ലേഖനം: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു | റോജി തോമസ്, ചെറുപുഴ
“ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തപ്പെട്ട നാമം. “അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു” (പുറപ്പാട് 3:14). മോശെയോടു ദൈവം അരുളിച്ചെയ്ത “ഞാനാണ് ഞാൻ’ എന്ന പ്രഖ്യാപനം തിരുവെഴുത്തിലെ ഏറ്റവും ആഴമേറിയ വെളിപ്പെടുത്തലുകളിൽ ഒന്നാണ്. കത്തുന്ന മുൾപടർപ്പിൽവെച്ച് മോശെ ദൈവത്തെ കണ്ടുമുട്ടിയപ്പോൾ ഇസ്രായേൽ മക്കൾക്ക് നൽകാനുള്ള ദിവ്യനാമം ആരാഞ്ഞു. ആയതിന്റെ പ്രതികരണം “ഞാൻ ഞാനാണ്’ എന്ന സമ്പൂർണ്ണ അസ്തിത്വത്തിന്റെ ദൈവിക പ്രസ്താവനയായിരുന്നു.
ഹീബ്രുവിൽ, ഈ പ്രയോഗം (എഹൈ ആഷർ എഹൈ) (ഹയാഹ് -ആയിരിക്കുക- എന്ന എബ്രായ ക്രിയയിൽ നിന്നാണ് ഈ വാക്യം വന്നത്) ദൈവത്തെ നിത്യം നിലനിൽക്കുന്ന ഒരാളായി മാത്രമല്ല; എല്ലാ അസ്തിത്വത്തിന്റെയും അടിത്തറയും ഉറവിടവുമായും വെളിപ്പെടുത്തുന്നു. ഈ നാമം ദൈവത്തിന്റെ സ്വയാസ്തിത്വം (തന്നിൽത്തന്നെ നിലനിൽക്കുന്നു); “”ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല” (പ്രവൃത്തികൾ 17:24-25). നിത്യസാന്നിധ്യം (കാലത്താൽ ബാധിക്കപ്പെടുന്നവനല്ല); “”ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു” (വെളിപാട് 1:8). മാറ്റമില്ലാത്തത് (തനിക്ക് ഏറ്റക്കുറച്ചിലുകളില്ല); “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” (യാക്കോബ് 1:17). പരമാധികാര സ്വാതന്ത്ര്യം (താൻ എന്തായിത്തീരണമെന്ന് അവിടുന്ന് നിശ്ചയിക്കും); “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു” (കൊളോസോ 1:16-17). എന്നിവയെ എല്ലാം സൂചിപ്പിക്കുന്നു.
ദൈവത്താൽ ആവിർഭവിച്ചതും ദൈവത്തിൽ ആശ്രിതരുമായ സൃഷ്ടികളിൽ നിന്ന് വ്യത്യസ്തമായി, ദൈവത്തിന്റെ അസ്തിത്വം അതുല്യവും സ്വതന്ത്രവുമാണ്. സൃഷ്ടിക്കപ്പെട്ട ഒാരോ ചരാചരങ്ങൾക്കും ഒരു തുടക്കമുണ്ട്. സൃഷ്ടിയോ അവയ്ക്കു പുറത്തുള്ള നിയന്താവിന്റെ കരങ്ങളാൽ നിലനിൽക്കുന്നു. മനുഷ്യർ, സസ്യ-മൃഗജാലങ്ങൾ, രാജ്യങ്ങൾ, പ്രപഞ്ച-സൗരയൂഥങ്ങൾ, ദൂതവൃന്ദജാലങ്ങൾ പോലും അവരുടെ നിലനിൽപ്പിന് നിയന്താവിനോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ ദൈവം “ഞാനാണ്’ എന്ന് പ്രഖ്യാപിക്കുമ്പോൾ, താൻ ഒന്നിനെയും, മറ്റാരെയും ആശ്രയിക്കുന്നില്ലെന്നും ഉറപ്പിച്ചു പറയുന്നു. അവിടുന്ന് സ്വയം നിലനിൽക്കുന്നവനാണ്. ഈ സ്വാശ്രയത്വം സമ്പൂർണ്ണ പരമാധികാരത്തെ സൂചിപ്പിക്കുന്നു. ഉണ്ടായിരുന്നതും ഉള്ളതും അല്ലെങ്കിൽ ഉണ്ടായിരിക്കുന്നതുമായതെല്ലാം അവിടുത്തെ ഇഷ്ടത്തിലൂടെയും നിയന്ത്രണത്തിലൂടെയും നിലനിൽക്കുന്നു. സൃഷ്ടി ദൈവത്തെ നിലനിർത്തുന്നില്ല; മറിച്ച്, ദൈവം സൃഷ്ടിയെ നിലനിർത്തുന്നു. തന്റെ അസ്തിത്വം ആകസ്മികമല്ല; മറിച്ച് അനിവാര്യതയാണ്.
ദൈവം കാലത്തിനോ മാറ്റത്തിനോ വിധേയനല്ല. ഭൂതകാലത്തിലൂടെയും വർത്തമാനകാലത്തിലൂടെയും ഭാവിയിലൂടെയും മനുഷ്യജീവൻ വികസിക്കുന്നു. നമ്മൾ വളരുകയും കുറയുകയും മരിക്കുകയും ചെയ്യുന്നു. എന്നാൽ “ഞാൻ’ എന്ന് വെളിപ്പെട്ട ദൈവം താൽക്കാലിക മാറ്റത്തിനു പുറത്താണ്; അവിടുന്ന് നിത്യ സാന്നിധ്യമാണ്. ഇന്ന് എന്താണോ, എല്ലായ്പ്പോഴും ഉണ്ടായിരുന്നു, എപ്പോഴും ഉണ്ടായിരിക്കും. “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ” (എബ്രായർ 13:8). ദൈവത്തിന്റെ മാറ്റമില്ലാത്ത സ്വഭാവം വിശ്വാസത്തിനും വിശ്വസ്തതയ്ക്കും അടിത്തറയാവുന്നു. ദൈവം മാറാവുന്നവനായിരുന്നു എങ്കിൽ, അവിടുത്തെ വാഗ്ദാനങ്ങൾ അനിശ്ചിതത്വത്തിലായിരിക്കും. അവൻ നിത്യനായ “ഞാൻ’ ആയതിനാൽ, അവന്റെ ഉടമ്പടികളും വാഗ്ദാനങ്ങളും ഉറച്ചതും ശാശ്വതവും നിറവേറുന്നവയും ആകുന്നു.
ഈ അനന്യമായ ദിവ്യത്വം ദൈവത്തെ മറ്റെല്ലാ ജീവനുകളിൽ നിന്നും വേർതിരിക്കുന്നു. ജീവിവർഗങ്ങൾക്ക് “ഞാനാണ്’ എന്ന് പറയാൻ കഴിയും; പരിമിതവും ആശ്രിതവുമായ അർത്ഥത്തിൽ മാത്രം. നമ്മുടെ നിലനിൽപ്പ് ദുർബലവും വ്യവസ്ഥാനുസൃതവുമാണ്. നമ്മൾ ആയിരിക്കാൻ ദൈവം ആഗ്രഹിക്കുന്നതുകൊണ്ടാണ് നമ്മൾ ആയിരിക്കുന്നത്. “ഞാൻ ഞാനാണ്’ എന്ന് പരമമായ അർത്ഥത്തിൽ പ്രഖ്യാപിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; സ്വയം പൂർണ്ണമായ, കടമെടുക്കാത്ത, മറ്റൊരാൾ നിലനിർത്താത്ത, അവസാനിപ്പിക്കാൻ ആരാലും കഴിയാത്ത അസ്തിത്വം.
ഈ പ്രതേ്യകത മറ്റെല്ലാറ്റിനുമുപരിയായി ദൈവനാമത്തെ ഉയർത്തുന്നു. ദൈവം അദ്വിതീയ ദിവ്യനാമമായി വെളിപ്പെട്ടതിനാൽ താൻ ആദരവ് അർഹിക്കുന്നു. ഇത് ഒരു അടയാളം മാത്രമല്ല, സത്തയുടെ വെളിപ്പെടുത്തലാണ്. “യഹോവ’ (യാഹ്വെ) എന്ന പേര് ഈ സ്വയം വെളിപ്പെടുത്തലിൽ നിന്ന് ഉയർന്നു നിൽക്കുകയും; വിശ്വസ്തനും ഉടമ്പടിപാലകനുമായി നിലകൊള്ളുകയും ചെയ്യുന്നു.
മുൾപടർപ്പിലെ വെളിപ്പെടുത്തൽ അമൂർത്തമായ തത്ത്വചിന്തയായിരുന്നില്ല; അത് വിമോചന ദൗത്യം ഏല്പ്പിച്ച നിമിഷത്തിലെ മോശയോടുള്ള നിലപാടിന്റെ പ്രഖ്യാപനമായിരുന്നു. ദൈവം ഇസ്രായേലിനെ ഈജിപ്തിൽ നിന്ന് വീണ്ടെടുക്കാൻ പോകുകയായിരുന്നു. “ഞാനാണ്’ എന്ന് സ്വയം വെളിപ്പെടുത്തുന്നതിലൂടെ, മോശയെ അയക്കുന്ന ആൾക്ക് പരിധിയില്ലാത്ത അധികാരവും ശക്തിയും ഉണ്ടെന്ന് താൻ ഉറപ്പ് നൽകി. ദൗത്യം മോശെയുടെ കഴിവിൽ അധിഷ്ഠിതമായിരുന്നില്ല, മറിച്ച് ദൈവത്തിന്റെ ശാശ്വത അസ്തിത്വത്തിലായിരുന്നു. തന്നെയുമല്ല, മോശ അഭിമുഖികരിക്കേണ്ടുന്ന ഫറവോൻ, മോശയെ അയക്കുന്ന തന്നെക്കാൾ പരമാധികാരിയോ, ശക്തനോ, ശാശ്വതനോ അല്ലെന്നും വെറും ഒരു മനുഷ്യനായ തന്റെ സൃഷ്ട്ടി മാത്രം ആണെന്നും ഉറപ്പിക്കുന്നു.
ആത്മീയമായി ഈ നാമം ആരാധന അർഹിക്കുന്നു. മാറ്റമില്ലാത്തവന്റെ മുമ്പിൽ ആ നാമം ജീവജാലങ്ങളെ താഴ്മയിലേക്ക് വിളിക്കുന്നു. അവിടുന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. മോശയ്ക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയ അതേ ദൈവം ശാശ്വതമായി തുടരുന്നു. അവൻ നൂറ്റാണ്ടുകളാൽ കുറയുകയോ സാഹചര്യങ്ങളാൽ മാറുകയോ ചെയ്യുന്നില്ല.
“ഞാൻ ഞാനാണ്’ എന്നത് ഒരു വാക്യത്തേക്കാൾ കൂടുതലായി അത് ദൈവിക സ്വത്വത്തിന്റെ പ്രഖ്യാപനമാണ്. എല്ലാ സൃഷ്ടികളും ജീവികളും മാറുന്നു; താൻ അതേപടി നിലനിൽക്കുന്നു. എല്ലാവരും അവിടുന്നാൽ ജീവൻ പ്രാപിക്കുന്നു; അവനാണ് ജീവൻ. “”ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” (യോഹന്നാൻ 14:6). “ഞാനാണ്’ എന്ന് സ്വയം വെളിപ്പെടുത്തുന്നതിലൂടെ, പരിമിതമനസ്സുകൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്ര തന്റെ അസ്തിത്വത്തിന്റെ ബാഹുല്യ രഹസ്യം ദൈവം അനാവരണം ചെയ്തു. പുറപ്പാടിൽ അവൻ സ്വയം വെളിപ്പെടുത്തുന്നു; പ്രവാചകന്മാരിൽ അവൻ തന്റെ പ്രതേ്യകത പ്രഖ്യാപിക്കുന്നു; സങ്കീർത്തനങ്ങളിൽ അവൻ നിത്യനായി സ്തുതിക്കപ്പെടുന്നു; യോഹന്നാന്റെ സുവിശേഷത്തിൽ അവൻ മനുഷ്യരുടെ ഇടയിൽ നടക്കുന്നു; വെളിപാടിൽ അവൻ എന്നേക്കും ഭരിക്കുന്നു. ശാശ്വതനും സ്വയം നിലനിൽക്കുന്നവനുമായ കർത്താവ്; ആകുന്നു, ഉണ്ട്, എന്നേക്കും ഉണ്ടായിരിക്കും. താൻ ദൈവിക സത്തയുടെ നിതാന്ത വെളിപ്പെടുത്തലാണ്.
റോജി തോമസ്, ചെറുപുഴ


- Advertisement -


Comments are closed.