അബുദാബിക്ക് പോകാനിരുന്ന മാള സ്വദേശിയായ യുവാവ് എടത്വ പമ്പയാറ്റിൽ മുങ്ങി മരിച്ചു.
മാള: മാള ശങ്കരംകുളത്തിൽ പരേതനായ ജോസിൻ്റെ മകൻ ജിതിൻ ജോസ് മാത്യു (37) നിത്യതയിൽ പ്രവേശിച്ചു. മാള എ. ജി. സഭംഗമാണ്.
അബുദാബിക്ക് തിരികെ പോകാനിരിക്കെയാണ് ഇന്നലെ വൈകിട്ട് 5.30 ന് അപകടം സംഭവിച്ചത്. യാത്ര ചോദിക്കുവാൻ ഭാര്യ വീടായ എടത്വായിൽ കുടുംബമായി ഇന്നലെയാണ് എത്തിയത്.
വൈകിട്ട് എടത്വ മങ്ങാട്ടുചിറ കടവിൽ കുളിക്കുന്നതിനിടയിൽ വെള്ളത്തിലേക്ക് മുങ്ങിപോകുകയായിരുന്നു. ഭാര്യയുടെയും നാല് പിഞ്ചുകുഞ്ഞുങ്ങളൂടെയും കൺമുമ്പിൽ വെള്ളത്തിൽ മുങ്ങിമരിച്ച ജിതിൻ്റെ മരണത്തിൽ വേദനയിൽ ആണ് നാട്ടുകാർ. ഭാര്യ ജാൻസിയും നാല് കുഞ്ഞുങ്ങളും ഉൾപ്പടെ ജിൻസിയുടെ അമ്മയുടെ കുടുംബവീട്ടിൽ എത്തിയതിനുശേഷം പമ്പാനദിയിൽ കുളിക്കുവാൻ പോയി.
കുഞ്ഞുങ്ങളെ കുളിപ്പിച്ച് കാറിൽ ഇരുത്തിയതിന് ശേഷം ജിതിൻ ആറ്റിലേക്ക് ഇറങ്ങുന്നതിനിടയിൽ വെള്ളത്തിലേക്ക് മുങ്ങിതാഴുകയായിരുന്നു. മുങ്ങി താഴുന്നത് കണ്ട് കരയിൽ നിന്ന ജിൻസിയും കുഞ്ഞുങ്ങളും നിലവിളിച്ച് കരഞ്ഞതോടെ നാട്ടുകാർ ഓടി കൂടി ആറ്റിൽ നിന്നും ജിതിനെ കരയ്ക്ക് കയറ്റിയെങ്കിലും രക്ഷിക്കുവാൻ സാധിച്ചില്ല.
ജിതിൻ്റെ ഏക സഹോദരി ജെറിൻ്റെ വിവാഹത്തിന് അബുദാബിയിൽ നിന്നും എത്തിയതായിരുന്നു ജിതിനും കുടുംബവും.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ മാളയിലേയ്ക്ക് കൊണ്ടുപോയി.
ഭവനത്തിലെ പൊതുദർശനത്തിന് ശേഷം സംസ്കാരം നടന്നു.


- Advertisement -

Comments are closed.