സമകാലീകം: ലൈക്കിനും ഷെയറിനുമിടയിൽ പൊലിഞ്ഞുപോയ ജീവൻ | വിനോദ് ഏബ്രഹാം, ദുബായ്

ഇതാ ‘ഗ്രൂഫി’ എന്ന സെൽഫി വീഡിയോ മൂലം ഒരു ജീവിതംകൂടി അവസാനിച്ചിരിക്കുന്നു. കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽവച്ച് ഏതോ ഒരു നിമിഷത്തെ നിസാരമായ തെറ്റിദ്ധാരണ വലുതാക്കി മൊബൈലിൽ ചിത്രീകരിച്ച് അതു സോഷ്യൽ മീഡിയവഴി പ്രചരിക്കപ്പെട്ടപ്പോൾ അപമാനഭാരം മൂലം ഒരു കുടുംബത്തിൻ്റെ ആശ്രയമായിരുന്ന ദീപക് എന്ന ചെറുപ്പക്കാരൻ്റെ ജീവിതം ഇല്ലാതായിരിക്കുന്നു.

ബസിൽവച്ച് എടുത്ത വീഡിയോ തെളിവിനുവേണ്ടി ഉപയോഗിക്കുന്നതിനുപകരം സോഷ്യൽമീഡിയയിൽ വൈറലാകാനായി പ്രേരിപ്പിച്ചതാണ് ദാരുണമായ സംഭവത്തിനു കാരണം. ഇതു പോസ്റ്റുചെയ്ത ആൾക്കെതിരെ ഇപ്പോൾ കേസും എടുത്തിരിക്കുന്നു.

മൊബൈൽക്യാമറയിലൂടെ നൈമിഷിക നിമിഷങ്ങളെ രേഖപ്പെടുത്തുക എന്നതിനപ്പുറം താൻ എന്തുചെയ്യുന്നുവെന്ന് ലോകത്തെ അറിയിക്കുവാൻ വെമ്പൽകൊണ്ടു നിൽക്കുന്നവരാണ് ചിലരൊക്കെയും. ഇതു ലോകമെമ്പാടും പകർന്ന കാലിക പ്രതിഭാസവുമാണ്.

സാമൂഹികമാധ്യമങ്ങളിലെ ലൈക്കുകൾക്കായുള്ള മത്സരം മുറുകുന്നതോടൊപ്പം ഇതാ ഗ്രൂഫി, സെൽഫി ഭ്രമങ്ങളും ഉച്ചാവസ്ഥയിലെത്തിനിൽക്കുന്നു. കരടിയുടെ മുമ്പിൽവച്ചു സെൽഫിയെടുക്കുന്നതിനിടെ കൊല്ലപ്പെട്ട ഒഡീഷ സ്വദേശി, സെൽഫിക്കിടയിൽ ട്രെയിനിടിച്ചു മരിച്ച മുംബൈ സ്വദേശിനി, ഓടുന്ന ട്രെയിനിൽ സെൽഫിക്കായി കയറി വെന്തുമരിച്ച സുഹൈൽ ഇവരുടെയൊക്കെ മരണങ്ങൾ 2025 ലെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളാണ്.

ലൈക്കിനും ഷെയറിനുമായി ഏതുസാഹസത്തിനും ആളുകൾ ഒരുക്കമാണ്. വെള്ളച്ചാട്ടവും മലയിടുക്കും ഓടുന്നട്രെയിനും ഒന്നും ഒരു പ്രശ്നമേയല്ല. ഇനി സെൽഫികൾക്കാണെങ്കിൽ ഒരു സ്ഥലകാല ബോധവുമില്ലതാനും. ഭക്ഷണപ്പൊതി വാങ്ങുന്നനോടൊപ്പവും റോഡുവക്കിൽ അപകടത്തിൽ ചോരയിൽ കുളിച്ചുകിടക്കുന്നവനോടൊപ്പവും സെൽഫിയെടുത്തു പ്രചരിപ്പിക്കുന്നവരും ഉണ്ട്.

ജീവിതത്തിലെ സന്തോഷങ്ങളും അസുലഭനിമിഷങ്ങളും ക്യാമറയിൽ പകർത്തപ്പെടേണ്ടവതന്നെയാണ്. സെൽഫികളും സോഷ്യൽമീഡിയയുമൊക്കെ ആധുനിക ജീവിതത്തിൻ്റെ ഭാഗവുമാണ്. എന്നാൽ, എങ്ങനെയെങ്കിലും വൈറൽ ആകാനുള്ള ആഗ്രഹങ്ങൾ മറ്റുള്ളവരെ വേദനിപ്പിക്കുന്ന, അവരുടെ ജീവനെടുക്കുന്ന വിവേകമില്ലാത്തവയായി മാറാതിരിക്കട്ടെ.

 

വിനോദ് ഏബ്രഹാം, ദുബായ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading