ലേഖനം: ദൈവനിയോഗമില്ലാത്ത യാത്രയുടെ തുടക്കം | രാജൻ പെണ്ണുക്കര
ആർക്കും യോനയെ അടച്ചാക്ഷേപിക്കാൻ കഴിയുമൊയെന്ന് തോന്നുന്നില്ല, അവനിൽ വർണ്ണനാധീതമായ ഒത്തിരി ഗുണങ്ങൾ ഉള്ളപ്പോഴും ഒരു കുഞ്ഞനുസരണക്കേട് (തന്നിഷ്ട്ടം) ആണ് അവനെ ഇത്രയും ചർച്ചാവിഷയം ആക്കിയത്. അതുമാത്രമല്ല സ്വയം ശിക്ഷാവിധിയും വിധിഫലങ്ങളും പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രവാചകൻ എന്നും വിശേഷിപ്പിക്കാം.

ഒരു നാണയത്തിന്റെ ഒരു വശം കാണുമ്പോൾ കാണാത്ത മറുവശം കൂടി കാണാതെ പോകരുത്!. ഇന്നത്തേത് നമുക്കെല്ലാം സുപരിചിതനായ യോനയുടെ കന്നി യാത്ര ആണെന്നും തെറ്റിദ്ധരിക്കരുത്. എന്നാൽ അന്നൊക്കെ അവനോടൊപ്പം അദൃശ്യമായ ദൈവീക സാന്നിധ്യവും ദൈവനിയോഗവും കൂടെ ഉണ്ടായിരുന്നതിനാൽ പരിസരം മറന്ന് ഒരുമിച്ച് ആടിയും പാടിയും ആരാധിച്ചും ആനന്ദിച്ചും ക്ഷേമമായി മറുകരയിൽ ചെന്നുചേർന്ന വലിയ സാക്ഷ്യം പറഞ്ഞ കപ്പൽപ്രമാണിയും കപ്പിത്താനും സഹയാത്രികരും. അവനുമായി നിരന്തരം കൊതിച്ചിരുന്ന കപ്പൽ യാത്രയിൽ ചുഴലിക്കാറ്റോ, കടുത്ത കടൽക്ഷോഭമോ, വൻ നാശനഷ്ടങ്ങളൊ, തിരമാലയൊ, മരണഭയമോ, കൂട്ടനിലവിളിയോ അന്നുവരെ ഉണ്ടായിട്ടില്ല എന്ന സത്യം കൂടി വിളിച്ചു പറഞ്ഞ സഹയാത്രികർ.
എന്നാൽ ഇന്ന് യോന ദൈവത്തിന്റെ വാക്കിന് വിപരീതമായി ദൈവം പറയാത്തത് ചെയ്യുവാൻ സ്വയതീരുമാനം എടുക്കുന്ന അനുസരണം ഇല്ലാത്ത പ്രവാചകൻ ആയി മാറി. ദൈവത്തിന്റെ വാക്കിനും ഉദ്ദേശത്തിനും എതിരായി ആരെന്തു ചെയ്തുകൂട്ടിയാലും അതിന്റെ തിക്തഫലം അനുഭവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം. തികച്ചും അപ്രതീക്ഷിതമായ ഇന്നത്തെ അവന്റെ രംഗപ്രവേശനം (Entry) സകലരുടെയും കണക്കുകൂട്ടൽ തെറ്റിച്ചിരിക്കുന്നു. ദൈവനിയോഗവും ആലോചനയും അനുസരണയും ഇല്ലാതെ ജഡീകബുദ്ധി കൊണ്ട് ചെയ്യുന്ന പ്രവർത്തികളുടെ പരിണിത ഫലങ്ങൾ അനുഭവിക്കുന്ന പാവം സഹയാത്രികർ. അടുത്ത നിമിഷം എന്തായി തീരുമെന്ന മരണ ഭീതിയിൽ ആടിയുലഞ്ഞ് മുങ്ങി താഴാൻ പോകുന്ന കപ്പൽ. ഒരു നിമിഷം കൊണ്ട് മരണത്തെ മുഖാമുഖം കണ്ട് മാറത്തടിച്ച് നിലവിളിക്കുന്ന ഒരു കൂട്ടം.
കപ്പൽ കയറുന്ന നിമിഷം വരെ യോനാ യഹോവയുടെ സന്നിധിയിൽ ആയിരുന്നു എന്നത് സത്യം, എന്നാൽ ഇപ്പോൾ അല്ല എന്നത് അതിലും വലിയ സത്യം. അത്രമാത്രം കാര്യങ്ങൾ വഷളാക്കിട്ട് ഒളിഞ്ഞു കയറിയവൻ ഞാനൊന്നും അറിഞ്ഞില്ല ചെയ്തില്ല ഒരു ചെവി അറിയില്ല എന്ന ഭാവത്തിൽ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറക്കത്തിലും. നീ രഹസ്യത്തിൽ കാര്യങ്ങൾ ചെയ്തുകൂട്ടി ഉറക്കം നടിച്ചാലും നിന്നെ അടിത്തട്ടിൽ നിന്നും മുകൾ തട്ടിൽ കൊണ്ടു നിർത്തി പരസ്യകോലം ആക്കുന്ന നിമിഷം ഉണ്ടെന്ന് മറന്നുപോയ യോന. അവൻ ഉള്ളം കാൽ വെച്ച നിമിഷം കാര്യങ്ങൾ മാറിമറിഞ്ഞത് നിങ്ങളും കണ്ടില്ലേ!!. ഇവിടെ യോനയുടെ കയ്യിൽ നഷ്ടപ്പെടാൻ തക്ക വിലപിടിപ്പുള്ള യാതൊന്നും ഇല്ല, എന്നാൽ പാവം സഹയാത്രികരുടെ ജീവിതസമ്പാദ്യവും സ്വപ്‌നങ്ങളും അമൂല്യ നിധികളും ഒന്നില്ലാതെ ഭാരം കുറയ്ക്കാൻ ഇപ്പോൾ കടലിന്റെ ആഴങ്ങളിൽ എറിഞ്ഞു കളയേണ്ടി വരുന്ന അവസ്ഥ ഊഹിക്കാമോ!.
സകലതും നഷ്ടപ്പെട്ട് ശൂന്യാവസ്ഥയിൽ മുകളിൽ ആകാശം കീഴെ ഗർജിക്കുന്ന സമുദ്രവും അതിൽ ആടിയുലയുന്ന കപ്പലും, അങ്ങ് ദൂരെ മാടി വിളിക്കുന്ന മരണ ദൂതനും മാത്രം. ഇവിടെ ഒരു മർമ്മം ഉണ്ട്, “കാറ്റും കോളും വന്നാൽ ആക്ഷരിക കടൽ നിയന്ത്രണാതീതമായി പിന്നേയും ക്ഷോഭിക്കും, എന്നാൽ ആനന്ദനടനം ചെയ്തിരുന്ന ആത്മീയ കടലിൽ പ്രശ്നം വന്നാൽ ചിന്തിക്കുന്നതിലും അപ്പുറം നിശബ്ദമായി ചലനമറ്റതായി തണുത്തുറഞ്ഞു പോകും!.”
എന്നാൽ ഈ പ്രതികൂലം മാറാൻ യോനയെ നിന്റെ സാന്നിധ്യം അവിടെ നിന്നും മാറേണ്ടിയത് അനിവാര്യം. അതിനായി സാധനങ്ങൾ കടലിൽ എറിഞ്ഞ അതേ വേഗത്തിൽ നീയും കടലിൽ എറിയപ്പെടാൻ പോകുന്ന സത്യം മറക്കരുത്. ഇങ്ങനെ അനുസരണം കെട്ടവനെ കപ്പിത്താനും, സമുദ്രത്തിനും, തിമിംഗലത്തിനു പോലും വേണ്ട എന്ന സ്ഥിതിയിൽ ആയില്ലേ!!. ദൈവഹിതത്തിന് എതിരെ നിൽക്കുന്ന ഏതവനെയും ആർക്കും വേണ്ടതാകും അവന്റെ അവസാനം ഇതൊക്കെയാണ് എന്ന് കൂടി ഓർത്താൽ നന്ന്.
ഇന്നത്തെ ആത്മീക യാത്രയിലും പതിറ്റാണ്ടുകളുടെ വിജയഗീതം പാടുന്ന യോനമാരെ കാണുവാൻ കഴിയും. എന്നാൽ അതെല്ലാം സത്യം എന്നിരിക്കെ; ഇന്നത്തെ അവരുടെ യാത്ര ആരുടെ നിർദ്ദേശവും നിയോഗവും അനുസ്സരിച്ച്, എങ്ങോട്ട്, ഏത് ഉദ്ദേശത്തോട്, ഏത് ലക്ഷ്യത്തിലേക്ക് എന്നതാണ് സുപ്രധാനം. അങ്ങനെ നിയോഗം ഇല്ലാത്തവർ ജഡീകബുദ്ധിയാൽ കുതന്ത്രം മെനഞ്ഞ് സഭയാകുന്ന ആത്മീക കപ്പലിൽ കയറി കൂടിയാൽ അപ്പോൾ വരേയും ശാന്തമായും സമാധാനമായും പ്രത്യാശയുടെ ദിക്കും, തീരവും നോക്കി ആത്മാവിന്റെ പൂർണ്ണ നിയന്ത്രണത്തിൽ കിറുകൃത്യമായി മുന്നോട്ട് ഓടിയ കപ്പൽ അടിയുലഞ്ഞ് വഴിതെറ്റി സഞ്ചരിക്കും ഒടുവിൽ ആഴക്കടലിൽ മുങ്ങിപ്പൊകും നിശ്ചയം.
അതുമൂലം അവർക്ക് നഷ്ടമാകാൻ ഒന്നും ഇല്ലെങ്കിലും മറ്റു പലരുടെയും അന്നുവരെയും കാത്തുസൂക്ഷിച്ച അമൂല്യങ്ങളായ “സ്വസ്ഥത, സമാധാനം, സ്നേഹം, സന്തോഷം, പ്രാർത്ഥന, ഐക്യത, ആത്മാവിലുള്ള ആരാധന, കൂട്ടായ്മ, കരുതൽ, സ്നേഹചുംബനം” നഷ്ടമാക്കി കടലിൽ എറിയേണ്ട അവസ്ഥ ഉണ്ടായാൽ ആരായിരിക്കും ഉത്തരവാദി?. ഒരിക്കൽ കപ്പലിന്റെ മുകൾ തട്ടിൽ പരസ്പരം കരങ്ങളെ കോർത്ത് പിടിച്ച് പരിസരം മറന്ന് ആത്മാവിൽ ഒരുമിച്ച് ആരാധിച്ചവർ ഇന്ന് ആ കരങ്ങളെ വേർപെടുത്തി അവിടേയും ഇവിടേയും മാറി ഇരുന്ന് പരസ്പരം മുഖം കൊടുക്കാതെ നെടുവീർപ്പിടുന്ന കരളലിയിക്കും കാഴ്ച്ചയുടെ അവസ്ഥക്ക് ആരായിരിക്കും കാരണഭൂതർ?.
ഇന്ന് ഈ ചിത്രത്തിന്റെ മറുവശം കൂടി നോക്കിയാൽ കാണുന്ന ഭയാനകമായ കാഴ്ച അതിലും ദയനീയമാണ്. ഒരിക്കൽ ആലയത്തിനകത്ത് വാണിരുന്ന പരിശുദ്ധത്മാവ് ഇന്ന് വാതിലിന് പുറത്ത് നിൽക്കുന്ന കാഴ്ച!!. ആത്മാവിന്റെ പരിവർത്തനത്താൽ കുഞ്ഞോളങ്ങളും ചലിക്കുന്ന പ്രാണികളും തുള്ളിച്ചാടുന്ന മീനുകളും ഉണ്ടായിരുന്ന കടലിൽ ഇന്ന് തിരകൾ ഇല്ലാത്ത “ചാവുകടൽ” പോലെ ആയില്ലേ!. സ്നേഹതീരത്തെ നിരന്തരം ചുംബിച്ചിരുന്ന ആത്മാവിന്റെ തിരമാലകളും ഒഴുക്കും കെട്ടടങ്ങിപ്പൊയില്ലേ!. സഭയുടെയും നിന്റേയും എന്റേയും ഉള്ളിന്റെ ഉള്ളിൽ കൂടി ഒഴുകിയിരുന്ന ശുദ്ധജല പ്രവാഹം ഇന്ന് മലീമസം ആയി തീർന്നില്ലേ!. അതിൽ ഓടികളിച്ച മീനുകൾ ശ്വാസം കിട്ടാതെ ചത്തു മലർന്നും; സാന്ത്വനമേകി തഴുകാൻ വന്ന കുളിർകാറ്റ് നിലച്ചും പോയി; നിലാവിന്റെ വെളിച്ചം കൊണ്ട് വഴികാട്ടിയായ ചന്ദ്രനും കാർമേഘ പടലത്താൽ സൂര്യനും മറഞ്ഞു പോയില്ലേ.
കൊടും വെയിലിൽ പോലും ആറ്റാരികത്തു നട്ട ഇലവാടാത്ത തണൽ വൃക്ഷം പോലെ ഏവർക്കും എല്ലായ്‌പ്പോഴും താങ്ങായി തണലായി നിന്ന മരത്തിന്റെ കൊമ്പുകൾ ഉണങ്ങി ഇലകൾ കൊഴിഞ്ഞു, പറവകൾ ചേക്കേറാൻ ഇല്ലാതെ ശൂന്യമായി പോയതെന്തേ. എന്നും പുഞ്ചിരിച്ചിരുന്ന മുഖത്തിന്ന് രൗദ്രഭാവം; ആർക്കും ആരോടും മിണ്ടാനും പറയാനും വാക്കില്ലാതെ മനസ്സില്ലാതെ സ്മശാന മൂകമായ അവസ്ഥയും ആയില്ലേ!. ആത്മമാരി നിന്നുപോയിട്ട് മരുഭൂമിയുടേയും മരീചികയുടെയും അവസ്ഥ. ആത്മാവിന്റെ നടത്തിപ്പില്ലാതെ കേവലം യാന്ത്രിക ചടങ്ങ് പോലെ ആയില്ലേ ഇന്നത്തെ കൊട്ടും പാട്ടും ആരാധനയും!. ഉള്ളിന്റെ ഉള്ളിൽ കൈപ്പിന്റെ വേര് മുളച്ചിട്ട് ഇമ്പവും മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തേനും തേങ്കട്ടപോലെ അണ്ണാക്കിന്നു മധുരമായിരുന്ന വാക്കുകൾ ഇന്ന് കാഞ്ഞിരം പോലെ ആയില്ലേ!. ശുദ്ധമനസാക്ഷി ഇല്ലാതെ, അകത്ത് ശുദ്ധിചെയ്യാത്ത പഴുത്തു ദുർഗന്ധമുള്ള വൃണത്തോടെ മേശ മേൽ കൈനീട്ടാൻ പോലും മടിയില്ലാത്ത ഭക്തന്മാർ അല്ലേ അധികവും. സ്പർശന ശക്തി നഷ്ടപെട്ട ശരീരം പോലെ ഏവരും മൌനതയിൽ ആയി തീർന്നില്ലേ!. അല്ലയോ ഉറക്കം നടിക്കുന്ന യോനയേ നിന്റെ ഓഹരി പ്രാപിക്കാൻ ഉണരുക, ദൈവീക സന്ദർശനം അതിവിദൂരമല്ല, മാനസാന്തരപ്പെടുക, ദൈവത്തിന്റെ ആത്മാവ് ബുദ്ധി ഉപദേശിക്കുന്നു.
രാജൻ പെണ്ണുക്കര

- Advertisement -


Comments are closed.