മണിപ്പൂരിൽ നിന്ന് ‘ബ്‌നേയി മനശ്ശെ’ സമൂഹം യിസ്രായേലിലേക്ക്

KE News Desk | International

ടെൽ അവീവ്: മണിപ്പൂർ–മിസോറം മേഖലയിൽ താമസിക്കുന്ന ബ്‌നേയി മനശ്ശെ സമൂഹത്തിലെ 250-ലധികം പേർ ഏപ്രിൽ 23-ന് യിസ്രായേലിലെ ബെൻ ഗൂരിയൻ വിമാനത്താവളത്തിൽ എത്തി.

പുരാതന യിസ്രായേലിലെ മനശ്ശെ ഗോത്രത്തിന്റെ പിൻഗാമികളാണെന്ന് വിശ്വസിക്കുന്ന ഈ സമൂഹത്തിന്റെ ചരിത്രപരമായ മടങ്ങിവരവായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.

ബൈബിള്‍ പ്രകാരം യോസേഫിന്റെ മൂത്ത മകനായ മനശ്ശെ, യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ ഒന്നിന്റെ പിതാവാണ്. ബി.സി. 722-ൽ അസ്സീറിയൻ രാജാക്കന്മാർ വടക്കൻ യിസ്രായേൽ ആക്രമിച്ച് മനശ്ശെ ഉൾപ്പെടെ പത്ത് ഗോത്രങ്ങളെ ബന്ദികളാക്കി കൊണ്ടുപോയതായി രാജാക്കന്മാർ രണ്ടാം പുസ്തകത്തിൽ പറയുന്നു. പിന്നീട് ഇവർ “ഇസ്രായേലിന്റെ പത്ത് നഷ്ടപ്പെട്ട ഗോത്രങ്ങൾ” എന്നറിയപ്പെട്ടു.

ബ്‌നേയി മനശ്ശെയുടെ വാമൊഴി ചരിത്രം അനുസരിച്ച്, ഇവർ പേർഷ്യ, അഫ്ഗാനിസ്ഥാൻ, ടിബറ്റ്, ചൈന എന്നിവിടങ്ങൾ കടന്ന് ഒടുവിൽ ഇന്ത്യയിലെ മണിപ്പൂർ, മിസോറം പ്രദേശങ്ങളിൽ എത്തി. കുക്കി–മിസോ–ചിൻ ഗോത്രവിഭാഗങ്ങളിലായാണ് ഇവർ അറിയപ്പെട്ടത്.

19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് മിഷണറിമാർ ഇവരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിച്ചെങ്കിലും, പരിച്ഛേദന, ശബ്ബത്ത് ആചരണം, ശുദ്ധ–അശുദ്ധ ഭക്ഷണക്രമം, പുളിപ്പില്ലാത്ത അപ്പം, ആടിനെ ബലി അർപ്പിക്കൽ തുടങ്ങിയ യഹൂദ പാരമ്പര്യവുമായി സാമ്യമുള്ള ആചാരങ്ങൾ ഇവരിൽ നിലനിന്നിരുന്നു.

1950-കളിൽ ആരംഭിച്ച ആത്മീയ തിരിച്ചറിവ് 1972-ൽ മണിപ്പൂർ ഇസ്രായേൽ ഫാമിലി അസോസിയേഷൻ രൂപീകരണത്തിലേക്ക് നയിച്ചു. തുടർന്ന് ഇസ്രായേലി റബ്ബി ഏലിയാഹു അവിഛൈൽ ഇവരെ “ബ്‌നേയി മനശ്ശെ” എന്ന് വിളിച്ചു തുടങ്ങി.

2005-ൽ യിസ്രായേലിന്റെ മുഖ്യ റബ്ബി ഷ്‌ലോമോ അമർ ഇവരെ മനശ്ശെ ഗോത്രത്തിന്റെ പിൻഗാമികളായി ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ യിസ്രായേലിന്റെ “ലോ ഓഫ് റിട്ടേൺ” നിയമപ്രകാരം ഇവർക്ക് കുടിയേറി പൗരത്വം നേടാനുള്ള വഴി തുറന്നു.

1990 മുതൽ ഇന്നുവരെ ഏകദേശം 4,000 പേർ യിസ്രായേലിലേക്ക് കുടിയേറിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോഴും ആയിരക്കണക്കിന് പേർ തുടരുന്നുണ്ടെന്നാണ് കണക്കുകൾ.

മണിപ്പൂരിൽ തുടരുന്ന മെയ്തി–കുക്കി വർഗ്ഗസംഘർഷവും ഈ കുടിയേറ്റ ആഗ്രഹം ശക്തമാക്കി. അക്രമങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരങ്ങൾ കുടിയൊഴിയുകയും ചെയ്ത സാഹചര്യത്തിൽ, സുരക്ഷിതമായ ജീവിതത്തിനായി പലരും യിസ്രായേലിലേക്ക് പോകാൻ ആഗ്രഹിക്കുന്നു.

ഏപ്രിൽ 23-ന് എത്തിയ സംഘത്തെ യിസ്രായേൽ കുടിയേറ്റ മന്ത്രി ഒഫിർ സോഫറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 2030-ഓടെ ശേഷിക്കുന്ന ബ്‌നേയി മനശ്ശെ അംഗങ്ങളെയും യിസ്രായേലിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി പുരോഗമിക്കുകയാണ്.

വടക്കൻ ഗലീലിയിൽ ഇവർക്കായി പുനരധിവാസ മേഖല ഒരുക്കിയിട്ടുണ്ട്. ഹീബ്രു ഭാഷാ പഠനവും തൊഴിൽ അവസരങ്ങളും സർക്കാർ ഒരുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading