ലേഖനം: ദൈവത്തിന്റെ ഇഷ്ടം തിരിച്ചറിയുക | ഷൈനി ദാനിയേൽ, ഡൽഹി

ലേഖനം: ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരു ദൈവപൈതലിന്  നേരിടേണ്ടിവരുന്ന ഒരു പ്രധാനമായ ചോദ്യം ആണ് – “ദൈവത്തിന്റെ ഇഷ്ടം എങ്ങനെ തിരിച്ചറിയാം?”  ചിലപ്പോള്‍ നമ്മുടെ ജീവിതത്തിലെ ചില പ്രധാന വിഷയങ്ങളില്‍ എന്ത് തീരുമാനം എടുക്കണം എന്ന് അറിയാതെ ഭാരപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. ദൈവത്തിന്റെ ഇഷ്ടം തിരിച്ചറിയുക എന്നത് വെറും അറിവല്ല. അത് ദൈവവുമായി ഉള്ള ബന്ധത്തിന്റെ ആഴമാണ്. എപ്രകാരമാണ് ഒരു ദൈവപൈതലിന് ദൈവവുമായുള്ള ആഴമായ ബന്ധത്തിൽ ഇരിക്കാൻ കഴിയുന്നത്? തിരുവെഴുത്തുകളുടെ താളുകൾ പരിശോധിച്ചാൽ അനേകം വ്യക്തിജീവിതങ്ങൾ ദൈവവുമായുള്ള ആഴമായ സ്നേഹബന്ധത്തിൽ ഇരിക്കുകയും ദൈവഹിതം എന്താണെന്ന് അറിയുവാൻ കാത്തിരിക്കുകയും ചെയ്തതായി നമുക്ക് കാണാൻ സാധിക്കും. അവരിൽ ചിലരുടെ അനുഭവങ്ങളിലൂടെ നമുക്ക് അല്പമായി വിചിന്തനം ചെയ്ത്, നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ ദൈവത്തിന്റെ ഇഷ്ടം എങ്ങനെ തിരിച്ചറിയുവാൻ സാധിക്കും എന്ന് ചിന്തിക്കാം

1. അബ്രഹാം – അനുസരണത്തിലൂടെ ദൈവത്തിന്റെ ഇഷ്ടം തിരിച്ചറിഞ്ഞവൻ. ഉൽപത്തി 12:1 – യഹോവ അബ്രാഹാമിനോടു: “നീ നിന്റെ ദേശത്തെയും, ചാർച്ചക്കാരെയും, പിതൃഭവനത്തെയും വിട്ട് ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോകുക. ”അബ്രഹാം ദൈവത്തിന്റെ വാക്ക് ഒരു ചോദ്യവും കൂടാതെ അനുസരിക്കുന്നതായി നമുക്ക് കാണാം. കാണിക്കാനിരിക്കുന്ന ദേശം എങ്ങിനെയുള്ളതായിരിക്കും എന്ന് അബ്രഹാമിന്റെ ഹൃദയത്തിൽ ഒരു ചോദ്യം ഉയർന്നു വന്നതായി കാണുമായിരിക്കും. പക്ഷെ ഇവിടെ ദൈവ ഇഷ്ടത്തിനായി അബ്രഹാം അവനെ തന്നെ ഏൽപ്പിച്ചുകൊടുത്തു ദൈവത്തിന്റെ വാക്ക് അതേപടി അനുസരിച്ചു.  ഇതുപോലെ ദൈവത്തിന്റെ വാക്കുകൾ നമ്മൾ അനുസരിച്ചാൽ ദൈവത്തിന്റെ പദ്ധതികൾ അതിലൂടെ വെളിപ്പെട്ടുവരും.

2. മോശ – ദൈവീക സാന്നിധ്യത്തിന്റെ അനിവാര്യത ഉറച്ച് വിശ്വാസിച്ചവൻ.  പുറപ്പാട് 33:15 – “നിന്റെ സാന്നിധ്യം ഞങ്ങളോടുകൂടെ വരാഞ്ഞാൽ ഞങ്ങളെ ഇവിടെ നിന്ന് കൊണ്ടുപോകരുതെ”. ഇവിടെ മോശ ദൈവത്തോട് അപേക്ഷിക്കുന്നു – “ദൈവമേ, നിന്റെ ഇഷ്ടം ഞങ്ങളെ അറിയിക്കണമെ” എന്ന്. ദൈവത്തിൽനിന്ന് അറിയുവാനുള്ള മോശയുടെ അതിയായ ആഗ്രഹം വളരെ ആഴമേറിയതാണ്.

3. പൗലോസ്: പരിശുദ്ധാത്മാവിന്റെ മാർഗനിർദ്ദേശം അനുസരിക്കുന്നവൻ. പ്രവൃത്തികൾ 16:6 – “ആസ്യയിൽ ദൈവവചനം സംസാരിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കുകയാൽ………”.പൗലോസിന്റെ മിഷണറി യാത്രകളിൽ പലപ്പോഴും പരിശുദ്ധാത്മാവിന്റെ ഇടപെടൽ അദ്ദേഹം തിരിച്ചറിഞ്ഞു. ഇങ്ങനെ അനേകം ദൈവഭക്തരുടെ അനുഭവങ്ങളിൽ കൂടി ദൈവത്തിന്റെ ഇഷ്ടം തിരിച്ചറിയുന്നത് എപ്രകാരമാണെന്ന് നമുക്ക് മനസിലാക്കാൻ കഴിയും.

• ദൈവവചനത്തിലൂടെ ദൈവഹിതം മനസിലാക്കൽ.
ദൈവത്തിന്റെ ഇഷ്ടം മനസിലാക്കാനുള്ള ഏറ്റവും സുതാര്യമായ മാർഗം ദൈവവചനമാണ്. സങ്കീർത്തനകാരനായ ദാവീദ് പറയുന്നു: “നിന്റെ വചനം എന്റെ കാലിന് ദീപവും പാതയ്ക്കു പ്രകാശവുമാണ്.” (സങ്കീർത്തനം 119:105) ദൈവവചനത്തിലൂടെ നമ്മുടെ ജീവിതപാത ദൃഢമായി നിർണ്ണയിക്കപ്പെടുകയും, ദൈവത്തിന്റെ ഇഷ്ടത്തെ അനുസരിച്ച് നീങ്ങാൻ നമുക്ക് ശക്തി ലഭിക്കുകയും ചെയ്യുന്നു.
• പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെ തിരിച്ചറിയൽ
പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ നമ്മിൽ ദൈവഹിതത്തെ തിരിച്ചറിയാൻ സഹായിക്കുന്നു.
• ദൈവദാസന്മാരുടെ ഉപദേശങ്ങളിലൂടെ ദൈവഹിതം തിരിച്ചറിയൽ.
ദൈവദാസന്മാരുടെ അനുഭവങ്ങളും ഉപദേശങ്ങളും നമ്മുടെ ജീവിതത്തിലേക്ക് ദൈവഹിതത്തിന്റെ ദിശാബോധം എത്തിക്കുന്നു. അവരുടെ നിർദ്ദേശങ്ങൾ കേൾക്കുകയും ആത്മീയമായ വിധത്തിൽ വിലയിരുത്തുകയും ചെയ്താൽ, നമ്മുടെ മനസ്സിലെ സംശയങ്ങൾ മാറുകയും ദൈവാനുകൂലമായ വഴികൾ തെരഞ്ഞടുക്കാൻ കഴിയും.
• ദർശനങ്ങൾ, സ്വപ്നങ്ങൾ, പ്രവാചകൻമാരുടെ സന്ദേശങ്ങൾ മുഖേന ദൈവഹിതം തിരിച്ചറിയൽ, ദൈവഹിതം പലപ്പോഴും ദർശനങ്ങളിൽ, സ്വപ്നങ്ങളിൽ, പ്രവാചക സന്ദേശങ്ങളിലൂടെയും വ്യക്തമായി പ്രകടമാകും. ഉദാഹരണമായി, പത്രോസിന്റെ ജീവിതത്തിൽ ദൈവഹിതം പ്രവൃത്തികൾ 10:9-16-ൽ കാണുന്ന സ്വപ്നത്തിലൂടെ വ്യക്തമായി അറിയപ്പെട്ടു. ദൈവം മനുഷ്യന്റെ മനസ്സിലും സംഭവങ്ങളിലും ഇടപെട്ട് അവരെ അതിനനുസരിച്ചുള്ള ദിശാബോധം നൽകുന്നു. അതിനാൽ പ്രിയ ദൈവമക്കളെ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ ജീവിതം വളരെ സുഖമായി പോകുന്നതാണോ നിങ്ങൾ കർത്താവിൽ നിന്ന് ആഗ്രഹിക്കുന്നത്? അതോ നമ്മുടെ വിഷയങ്ങളുടെ മുന്നിൽ ദൈവത്തിന്റെ ഇഷ്ടം എന്താണെന്ന് അറിയുന്നതാണോ? അബ്രാഹാം ദൈവത്തെ അനുസരിച്ചതുപോലെ, മോശ ദൈവസാന്നിധ്യം തേടിയതുപോലെ, പൗലോസ് ആത്മാവിന്റെ ശബ്ദം കേട്ടതുപോലെ, ഈ ദിവസങ്ങളിൽ ദൈവത്തിന്റെ ഇഷ്ടം തിരിച്ചറിഞ്ഞുകൊണ്ട് ഈ ലോകത്തിൽ എന്തെല്ലാം പ്രതികൂല സാഹചര്യങ്ങൾ കടന്നുവന്നാലും, അരുമനാഥന്റെ വാക്കിനു കീഴ്പ്പെട്ടുകൊണ്ട് അനുഗ്രഹിക്കപ്പെട്ട ക്രിസ്‌തീയ ജീവിതം നയിക്കുവാൻ നിങ്ങളെയെല്ലാം കർത്താവു സഹായിക്കട്ടെ. പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും; നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക. (സദൃശ്യവാക്യങ്ങൾ 3:5-6).

ഷൈനി ദാനിയേൽ, ഡൽഹി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading