വെസ്റ്റ് ബംഗാളിൽ ക്രൈസ്തവ ആരാധനാ യോഗത്തിന് നേരെ ക്രൂരമായ ആക്രമണം; പാസ്റ്ററും വിശ്വാസികളും മർദനത്തിനിരയായി

KE News Desk

 

News Middle Advt Banner

ഹൂഗ്ലി ( വെസ്റ്റ് ബംഗാൾ), ജൂൺ 14: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ത്രിവേണിയിലെ സോനാർ ടോരി സ്കൂളിൽ നടന്നുകൊണ്ടിരുന്ന ക്രൈസ്തവ ആരാധനാ യോഗത്തിനിടെ സംഘർഷാവസ്ഥ ഉണ്ടായതായി റിപ്പോർട്ട്. ഇന്ത്യൻ പെന്തക്കോസ്ത് സഭ (IPC) വെസ്റ്റ് ബംഗാൾ സ്റ്റേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന IPC ഫെയ്ത്ത് ഫെല്ലോഷിപ്പിന്റെ ശുശ്രൂഷകനായ പാസ്റ്റർ ബിസ്വജിത് മലോയുടെ നേതൃത്വത്തിൽ ആരാധന നടന്നുകൊണ്ടിരിക്കെയാണ് ചിലർ യോഗസ്ഥലത്ത് പ്രവേശിച്ച് മർദ്ദനം അഴിച്ച് വിട്ടത്.

സംഭവത്തിനിടെ പാസ്റ്റർ ബിസ്വജിത് മലോയ്ക്കും രണ്ട് വിശ്വാസികൾക്കും ശാരീരികമായി ആക്രമണമേറ്റതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് പോലീസ് ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയ ശേഷം മൊഗ്രാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

സംഭവവിവരം അറിഞ്ഞതിനെ തുടർന്ന് നൂറിലധികം ആളുകൾ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി പാസ്റ്റർക്കും സഭയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി വിവരമുണ്ട്. എന്നാൽ സ്ഥിതിഗതികൾ സമാധാനപരമായി പരിഹരിക്കുന്നതിനായി പോലീസ് ഇടപെട്ടു. ഒടുവിൽ പാസ്റ്റർ ബിസ്വജിത്തിനെയും വിശ്വാസികളെയും യാതൊരു കേസും രജിസ്റ്റർ ചെയ്യാതെ അന്നേ വൈകുന്നേരം വിട്ടയച്ചു.

അതേസമയം, ആരാധനാ യോഗങ്ങൾ തുടരാൻ അനുവദിക്കരുതെന്ന നിലപാടിൽ പ്രതിഷേധക്കാർ തുടരുന്നതായി അറിയുന്നു. വാടകയ്ക്ക് എടുത്ത സ്കൂൾ കെട്ടിടത്തിലായിരുന്നു ആരാധനാ യോഗങ്ങൾ നടന്നിരുന്നത്. സമ്മർദ്ദത്തെ തുടർന്ന് സ്കൂൾ അധികൃതർ ഇനി മുതൽ ആരാധനാ യോഗങ്ങൾ അനുവദിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകേണ്ട സാഹചര്യമുണ്ടായതായും റിപ്പോർട്ടുണ്ട്.

പാസ്റ്റർ ബിസ്വജിത്തിന്റെയും ആക്രമണത്തിനിരയായ വിശ്വാസികളുടെയും പൂർണ സൗഖ്യത്തിനും, സഭാ ശുശ്രൂഷകൾക്ക് ദൈവിക സംരക്ഷണവും മാർഗ്ഗനിർദേശവും ലഭിക്കുവാനും എല്ലാവരും പ്രാർത്ഥിക്കണമെന്നും വെസ്റ്റ് ബംഗാൾ ഐപിസി സെക്രട്ടറി പാസ്റ്റർ. ഫിന്നി പാറയിൽ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading