ലേഖനം: ഒരു അഗ്നിജ്വാല പോലെ | ബിജോ മാത്യു പാണത്തൂർ
ജ്വലനം ഒരു പ്രക്രിയ ആണ്. ജ്വലനം ആരംഭിക്കുകയും തീനാളങ്ങൾ ശക്തി പ്രാപിച്ച് ഉയരുകയും ഇന്ധനമാകപ്പെട്ട വസ്തുവിനെ പൂർണ്ണമായും വിഴുങ്ങുകയും ചെയ്യുന്നു. അഗ്നി നാമ്പുകൾ ബലത്തോടെ ഉയർന്നാൽ പിന്നെ ഒരു ജീവിക്കും ധൈര്യത്തോടെ തീ യുടെ അരികിൽ നിൽക്കാൻ കഴിയില്ല.
പണ്ട് റോമക്കാരുടെയും,യവനരുടെയും നാടകശാലകളിൽ ഉയർത്തി നിർത്തിയിരുന്ന കാലുകളിൽ കത്തി ഉയരുന്ന പന്തങ്ങൾ ഉണ്ടായിരുന്നു. ഇരുൾ വിഴുങ്ങും രാത്രിയെ ചുവപ്പ് രാശി കൊണ്ട് പൊതിയുന്ന പന്തങ്ങളുടെ ചിന്നുന്ന വെളിച്ചത്തിൽ രാത്രി ഏറുവോളം നാടകങ്ങൾ അരങ്ങേറിയിരുന്നു.
നാം മേൽപ്പറഞ്ഞ വിളക്ക് പോലെ ജ്വലിക്കേണ്ടതിന്റെ ആവശ്യകത വചനത്തിലുടനീളം ഊന്നി പറയുന്നു. എഴുന്നേറ്റ് പ്രകാശിക്കുക (യെശ-60:1) യോഹന്നാൻ സ്നാപകനെ കുറിച്ച് ബൈബിൾ പറയുന്നത്, അദ്ദേഹം “ജ്വലിച്ചു പ്രകാശിക്കുന്ന ഒരു വിളക്കായിരുന്നു” എന്നാണ്. (യോഹ-5:33 )
വിളക്ക് ആയാൽ പോരാ പ്രകാശിക്കുന്ന വിളക്കാകണം.
നാം പ്രകാശം പരത്തുന്നവരും, ക്രിസ്തു എന്ന വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നവരും ആകണം.
ചൈന കണ്ട ഏറ്റവും വലിയ സുവിശേഷകൻ ജോൺ സുങ് “സുവിശേഷത്തിൻ്റെ ജീവിക്കുന്ന അഗ്നിജ്വാല” എന്നാണ് അറിയപ്പെട്ടത്.
ദൈവസാന്നിധ്യത്തിന്റെ പ്രതീകമായി ദൈവം തിരഞ്ഞെടുത്തത് അഗ്നിയെയാണ്. പഴയനിയമത്തിൽ നാം കാണുന്ന ദൈവതേജസ്സ്, ദൈവത്തിൻ്റെ സഹായം, സാന്നിധ്യം, ഇടപെടൽ എല്ലാം അഗ്നിമയമാണ്.
പുതിയ നിയമത്തിൽ ഷെഖേനയുടെ പ്രവർത്തി നാം കാണുന്നത് പരിശുദ്ധാത്മാവിലാണ് (അപ്പോ2:1) തന്റെ ശിഷ്യർ ആത്മാവിലും, തീയിലും സ്നാനപ്പെടണം എന്നുള്ളത് യേശുവിൻറെ ആഗ്രഹമായിരുന്നു. (മത്താ3:11 ലൂക്കോ-3: 16)
റെഡ് ഇന്ത്യക്കാരുടെ ഇടയിലെ മിഷനറി ആയിരുന്ന ഡേവിഡ് ബർണാഡ് ഇങ്ങനെ പ്രാർത്ഥിച്ചു: “കർത്താവിനുവേണ്ടി എരിഞ്ഞു ശോഭിക്കുന്ന ഒരു തീജ്വാലയായി എന്നെ തീർക്കണമേ”.
നമ്മുടെ ജീവിതം ഫലമുള്ളതും, പ്രകാശിക്കുന്നതും,വ്യക്തിത്വമുള്ളതും, ദിവ്യസൗന്ദര്യം ഉള്ളതും ആകണമെങ്കിൽ നാം ആത്മാവിനാൽ ജ്വലിക്കുന്നവരാകണം.
തീ എന്നത് ശുചീകരണത്തെ കാണിക്കുന്നു. (മത്താ- 15 :8-9) ദൈവപ്രവർത്തിക്കായി എരിയുന്ന ഒരു ഹൃദയം നമുക്കുണ്ടായിരിക്കണം.
ബിഷപ്പ് വില്യം കൊയിൽ പറയുന്നു: “വിശുദ്ധനായ ഒരു വിശ്വാസി ദൈവതേജ സ്സിൻ്റെ തടവുകാരനാണ്. അയാൾക്ക് നൽകപ്പെട്ടിരിക്കുന്നത് സർവലോകവും മരിക്കാതിരിക്കുന്നതിനുള്ള ഒറ്റമൂലിയാണ്. അയാൾ ചൂള പോലെയുള്ള ചൂട് പിടിച്ച ഒരു ഹൃദയത്തിന് ഉടമയായിരിക്കും”.
“Enthusiastic”എന്ന പദം വന്നത് “En-Theos” അഥവാ “ദൈവത്തിൽ” എന്ന വാക്കിൽ നിന്നാണ്. ദൈവം യിരമ്യാവിനോട് പറഞ്ഞു: “എൻ്റെ വചനങ്ങൾ നിൻ്റെ വായിൽ തീ ആയിരിക്കും.” (യിര5:14.) പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തെ ജ്വലിപ്പിക്കുമ്പോൾ നമ്മുടെ വാക്കുകൾ “തീ ജ്വാലയായിരിക്കും”.
ദൈവാലത്തിലെ യാഗപീഠം നിരന്തരം കത്തണം.(ലേവ്യ-9:24, ദിന- 7:11)
ഉത്സാഹത്തിൽ മടുപ്പില്ലാതെ (റോമ12:11).
ബ്രിട്ടനിലെ ക്ലിഫ് കോളജിന്റെ പ്രസിഡണ്ടായിരുന്ന സാമുവൽ ചാഡ്വിക് കത്തുന്ന മുൾപടർപ്പ് എന്നാണ് അറിയപ്പെടുന്നത്. ദൈവത്തിന്റെ തീ നമുക്ക് സ്വയം ഉളവാക്കാൻ കഴിയില്ല.
എന്നാൽ താല്പര്യത്തോടും ഏകാഗ്രതയോടും നാം പ്രാർത്ഥിച്ചാൽ ദൈവത്താൽ നമുക്ക് അത് നൽകപ്പെടും. ഓരോ ദിവസവും അത് കെടാതെ ശക്തിയോടെ ദൈവപ്രവർത്തിക്കു വേണ്ടി നമുക്ക് ഒരുങ്ങാം.
എഴുത്ത്: ബിജോ മാത്യു പാണത്തൂർ.


- Advertisement -


Comments are closed.