ലേഖനം: യേശുവാണ് ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം | ടൈറ്റസ് ചാങ്ങയിൽ, യു.കെ

ആഡംബരങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ, സൈനിക ശക്തിയാലോ രാഷ്ട്രീയ അധികാരത്താലോ അല്ലാതെ ലോകത്തെ സ്വാധീനിച്ച ഏക നാമമാണ് കർത്താവായ യേശുക്രിസ്തു. രാജ്യങ്ങൾ പിടിച്ചെടുക്കാനോ മനുഷ്യരെ കീഴടക്കാനോ അല്ല, മറിച്ച് ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചും മനുഷ്യരിൽ സ്നേഹവും ആശ്വാസവും പകർന്നുമാണ് യേശു ഭൂമിയിൽ ജീവിച്ചത്. വളരെ പരിമിതമായ ഭൗതിക സഞ്ചാരമേ അവിടുത്തെ ജീവിതത്തിനുണ്ടായിരുന്നുള്ളൂ. എന്നിട്ടും ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും യേശുവിനെ ആരാധിക്കുന്ന ജനങ്ങൾ ഉണ്ടെന്നത് അതുല്യമായ സത്യമാണ്.

യേശുക്രിസ്തു പാപികളെ സ്നേഹിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്തവനാണ്. തനിൽ വിശ്വസിക്കുന്നവരെ നിത്യതയിലേക്കു നയിക്കുവാൻ രാജാധിരാജാവായി അവിടുന്നു വീണ്ടും വരുമെന്ന് ക്രൈസ്തവ വിശ്വാസം പഠിപ്പിക്കുന്നു. ഏതു കൊടും പാപിയിലും സംഭവിക്കുന്ന സ്വഭാവപരിവർത്തനമാണ് യേശുക്രിസ്തുവിലേക്കു ജനതകളെ ആകർഷിക്കുന്ന ശക്തി. പാപികളെ രക്ഷിപ്പാൻ യേശു ലോകത്തിലേക്കു വന്നു എന്ന സത്യം വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെയാണ്.

 

മതത്തിന്റെ പേരിൽ അക്രമവും ക്രൂരതയും ന്യായീകരിക്കപ്പെടുന്ന ലോകത്തിൽ, യേശുവിന്റെ സന്ദേശം അതിന് പൂർണ്ണമായി വിരുദ്ധമാണ്. ക്രൂശിൽ കിടക്കുമ്പോഴും തന്നെ പീഡിപ്പിച്ചവർക്കായി പ്രാർത്ഥിച്ച ദൈവപുത്രനാണ് യേശു. അതിനാൽ തന്നെ സ്നേഹവും ക്ഷമയും വിശുദ്ധിയും നിറഞ്ഞ ഈ അനുഭവത്തിൽ നിന്നും മനുഷ്യരെ അകറ്റുവാൻ ദുഷ്ടശക്തികൾ ശ്രമിക്കുന്നതും നാം കാണുന്നു.

യേശുവിന്റെ അമ്മയായ മറിയ ദൈവം തിരഞ്ഞെടുത്ത വ്യക്തിയാണെന്നും എല്ലാവരും ആദരിക്കപ്പെടേണ്ടവളാണെന്നും ക്രൈസ്തവ വിശ്വാസം അംഗീകരിക്കുന്നു. എന്നാൽ ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം മറിയയല്ല, യേശുക്രിസ്തു തന്നെയാണ്. മനുഷ്യകുലത്തിന്റെ ഏകരക്ഷകനും ഏക മധ്യസ്ഥനും യേശുവാണ് എന്ന സത്യം ദൈവവചനം വ്യക്തമായി പഠിപ്പിക്കുന്നു.

ലോകമെങ്ങും ദൈവവചനം വിശ്വസിക്കുന്നവർ യേശുവിനെ കർത്താവായും രക്ഷകനായും അംഗീകരിച്ച് ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. ഈ സത്യം ധൈര്യത്തോടെ വിളിച്ചു പറഞ്ഞവർ പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അറിയായ്മയിൽ സംഭവിച്ച തെറ്റുകൾക്ക് ദൈവം ക്ഷമിക്കുന്നവനാണെന്ന് വിശ്വാസം നമ്മെ പഠിപ്പിക്കുന്നു.

ഈ ചിന്തകളോടെ, യേശുവിനോടൊത്തു ജീവിക്കുവാൻ എല്ലാവർക്കും ഇടയാകട്ടെ..

 

ടൈറ്റസ് ചാങ്ങയിൽ, യു.കെ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading