ജനങ്ങളും വാത്സല്യപൂർവ്വം പകരപെടുന്നതും. അവയെ വളരെ തുറന്ന മനസ്സോടെ ജനം സ്വീകരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അവയിൽ ആളുകൾ തിരുത്തപ്പെടുകയും കണ്ണുനീരോടെ തീരുമാനങ്ങളിൽ എത്തുകയും ചെയ്യുന്നതും ദർശിച്ചിട്ടുണ്ട്. വ്യക്തി ഹത്യയോ നിലവാരരഹിതമായ ഭാഷയോ ഒന്നും അതിനായി ഉപയോഗിക്കപ്പെട്ടിട്ടില്ല. എന്നാൽ കേൾവിക്കാരിൽ അനുതാപവും കണ്ണുനീരും മനസാന്തരവും ഉണ്ടായിട്ടുണ്ട്. ജാതിയെയോ മതത്തെയോ കുറ്റം പറഞ്ഞോ പരിഹസിച്ചോ നടത്തപ്പെട്ട ഒരു സുവിശേഷയോഗങ്ങളും നന്നായി പരിണമിക്കയോ ഗുണകരമായി ഭവിക്കയോ ചെയ്തിട്ടില്ല. സുവിശേഷം അതിന്റെ നിര്മലതോയോടെ പ്രസംഗിക്കപ്പെടുന്നിടത്തു ആണ് മാനസാന്തരം ഉണ്ടാകുന്നതു. സുവിശേഷത്തിനു ഒരു നിര്മലതയുണ്ട് പവിത്രതയുണ്ട്. അതിനെ അവതരിപ്പിക്കുന്നതും സംശുദ്ധമായ ഭാഷയിലും ആശയത്തിലും വേണം. സഭ്യമായ ഭാഷയിൽ അസഭ്യം പറഞ്ഞാൽ അത് സുവിശേഷം ആകുമോ? അതിനു മുതിർന്ന പല സൂപ്പർ പ്രസംഗകരും വേദികളിൽ നിന്നും തുടച്ചു മാറ്റപ്പെട്ടു പണിയില്ലാതെ വീട്ടിൽ ഇരിക്കുന്നു. അത് ജനം ചെയ്തതല്ല. സ്വതവേ സംഭവിച്ചതാ. അതും സുവിശേഷത്തിന്റെ ശക്തിയാണ്.

ഒരുപാടു കരഞ്ഞുപ്രാത്ഥിച്ചും കഷ്ടപെട്ടും ഒരു പൊതു മീറ്റിംഗ് സഘടിപ്പിക്കുന്ന ഒരു പാസ്റ്റർക്കും സഭക്കും ഉള്ള ബുദ്ധിമുട്ടു ഇവർപലരും ഗണിക്കാതെയാണ് ഈവിധം സംഭാഷിക്കുന്നതു. ഇവർ പോയി കഴിയുമ്പോൾ സഭയിൽ നടക്കുന്ന കോളിളക്കങ്ങൾ കാരണം പ്രോഗ്രാമേ ചെയ്യേണ്ടിയിരുന്നില്ല എന്നും ചിന്തിക്കുന്ന അവസരങ്ങളും വിരളമല്ല. വിമര്ശനാസ്വാദകർ ഈ വിധ ആഭാസങ്ങളെ പ്രേത്സാഹിപ്പിക്കുന്നതു നന്മ കാണണോ ജനം നന്നാവാനോ ആഗ്രഹിക്കുന്നതിനാൽ അല്ല. ഗതികേടുകൊണ്ടും അജ്ഞതകൊണ്ടും ആണ് എന്നുള്ളത് സത്യം. ഞാൻ മാത്രം ശരി ബാക്കി എല്ലാവരും മോശം എന്ന നമ്മുടെ സാധാരണ വിചാരവും കാരണം ആണെന്ന് കൂട്ടിക്കോ. അവതാരകർ ആത്മരോഷപ്രകടനവാസരം ആത്മാര്തഥമായി ഉപയോഗിച്ച് സ്വാർത്ഥലാഭർത്ഥം ഏറിയ വ്യക്തിബന്ധങ്ങൾ ഉണ്ടാക്കുക മാത്രമാണ് ചെയുന്നത്. വിഘടന സ്വഭാവം ഉള്ള ആത്മീയ തീവ്രവാദികളും വിദൂഷകന്മാരും ഇവരുടെ ഇരയായി മാറുന്നു. അവരെ വ്യക്തിപരമായി പ്രോത്സാഹിപ്പിക്കുക നിമിത്തം അവരിൽ മിക്കവരും അനാവശ്യാമായി പ്രതികരിക്കുകയും മനസുകൊണ്ട് സഭയോട് അകലുകയും സഭയിൽ ഭിന്നത ഉണ്ടാകുകയും ചെയ്യാറും ഉണ്ട് . ഇങ്ങനെ അവർ സഭയിൽ ഒറ്റപെടുമ്പോൾ അവരുടെ സ്ഥിര ഉപദേശകന്മാരായി ഈ വിമര്ശകപ്രഭാഷകന്മാർ വരുന്നു. അങ്ങനെ ദീർഘകാല സാമ്പത്തീക സ്രോതസുകളായി ഈ ഇരകളെ അവർ മാറ്റിയെടുക്കുന്നു.

സുവിശേഷം ശൃങ്കാരവും ലാസ്യവും ഹാസ്യവും ചേർത്ത് അവതരിപ്പിക്കണ്ടതല്ല. വചനത്തിന്റെ ബഹു നിശ്ചയത്തോടും ആത്മാവിന്റെ ശക്തിയോടും വേണം അവതരിപ്പിക്കാൻ. പൊതു വേദിയിൽ ആകുന്നപക്ഷം അര്‍ത്ഥസൗന്ദര്യവും പ്രസന്നതയും യുക്തിഭദ്രതയും ഒക്കെ അതിനു അനിവാര്യം ആണ് താനും. കുത്തി പ്രസംഗിച്ചാലേ നന്നാവൂ, കുത്ത് കൊണ്ടവർ മനസാന്തരപ്പെടണം, അപ്പോസ്തോലന്മാരുടെ കാലത്തു അങ്ങനെ ആയിരുന്നുഎന്നൊക്കെ പറയുമ്പോൾ, ഇന്ന് കുത്തുകൊണ്ടവർ മനസാന്തരപ്പെടുന്നുണ്ടോ, അതോ പുറത്തിറങ്ങി തിരിച്ചു കുത്തുന്നുവോ? അപ്പോൾ അവരെ കുത്തിയത് വചനമോ ആത്മാവോ ആണോ? ആയിരുന്നെങ്കിൽ അവർ മനസാന്തരപ്പെടേണ്ടതല്ലേ? അല്ലാത്തപക്ഷം അവർ കേട്ടത് ആത്‌മരോഷത്തിന്റെ ആക്രോശങ്ങൾ ആയിരിക്കും അല്ലെ? ദൈവ സഭയെ തിരുത്തേണ്ടതും തർജ്ജനം ചെയേണ്ടതും സഭ ശുശ്രുഷകന്മാരായ ഇടയന്മാരാണെന്നാണ് എന്റെ അറിവ്. ഞാൻ നടത്തുന്ന ജനത്തെ വചനം പഠിപ്പിക്കാൻ ഒരാളെ വിളിച്ചാൽ എന്റെ മുൻപിൽ വെച്ച് ഞാൻ ആയുസു ചിലവാക്കി ഒരുക്കിയെടുക്കുന്ന ജനത്തെയോ അഥവാ ജനത്തിന് മുൻപിൽ വെച്ച് അവരുടെ ഇടയനായ എന്നെയോ, പെന്തകോസ്ത് ഭാഷയിൽ വെട്ടിയാലും കുത്തിയാലും സുഖിക്കുന്നവരോ സഹിക്കുന്നവരോ ഉണ്ടെന്നുവരുമെങ്കിലും അത് ഒരുതരം അഹന്തയിൽ നിന്നും ഉരുവാകുന്ന ആത്മീയ ധിക്കാരം മാത്രം ആണ്. ആ സഭ അവിടെ ഉള്ളതിനാലും അതിനെ നടത്തുന്ന ഒരു ഇടയൻ ഉള്ളതിനാലും അവർ സമയവും അദ്ധ്വാനവും സമ്പത്തും ചിലവാക്കിയതിനാലും ആണ് പ്രസംഗകന് ഒരു വേദി കിട്ടിയത് എന്ന് മറക്കരുത് . ആ ബഹുമാനത്തെ ഉള്ളിൽ വെച്ച് വേണം ഓരോ വാക്കും ഉരുവിടാൻ. ആരും പൂർണ്ണരല്ല എന്നും ഓർക്കുക. പ്രവാചകൻ എന്ന നിലയിൽ ഒരു ദൂതുണ്ടെങ്കിൽ പോലും പരിജ്ഞാനത്തോടെ അഥവാ വിവേകത്തോടെ വേണം അത് അവതരിപ്പിക്കാൻ.

മുൻപിൽ ഇരിക്കുന്നവരിൽ മിക്കപേരും നമ്മെക്കാൾ വിദ്യാഭ്യാസവും പ്രായവും പരിചയവും അനുഭവവും വചനപരിജ്ഞാനവും ഉള്ളവരാണെന്നും അവർ നമ്മെ ക്ഷണിച്ചത് നമ്മിൽ വ്യാപരിക്കുന്ന ദൈവ കൃപ നിമിത്തവും ആണെന്നും ഏതു പ്രഭാഷകരും മറക്കരുത്. തെറ്റിക്കൂടാഴിക ആർക്കും ഇല്ല. ധാരണകൾ കൊണ്ട് ഒരുവനെ ആത്മീകൻ എന്നും അനാത്മീകൻ എന്നും വിധികയും അരുത്‌. ഒരുവന്റെ ആത്മീകത സ്വന്തം സംസ്കാരം കൊണ്ടോ മുൻവിധികൊണ്ടോ നാം അളക്കുന്നത് എങ്ങനെയാണു? വിമര്ശകനെക്കാൾ വിമര്ശിക്കപെട്ട കാര്യം ഒന്നൊഴികെ ബാക്കി എല്ലാറ്റിലും അവർ നല്ലവരായിരിക്കാം. പ്രസംഗകൻ പരിഹാസി ആകരുത്. അതിനാൽ ജനത്തെ തിരുത്തുവാൻ ആർക്കും അധികാരം ഇല്ല എന്ന ധാരണ അബദ്ധം ആണ്. അവരുടെ ഇടയൻ അത് ശ്രദ്ധിക്കണം. ദൈവമക്കൾ അവരുടെ നിലവാരം സൂക്ഷിക്കാൻ മറക്കരുത് . വേഷത്തിലും ശരീരഭാഷയിലും അത് നിലനിർത്തപ്പെടേണം. ദൈവത്തിന്റെ മന്ദിരം എന്ന വിലയും സ്വന്തശരീരം എന്ന ബഹുമാനവും നമ്മുടെ ശരീരത്തിന് നാം തന്നെ നൽകണം. യോഗ്യമായ വേഷം (Proper Dressing ) ധരിക്കുന്നവരായിരിക്കണം ദൈവമക്കൾ. വിശേഷാൽ വേദികളിൽ കയറുന്നവർ. നൂറു പേരുള്ള സദസിൽ ഇരുനൂറു കണ്ണുകൾ നമ്മെ വീക്ഷിക്കുന്നു. ജനത്തിന് അരോചകമാകും വിധം സംസാരിക്കുകയോ വസ്ത്രം ധരിക്കയോ ചെയ്യരുത്. പിതാക്കന്മാരുടെ ഉപദേശങ്ങൾ ഈ വിധ കാര്യങ്ങൾ ഗൗരവമായി പറഞ്ഞിരുന്നെങ്കിൽ വിവേചന ബുദ്ധി അധികമായപ്പോൾ നമ്മൾ അവ അറിഞ്ഞു ചെയേണ്ടതല്ലേ? പെന്തകോസ്റ്റിന്റെ വിഴുപ്പലക്കാൻ കണ്വന്ഷനുകളെ ഉപയോഗിക്കരുത്. ഇതിനെ കുറിച്ച് ഒരു പ്രസംഗകൻ പറഞ്ഞത് താൻ പറഞ്ഞില്ലെങ്കിലും മനോരമയിലും ചാനലിലും ഒക്കെ വരുന്നുണ്ടന്നാണ്.

സ്നേഹിതാ പത്രവായനക്കു പകരുമോ വാർത്താവതരണത്തിനു വേണ്ടിയോ അല്ല പൊതുമീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നത്. സുവിശേഷ ഘോഷണത്തിനായിട്ടാണ്. അല്ലാതെ പെന്തകൊസ്തിലെ അപചയ പാരായണത്തിനായിട്ടല്ല. ഇരിക്കുന്ന കൊമ്പു പരസ്യമായി മുറിക്കുന്ന ഈ ഏർപ്പാട് ആശാസ്യമല്ല. ആരും എതിർക്കാത്തതിനാൽ അതിനെ ചങ്കൂറ്റം എന്നും വിളിക്കരുത്. മദം ഇളകിവരുന്ന ആനയുടെ മുൻപിൽ നെഞ്ചുവിരിച്ചു നിൽക്കുന്നത് ചങ്കൂറ്റം അല്ല വിവരശൂന്യതയാണ്. സ്വയം ഇല്ലാതാക്കാനുള്ള, തന്നെത്താൻ പോലും രക്ഷിക്കാൻ കഴിയാത്ത ബുദ്ധിഹീനത. അതിന്റെ മറ്റൊരു വകഭേദം മാത്രമാണ് സുവിശേഷത്തിന്റെ വാതിലുകൾ അടയുന്ന ഈ കാലത്തു കൈയടികിട്ടാൻ മാത്രം കാട്ടികൂട്ടുന്ന ഈ പരിസരബോധം ഇല്ലാത്ത ഈ വികല വിമർശനങ്ങൾ. ദൈവസഭയുടെ തിരുത്തപ്പെടേണ്ടുന്ന കാര്യങ്ങളെ പറയേണ്ടതും പഠിപ്പിക്കേണ്ടതും സഭ ഹാളുകളുടെ ഉള്ളിൽ ആകുന്നതാണ് നല്ലതു. അതിനെ കേൾക്കാനും ചർച്ച ചെയ്യാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഒക്കെ നാം ശ്രദ്ധിക്കത്തെന്നെ വേണം.

വാൽകഷ്ണം : നമുക്ക് നിത്യത വേണ്ടാന്നു വെച്ചാലും മറ്റുള്ളവരുടെ നിത്യതയെ നഷ്ടമാക്കാൻ ആരും മുതിരരുത്…

– ബ്ലസ്സൻ ചെറിയനാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.