കഥ: സ്വർണ്ണമാല

അവസാനം ഭാര്യയുടെ കരച്ചിലിന് മുമ്പിലാണ് അയാൾ വഴങ്ങിയത് .
പക്ഷെ , എന്നിട്ടും അയാൾ ഒരു ഡിമാൻഡ് മുന്നോട്ടു വെച്ചു. ഒരു തരി പൊന്നെങ്കിലും നിന്റെ കഴുത്തിലും കാതിലും കാതിലും ഉണ്ടാവണം .
ആലീസ് അത് സമ്മതിക്കുകയും ചെയ്തു .

ജോസും ആലീസും . അതായിരുന്നു അവരുടെ പേര് .
പുരാതന ഓർത്തഡോൿസ് കുടുംബത്തിലെ അംഗങ്ങൾ .കുവൈറ്റിൽ സ്ഥിരതാമസം .
ഒട്ടു മിക്ക പ്രവാസികളെയും പോലെ തന്നെ ഗൾഫിൽ ചെന്ന് കഴിയുമ്പോൾ പെന്തകൊസ്തിലേക്കു മാറുവാനുള്ള സാധ്യത കൂടുതലാണെന്നുള്ള വിശ്വസം ആലീസിന്റെ കാര്യത്തിലും ശരിയായി .
കൂടെ ജോലി ചെയുന്ന ലീനയാണ് ആലീസിനെ പ്രാർത്ഥന കൂട്ടായ്മകൾക്ക് കൂട്ടികൊണ്ട് പോകുവാൻ തുടങ്ങിയത് .തുടക്കത്തിൽ ജോസിന് എതിർപ്പൊന്നും ഇല്ലായിരുന്നു .അല്ലെങ്കിലും ചെറുപ്പം തൊട്ടേ പള്ളികാര്യനാഹാളിൽ വലിയ ഉത്സാഹം ഒന്നും ജോസിനില്ല . ആലീസ് പ്രാർത്ഥനക്കു പോകുന്ന നേരം കൂടി കൂട്ടുകാരുടെ കൂടെ ചിലവഴിക്കാമല്ലോ എന്ന സമാധാനമായിരുന്നു ജോസിന് .

എന്നാൽ വളരെ പെട്ടന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ആലീസിനെ പെന്തക്കോസ്തുകാർ “ബ്രയിൻവാഷ്” ചെയ്തിരിക്കുന്നു .
ആലീസിനു ഇപ്പോൾ സ്നാനപ്പെടണം പോലും !!!

പിന്നീട് വീട്ടിൽ അതിനെ തുടർന്ന് ഒരു ഭൂകമ്പം തന്നെയായിരുന്നു .മൂന്നാം മുറ പോലും ജോസിന് ഉപയോഗിക്കേണ്ടി വന്നു .ആലീസാകട്ടെ , നിർത്താതെ കരച്ചിലും പ്രാർത്ഥനയും .
എന്തൊക്കെ പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ഒരു ദൈവഭയമൊക്കെ ഉള്ളത് കൊണ്ട് വലിയ പിടിവാശിക്കൊന്നും ജോസും മുതിർന്നില്ല .
പക്ഷെ ഒരു ഉപാധി മുന്നോട്ടു വെച്ചു .
“ആഭരണം ഊരാൻ സമ്മതിക്കില്ല “. അതായിരുന്നു ആയ ഉപാധി .
“കഴുത്തിലും കാതിലും ഒന്നും ഇല്ലാതെ നടന്നാലേ ,നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം പറയാൻ എന്നെ കിട്ടുകേല “. ഒരു അഭിമാനിയായ പാരമ്പര്യ ക്രിസ്ത്യാനിയുടെ എല്ലാ സ്വഭാവവും ജോസിനുണ്ട് .

എന്നാൽ പിന്നീട് വീണ്ടും കാര്യങ്ങൾ മാറി മറിഞ്ഞു .മാലയും കമ്മലുമൊക്കെ സഭാഹാളിനുള്ളിൽ, കയറുന്നതിനു മുൻപ് ആലീസ് ഊരിയെടുത്തു ബാഗിൽ വെക്കും .സഭായോഗം കഴിയുമ്പോൾ വീണ്ടും ധരിക്കും .
അങ്ങനെ ആലീസിന്റെ വിശ്വസം വർധിച്ചു വന്നു .

ആലീസിന്റെ അടുത്ത ലക്‌ഷ്യം ജോസിനെ വിശ്വസമാർഗ്ഗത്തിലേക്കു കൊണ്ട് വരിക എന്നുള്ളതായിരുന്നു . സ്വന്തം ഭർത്താവ് ആത്മീയമില്ലാത്തവനായി നശിച്ചു പോകുന്നത് കാണാൻ ആ സാധു സ്ത്രീയുടെ മനസ്സ് അനുവദിച്ചില്ല .

പിന്നീട് അതായിരുന്നു വഴക്കിനു കാരണം .”ഒരു തവണയെങ്കിലും ഒന്ന് വന്നു നോക്കച്ചായാ..എന്നിട് കുറ്റം പറ “. ആലീസ് നിർബന്ധിച്ചു കൊണ്ടേയിരുന്നു .ആലീസിന്റെ കരച്ചിലും ഉപവാസവും ഒക്കെ കണ്ട ജോസിന്റെ മനസ്സ് അവസാനം അലിഞ്ഞു .
ജോസ് അവസാനം വീണ്ടും ആ നിബന്ധന മുന്നോട്ടു വെച്ചു .
“നിന്റെ ദേഹത്തു ആഭരണം ഉണ്ടായിരിക്കണം “.

മാല ഇട്ടാലും വേണ്ടുകേല ,ഭർത്താവിനെ ഒന്ന് ആരാധനക്ക് കൊണ്ട് പോയാൽ മതിയെന്ന ചിന്തയായിരുന്നു ആലീസിനു .

അങ്ങനെ രാവിലെ തന്നെ രണ്ടു പേരും ഒരുങ്ങി ഇറങ്ങി .
നല്ല വെള്ള ഷർട്ടൊക്കെയിട്ട് സുമുഖനായി ഒരുങ്ങിയിറങ്ങിയ ജോസിനെ കണ്ടാൽ , നല്ല ഒരു “പെന്തകോസ്ത് അച്ചായൻ “തന്നെ .

മെഗാ ചർച്ചാണ് .
നൂറുകണക്കിന് വിശ്വസികളുള്ള വലിയ സഭ . പുറകിൽ ഒരു കസേരയിൽ ജോസ് ഇരിപ്പുറപ്പിച്ചു .
പെന്തകൊസ്തുകാരുടെ ആരാധനാരീതി എന്താണെന്നോ , എങ്ങനെയാണെന്നോ ജോസിന് ഒരു പിടുത്തവുമില്ല . കൈകൊട്ടി ശീലമില്ലാത്തതുകൊണ്ട് അനങ്ങാതെ അവിടെയിരുന്നു .ഉയർന്ന ശബ്ദത്തിലുള്ള പ്രസംഗം ജോസിന് അരോചകമായി തോന്നി .
പക്ഷെ ഉറക്കെ കയ്യടിക്കുകകയും ,ആരാധിക്കുകയും ചെയുന്ന വിശ്വാസികളെ കണ്ടു ജോസിന് അത്ഭുതം തോന്നി .
എന്തൊക്കെ പറഞ്ഞാകും ഒരു ദൈവിക സാന്നിധ്യം ഇവിടെ അനുഭവപ്പെടുന്നുണ്ട് .

അടുത്ത് “കർതൃമേശ “ആയിരുന്നു .
ജോസിന് വലിയ പിടുത്തം കിട്ടിയില്ല . പണ്ട് പള്ളിയിൽ പോകുമ്പോ വല്ലപ്പോഴും “കുർബാന ” കൈകൊണ്ടിട്ടുണ്ടു. അത് തന്നെയാണ് ഈ കർത്തൃമേശയെന്നു ജോസ് മനസ്സിലാക്കി .
ഇത് ഇത്ര വലിയ സംഭവമാണോ ??
ഇന്ന് കർത്തൃമേശയുണ്ട് എന്ന് പറഞ്ഞായിരുന്നു ആലീസ് ആരാധനക്ക് പോകാൻ നിർബന്ധം പിടിച്ചത് .കർത്തൃമേശയിൽ പങ്കെടുക്കണമെന്ന് ആലീസിനു അതിയായ ആഗ്രഹമായിരുന്നു .
കർതൃമേശ തുടങ്ങി . ജോസിന്റെ അടുത്തേക്കും ആദ്യം അപ്പവുമായി ഒരു പാസ്റ്റർ വന്നു. അടുത്തിരിക്കുന്ന ആള് ചെയ്തത് പോലെ , ഒരു മുറി അപ്പം എടുത്തു ജോസും കഴിച്ചു. അത് കഴിഞ്ഞു വീഞ്ഞ് വന്നു .ജോസ് ഒരു കവിൾ വീഞ്ഞും കുടിച്ചു.

ഒരു മണി ആയപ്പോഴേക്കും യോഗം കഴിഞ്ഞു .

കാറിൽ കയറി തിരികെ വരുന്ന വഴിക്കാണ് ആലീസിന്റെ മുഖം ജോസ് ശ്രദ്ധിച്ചത് .കണ്ണൊക്കെ കരഞ്ഞു കലങ്ങിയിരിക്കുന്നു .
“എന്താടീ ആലീസ്സ് നിന്റെ മുഖം വല്ലതിരിക്കുന്നതു ?? എന്ത് പറ്റി?”
“അത് …എനിക്ക് കർതൃമേശ തന്നില്ല ….”
“അതെന്നെടീ കാര്യം ?…അതിനല്ലേ നീ ഇന്ന് വന്നത് ?”
“അതൊക്കെ ശരി തന്നെ .പക്ഷെ ഞാൻ ആഭരണം ഇട്ടതു കൊണ്ട് എനിക്ക് തന്നില്ല . സഭയുടെ നിയമം ആണത്രേ …”

അത് ശരി .അതാണ് കാര്യം . അല്ലെങ്കിൽ തന്നെ പെന്തകൊസ്തുകാര് പണ്ടേ ആഭരണവിരോധികളാണല്ലോ …അതിൽ പുതുമയൊന്നുമില്ല .
പെട്ടന്നാണ് ജോസ് ആ ചോദ്യം ചോദിച്ചത് .
“ആലീസ്സെ…അപ്പോൾ പിന്നെ …എന്തിനാടീ എനിക്ക് കർതൃമേശ തന്നത് ?”
ആലീസ് ഞെട്ടിപ്പോയി .ജോസച്ചായന്‌ കർതൃമേശ കിട്ടിയോ ??!!”

കുറെ നേരം മൗനമായിരുന്നു ശേഷം ആലീസ് മറുപടി പറഞ്ഞു .
“അച്ചായന് വെള്ളഷർട്ടുണ്ടല്ലോ ….അതുകൊണ്ടാവും …”
“ങേ …”
ഒന്നും മനസ്സിലാകാതെ ജോസ് കാറോടിച്ചുകൊണ്ടേയിരുന്നു .

കഴുത്തിൽ കിടന്ന സ്വർണ്ണമാല ആലീസിനെ കൊഞ്ഞനം കുത്തി കാണിച്ചു .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.