ഏകാന്തതയിലെ ദൈവസാന്നിദ്ധ്യം | റോജി തോമസ് ചെറുപുഴ

ഏകാന്തത, മനുഷ്യന്‍റെ അനുഭവവും ആത്മീയ യാത്രയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രമേയമാണ്. ഏകാന്തത ആഴത്തിലുള്ള ആത്മീയ പ്രതിഫലനത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള സന്ദര്‍ഭമായും വിശുദ്ധ ബൈബിള്‍ ചിത്രീകരിക്കുന്നു.

ദാവീദ് രാജാവ് തന്‍റെ ഏകാന്തതയും നിരാശയും സങ്കീര്‍ത്തനങ്ങളിലൂടെ ഇടയ്ക്കിടെ പ്രകടിപ്പിച്ചിരുന്നു. “എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാന്‍ ഏകാകിയും അരിഷ്ടനും ആകുന്നു” (സങ്കീര്‍ത്തനങ്ങള്‍ 25:16). അദ്ദേഹത്തിന്‍റെ ഏകാന്തതയും ഒറ്റപ്പെടലും ദൈവത്തില്‍ ആശ്വാസം കണ്ടെത്തുന്നതിനും ആശ്രയം പ്രാപിക്കുന്നതിനും പ്രയോജനകരമാവുന്നു. ദാവീദിന്‍റെ ജീവിത പാതയിലും സംഭവവികാസങ്ങളിലും എല്ലാം ഏകാന്തതയും ഒറ്റപ്പെടലും ഒളിവുവാസവും നിറഞ്ഞതായിരുന്നു. അവിടെ അദ്ദേഹത്തിന് തകര്‍ച്ചയല്ല ഉയര്‍ച്ചയും തിരിച്ചുവരവും നവീകരണവും ദൈവാനുഭവും അത്രേ ഉണ്ടായത്. ഏകാന്തതകള്‍ അദ്ദേഹത്തിന് ആനന്ദദായക സമയവും ദൈവസ്തുതിക്കും പുകഴ്ചയ്ക്കുമുള്ള സുന്ദരാപൂര്‍വ്വ നിമിഷങ്ങളുമായിരുന്നു. അവ അദ്ദേഹത്തിന്‍റെ ജീവനും ജീവിതത്തിനും നൂറ്റാണ്ടുകള്‍ക്കിപ്പുറം നമുക്കുപോലും നവ്യമാം ദൈവാനുഭവത്തിനും ഇടയാവുന്നു.

ബാലിന്‍റെ പ്രവാചകന്മാരുമായുള്ള വിശ്വാസ പോരാട്ടത്തിനു ശേഷം, ഏലിയാവ് മരുഭൂമിയിലേക്ക് ഓടിപ്പോവുന്നു. താന്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് വിശ്വസിച്ച് ഏകാകിയായി ഇരിക്കുന്നു. “അതിന്നു അവന്‍: സൈന്യങ്ങളുടെ ദൈവമായ യഹോവെക്കുവേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേല്‍ മക്കള്‍ നിന്‍റെ നിയമത്തെ ഉപേക്ഷിച്ചു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു നിന്‍റെ പ്രവാചകന്മാരെ വാള്‍കൊണ്ടു കൊന്നുകളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു എന്നു പറഞ്ഞു” (1 രാജാക്കന്മാര്‍ 19:10). ശേഷം അതിഗംഭീരമായ സംഭവവികാസങ്ങള്‍ ഏലിയാവിനു മുമ്പില്‍ നടക്കുകയും യഹോവ മൃദുസ്വരത്തില്‍ അവന് ഉത്തരമരുളുകയും ചെയ്യുന്നു. ദൈവം നാടകീയമായ ഒരു വെളിപ്പെടുത്തലിലൂടെയല്ല, മറിച്ച് സൗമ്യമായ ശബ്ദത്തിലൂടെയത്രേ പ്രതികരിച്ചത്. ഏകാന്തതയില്‍ ദൈവത്തിന്‍റെ സൗമ്യസാന്നിദ്ധ്യം നമ്മോട് പറ്റിയിരിക്കുന്നു എന്ന സത്യം ഏലിയാവിന്‍റെ ഈ അനുഭവം നമ്മെ പ്രബോധിപ്പിക്കുന്നു.

നമ്മുടെ ഏകാന്തതയുടെ നിമിഷങ്ങളില്‍ ദൈവം നമുക്ക് സമീപസ്ഥനാണെന്ന് തിരുവചനങ്ങള്‍ ഉറപ്പു നല്‍കുന്നു. ദൈവത്തെ ‘അനാഥര്‍ക്ക് ഒരു പിതാവ്, വിധവകളുടെ സംരക്ഷകന്‍’ എന്ന് വിശേഷിപ്പിക്കുന്നു, ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്നവരുടെ പരിപാലകനെന്ന നിലയില്‍ അവിടുത്തെ പങ്ക് ഊന്നിപ്പറയുന്നു. “ദൈവം തന്‍റെ വിശുദ്ധനിവാസത്തില്‍ അനാഥന്മാര്‍ക്കു പിതാവും വിധവമാര്‍ക്കു ന്യായപാലകനും ആകുന്നു” (സങ്കീര്‍ത്തനങ്ങള്‍ 68:5). യേശു തന്നെ പലസന്ദര്‍ഭങ്ങളിലും അഗാധമായ ഏകാന്തത ആസ്വദിച്ചിരുന്നു; പ്രത്യേകിച്ച് ഗെത്ത്സെമന തോട്ടത്തില്‍. അവിടെ യേശു തന്‍റെ ശിഷ്യന്മാരോട് ഉണര്‍ന്നിരിക്കാനും പ്രാര്‍ത്ഥിക്കാനും ആവശ്യപ്പെട്ടെങ്കിലും അവര്‍ ഉറങ്ങുന്നത് കണ്ടു. “പിന്നെ അവന്‍ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലയോ? പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു” (മത്തായി 26:40-41). കുരിശിലെ അവിടുത്തെ കഷ്ടപ്പാടുകളും ഒറ്റപ്പെടലും പിതാവില്‍ ആശ്രയം വയ്ക്കുവാനും ജീവനെ സമര്‍പ്പിക്കാനും ശക്തമാക്കി. “ആറാം മണിനേരമായപ്പോള്‍ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അര്‍ത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തില്‍ നിലവിളിച്ചു” (മര്‍ക്കോസ് 15:33). കാല്‍വരി ഏകാന്തതയുടെ ആഴത്തെ പ്രതിഫലിപ്പിക്കുകയും ദൈവസ്നേഹത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നു.

ബൈബിള്‍ പലപ്പോഴും ഏകാന്തതയുടെയോ മരുഭൂമിയുടെയോ കാലഘട്ടങ്ങളെ ആത്മീയ തയ്യാറെടുപ്പിനും പരിവര്‍ത്തനത്തിനുമുള്ള സമയങ്ങളായി പ്രതിഫലിപ്പിക്കുന്നു. ഉദാഹരണത്തിന്, ഇസ്രായേല്യരെ ഈജിപ്തില്‍ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുപോകുന്നതിന് മുമ്പ് മോശെ മിദ്യാന്‍ ദേശത്തേക്ക് പാലായനം ചെയ്ത് അവിടെ വാസമുറപ്പിക്കുന്നു. ഇത് അദ്ദേഹത്തിന്‍റെ വ്യക്തിപരവും ആത്മീയവുമായ വികസനത്തിന് നിര്‍ണായകമായിരുന്നു.

തടവിനിടയിലും യാത്രകളിലും എഴുതിയ പൌലോസിന്‍റെ കത്തുകള്‍; ഏകാന്തതയിലെ വിശ്വാസ തീക്ഷ്ണതയെയും ക്രിസ്തുവുമായുള്ള ആഴത്തിലുള്ള ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നു. “താഴ്ചയില്‍ ഇരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാന്‍ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിന്നും മതിയാകുന്നു”(ഫിലിപ്പിയര്‍ 4:12-13). എല്ലാ സാഹചര്യങ്ങളിലും സംതൃപ്തനായിരിക്കാന്‍ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ഒറ്റപ്പെടലില്‍പ്പോലും ശക്തിയും അതിലുള്ള അനുഗ്രഹവും ലക്ഷ്യവും ദൈവിക പദ്ധതിയും ഉദ്ദേശ്യവും കണ്ടെത്തുന്നതിനുള്ള ആത്മീയ പ്രാവിണ്യത്തെക്കുറിച്ച് പൗലോസിന്‍റെ ജീവിതസാഹചര്യങ്ങളും അനുഭവും തെളിവായി നില്‍ക്കുന്നു.

കാന്തത മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും വിഷാദം, ഉത്കണ്ഠ, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും സമകാലിക പഠനങ്ങള്‍ കാണിക്കുന്നു. ധ്യാനം, പ്രാര്‍ത്ഥന എന്നിവയിലൂടെ ദൈവിക സാന്നിധ്യം അനുഭവിക്കുവാനും ഏകാന്തതയ്ക്കിടയില്‍ ആന്തരിക സമാധാനം കണ്ടെത്താനുമുള്ള വഴികളാകുന്നു. “ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ. ഞാന്‍ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളില്‍ തനിച്ചിരിക്കുന്ന കുരികില്‍ പോലെ ആകുന്നു” (സങ്കീര്‍ത്തനങ്ങള്‍ 102:6). ‘ശൂന്യത’ എന്ന പദം സങ്കീര്‍ത്തനക്കാരന്‍റെ ഏകാന്തതയുടെ വൈകാരികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

പുതിയ നിയമത്തില്‍, ഏകാന്തതയുടെ പ്രമേയം അതിന്‍റെ ആത്യന്തികത കണ്ടെത്തുന്നത് യേശുക്രിസ്തുവിന്‍റെ വ്യക്തിത്വത്തിലാണ്. ക്രിസ്തുവിന്‍റെ ഏകാന്തതയുടെ ആഴം സുവിശേഷങ്ങള്‍ വിവരിക്കുന്നു, പ്രത്യേകിച്ച് അവിടുത്തെ കഷ്ടപ്പാടുകളുടെയും ക്രൂശീകരണത്തിന്‍റെയും സമയത്ത്. കുരിശില്‍, യേശു നിലവിളിക്കുന്നു, ഈ നിലവിളി തന്‍റെ ശാരീരിക കഷ്ടപ്പാടുകളുടെ പ്രതിഫലനം മാത്രമല്ല, മനുഷ്യരാശിയുടെ പാപത്തിന്‍റെ ഭാരം വഹിച്ചുകൊണ്ട് അനുഭവിച്ച ഏകാന്തതയുടെ പ്രകടഭാവമാണ്. തന്‍റെ ഏകാന്തതയില്‍, ദൈവവും മനുഷ്യരും തമ്മില്‍ അനുരഞ്ജനം കൊണ്ടുവരുന്നതിനുള്ള മുഴുവന്‍ വ്യാപ്തിയും ക്രിസ്തു അനുഭവിച്ചു.
എന്നിരുന്നാലും, തന്‍റെ അനുയായികള്‍ക്കുള്ള യേശുവിന്‍റെ വാഗ്ദാനം ഏകാന്തതയ്ക്ക് ഒരു മറുപുറം നല്‍കുന്നു. “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” (മത്തായി 28:20). അവരുടെ ഏകാന്തതയുടെ ആഴം എന്തുതന്നെയായാലും, ക്രിസ്തു ആശ്വാസത്തിന്‍റെയും ശക്തിയുടെയും എക്കാലത്തെയും ഉറവിടമായി തുടരുന്നുവെന്ന് വിശ്വാസിക്ക് ഉറപ്പുണ്ട്. ദൈവത്തിന്‍റെ സ്ഥിരമായ സാന്നിധ്യവും സഹവാസവും ഈ വാഗ്ദാനത്തില്‍ വിശ്വാസിക്ക് ലഭ്യമാണ്. ഏകാന്തതയുടെ ആഴങ്ങളില്‍, ദൈവസാന്നിധ്യം പുതിയതും ആത്മീയവുമായ വഴികള്‍ വിശ്വാസിക്കു മുമ്പില്‍ തുറക്കുന്നു. അവരുടെ ഒറ്റപ്പെടലില്‍ ദൈവവുമായുള്ള ആഴമേറിയ ബന്ധത്തിലേക്കുള്ള ഒരു പാത തെളിയുന്നു.

ഏകാന്തതയില്‍ ദൈവികകരം നമ്മെ ഉപേക്ഷിക്കുകയില്ല, മറിച്ച് അത് അനുകമ്പയോടെയുള്ള ഇടപെടലാണ്. ദൈവം നമ്മുടെ ഏകാന്തതയില്‍ നമ്മെ ആശ്വസിപ്പിക്കുകയും തന്‍റെ അചഞ്ചലമായ സാന്നിധ്യം നമുക്ക് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. നമ്മുടെ ഏകാന്തതയില്‍, നമ്മള്‍ ഒറ്റയ്ക്കല്ല, മറിച്ച് എല്ലാ നിഴലിലും നിശബ്ദതയിലും നമ്മെ മനസ്സിലാക്കുകയും; നമ്മോടൊപ്പം നടക്കുകയും ചെയ്യുന്ന; നമുക്ക് അഭയവും നായകനുമായ കര്‍ത്താവിനോടു കൂടെയത്രേ. ആ തമ്പുരാന്‍റെ തോളോടു ചാഞ്ഞ് ഏകാന്തതയിലും നിറഞ്ഞു കവിയുന്ന ദൈവിക സാന്നിദ്ധ്യവും ആശ്വാസ കരവും അനുഭവിക്കുവാന്‍ നമുക്കും ശീലിക്കാം. അതിനായി സര്‍വ്വശക്തനായ കര്‍ത്താവ് നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading