ലേഖനം: ആരാധന അരങ്ങാകുമ്പോൾ | പാസ്റ്റർ സോണി ചാക്കോ, യു.കെ
ഇന്നത്തെ ആരാധനാശൈലികൾ, ആദ്യകാല പെന്തെക്കോസ്ത് സഭകൾ, യുവജനങ്ങളുടെ ഉത്തരവാദിത്വം

ആരാധന എന്നത് പാട്ടുപാടുന്ന ഒരു പരിപാടിയല്ല; ദൈവത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് നമ്മുടെ ഹൃദയവും ജീവിതവും അവിടുത്തേക്ക് സമർപ്പിക്കുന്ന വിശുദ്ധ അനുഭവമാണ്. “ദൈവം ആത്മാവാകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കേണം” എന്ന് യേശു പഠിപ്പിച്ചു (യോഹന്നാൻ 4:24). അതിനാൽ ആരാധനയുടെ കേന്ദ്രം സംഗീതമോ ഗായകനോ അന്തരീക്ഷമോ അല്ല കർത്താവായിരിക്കണം.
എന്നാൽ ഇന്ന് ചില സഭകളിലെ ആരാധനാരീതികൾ വലിയ മാറ്റത്തിലൂടെ കടന്നുപോകുകയാണ്. അമിതമായ ലൈറ്റുകള്‍, പുക, ശക്തമായ ബീറ്റ്, സ്റ്റേജ് പ്രകടനങ്ങള്‍, ആവേശം കൂട്ടുന്ന വിളികള്‍ എന്നിവ ആരാധനയുടെ പ്രധാന ഘടകങ്ങളായി മാറുന്നു. പബ്ബിലോ ഡിസ്കോയിലോ കാണുന്ന അന്തരീക്ഷം സഭയിലും പകർത്തിയാൽ യുവജനങ്ങളെ ആകർഷിക്കാമെന്ന് ചിലർ കരുതുന്നു. യുവാക്കളെ സഭയിലേക്കു കൊണ്ടുവരണമെന്ന ആഗ്രഹം നല്ലതാണ്. പക്ഷേ ലോകത്തിന്റെ മാതൃക സഭയിലേക്ക് കൊണ്ടുവന്ന് അതിനെ ആത്മീയത എന്നു വിളിക്കുന്നത് അപകടകരമാണ്.
എല്ലാ ആധുനിക സംഗീതവും തെറ്റാണെന്നോ എല്ലാ ഡ്രംസും ലൈറ്റുകളും പാപമാണെന്നോ ബൈബിൾ പറയുന്നില്ല. തംബുരു, കിന്നരം, കൈത്താളം തുടങ്ങിയ പല വാദ്യങ്ങളോടുംകൂടെ ദൈവത്തെ സ്തുതിക്കുവാൻ സങ്കീർത്തനം 150 ആഹ്വാനം ചെയ്യുന്നു. അതിനാൽ പ്രശ്നം ഉപകരണത്തിലല്ല; അതിന്റെ ലക്ഷ്യത്തിലും രീതിയിലുമാണ്. സംഗീതം ദൈവത്തെ ഉയർത്തുന്നുണ്ടോ, അതോ മനുഷ്യനെ പ്രദർശിപ്പിക്കുന്നുണ്ടോ? ജനത്തെ മാനസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നുണ്ടോ, അതോ കുറച്ചു നേരത്തെ വികാരാവേശത്തിൽ മാത്രം നിര്‍ത്തുന്നുണ്ടോ?
ആദ്യകാല സഭയുടെ ആരാധന ലളിതവും ശക്തവുമായിരുന്നു. വിശ്വാസികൾ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും അപ്പം നുറുക്കുന്നതിലും പ്രാർത്ഥനയിലും സ്ഥിരത പുലർത്തി (അപ്പൊസ്തല പ്രവൃത്തികൾ 2:42). അവർ ഒരുമനസ്സോടെ പ്രാർത്ഥിച്ചു; പരിശുദ്ധാത്മാവ് അവരെ നിറച്ചു (അപ്പൊസ്തല പ്രവൃത്തികൾ 4:31). ആദ്യകാല പെന്തെക്കോസ്ത് കൂട്ടായ്മകളിലും പ്രധാനമായിരുന്നത് പ്രാർത്ഥന, ഉപവാസം, തിരുവചനപ്രസംഗം, സാക്ഷ്യം, ആത്മാവിന്റെ വരങ്ങൾ, വിശുദ്ധജീവിതം എന്നിവയായിരുന്നു. വലിയ വേദികളോ അത്യാധുനിക സംവിധാനങ്ങളോ ഇല്ലായിരുന്നെങ്കിലും ദൈവഭയവും ആത്മീയദാഹവും ഉണ്ടായിരുന്നു.
ആരാധന വിനോദപരിപാടിയായി മാറുമ്പോൾ ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ദൈവസാന്നിധ്യത്തിനുപകരം വികാരാനുഭവം തേടാൻ ആളുകൾ പഠിക്കും. പാട്ടിന്റെ ശബ്ദം ഉയരുമ്പോഴും പ്രാർത്ഥനയുടെ ആഴം കുറയാം. കഴിവുള്ളവരെ ആത്മീയരായി തെറ്റിദ്ധരിക്കാം. ക്രിസ്തുവിനു പകരം ഗായകരും ആരാധനാസംഘങ്ങളും ശ്രദ്ധാകേന്ദ്രമാകാം. വിശുദ്ധി, മാനസാന്തരം, ക്രൂശ്, ആത്മത്യാഗം എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങൾ പിന്നിലേക്കു പോകാനും സാധ്യതയുണ്ട്.
പ്രിയ യുവജനങ്ങളേ, ആരാധനയിൽ ഊർജവും സന്തോഷവും പുതുമയും ഉണ്ടാകട്ടെ. എന്നാൽ അതിന് ആത്മീയ ആഴവും വചനസത്യവും വിശുദ്ധിയും കൂടെയുണ്ടാകണം. കൈ ഉയർത്തുന്നതിനു മുമ്പ് ഹൃദയം ദൈവത്തിനു കൊടുക്കാം. ശബ്ദം ഉയർത്തുന്നതോടൊപ്പം ജീവിതവും ക്രിസ്തുവിനെ പ്രസിദ്ധമാക്കട്ടെ. സ്റ്റേജിൽ കാണിക്കുന്ന ആരാധന ഞായറാഴ്ച അവസാനിക്കരുത്; പഠനത്തിലും ജോലിയിലും ബന്ധങ്ങളിലും രഹസ്യജീവിതത്തിലും തുടരട്ടെ.
സഭയ്ക്ക് ലോകത്തിന്റെ പകർപ്പാകേണ്ടതില്ല. ലോകത്തിന് ഇല്ലാത്ത ദൈവസാന്നിധ്യം സഭയിൽ ഉണ്ടായിരിക്കണം. ആരാധന ആളുകളെ രസിപ്പിക്കുന്നതല്ല; ദൈവത്തെ പ്രസാദിപ്പിക്കുന്നതാകണം. അപ്പോൾ നമ്മുടെ സംഗീതം ആധുനികമായിരുന്നാലും ആരാധന വിശുദ്ധമായിരിക്കും; ശൈലി പുതുതായിരുന്നാലും സന്ദേശം നിത്യമായിരിക്കും.
പാസ്റ്റർ സോണി ചാക്കോ, യു.കെ

- Advertisement -


Comments are closed.