ലേഖനം: ക്രിസ്തീയ ജീവിതത്തിലെ കാരാഗ്രഹ | ബിജു ജോസഫ്, ഷാർജ
കാരാഗ്രഹത്തിന്റെ നുറുങ്ങു വെട്ടത്തിൽ അപ്പോസ്തലന്മാർ എഴുതിയ ഈടുറ്റ ലേഖനങ്ങൾ ആത്മമണ്ഡലത്തെ പ്രകമ്പനം കൊള്ളിക്കുന്ന, സാഹചര്യങ്ങളുടെ പരിമിതികളെ അതിജീവിക്കാൻ ശക്തിയുള്ള, പ്രതിയോഗിയുടെ നേരെയുള്ള സിംഹഗർജ്ജന വീര്യമുള്ള ശബ്ദം. തണുത്തും ക്ഷീണിച്ചും തളർന്നു പോയ ദൈവപൈതലിനും സഭക്കും ഊർജം പകർന്നു എഴുന്നേൽപ്പിച്ചു നിർത്തുന്ന ആ ശബ്‍ദം ആത്മമണ്ഡലത്തിൽ പുറപ്പെടാനും ഒപ്പം പ്രതികരിക്കാനും സഹായിക്കുന്ന ശബ്‍ദം. ഓരോ ലേഖനത്തിലും നമുക്കതു കേൾക്കാനും, ഈ വർത്തമാന കാലഘട്ടത്തിലും അത് അനുഭവിക്കാൻ കഴിയുന്നുമുണ്ട്.
കാരാഗൃഹത്തിലെ ഇരുട്ട്, ലേഖനം എഴുതുന്നതിനു തടസമായിരുന്നു.. എങ്കിലും പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ കൊടുത്ത ക്രൂശിനെക്കുറിച്ചും, അതിൽ തകർക്കപ്പെട്ട പെസഹാക്കുഞ്ഞാടിനെ കുറിച്ചുമുള്ള ദർശനം, അതിന്റെ ഉൾക്കാഴ്ചയുടെ ശക്തി വളരെ വലുതായിരുന്നു. ക്രിസ്തു സ്വാതന്ത്ര്യം നഷ്ടപ്പെടാത്ത അവരുടെ കൈവിരലുകൾക്കു ഇരുണ്ട വെളിച്ചത്തിലും തൂലിക ചലിപ്പിക്കുവാൻ ഒരു വിഗ്നവും ഇല്ലായിരുന്നു. ആ സ്വാതന്ത്ര്യം ആത്മാവിൽ അനുഭവിച്ചു അവർ എഴുതി.
വിശ്വാസജീവിതത്തിൽ ഒരു കാരാഗ്രഹമുണ്ട്, ഞെരുക്കത്തിന്റെയോ, കഷ്ടതയുടെയോ, പീഡകളുടെയോ, പ്രതികൂലത്തിന്റെയോ അവസ്ഥ ഉണ്ടെന്നർത്ഥം. നാം അനുഭവിക്കുന്ന ശാരീരികവും, മാനസികവുമായ കഷ്ടതകളും പീഡകളും അത് ശരിവെക്കുന്നു സംശയമില്ല. പക്ഷെ! ഇതിനെയൊക്കെ അതിജീവിക്കാനുള്ള ഒരു ശക്തികൂടി ദൈവമക്കളിൽ പകർന്നു നൽകിയിട്ടുണ്ട്. ദൈവം അനീതിയുള്ള ദൈവമല്ല, ഒരാൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള കഷ്ടത ദൈവം അനുവദിക്കുന്നില്ല. പിശാചിനാൽ പരീക്ഷിക്കപെടാൻ മനുഷ്യപുത്രനെ പരിശുദ്ധാത്മാവാണ് മരുഭൂമിയിലേക്ക് നയിച്ചത്. പരീക്ഷയില്ലാത്ത, പരീക്ഷണമില്ലാത്ത ഒരു ക്രിസ്തീയജീവിതം ഇല്ല. അതിജീവനത്തിന്റെ ശക്തിയുമായ് സകലസത്യത്തിലും ക്രിസ്തുവിനെ വഴിനടത്തിയതുപോലെ നമ്മെ വഴി നടത്തുന്നത് പരിശുദ്ധാത്മാവാണ്. സത്യം നിങ്ങൾ അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നാണല്ലോ തിരുവചനം പറയുന്നത്. ആ സത്യം ആരാണ്? എന്താണ്? മറ്റൊന്നുമല്ല ആ സത്യം ക്രിസ്തുവാണ്. ആ സത്യത്തെ കുറിച്ചുള്ള വെളിപ്പാടാണ് നമ്മെ സ്വാതന്ത്രമാക്കുന്നതും വിശ്വാസജീവിതം ജയകരമായ് നടത്താൻ നമ്മെ സഹായിക്കുന്നതും.
പരിശുദ്ധാത്മാവ് അതാതു സമയങ്ങളിൽ പകർന്നു തരുന്ന പുതുശക്തി അക്ഷരീകമായ് ഏതു കാരാഗ്രഹത്തിന്റെ അവസ്ഥയിൽ, പിരിമുറുക്കത്തിൽ നാം ആയിരുന്നാലും ഒന്നാം വാതിലും, രണ്ടാം വാതിലും, ആർക്കും തുറക്കാൻ കഴിയാത്ത ഇരുമ്പു കവാടവും സ്വതവേ തുറന്നു നമ്മെ പുറത്തു കൊണ്ട് വരും. ആദിമനൂറ്റാണ്ടിൽ അപ്പോസ്തലന്മാർ അക്ഷരീകമായ് അനുഭവിച്ച ആ ആത്മാവിന്റെ സ്വാതന്ത്ര്യം.. ഉണർവിന്റെ കൊടുങ്കാറ്റു.. നാലു ദിക്കിലേക്കും അടിച്ചതു ഇന്നും നിലനിൽക്കുന്നു. ആ പരിശുദ്ധാത്മാവ് നമ്മിലും പരിവർത്തനം ചെയ്തു കൊണ്ടിരിക്കുന്നു വീണ്ടും ജനിച്ചവന് ഇനിയൊരു വീണ്ടും ജനനം സാധ്യമല്ല, ആവശ്യവുമല്ല.. കുളിച്ചവൻ വീണ്ടും കുളിക്കേണ്ട, കാലു കഴുകിയാൽ മതിയാകും.
നമുക്കൊന്ന്ഉണരാം അതിനു വിശ്വാസജീവിതത്തിൽ ഓട്ടം ഓടി വിജയിച്ച ഇയ്യോബ് അപ്പച്ചൻമാരെ ഒന്ന് ഓർക്കുന്നതു നല്ലതായിരിക്കും. അവരുടെ കാരാഗൃഹസമാനമായ ഞെരുക്കത്തിന്റെയും, പട്ടിണിയുടെയും, പ്രതികൂലത്തിന്റെയും ജീവിത സാഹചര്യങ്ങളിൽ മുണ്ടുമുറുക്കിയുടുത്തു അക്ഷരീകമായും വചനം ഭക്ഷിച്ചു ജീവിച്ചു വിശ്വാസഗോളത്തിനു മുഴുവൻ മാതൃകാദീപമായി, മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽ നിന്ന് പുറപ്പെടുന്ന വചനം കൊണ്ടും ജീവിക്കുന്നു എന്ന് തെളിയിച്ചു. അവരുടെ ജീവിതപടകിൽ ഒരു പ്രതികൂലത്തിന്റെ കാറ്റടിച്ചില്ലെങ്കിൽ കർത്താവേ നീ ഞങ്ങളെ മറന്നോ എന്ന് ചോദിക്കുന്ന ഭക്തന്മാർ. കാരണം ഈ ലോകത്തിലെ സന്തോഷവും സമാധാനവും നിറഞ്ഞ അവസ്ഥയെക്കാളും കർത്താവിന്റെ സാന്നിദ്ധ്യം, കരയുന്ന മക്കളെ തലോടുന്ന സ്നേഹ സമ്പന്നനായ പിതാവിന്റെ വാത്സല്യപൂർവമായ തലോടൽ, ആത്മാവിന്റെ പൂർണതയുള്ള സന്തോഷം അതു ലഭിക്കുമ്പോൾ അതുവരെ അനുഭവിച്ച എല്ലാ കാരാഗൃഹത്തിന്റെ അവസ്ഥയും കെട്ടഴിഞ്ഞു നിലത്തു വീഴും. ശരീരവും മനസും ആത്മാവും ഒരുപോലെ സ്വാതന്ത്രമാകും. ഈ സ്നേഹ സാന്നിദ്ധ്യത്തേക്കാൾ മറ്റെന്തു വേണം.
ഈ സാന്നിദ്ധ്യമാണല്ലോ മോശയും പഴയകാല വിശുദ്ധന്മാരും, പുതിയനിയമ വിശുദ്ധന്മാരും ആഗ്രഹിച്ചതും, ചോദിച്ചതും, അംശമായിട്ടാണെങ്കിലും കണ്ടതും തൊട്ടനുഭവിച്ചതും. സാക്ഷാൽ അഗാപ്പെയുടെ സാന്നിദ്ധ്യം അതിനാലല്ലോ നമുക്കുചുറ്റും സാക്ഷികളുടെ ഒരു സമൂഹമായി അവർ നിൽക്കുന്നത്. വിശ്വാസജീവിതത്തിൽ അക്ഷരീകമായ് നേരിടുന്ന കാരാഗൃഹസമാനമായ തളർന്ന അവസ്ഥയിൽ ഉള്ളത്തിൽ സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അനുഭവം പരിശുദ്ധാത്മാവ് പകർന്നു നൽകുന്നു. ബന്ധിക്കപ്പെട്ട ചങ്ങലകൾ അഴിഞ്ഞു പോകാനും, ആത്മാവിന്റെ അത്യന്ത ശക്‌തിയാൽ പൊട്ടിച്ചുകളയാനും, ഒപ്പം സ്വാതന്ത്ര്യത്തോടെ, പരിസരം മറന്നു ദൈവത്തെ ആരാധിക്കാനും, കാരാഗ്രഹ സ്വാതന്ത്ര്യം പ്രാപിച്ചു പുറത്തു വന്നു നിർവിഘ്‌നം ദൈവരാജ്യം പ്രസംഗിക്കാനും നമ്മെ സഹായിക്കുന്നു.
ക്രിസ്തീയജീവിതം അക്ഷരീകമായ് പട്ടുമെത്തയല്ല സത്യം, പക്ഷെ ആത്മാവിൽ ജീവിക്കുകയും വിശ്വാസ വീര്യത്തിൽ പ്രതികരിക്കുകയും ചെയ്യുന്നവന് അഥവാ പരിശുദ്ധാത്മാവിനു വിധേയപ്പെട്ടു ജീവിക്കുന്ന വ്യക്തിക്ക് മൺകൂടാരം പട്ടുമെത്തയുടെ അനുഭവം പകർന്നു നൽകുന്നു. അവനെ ശക്തനാക്കുന്നതു ക്രിസ്തുവും ക്രിസ്തുവിന്റെ ആത്മാവും ആണല്ലോ.
ദൈവത്തിന്റെ സ്വന്തം നാടെന്നു പേരുവരുവാൻ കാരണമായ, പഴയകാല പെന്തക്കൊസ്ത അനുഭവമുള്ള ഇയ്യോബ് അപ്പച്ചന്മാരെ ഇടയ്ക്കെങ്കിലും സ്മരിക്കുന്നതും അവരുടെ അനുകാരികളായി മാറാൻ ശ്രമിക്കുന്നതും ഈ മരുഭൂയാത്രയെ ആയാസരഹിതമാക്കുവാൻ മാത്രമല്ല പുതുശക്തി പ്രാപിക്കുവാനും, അനുഭവിക്കുവാനും സഹായിക്കും. കാരണം കാരാഗ്രഹ സമാനമായ ജീവിത സാഹചര്യങ്ങളിൽപോലും പതറാതെ വീഴാതെ നിർത്തിയിരുന്ന ഈ അഗാപ്പെയുടെ ശക്തിയിലും സാന്നിദ്ധ്യത്തിലും അവർ ആത്മാവിൽ എഴുതി ആത്മാവിൽ പാടി ക്രിസ്തീയ.. ജീവിതം.. സൗഭാഗ്യ.. ജീവിതം…. അവയൊക്കെയും പിന്നെ വീണ്ടും ജനിച്ച വിശുദ്ധ പ്രജകളും ഏറ്റുപാടി ഇന്നും പാടിക്കൊണ്ടേയിരിക്കുന്നു. കാരണം പച്ചയായ ജീവിത യാഥാർഥ്യങ്ങളുടെ ചൂടും ചൂരുമുള്ള അനുഭവ സാക്ഷ്യങ്ങളായിരുന്നു അവരുടെ പാട്ടുകളിൽ നിറഞ്ഞുനിന്നത്, അത് അവരുടെ ജീവിതമായിരുന്നു, അത് അവരുടെ കൃതികളിൽ സ്വാഭാവികമായി സാക്ഷ്യത്തോടെ പ്രതിഫലിച്ചുവെന്നു മാത്രം. നാമും ഇങ്ങനെയുള്ളവരാണെങ്കിൽ ഹൃദയത്തിൽ തൊട്ടു, ആത്മാവിൽ നമുക്കും പറയാൻ കഴിയും കഷ്ടതയും, പട്ടിണിയും, ഒന്നുമില്ലാത്ത, നമുക്ക് വേണ്ടി കാന്തൻ ഒരുക്കിവെച്ചിരിക്കുന്ന, വരാനിരിക്കുന്ന ആ മണിയറയിലെ സുഖവും സന്തോഷവും ഓർക്കുമ്പോൾ ഈ ലോകകാരാഗൃഹത്തിൽ നൊടിയിടകൊണ്ടു തീർന്നുപോകുന്ന കഷ്ടം സാരമില്ലായെന്നു.
ഇനിയും വിട്ടുപോകേണ്ടുന്ന, എന്നോ എവിടെയോ പറ്റിപ്പിടിച്ച കറയോ ചുളുക്കമോ മാലിന്യമോ പോകുവാനായിരിക്കും ഓരോ കഷ്ടങ്ങളും. കാന്തന്റെ കാന്ത സർവാംഗ സുന്ദരി ആയിരിക്കണം, ഒരു ഊനവും ഉണ്ടാകാൻ പാടില്ല, നമുക്ക് ഏൽപ്പിച്ചു കൊടുക്കാം. കാന്തയെ ഒരുക്കി പാപത്തിന്റെ വിശാല വഴിയിൽ നിന്ന് രക്ഷിച്ചു നീതിയുടെ ഞെരുക്കവും ഇടുക്കവുമുള്ള പാതയിലൂടെ സഞ്ചരിക്കാൻ പരിശീലിപ്പിച്ചു, സ്വർഗ്ഗരാജ്യത്തിന്റെ കവാടത്തിലേക്ക് നയിക്കുമാറാക്കുന്ന പരിശുദ്ധാത്മാവിനു ഏല്പിച്ചുകൊടുക്കാം. ക്രിസ്തീയ ജീവിതത്തിലെ കാരാഗ്രഹം യഥാർത്ഥ കാരാഗൃഹം അല്ല അത് അരുമ മണവാളന്റെ സാന്നിദ്ധ്യമറിയിക്കുന്ന നിമിഷങ്ങളാണ്. നാമോ വിശ്വാസത്യാഗികളുടെ അനുകാരികളാകാതെ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരുടെ അനുകാരികളായി സൗരഭ്യവാസനയായ് നമ്മെത്തന്നെ സമർപ്പിക്കാം. പരിശുദ്ധാത്മാവ് നമ്മെ അതിനു ഒരുക്കുമാറാകട്ടെ.
Biju Joseph
Christ Followers Church, Sharjah


- Advertisement -


Comments are closed.