ചെറുകഥ : വേശ്യ l ആഷേര്‍ മാത്യു

“അബോർഷൻ ..?”
നിങ്ങൾ എന്താണ് തോമസ് ഈ പറയുന്നത് ?
ഡോക്ടർ ജയകുമാറിന്റെ മുഖത്ത് അമ്പരപ്പും ദേഷ്യവും ഒക്കെയുണ്ടായിരുന്നു .

ആനിയാണ് അതിനു മറുപടി പറഞ്ഞത് .
“ഡോക്ടർ ..തീരുമാനം എന്റേത് കൂടിയാണ് .ഞങ്ങൾ ഒന്നിച്ചു ആലോചിച്ചെടുത്ത തീരുമാനമാണ് .”

“നോക്കൂ ആനീ…കുട്ടികൾ വേണ്ട എന്ന തീരുമാനത്തിന് പിന്നിൽ നിങ്ങള്ക്ക് പല കാരണങ്ങളും ഉണ്ടാവാം ..നിങ്ങളുടെ കരിയർ ..ഫിനാൻഷ്യൽ മാറ്റേഴ്സ് ..എന്തുമാകട്ടെ ..ബട്ട് ..നിങ്ങൾ ഒരു ജീവനെയാണ് കൊല്ലുന്നത്..അത് മറക്കേണ്ട ..”. ഡോക്ടറുടെ ശബ്ദം വളരെ ഗൗരവമേറിയതായിരുന്നു .

“അതൊക്കെ ഞങ്ങൾക്കറിയാം ഡോക്ടർ .അത് കൊണ്ടാണ് ഇത് വളരെ വേഗം ചെയ്യണമെന്ന് ഞങ്ങൾ നിർബന്ധം പിടിക്കുന്നതും .ഇവൾ ഗര്ഭിണിയാണെന്നറിഞ്ഞിട്ടു രണ്ടു ദിവസം ആകുന്നതേയുള്ളു .സൊ ..അധികം വളർച്ചയെത്തും മുമ്പ്..അബോർട്ട് ചെയ്യണം എന്നാണ് ഞങ്ങളുടെ ആഗ്രഹം ..പ്ളീസ് ഡോക്ടർ ..ഞങ്ങൾക്ക് മറ്റൊരാളുടെ മുമ്പിൽ ഇതുപോലെ ഓപ്പൺ ആയി കാര്യങ്ങൾ പറയാൻ പറ്റില്ല .”
തോമസിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു .

ഉറ്റസുഹൃത്തുക്കളാണ് ഡോ.ജയകുമാറും തോമസ്സും. തോമസ്സിന്റെയും ആനിയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമാകുന്നതേയുള്ളൂ. അറിയപ്പെടുന്ന ഐ .ടി കമ്പനിയിലെ ഉദ്യോഗസ്ഥരാണ് തോമസ്സും ആനിയും . ഉദ്യോഗത്തിന്റെ മേഖലയിൽ ഓരോ പടവുകൾ ചവിട്ടി കയറുകയാണ് ആനി. വളരെ സമർത്ഥയായ ഒരു ചെറുപ്പക്കാരി . എന്നാൽ ഇപ്പോൾ ഒരു കുഞ്ഞുണ്ടായാൽ തൻ്റെ ജോലിയെയും ,പ്രൊമോഷനേയും ഒക്കെ അത് ബാധിക്കും . അത് കൊണ്ടാണ് ‘സിറ്റി ഹോസ്പിറ്റലിലെ ‘ ഡോ .ജയകുമാറിന്റെ ടേബിളിനു മുന്നിൽ തോമസ്സും ആനിയും ഇപ്പോൾ അക്ഷമരായി ഇരിക്കുന്നത് .

ഡോക്ടർ ജയകുമാർ കുറച്ചു നേരം കണ്ണടച്ച് മൗനമായി ഇരുന്നു .മൗനം അന്തരീക്ഷത്തിൽ തളം കെട്ടിക്കിടന്നു.

” ഡു യു നൊ? ഹു ഇസ് ദി ബെസ്ററ് മദർ ഇൻ ദി ബൈബിൾ ? ”
ഡോ .ജയകുമാറിന്റെ ചോദ്യം .
തോമസ്സും ആനിയും കണ്ണിൽ കണ്ണിൽ നോക്കി .

“ഞാൻ ചോദിച്ചത് ..ബൈബിളിലെ ‘ഏറ്റവും നല്ല ‘അമ്മ ‘ ആരാണ് എന്ന് അറിയുമോ എന്നാണ് …ബൈബിൾ വായിക്കുന്ന ശീലം എനിക്കുണ്ടെന്നു തോമസിന് പണ്ടേ അറിയാമല്ലോ ..നിങ്ങൾ ക്രിസ്ത്യാനികൾക്ക് അറിയാമോ എന്ന് നോക്കട്ടെ ..ഉത്തരം പറയൂ ..”
ഒരു ചെറുപുഞ്ചിരിയോടെ ജയകുമാർ ചോദിച്ചു .

നിരവധി കഥാപാത്രങ്ങൾ അവരുടെ മനസ്സിലേക്ക് ഓടി വന്നു ..
ഹന്ന.. ശമുവേൽ ബാലന്റെ ‘അമ്മ..മകന്‌ വേണ്ടി കരഞ്ഞവൾ ..പ്രാർത്ഥിച്ചവൾ..നേർച്ച നേർന്നവൾ …
“ഹന്നയല്ലേ ?” ആനിയാണ് ചോദിച്ചത് .
“അല്ല “.ജയകുമാറിന്റെ മറുപടി .
“എങ്കിൽ യേശുവിന്റെ അമ്മ…മറിയ..കൃപ ലഭിച്ചവൾ..സംശയമില്ല “അത് തോമസ്സിന്റെ അഭിപ്രായമായിരുന്നു .

“പക്ഷെ എന്റെ ഉത്തരം അതല്ല .” ജയകുമാർ അതും നിഷേധിച്ചു .
“എന്നാൽ ഡോക്ടർ തന്നെ പറയൂ . ഞങ്ങൾക്ക് ഇതിൽ കൂടുതൽ അറിവൊന്നും ബൈബിളിൽ നിന്നില്ല” . ആകാംക്ഷയോടെ ആനി പറഞ്ഞു .

“ശരി പറയാം .ഒത്തിരി നല്ല അമ്മമാരെപറ്റി ബൈബിളിൽ പറയുന്നുണ്ട് ..യേശുവിന്റെ ‘അമ്മ..യോഹന്നാന്റെ ‘അമ്മ..അഞ്ചപ്പവും രണ്ടു മീനും കൊടുത്തു വിട്ട ബാലകന്റെ ‘അമ്മ ..അങ്ങനെ ഒത്തിരി ഒത്തിരി ..” ഡോ.ജയകുമാർ വളരെ ഗൗരവത്തിലാണ് . ഒരു ഗ്ലാസ് വെള്ളം കുടിച്ചതിനു ശേഷം അദ്ദേഹം ചോദിച്ചു :
“സോളമന്റെ ജ്ഞാനം ” എന്ന കഥ കേട്ടിട്ടുണ്ടോ ? ഉണ്ടാവണം ..എന്റെ ചെറുപ്പത്തിൽ സ്കൂളിൽ പാഠഭാഗമായി പഠിക്കുവാനുണ്ടായിരുന്നു .
ഒരു കുഞ്ഞിന് വേണ്ടി രണ്ടു അമ്മമാർ അവകാശവാദം ഉന്നയിച്ചു ശലോമോൻ രാജാവിന്റെ മുമ്പിൽ ചെന്ന കഥ .വാളെടുത്തു കുഞ്ഞിനെ മുറിച്ചു രണ്ടു പേർക്കും വീതം വെക്കാമെന്നു രാജാവ് പറഞ്ഞപ്പോൾ , യഥാർത്ഥ അമ്മ ആരാണെന്നു തിരിച്ചറിഞ്ഞ കഥ .?”

“ഉണ്ട് ..കേട്ടിട്ടുണ്ട് . പക്ഷെ അത് ശലോമോൻ രാജാവിന്റെ ജ്ഞാനത്തെ പ്രകീർത്തിക്കുന്ന കഥയല്ലേ ?” ആനിയുടെ സംശയം .

“അല്ല ..അത് മാത്രമല്ല ..ബൈബിളിലെ മാത്രമല്ല ,ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു അമ്മയുടെ കഥ കൂടിയാണത് .
അതിൽ ശ്രദ്ധിക്കേണ്ട കാര്യം ..ആ രണ്ടു സ്ത്രീകൾ ..അവർ വേശ്യമാരായിരുന്നു.” ഒന്ന് നിർത്തിയശേഷം ഡോക്ടർ ചോദിച്ചു .

“ഒരു വേശ്യയ്ക്കെന്തിനാണ് കുഞ്ഞിനോട് ഇത്ര സ്നേഹം ?
തൻ്റെ ജോലിക്കു തടസ്സമാകുന്ന ..സ്വാന്തത്ര്യത്തിനു തടസ്സമാകുന്ന ..അപ്പനില്ലാത്ത ..ആ കുഞ്ഞു മരിച്ചു പോയെന്നു സമ്മതിച്ചുകൊടുക്കാൻ മനസ്സില്ലാതെ , രാജാവിന്റെ കൊട്ടാരം വരെ നീതി തേടി അലഞ്ഞ ആ അമ്മയുടെ മനസ്സ് ..അതിൽ വലിയ സ്നേഹമുണ്ടോ ?? നിങ്ങൾ പറയൂ ..”

തല കറങ്ങുന്നതു പോലെ തോന്നി ആനിക്കും , തോമസിനും .
ആ വേശ്യയുടെ അത്ര പോലും നല്ല മനസ്സ് ഞങ്ങൾക്കില്ലേ??
അവരുടെ മനസ്സ് ഉരുകുകയായിരുന്നു .

“എന്റെ കുഞ്ഞിനെ എനിക്ക് വേണം ഡോക്ടർ ..എനിക്ക് അബോർഷൻ ചെയ്യണ്ട ..എനിക്കും വേണം എന്റെ കുഞ്ഞിനെ ..” ആനി വിങ്ങിപൊട്ടുകയായിരുന്നു .
തൻ്റെ കുഞ്ഞിന് വേണ്ടി കൊട്ടാരം വരെ കയറിച്ചെന്ന വേശ്യയായ ആ സ്ത്രീയുടെ മുഖത്തു കണ്ട അതേ മാതൃസ്നേഹം ,ദൃഢനിശ്ചയം …ആനിയുടെ മുഖത്തു അപ്പോഴുണ്ടായിരുന്നു .

ആ ആശുപത്രിയുടെ പടിയിറങ്ങുമ്പോൾ ആനിയുടെ ഒരു കരം തോമസിന്റെ കരം ഗ്രഹിച്ചിരുന്നു .
മറുകരം തൻ്റെ വയറിനോടും .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.