ലേഖനം: ചരിത്രത്തിൽനിന്നൊരു യഥാസ്ഥാപനത്തിന്റെ സന്ദേശം | റവ.വി.പി ഫിലിപ്പ്
ലേഖനം: വേദപുസ്തകചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ കാലഘട്ടമാണ് നെഹെമ്യാവിന്റെത്. ആത്മീയ നേതൃത്വത്തിനു, വിപ്ലവകരമായ പ്രാർത്ഥനയ്ക്കും ഉത്തമ ഉദാഹരണമാണ് നെഹെമ്യാവിന്റെ ജീവിതം. സമകാലിക പ്രസക്തമായ ആത്മീയ സന്ദേശങ്ങൾ നെഹെമ്യാവിന്റെ പുസ്തകത്തിൽ നിന്നും നമുക്ക് ലഭിക്കുന്നു. ബാബേൽ പ്രവാസത്തിൽ നിന്നുള്ള യിസ്രായേൽ ജനത്തിന്റെ മടങ്ങിവരവിന് നേതൃത്വംകൊടുത്ത മൂന്നു ആദ്ധ്യാത്മിക നായകന്മാർ സെരുബാബേൽ, എസ്രാ, നെഹെമ്യാവ് എന്നിവരാണ്. നെഹെമ്യാവ് എന്ന പേരിന്റെ എബ്രായരൂപം നെഹും (Nehum) എന്നാണ്. ആശ്വാസം എന്ന് അർത്ഥം. യഹോവ എന്നതിന്റെ ചുരുക്കമാണ് യാഹ്. ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം എന്നു പറഞ്ഞാണ് ഈ പുസ്തകം ആരംഭിക്കുന്നത്. ബി.സി. 5-ാം നൂറ്റാണ്ട് മദ്ധ്യകാലത്തെ ചരിത്രമാണ് ഇവിടെ ലഭ്യമാകുന്നത്. ബി. സി. 445 മുതൽ 433 വരെ നെഹെമ്യാവ് യെരുശലേമിന്റെ ഗവർണ്ണറായി പ്രവർത്തിച്ചുവെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
നെഹെമ്യാവിന്റെ നേതൃത്വം യെരുശലേമിൽ ഒരു പുനഃസ്ഥാപനത്തിനു കാരണമായി. പ്രവാസത്തിൽ നിന്ന് രണ്ടു സംഘമായി സെരുബാബേലിന്റെ നേതൃത്വത്തിലും (ബി. സി. 537) എസ്രായുടെ നേതൃത്വത്തിലും (ബി. സി. 445) മടങ്ങിയെത്തിയ യിസ്രായേൽ ജനത്തിന്റെ അവസ്ഥ ഒന്നാം അദ്ധ്യായത്തിൽ കാണുന്നു. പ്രവാസത്തിൽ നിന്നും തെറ്റി ഒഴിഞ്ഞു പോയ ശേഷിപ്പ് യെരുശലേമിൽ മഹാ കഷ്ടത്തിലും, അപമാനത്തിലുമായിരുന്നു. യെരുശലേമിന്റെ മതിൽ ഇടിഞ്ഞും, അതിന്റെ വാതിലുകൾ തീ വെച്ചു ചുട്ടും കിടന്നിരുന്നു. യെരുശലേമിലെ തകർച്ചയ്ക്ക് ഏകദേശം നൂറ്റി നാല്പത്തിരണ്ടു വർഷത്തെ പഴക്കം ഉണ്ട്. എന്നാൽ അവിടെ ഒരു ദൈവീക പുനഃസ്ഥാപനം നടത്തുവാൻ ദൈവം നെഹെമ്യാവിനെ ഉപയോഗിച്ചു.പ്രാർത്ഥനാവീരനായ നെഹെമ്യാവ്
ഒരു പുനഃരുദ്ധാരണത്തിനുവേണ്ടി നെഹെമ്യാവ് ആദ്യം മുഴങ്കാലുകളിൽ ഇരുന്നു ഉപവസിച്ചു കരഞ്ഞു. ഒന്നാം അദ്ധ്യായം അഞ്ചുമുതലുള്ള വാക്യങ്ങളിൽ നെഹെമ്യാവിന്റെ പ്രാർത്ഥന കാണുന്നു. ആറ് സവിശേഷതകൾ ഈ പ്രാർത്ഥനയ്ക്ക് ഉണ്ട്.
(1) ദൈവം ആരെന്ന് മനസ്സിലാക്കി നെഹെമ്യാവ് പ്രാർത്ഥിച്ചു.
(2) തന്നെത്തന്നെ സമർപ്പിച്ചു.
(3) പാപങ്ങളെ ഏറ്റു പറഞ്ഞു
(4) വാഗ്ദത്തങ്ങളെ അവകാശം പറഞ്ഞു.
(5) ജനത്തിനുവേണ്ടി ഇടുവിൽ നിന്നു
(6) ദൈവത്തിന്റെ ശ്രദ്ധയെ ക്ഷണിച്ചു.
നെഹെമ്യാവിന്റെ ചെറുതും വലുതുമായ പതിനൊന്ന് പ്രാർത്ഥനകൾ ഈ പുസ്തകത്തിൽ നമുക്കു കാണാം. നെഹെമ്യാവ് അടിസ്ഥാനപരമായി ഒരു പ്രാർത്ഥനാ വീരനായിരുന്നു. പ്രാർത്ഥന ഏറ്റവും ഫലവത്തായ ഒരു അനുഭവമായി താൻ മനസ്സിലാക്കി. ദർശനം ഉള്ളിൽ കരുതിയ നെഹെമ്യാവ്
ഒന്നാം അദ്ധ്യായം പ്രാർത്ഥനയുടെ ഒരദ്ധ്യായമാണെങ്കിൽ രണ്ടാം അദ്ധ്യായം മറുപടിയുടെ അദ്ധ്യായമാണ്.
ഒന്നാം അദ്ധ്യായത്തിൽ ശൂശൻ രാജധാനിയിൽ ഇരുന്നു നെഹെമ്യാവ് പ്രാർത്ഥിച്ചെങ്കിൽ രണ്ടാമദ്ധ്യായത്തിൽ മഹത്തായ ദൗത്യത്തിനായി നെഹെമ്യാവ് യെരുശലേമിൽ എത്തി. ഒരു വലിയ ദർശനം നെഹെമ്യാവിനുണ്ടായിരുന്നു. രണ്ടാം അദ്ധ്യായം പന്ത്രണ്ടാം വാക്യത്തിൽ നെഹെമ്യാവ് ഇങ്ങനെ പറയുന്നു. ”ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു. എന്നാൽ യരുശലേമിൽ ചെയ്‌വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നത് ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു”. നെഹെമ്യാവ് ദർശനം തന്റെ ഉള്ളിൽ വെച്ചു. സമയമായപ്പോൾ കൂടെയുള്ളവരെ ഉത്സാഹിപ്പിച്ചു. ഒരുമിച്ച് എഴുന്നേറ്റ് പണിയുവാൻ തയ്യാറായി. ഒരു വ്യക്തിയെ തന്റെ ദർശനം എത്ര ശക്തമായി സ്വാധീനിക്കുന്നുവെന്ന് നെഹെമ്യാവിന്റെ ജീവിതത്തിൽ നിന്ന് മനസ്സിലാക്കാം. ധൈര്യശാലിയായ നെഹെമ്യാവ്
പ്രതികൂലങ്ങളുടെ കൊടുങ്കാറ്റ് നെഹെമ്യാവിന്റെ ജീവിതത്തിനുനേരെ ആഞ്ഞടിച്ചു. സൻബല്ലത്തും, തോബിയാവും തന്നെ നിന്ദിച്ചു. വെന്തു കിടക്കുന്ന ചണ്ടികൂമ്പാരങ്ങളിൽ നിന്ന് കല്ലുകൾ ജീവിപ്പിക്കുവാൻ കഴിയുമോയെന്ന് വെല്ലുവിളിച്ചു. നെഹെമ്യാവിന് എതിരേ അവർ യുദ്ധത്തിനു തയ്യാറായി. ആറാം അദ്ധ്യായം പതിനൊന്നാം വാക്യത്തിൽ മരണഭീതി വരെ നേരിടേണ്ടിവന്നു എന്നു മനസ്സിലാക്കുന്നു. എന്നാൽ ഇവയൊന്നും നെഹെമ്യാവിനെ തളർത്തിയില്ല. ധീരനായകനായി താൻ മുമ്പിൽ നിന്നു. ഒരു യഥാർത്ഥ നേതാവിന്റെ ദർശനം, സേവനം, സന്നദ്ധത, ധൈര്യം, ബുദ്ധിപൂർവ്വമായ ചുവടുവയ്പുകൾ തുടങ്ങിയ ഗുണങ്ങൾ തനിക്ക് ഉണ്ടായിരുന്നു. യഥാസ്ഥാപനത്തിന്റെ നായകനായിരുന്നു നെഹെമ്യാവ്. ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ച എത്രയോ പേർ പാതി വഴിയിൽ പട്ടുപോയി. എന്നാൽ ലക്ഷ്യം നേടുന്നതുവരെ ഇഞ്ചോടിഞ്ച് പൊരുതിയ ദൈവദാസനായിരുന്നു നെഹെമ്യാവ്. യരുശലേമിൽ ദേവാലയ മതിലും വാതിലുകളും പണിതു എന്നുമാത്രമല്ല തന്റെ പ്രസക്തി, മറിച്ച് താൻ പണിതത് ഒരു തലമുറയായിരുന്നു. നെഹെമ്യാവ് എട്ടാം അദ്ധ്യായത്തിൽ നീർവാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്ത് ദൈവമുമ്പാകെ ഒരുമിച്ച് കൂടിയിരിക്കുന്ന യിസ്രായേൽ ജനത്തെയാണ് നാം കാണുന്നത്. അവിടെ ഒരു പ്രസംഗപീഠത്തിൽ എസ്രാ ശാസ്ത്രി കയറിനിന്ന് ന്യായപ്രമാണ പുസ്തകം യിസ്രായേൽ ജനത്തെ വായിച്ചുകേൾപ്പിക്കുന്നു. നെഹെമ്യാവും സംഘവും പണിതത് ഒരു തലമുറയെ ആയിരുന്നു. നെഹെമ്യാവിന്റെ പുസ്തകത്തിൽ നിറഞ്ഞുനില്ക്കുന്നത് യെരുശലേമിന്റെ യഥാസ്ഥാപനത്തിനുവേണ്ടി ദൈവം നെഹെമ്യാവിനെ ഉപയോഗിച്ച വഴികൾ ആണ്. ദൈവം നെഹെമ്യാവിനെ ഉപയോഗിച്ചതുപോലെ ഒരു മഹത്തായ നേതൃത്വത്തിനുവേണ്ടി നമ്മെയും ഉപയോഗിക്കുകയും സഭയുടെയും രാജ്യത്തിന്റെയും ആത്മീയ പുനഃസ്ഥാപനത്തിനുവേണ്ടി നമ്മെയും ദൈവം കരങ്ങളിലെടുക്കട്ടെ. നെഹെമ്യാവ് പ്രാർത്ഥനയിൽ തുടങ്ങിയതുപോലെ നമുക്കും മുഴങ്കാലുകളിൽ ഒരു നല്ല തുടക്കം കുറിക്കാം. യഥാസ്ഥാപനത്തിന്റെ നായകന്മാർ ഈ തലമുറയിൽ എഴുന്നേൽക്കട്ടെ.


- Advertisement -


Comments are closed.