ഓർമ്മക്കുറിപ്പ്: ദൈവത്തോട് അടുത്തു നിൽക്കുന്നവർക്ക് ദൈവസ്വഭാവം ഇല്ലാതിരിക്കുമോ…? | സാജൻ എബ്രഹാം, ദാമോഹ്, മധ്യപ്രദേശ്
യേശു പറഞ്ഞ ഒരു ഉപമ എപ്പോഴും എന്നെ വല്ലാതെ അസ്വസ്ഥനാക്കാറുണ്ട്. നല്ല ശമരിയകാരന്റെ ഉപമ ദേവാലയത്തിലേക്ക് നടന്നുപോകുന്ന ലേവ്യനും, പുരോഹിതനും… ദേവാലയത്തിലേക്ക് വെറുതെ പോകുന്നതല്ല ദൈവത്തിന് മുമ്പിൽ മനുഷ്യന്റെ പ്രതിനിധികളായി നിൽക്കുന്നവരാണ്… അതുകൊണ്ടുതന്നെ എല്ലാവരും മനസ്സിന്റെ ഉള്ളിൽ ഇവർക്ക് നൽകിയിരിക്കുന്ന പേര് ദൈവത്തോട് അടുത്തു നിൽക്കുന്നവർ എന്നാണ്. ബഹുമാനവും ആദരവും എല്ലായിടത്തും അവർക്ക് ലഭിച്ചിരുന്നു (അവർ അങ്ങനെ ആഗ്രഹിച്ചിരുന്നു) . വഴിയരികിൽ കള്ളന്മാരാൽ ഉപദ്രവിക്കപ്പെട്ട് തളർന്ന് അർദ്ധപ്രാണനായി കിടക്കുന്ന നിസ്സഹായനായ മനുഷ്യൻ…. സാന്ത്വ നത്തിന്റെ ഒരു വാക്കുപോലും പറയാതെ {ദേവാലയത്തിലേക്ക്} പോകുന്നവർ…. കണ്ടിട്ടും കാണാത്തവരെ പോലെ പോയി? സഹായിക്കുമെന്ന് കരുതി അവരുടെ മുഖത്തേക്കും, കൈകളിലേക്കും ആശയോടെ നോക്കിയിരിക്കാം.

ഈ ഉപമ എന്നെ അസ്വസ്ഥനാക്കുന്നതിന്റെ കാരണം, എനിക്കും ചില പേരുകൾ ചിലരൊക്കെ നൽകിയിട്ടുണ്ട് ( ദൈവത്തോട് അടുത്തു നിൽക്കുന്നവൻ, പ്രാർത്ഥിക്കുന്നവൻ, ദൈവവചനം പറയുന്നവൻ, ദൈവ വേലക്കാരൻ, ദൈവത്തിനു വേണ്ടി കഷ്ടം സഹിക്കുന്നവൻ, ദൈവത്തിനായി സമർപ്പിക്കപ്പെട്ടവൻ….. അങ്ങനെ സാഹചര്യത്തിനനുസരിച്ച് നൂറായിരം പേരുകൾ). ഒരു കാര്യം ഉറപ്പാണ് ദേവാലയത്തിലെ ആദരണീയനായ വ്യക്തിയാവാൻ ദൈവസ്വഭാവത്തിന്റെ ആവശ്യമില്ല..
ശരിയല്ലേ. മിത്രമേ താങ്കൾക്ക് ഫ്രാൻസിസ് അസീസിയെ അറിയുമോ? അദ്ദേഹത്തിന്റെ ആശ്രമത്തിൽ ശരീരം മുഴുവൻ കുഷ്ഠരോഗത്താൽ വ്രണപ്പെട്ട ഒരു മനുഷ്യനെ കൊണ്ടുവന്നു വ്രണത്തിന്റെയും പഴുപ്പിന്റെയും ഗന്ധം അവിടെയുള്ളവരെ (അസീസിയുടെ ശിഷ്യന്മാർ) ആ മനുഷ്യന്റെ അടുത്തേക്ക് ചൊല്ലുവാൻ അനുവദിച്ചില്ല…. (അസഹനീയം ) എവിടെയോ പോയി മടങ്ങി ആശ്രമത്തിൽ തിരിച്ചെത്തിയ ഫ്രാൻസിസ് കുഷ്ഠരോഗിയായ മനുഷ്യനെ കാണുകയും തന്റെ യാത്രാ ക്ഷീണമെല്ലാം മറന്ന് ആ മനുഷ്യന്റെ അടുത്തുചെന്ന് വ്രണങ്ങൾ കഴുകി ശരീരം വൃത്തിയാക്കി വ്രണങ്ങളിൽ എണ്ണ പുരട്ടി, ആശ്രമത്തിന്റെ ഉള്ളിൽ ഒരു കിടക്കയിൽ ആ മനുഷ്യനെ കൊണ്ട് ഇരുത്തി. അസീസി ആ മനുഷ്യനോട് പറഞ്ഞു സന്തോഷവാനായിരിക്കുക, വിശ്രമിച്ചു കൊള്ളുക. ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞ് നടന്ന അസീസിയുടെ കയ്യിലേക്ക് കുഷ്ഠരോഗിയായ ആ മനുഷ്യൻ പിടിച്ചു പതിയെ തന്റെ മുഖത്തോട് ചേർത്ത് ആ കൈകളിൽ ചുംബിച്ചു. പതിയെ തല ഉയർത്തി മൃദുശബ്ദത്തിൽ പറഞ്ഞു അങ്ങയുടെ കൈകൾക്ക് ദൈവത്തിന്റെ ഗന്ധമാണ് ചിന്തിച്ചിട്ട് മനസ്സിലാകുന്നില്ല!! എങ്ങനെ കണ്ടിട്ടും കാണാത്തവരെ പോലെ പോകാൻ കഴിയും? മനസ്സിന്റെ കണ്ണുകൾക്ക് അല്പം പോലും കാഴ്ചയില്ലാത്തവർ… അവർ ചിന്തിച്ചത് ഈ മനുഷ്യനെ തൊട്ടാൽ ഞങ്ങൾക്കെന്തു സംഭവിക്കും…. ശമരിയക്കാരൻ ചിന്തിച്ചത് ഞാൻ മുമ്പോട്ട് നടന്നുപോയാൽ ഈ മനുഷ്യന് എന്ത് സംഭവിക്കും എന്നാവാം..
കുറെ വർഷങ്ങൾക്കു മുമ്പ് എനിക്കുണ്ടായ ഒരു അനുഭവം, ദാമോഹ് ജില്ലയിലെ ഒരു ബ്ലോക്ക് ആണ് ‘ഹട്ടാ’. ഏകദേശം ഒരു വർഷം ആ സ്ഥലത്ത് താമസിച്ചു. ഒരു ദിവസം വീട്ടുസാധനങ്ങൾ വാങ്ങാൻ ഞാനും മറ്റൊരു ദൈവദാസനുമായി ഒരു കടയിൽ നിൽക്കുകയാണ്, അപ്പോൾ അടുത്തുള്ള റോഡിലൂടെ ആളുകൾ കൂട്ടമായി ബഹളം വച്ചുകൊണ്ട് ഓടിപ്പോകുന്നു. പെട്ടെന്ന് ആളുകൾ ഓടിപ്പോകുന്ന ആ ഭാഗത്തേക്ക് ഞാൻ റോഡിലേക്ക് ഇറങ്ങി നിന്നുകൊണ്ട് നോക്കി, ഇലക്ട്രിക് പോസ്റ്റിൽ തീ ആളിക്കത്തുന്നത് കാണാം . ആദ്യം കരുതിയത് പച്ച നിറത്തിലുള്ള കൊടി എന്നാണ്, പക്ഷേ കുറച്ചുകൂടി മുന്നോട്ടു നടന്നു ചെന്നപ്പോൾ മനസ്സിലായി അതൊരു മനുഷ്യനാണ്, പോസ്റ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ മുകളിലൂടെയുള്ള ലൈനിൽ നിന്ന് അദ്ദേഹത്തിന് ഷോക്ക് ഏൽക്കുകയും പെട്ടെന്ന് ശരീരത്തിലേക്ക് തീ പടർന്നു പിടിക്കുകയുംചെയ്തു . ആരൊക്കെയോ വെള്ളം കൊണ്ടുവന്ന് മുകളിലേക്ക് ഒഴിക്കാൻ ശ്രമിക്കുന്നുണ്ട് ഉയരത്തിൽ ആയതുകൊണ്ട് നന്നായി വെള്ളം ആ മനുഷ്യന്റെ ശരീരത്തിലേക്ക് വീഴുന്നില്ല. അല്പം കഴിഞ്ഞ് തന്റെ അരയിലൂടെ ചുറ്റിയിരുന്ന കയർ തീ പിടിച്ച് മുറിഞ്ഞ് ആ മനുഷ്യൻ താഴേക്ക് വീണു റോഡ് സൈഡിലെ ഓടയിലേക്കാണ് വീണത്, ചുറ്റും കൂടി നിന്ന ആളുകളെല്ലാം സൈഡിലേക്ക് ഓടി മാറി ഞാൻ ആളുകളുടെ ഇടയിൽ നിന്നുകൊണ്ട് ആ മനുഷ്യനെ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ തൊണ്ടയ്ക്ക് ഒരു ചെറിയ അനക്കം, മരിച്ചിട്ടില്ല എന്ന് മനസ്സിലായി പക്ഷേ ആരും അങ്ങോട്ട് അടുക്കുന്നില്ല എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം വിഷമിച്ചു. പെട്ടെന്ന് ആളുകളെ തള്ളി മാറ്റി ഞാൻ ആ മനുഷ്യന്റെ അടുത്തേക്ക് ചെന്നു . വലിയ ഉച്ചത്തിൽ എന്റെ ഒപ്പം ഉണ്ടായിരുന്ന ദൈവദാസനെ ഞാൻ വിളിച്ചു റ്റിജുച്ചായാ ഓടിവാ. അദ്ദേഹം എന്റെ അടുത്തേക്ക് വന്നു ഞങ്ങൾ രണ്ടുപേരും കൂടി ആ മനുഷ്യനെ അവിടെനിന്ന് ഉയർത്തി, മുഖവും ശരീരവും നന്നായി കത്തിയിരുന്നു മൂക്കിൽ നിന്നും വായിൽ നിന്നും രക്തവും വെള്ളവും പുറത്തേക്ക് വരുന്നുണ്ടായിരുന്നു അസഹനീയമായ ഒരു ഗന്ധം ശരീരത്തിൽ നിന്ന് ഉയരുന്നുണ്ടായിരുന്നു. ഓടയിലേക്ക് കുനിഞ്ഞ് പുറകുവശത്തുകൂടി രണ്ട് കൈ ഉപയോഗിച്ച് ആ മനുഷ്യനെ ഉയർത്തിയപ്പോൾ എന്റെ കൈകൾ ഒട്ടിച്ചേർന്നു, മാംസത്തിന്റെ ഇടയിലേക്ക് വിരലുകൾ കയറിപ്പോകുന്നത് പോലെ തോന്നി, കാലിന്റെ ഭാഗം റ്റിജു ച്ചായൻ ഉയർത്തി പെട്ടെന്നൊരു വാഹനം അവർ അടുത്തേക്ക് കൊണ്ടുവന്നു (ചോട്ടി ഹാത്തി) പിന്നെ ഞങ്ങൾക്ക് മനസ്സിലായി ഇലക്ട്രിസിറ്റി ബോർഡിന്റെ വാഹനമാണ് അത് . ആ ചെറുപ്പക്കാരനോടൊപ്പം ജോലി ചെയ്യുന്നവർ അവിടെയുണ്ടായിരുന്നു . പക്ഷേ ആരും മുമ്പോട്ട് വന്നില്ല, ഞങ്ങൾ വാഹനത്തിലേക്ക് അദ്ദേഹത്തെ കയറ്റി കിടത്തി അപ്പോഴേക്കും പോലീസ് അവിടെ എത്തിയിരുന്നു പോലീസ് ഞങ്ങളോട് പറഞ്ഞു വാഹനത്തിൽ നിങ്ങളും കയറുക വളരെ വേഗത്തിൽ അടുത്തുള്ള സർക്കാർ ഹോസ്പിറ്റലിൽ അദ്ദേഹത്തെക്കൊണ്ട് ചെന്നു. പിന്നെ അറിയാൻ കഴിഞ്ഞത്, ദാമോഹ് സർക്കാർ ഹോസ്പിറ്റലിലേക്കും അവിടെനിന്ന് ജബൽപൂർ ഹോസ്പിറ്റലേക്കും ആ ചെറുപ്പക്കാരനെ കൊണ്ടുപോയി മൂന്ന് ദിവസത്തിനു ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി. കണ്ടിട്ടും കാണാത്തവരെ പോലെ എങ്ങനെ പോകാൻ കഴിയും! യേശു തന്റെ പിന്നാലെ വരുവാൻ ശിഷ്യന്മാരെ വിളിക്കുമ്പോൾ ഇപ്രകാരം പറഞ്ഞു ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. അതെ പ്രിയ മിത്രമേ… യേശു ഇന്നും ആഗ്രഹിക്കുന്നത് കൈനീട്ടി ചിലരെ പിടിച്ചെഴുന്നേൽപ്പിക്കാൻ, കൈനീട്ടി ചിലരുടെ കണ്ണുനീർ തുടയ്ക്കാൻ, കൈനീട്ടി ചിലരെ മാറോട് ചേർത്ത് നിർത്തുവാനാണ് . കല്ല് വലിച്ചെറിയുന്നതിലും എത്രയോ മനോഹരമാണ് കൈനീട്ടി ഒരാളെ എഴുന്നേൽപ്പിക്കുന്നത്.
റോഡപകടങ്ങളിൽപ്പെട്ട് അനേകം ആളുകൾ മരിക്കാറുണ്ട്…… അതിന് പ്രധാന കാരണം അപകടങ്ങളിൽപെട്ട് കിടക്കുന്നവരെ ആരും സഹായിക്കുന്നില്ല എന്നതാണ്, സഹായിച്ചാൽ സഹായിക്കുന്ന ആളുകൾക്ക് എതിരെ കേസ് ഉണ്ടാവും എന്ന ഭയമാണ്.. ഇതിനൊരു മാറ്റം വരുത്താൻ 2016-ൽ സുപ്രീം കോർട്ട് ഒരു നിയമം കൊണ്ടുവന്നു, റോഡിൽ അപകടപ്പെട്ട് കിടക്കുന്നവരെ ആശുപത്രികളിൽ എത്തിക്കുന്നവർക്ക് പോലീസ് നൽകുന്ന പാരിതോഷികവും പ്രശംസയും ലഭിക്കുന്ന നിയമം. Good Samaritan law നല്ല ശമര്യക്കാരൻ നിയമം (ഈ നിയമത്തിന് ഇതിലും മനോഹരമായ മറ്റേത് പേര് കൊടുക്കാൻ കഴിയും) ശമര്യക്കാരന്റെ ഉപമ വെറുമൊരു കഥയല്ല. അതെനിക്കും നിങ്ങൾക്കും ഉണ്ടാകേണ്ട സ്വഭാവമാണ്. പള്ളിയുടെ മുൻപിൽ ഭിക്ഷയാചിച്ച മനുഷ്യനെ പള്ളിയങ്കണത്തിൽ നിന്ന് ചിലർ ഓടിച്ചുവിട്ടു, കുറെ മുമ്പിലേക്ക് നടന്ന ആ മനുഷ്യൻ വഴിയരികിൽ ഇരിക്കുന്ന ചിലരെ കണ്ടു (അവർ അല്പം മദ്യപിച്ചിട്ടുണ്ട്) ഭയത്തോടെ അവരുടെ മുൻപിലേക്ക് കൈ നീട്ടി, അല്പം ഉയർന്ന ശബ്ദത്തിൽ അവർ ചോദിച്ചു ആ എന്തുവേണം? എന്തെങ്കിലും തരണം… കൂട്ടത്തിൽ ഒരാൾ പറഞ്ഞു എന്തെങ്കിലും കൊടുക്ക്. കയ്യിലുണ്ടായിരുന്ന ഒരു കവർ മിച്ചർ കൊടുത്തു, കുറച്ചു പണവും നൽകി… ഭിക്ഷ യാചിച്ച ആ മനുഷ്യൻ അല്പം മുമ്പിലേക്ക് നടന്നു ആകാശത്തേക്ക് നോക്കി ഇങ്ങനെ പറഞ്ഞു ദൈവമേ അങ്ങയുടെ അഡ്രസ്സും അങ്ങ് താമസിക്കുന്ന സ്ഥലവും രണ്ടിടങ്ങളിലാണല്ലോ ദൈവം സ്നേഹമാകുന്നു.. ദൈവം ഒരു മനുഷ്യന്റെ ഉള്ളിൽ ജീവിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവൻ എല്ലാവരെയും സ്നേഹിക്കുന്നുവെന്നത് …
സ്നേഹം പ്രകടിപ്പിക്കണം സ്നേഹത്തിന്റെ ഏറ്റവും വലിയ നിർമ്മിതിയാണ് താജ്മഹൽ,ഷാജഹാൻ ചക്രവർത്തിക്ക് തന്റെ ഭാര്യ മുംതാസിനോടുള്ള മുഹബ്ബത്തിന്റെ മണിമാളിക. പക്ഷേ ഏറ്റവും വലിയ സങ്കടം സ്നേഹത്തിന്റെ ആ മണിമാളിക മുംതാസ് കണ്ടിട്ടില്ല നല്ലവനായ ശമര്യയിൽ താമസിക്കുന്ന ഒരു മനുഷ്യൻ….. ഇത് വായിച്ചു കൊണ്ടിരിക്കുന്ന മിത്രമേ ശമര്യ എന്ന പേര് മാറ്റി താങ്കൾ താമസിക്കുന്ന സ്ഥലത്തിന്റെ പേര് എഴുതാൻ കഴിയുമോ..? ബൈബിളിലെ ഏത് അധ്യായമാണ് എല്ലാ ദിവസവും വായിക്കേണ്ടത്? (കൊരിന്ത്യർ 1:1-13) ഒരു പേരിലോ, ഒരു വ്യക്തിയിലോ ഈ ഉപമ അവസാനിക്കരുത് എന്ന് ആഗ്രഹിച്ചാവാം യേശു നല്ല ശമര്യക്കാരൻ എന്നപേര് നൽകിയത്, തന്നെ അനുഗമിക്കുന്ന എല്ലാവർക്കും ഉണ്ടാകേണ്ട സ്വഭാവം. ഒരു നല്ല മനുഷ്യനാവാൻ ദൈവവിശ്വാസിയാവണമെന്നില്ല… പക്ഷേ ഒരു ക്രിസ്തു ശിഷ്യൻ ദൈവവിശ്വാസിയായ നല്ലൊരു മനുഷ്യൻ എന്ന വാക്കിൽ അവസാനിക്കുന്നില്ല. വളരെ എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന വികാരമാണ് സ്നേഹം ശബ്ദമില്ലാത്ത നോട്ടത്തിലും വളരെ ചെറുതായ ഒരു സ്പർശനത്തിലും തിരിച്ചറിയാൻ കഴിയുന്ന വികാരം (അതുകൊണ്ടുതന്നെ സ്നേഹിക്കുന്നില്ല എന്നതും വളരെ പെട്ടെന്ന് മനുഷ്യന് മനസ്സിലാകും). സ്നേഹിക്കാൻ മാത്രം അറിയാവുന്നവർക്ക് ലോകം നൽകുന്ന പേരാണ് യേശുവിന്റെ ശിഷ്യന്മാർ.
സാജൻ എബ്രഹാം, ദാമോഹ്, മധ്യപ്രദേശ്

- Advertisement -


Comments are closed.