16 സെന്റ് സ്ഥലം പത്തോളം കുടുംബങ്ങൾക്ക് വഴിക്കായി വിട്ടുനൽകി പാസ്റ്റർ ജോർജ് എബ്രഹാം എന്ന ലാലുച്ചായൻ
കോന്നി: വർഷങ്ങളായി വഴിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന പത്തോളം കുടുംബങ്ങൾക്ക് വഴിയൊരുക്കുന്നതിനായി സ്വന്തം 16 സെന്റ് സ്ഥലം വിട്ടുനൽകി മുൻ പ്രവാസി വ്യവസായിയും ക്രൈസ്തവ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് എബ്രഹാം (ലാലുച്ചായൻ). കോന്നി അതിരുങ്കൽ അഞ്ചുമുക്ക് പ്രദേശത്തെ കുടുംബങ്ങൾക്കാണ് അദ്ദേഹത്തിന്റെ ഭൂമി വഴിക്കായി വിട്ടുനൽകിയത്.

ദീർഘകാലമായി ഗതാഗത സൗകര്യമില്ലാതെ പ്രയാസം നേരിട്ടിരുന്ന കുടുംബങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് പാസ്റ്റർ ജോർജ് എബ്രഹാം സ്വന്തം ഭൂമിയുടെ ഒരു ഭാഗം പൊതുവഴിയാക്കാൻ വിട്ടുനൽകിയത്. വ്യക്തിപരമായ സ്വത്ത് പൊതുനന്മയ്ക്കായി ഉപയോഗപ്പെടുത്തിയ നടപടി പ്രദേശവാസികൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ദോഹയിൽ വർഷങ്ങളായി ലെനോ ട്രേഡിങ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന പാസ്റ്റർ ജോർജ് എബ്രഹാം ദോഹ ബെഥേൽ ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററും സ്ഥാപകനുമായിരുന്നു. ഇപ്പോൾ നാട്ടിൽ ദൈവവേലയോടോപ്പം സാമൂഹിക സേവന രംഗത്തും അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരുന്നു.
താൻ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ പരസ്യമാകാതിരിക്കണമെന്ന ആഗ്രഹത്തോടെ പ്രവർത്തിക്കുന്ന ലാലുച്ചായൻ, നിർധനരായവർക്ക് ഭവനങ്ങൾ നിർമിച്ചുനൽകുന്നതിലും രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിലും ഉൾപ്പെടെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ മുൻപും പങ്കാളിയായിട്ടുണ്ട്. സമൂഹത്തിലെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് കഴിയുന്ന സഹായം ചെയ്യുക എന്ന സമീപനത്തിന്റെ ഭാഗമായാണ് ഇത്തവണ പത്തോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഭൂമി വിട്ടുനൽകിയത്.
സ്വന്തം നേട്ടങ്ങൾക്കപ്പുറം മറ്റുള്ളവരുടെ ആവശ്യങ്ങൾ പരിഗണിച്ച് സ്വത്തും വിഭവങ്ങളും പങ്കുവയ്ക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് പ്രദേശവാസികളും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു. വഴിയില്ലാതെ വർഷങ്ങളായി പ്രയാസം നേരിട്ടിരുന്ന കുടുംബങ്ങൾക്ക് ഈ നടപടി വലിയ ആശ്വാസമായതായും അവർ പറഞ്ഞു.
പൊതുനന്മയ്ക്കായി സ്വന്തം ഭൂമി വിട്ടുനൽകിയ പാസ്റ്റർ ജോർജ് എബ്രഹാമിന്റെ പ്രവർത്തനം സാമൂഹിക ഉത്തരവാദിത്വത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും മാതൃകയാണെന്ന് വിലയിരുത്തപ്പെടുന്നു.


- Advertisement -


Comments are closed.