ഭാവന |ഞാൻ കണ്ട നീതിമാൻ | ലിജി കോശി

പാലസ്തീന്റെ മണ്ണിൽ ജനിച്ചു വളർത്തപ്പെട്ട എനിക്ക് പുറംനാടിനെക്കുറിച്ച് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. ദരിദ്ര്യകുടുംബത്തിൽ ജനിച്ചുവളർത്തപ്പെട്ടുവെങ്കിലും ദൈവവചനവും, ദൈവസ്നേഹവും എനിക്ക് അജ്ഞാതമായിരുന്നില്ല! അതിന് കാരണം എന്റെ മാതാവിന് ദൈവത്തിലുള്ള ഭക്തിയും, വിശ്വാസവും ആയിരുന്നു. ദാരിദ്ര്യം ഏറെ ഉണ്ടെങ്കിലും പാട്ടും, പ്രാർത്ഥനയുമായി ദൈവസന്നിധിയിൽ സമർപ്പണത്തോടെ പോകുന്നൊരു കുടുംബമാ യിരുന്നു ഞങ്ങളുടേത്. ഞങ്ങളുടെ ഭക്തിയും, പ്രാർത്ഥനയും കണ്ട് അനേകരും ദൈവത്തിൽ വിശ്വസിച്ചിരുന്ന കാലമായിരുന്നു എന്റെ യൗവനകാലം.

അങ്ങനെയിരിക്കെയാണ് “കരം ” എന്ന പേരിൽ ഒരു വലിയ ദുരന്തം ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്നത്. കൈസർക്ക് കരം കൊടുക്കുന്നൊരു പതിവ് നാട്ടിൽ നിയമമായി മാറിയിരുന്നു… ദൈനം ദിനാവശ്യങ്ങൾ പോലും നടത്താൻ കഴിയാത്ത ഞങ്ങൾ എങ്ങനെയാണ് കരം കൊടുക്കുന്നതെന്നായിരുന്നു ഞങ്ങളുടെ വലിയ ആവലാതി, മേലധികാരികൾ നിയമനടപടികൾ സ്വീകരിച്ചു. കയ്യും കെട്ടി നിൽക്കാനല്ലാതെ അന്നെനിക്ക് ഒന്നിനും കഴിയുമായിരുന്നില്ലായിരുന്നു…

നിവൃത്തി ഇല്ലാതെയായപ്പോൾ മോഷണം എന്ന ഒരു ദുർചിന്ത എന്റെയുള്ളിൽ ഉടലെടുത്തു. എന്റെ മനസ്സ് സാത്താനിൽ അടിമപ്പെട്ടു. അതിനായി ഞാൻ പീലാത്തോസിന്റെ അരമനയിൽ കയറി മോഷ്ടിച്ചു, പീലാത്തോസിന്റെ പരിവാരങ്ങൾ എന്നെ പിടികൂടി, എന്നെ തടവറയിൽ ആക്കി  പ്രാർത്ഥന മുറിയിൽ മുട്ടിന്മേൽ നിൽക്കുന്ന എന്റെ മാതാവിന്റെ ചെവിയിൽ അന്ന് മുഴങ്ങിയത് ദൈവശബ്ദം ആയിരുന്നില്ല മറിച്ച്, മനുഷ്യരുടെ, പരിഹാസവും, നിന്ദയുമായിരുന്നു.. പ്രാർത്ഥനയും, ഭക്തിയുമായി നടന്ന അമ്മയുടെ മകൻ മോഷ്ടാവാന്നെന്ന കഥ, കഥയല്ല യാഥാർഥ്യം, ഇത്കേട്ട് അവിശ്വാസനീയമായി തോന്നിയ അമ്മ താൻ പെറ്റ മകനെ കാണാൻ ഓടി അണഞ്ഞതോ തടവറക്കുള്ളിൽ ചാട്ടവാറടിയാല്‍ ചോര പൊടിഞ്ഞു നിൽക്കുന്ന സ്വന്തം മകന്റെ മുന്നിൽ, പ്രസവവേദനയെക്കാൾ കഠിനമായ വേദന താൻ അനുഭവിക്കുന്നുണ്ടെന്ന് ഓരോ കണ്ണുനീർതുള്ളിയിലും കാണാമായിരുന്നു….

എന്നെക്കണ്ട് ചങ്കുപൊട്ടി തളർന്നുവീണു മരിച്ച എന്റെ അമ്മയെ അവസാനമായി കാണുവാൻ പോലും എനിക്ക് സാധിച്ചില്ലായിരുന്നു, ശിക്ഷയ്ക്ക് ഇളവ് തന്നു മഹാപുരോഹിതരിലൊരുവൻ എന്നോട് ദയ കാണിച്ചു. അമ്മ നഷ്ടപ്പെട്ടു, കള്ളനെന്നു മുദ്രകുത്തപ്പെട്ടു എല്ലാം നഷ്ടമായി തീർന്ന ഞാൻ ദൈവത്തിൽ നിന്നും ദിനംപ്രതി അകന്നകന്നു പോയി അങ്ങനെ ഞാൻ നാട് അറിയുന്നൊരു കള്ളനായി മാറി. നാടുവാഴികൾക്ക് പോലും ഉപയോഗപ്രദമായ ഒരു കള്ളൻ, മറ്റുള്ളവരെ പ്രീതിപ്പെടുത്താനും സ്വയം ആഡംബര ജീവിതം നയിക്കാനുമായെല്ലാം ഒരുപാട് കളവുകൾ ഞാൻ നടത്തി. ലോകത്തെ അറിഞ്ഞു,ലോകത്തോട് അടുത്ത ഞാൻ ദൈവത്തിൽ നിന്നും ഒരുപാടകന്നു.

അങ്ങനെയിരിക്കെയാണ് യേശുവിന്റെ ശുശ്രൂഷയുടെ കാലം വന്നത് അനേകരെ സൗഖ്യം ആക്കുന്നതും പാപം മോചിപ്പിക്കുന്നതും കണ്ട ഞാൻ അവനിൽ വിശ്വസിക്കാൻ തീരുമാനിച്ചു.അങ്ങനെ ഞാൻ അവനെ അനുഗമിക്കാൻ ഒരുപാട് ശ്രമിച്ചു പുരുഷാരത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഒരുപാട് അവസരങ്ങൾ നഷ്ടമായി അങ്ങനെ യേശുവിനെ കാണണമെന്ന ആശ എന്നിൽ വളർന്നു തുടങ്ങി…

അങ്ങനെയൊരിക്കൽ ഞാൻ യേശുവിന്റെ അടുക്കൽ എത്തി. അപ്പോൾ കുറെ പരീശന്മാർ തന്റെ ചുറ്റും കൂടി നിൽക്കുന്നു..അവർ ചോദിച്ചതിന് മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു “കൈസർക്കുള്ളത് കൈസർക്കും” “ദൈവത്തിലുള്ളത് ദൈവത്തിനും” കൊടുപ്പിൻ എന്ന് അവൻ പറയുന്നത് ഞാൻ ശ്രദ്ധിച്ചു,ഇത് കേട്ട് എനിക്ക് യേശുവിനോട് വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നി. കാരണം എന്റെ കുടുംബം നശിച്ചത് ഈ കരത്തിന്റ പേരിൽ ആണല്ലോ… ഞാനന്നവനെ വിട്ടു മാറിപ്പോയി, യേശുവിന്റെ സുവിശേഷവും ശ്രുതിയും ഇതിനോടകം ആ നാട്ടിൽ എല്ലാം പരന്നിരുന്നു,

പിറ്റേ വാരം എന്റെ കുറ്റം തെളിയപ്പെട്ട ഞാൻ തടവറയിലുമായി. അങ്ങനെയിരിക്കെ ഉത്സവസമയം എത്തി. എല്ലാ ഉത്സവം തോറും ജനം ചോദിക്കുന്നൊരുവനെ വിട്ടുകൊടുക്ക പതിവുണ്ടായിരുന്നു. എന്നാൽ എന്റെ മനസ്സിൽ പ്രതീക്ഷയുടെ ഒരുതരി വെളിച്ചം പോലും ഉണ്ടായിരുന്നില്ല കാരണം എന്റെ കുറ്റം അത്രയും വലുതായിരുന്നു. കലാപകാരിയായ എന്നെ ആര് രക്ഷിക്കാൻ ആണെന്ന് ഞാൻ പലവട്ടം മനസ്സിൽ പറഞ്ഞു. എന്നാൽ മരണമടുത്തപ്പോൾ പോലും മനം തിരിഞ്ഞു ദൈവത്തിലേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ലായിരുന്നു.

ജനവിധി അറിയുവാനായി ഞാനും മുൻപന്തിയിൽ ചെന്നിരുന്നു എന്റെ എതിരെ നിൽക്കുന്നവനെ കാണാൻ ഞാൻ ലാഘവത്തോടെ തലയുയർത്തി നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി, അതാ നിൽക്കുന്നു “ദൈവപുത്രനായ യേശു”ന്യായം വിധിക്കാൻ വന്നവൻ ആണെന്ന് ഞാൻ കരുതിയവൻ എന്റെ മുൻപിൽ ഒരു ന്യായവിധിയ്ക്കായി കാത്തുനിൽക്കുന്നു.

നീതിമാന്റെ രക്തത്തിൽ പങ്കില്ല എന്ന് പറഞ്ഞ് പീലാത്തോസ് കയ്യൊഴിഞ്ഞു, ബറബ്ബാസിനെ വിട്ടു തരേണം എന്ന് പറഞ്ഞ് ആർക്കുന്നവരെ കണ്ട ഞാൻ ആശ്ചര്യപ്പെട്ടു, എന്നെക്കൊണ്ട് ഇവർക്ക് എന്ത് ആവശ്യമെന്ന് ഞാൻ ഒരുപാട് ചിന്തിച്ചു.പുരുഷാരത്തിന്റെ ആഗ്രഹം പോലെ യേശുവിനെ ക്രൂശിക്കാനായി കൊണ്ടു പോയി ഒന്നും മനസ്സിലാകാതെ ഞാനും കൂടെ പോയി….

ചാട്ടവാറാഞ്ഞ് വീശിയപ്പോൾ പുറംതൊലി പറിഞ്ഞുവീഴുന്ന കാഴ്ചയെന്നെ പരിഭ്രാന്തനാക്കി.  വേച്ചും വിറച്ചും നടന്നവന്റെ കൂടെ ഞാനും കൂടി, ക്രൂശ്താങ്ങി കൊടുക്കാൻ പലവട്ടം എന്റെ മനസ്സ് കൊതിച്ചു. പക്ഷേ ആ നീതിമാന്റെ മുന്നിൽ പോയി നിൽക്കാൻ യോഗ്യതയില്ലെന്ന് ചിന്തിച്ച് ഞാൻ പിന്മാറി.

മകന്റെ യാതന കണ്ട് മാറത്തടിച്ച അമ്മയെ കണ്ടപ്പോൾ ഞാൻ എന്റെ അമ്മയെ ഓർത്തു,യേശുവിന്റെ അമ്മയെ ആശ്വസിപ്പിക്കാൻ ഞാൻ അരികിൽ ചെന്നു,എന്റെ തോളോട്ചേർന്നവർ ചാഞ്ഞിരുന്നു.

അമ്മയെ കണ്ട് സഹിക്കവയ്യാതെ ഞാൻ മഹാപുരോഹിതന്മാരുടെ മുന്നിലും,രാജാവിന്റെ മുന്നിലും കേണു പറഞ്ഞു ആ നീതിമാനെ വെറുതെ വിടു, പാപിയായ എന്നെ ക്രൂശിക്കൂ…..എന്ന് ഞാൻ ആവോളം നിലവിളിച്ചു ആരും അത് കേട്ടില്ല… ഞാനവന്റെ കണ്ണുകളിലേക്ക് നോക്കി മറ്റുള്ളവർ കരയുന്നത് കണ്ട് ഉള്ളം നൊന്ത് കലങ്ങി നിറഞ്ഞൊഴുകി അവന്റെ കണ്ണുകൾ മുള്ളിനാലാഴ്ന്ന് നീരായിരിക്കുന്നു…

ശിശുക്കളെയും പാപികളെയും നോക്കി പുഞ്ചിരി തൂകിയ തന്റെ നിറമാർന്ന ചുണ്ടുകൾ ചോര പൊടിഞ്ഞ പാടുകളാൽനൊന്തുനീറിയിരിക്കുന്നു. ചുണ്ടിലെ മുറിവിന്റെ വേദനയെക്കാൾ ഹൃദയത്തിലെ വേദന ഞാൻ കണ്ടു. മുറിവ് അവന്റെ ചുണ്ടിൽ ആണെങ്കിലും അത് കുത്തിനോവിച്ചത് എന്റെ ഹൃദയത്തിലായിരുന്നു.

കുഷ്ഠരോഗിയെ പോലും തന്റെ മൃദുഹസ്തങ്ങളാൽ തലോടിയ അവന്റെ പരിശുദ്ധ കൈകൾ ലോകത്തിനു വേണ്ടി സമർപ്പിച്ച,സാത്താനെ തറച്ച അസ്ത്രങ്ങളായി എനിക്ക് തോന്നി.

ക്രൂശ് ഉയർത്തപ്പെട്ടപ്പോൾ ആകാശം ഇരുളുന്നതായി ഞാൻ കണ്ടു, ആ ഇരുട്ട് മേഘങ്ങളുടെ കരച്ചിൽ പോലെയും നീതിമാന്റെ രക്തം ഏറ്റുവാങ്ങേണ്ടിവന്ന ഭൂമി തൻ നിലവിളി പോലെയും ആ അന്തരീക്ഷത്തെ മാറ്റിമറിച്ചു. അവസാന നിമിഷവും സഹിഷ്ണുതയോടെ ശാന്തനായി നിന്ന യേശുവിനെ ഞാൻ നോക്കി, തന്നെത്താൻ രക്ഷിക്കാൻ പറഞ്ഞു പരിഹസിക്കുന്നവരോട് ക്ഷമിക്കാൻ അപേക്ഷിക്കുന്ന യേശു ഇതിനോടകം എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു. ഭൂമി കുലുങ്ങി കല്ലറകൾ തുറന്നു, യേശു തന്റെ പ്രാണനെ ത്യജിച്ചു യാഗമായി മാറിക്കഴിഞ്ഞിരുന്നു….

അപ്പോഴതാ,ക്രൂശിനടുത്തിരുന്ന ശതാധിപൻ ഭയത്തോടെ പറയുന്നു” ഇവൻ സത്യമായിട്ടും ദൈവപുത്രൻ ആയിരുന്നു”എന്ന് അപ്പോൾ ഞാനും വിശ്വസിച്ചു, അതെ അവൻ

“ദൈവപുത്രനായ നീതിമാനാണെന്ന്”……

ഞാനവന്റെ കാൽകീഴെ പോയിരുന്നു എന്റെ കണ്ണുനീർ കൊണ്ടവന്റെ പാദം നനച്ചു. ഞാനവന്റെ മുഖത്തേക്കൊന്ന് നോക്കി… ചോരച്ചാലിൻ നടുവിലും ആ മുഖകാന്തി എനിക്ക് കാണാമായിരുന്നു. ഞാൻ ഒരുപാട് കരഞ്ഞു,ഒരു പ്രശ്നം വന്നപ്പോൾ ദൈവത്തെ തള്ളിപ്പറഞ്ഞതോർത്തു ഞാൻ തേങ്ങി കരഞ്ഞു…

അവന്റെ രക്തം എന്റെ മേൽ വീണപ്പോൾ കടും ചുവപ്പ് ആയിരുന്ന എന്റെ പാപമെല്ലാം ഹിമം പോലെ വെളുക്കുന്നതായി എനിക്ക് തോന്നി. അന്നവിടെവെച്ച് ഞാനൊരു തീരുമാനമെടുത്തു ലോകത്തിനുവേണ്ടി ജീവിച്ച ഞാൻ ഇനി ലോകരക്ഷകന് വേണ്ടി ജീവിക്കുമെന്ന്!!ഞാൻ കണ്ട നീതിമാന് വേണ്ടി ജീവിക്കുമെന്ന്..!!

ലിജി കോശി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading