പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ബസിടിച്ച് വീട്ടമ്മ മരിച്ചു

മല്ലപ്പള്ളി: മല്ലപ്പള്ളി വൈ.എം.സി.എ ജംഗ്ഷനിൽ ഇന്നലെ രാവിലെ 10 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.
മല്ലപ്പള്ളി വെസ്റ്റ് വള്ളിക്കാട്ടിൽ വർഗീസ് വർഗീസിന്റെ (അനിയൻ) ഭാര്യ മേരിക്കുട്ടി വർഗീസ് (മറിയക്കുട്ടി, 62) ആണ് മരിച്ചത്.
കോട്ടയം–പന്തളം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തെത്തിയ മേരിക്കുട്ടി ബസിൽ നിന്നിറങ്ങിയ ശേഷം അതേ വാഹനത്തിന്റെ മുൻവശത്തുകൂടി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മേരിക്കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
നെടുങ്ങാടപ്പള്ളിയിൽ നടക്കുന്ന പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അപകടത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


- Advertisement -


Comments are closed.