ലേഖനം: ആധുനിക ആത്മീകലോകവും ക്രിസ്തീയജീവിതവും | എസ്ഥേർ റ്റി.ആർ, തിരുവനന്തപുരം

കാലം പുരോഗതി പ്രാപിക്കുമ്പോൾ ക്രിസ്തീയജീവിതത്തിന്റെ പുരോഗതി വളരെ മന്ദഗതിയിലാണ് . ആധുനികത ക്രിസ്തീയജീവിതത്തിലും പടർന്ന് പിടിച്ചിരിക്കുന്നു . ശാസ്ത്രവിദ്യയുടെയും അതിനൂതനസാങ്കേതികവിദ്യയുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യന് തന്റെ ചുറ്റുപാടുകളെ നിർമ്മിക്കാനും മെച്ചപ്പെടുത്താനും ഉള്ള ശക്തിയെ ഊന്നിപ്പറയുന്ന ഒരു ചിന്താധാരയാണ് ആധുനികത . ആത്മികജീവിതത്തിൽ നിലനിൽക്കുക എന്നത് ദൈവസ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ സ്വാഭാവികാവസ്ഥയാണ്.ആത്മികജീവിതം തെരഞ്ഞെടുക്കുവാനും അതിന്റെ ആഴങ്ങളിലേക്ക് എത്തിച്ചേരാനും മനസ്സോടെ പരിശ്രമിക്കുന്ന മനുഷ്യരുടെ അധ്വാനം ദൈവം

വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . ഇക്കാര്യം വെളിപ്പെടുത്തുന്ന പല അനുഭവങ്ങളും വിശുദ്ധന്മാരുടെ ജീവചരിത്രത്തിൽ നിന്നും കാണാം.ഈ ലോകജീവിതത്തിന്റെ കളങ്കമേൽക്കാതെ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ ആത്മീയ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കുവാൻ ശ്രമിക്കേണ്ടതാണ് .

 

ആധുനികാത്മീകഗോളത്തിൽ പലവിധമാകുന്ന ആത്മീകരെ ഇന്ന് നമുക്ക് ദർശിക്കാൻ സാധിക്കും. ദൈവവചനസത്യങ്ങളെയും മൂല്യങ്ങളെയും തകിടം മറിക്കുന്ന ആത്മീകതയുടെ വക്താക്കളായി ഇവർ മാറുന്നു . മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദയെപോലെ ദൈവവചനത്തെയും ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയും ഇവർ സമൃദ്ധിയുടെ സുവിശേഷാഹ്വാനത്താൽ ദൈവജനത്തെ കബളിപ്പിക്കുന്നു . നാം സമൃദ്ധിയുടെ സുവിശേഷമല്ല മറിച്ച് ദൈവരാജ്യത്തിന്റെ സുവിശേഷമറിയിക്കുന്നവരായി മാറണം . ആരും ഏതുവിധേനെയും നിങ്ങളെ ചതിക്കരുത് ! ദൈവാരാജ്യത്തിലേക്ക് നാം ഏവരും എത്തുക എന്നതാണ് ആധ്യാത്മിക ലക്ഷ്യം . എന്നാൽ ആധുനികാത്മീകഗോളത്തിൽ പലരും നരകത്തിലേക്ക് നയിക്കുന്ന സാത്താന്റെ വക്താക്കൾ ആയി മാറിക്കഴിഞ്ഞു . ക്രിസ്തീയജീവിതത്തിൽ ആരും ശാസ്ത്രിമാരെപ്പോലെയും പരീശന്മാരെപോലെയും ആകരുത് . ഇങ്ങനെ ഉള്ളവരെ നാം വിട്ടുകൊള്ളണം .

നവമാധ്യമങ്ങളുടെ കടന്നുകയറ്റം ക്രിസ്തീയ ജീവിതത്തെയും ആധുനിക ആത്മീക ഗോളത്തെയും കാർന്നുതിന്നുന്ന ഒരു വിപത്തായി മാറി കഴിഞ്ഞിരിക്കുന്നു . തെറ്റായ പ്രബോധന ശൈലികളും പ്രചരണങ്ങൾക്കും ഇതു വഴിവയ്ക്കുന്നു . ബുദ്ധിയുള്ളവർ ഗ്രഹിക്കട്ടെ . ക്രിസ്തീയ ജീവിതം നയിക്കുന്ന ഒരു പോരാളിക്ക് പരിജ്ഞാനം കൂടിയേ തീരും . ആധുനിക ആത്മീക ഗോളം ഇന്ന് വികലവും വിമർശനാത്മകവും ആയിക്കഴിഞ്ഞു . ഇത് വളരെ ദുഃഖകരവും പരിതാപകരവും ലജ്ജാഹേതുവുമാണ് . ഇത് ഒരു വിഗ്രഹാരാധനയ്ക്ക് സമമായിരിക്കുന്നു . ഇപ്പോഴോ ദൈവത്തെ അറിഞ്ഞു വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ പിന്നെയും ബലഹീനവും ദരിദ്രവുമായ പാപങ്ങളിലേക്ക് പുതുതായി അടിമപ്പെടാൻ ശ്രമിക്കുന്നത് എന്തിന് ?

ക്രിസ്തു നമുക്ക് കാണിച്ചു തന്ന മാതൃകയാണ് ക്രിസ്തീയ ജീവിതം.ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടുകൂടെ മറ്റൊരുത്തൻ തന്നെത്താൻ ശ്രേഷ്ഠൻ എന്ന് എണ്ണി കൊള്ളണം . ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും

ഉണ്ടായിരിക്കട്ടെ. ക്രിസ്തുയേശു ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്ത് മനുഷ്യനായി വിളങ്ങി മാനവരാശിയുടെ മുഴുവൻ പാപത്തിൽ നിന്നുള്ള മോചനത്തിനായി തന്റെ അവസാനത്തുള്ളി രക്തം വരെയും ചിന്തിയ ആ ക്രിസ്തുവിനെ പോലെ മാതൃക ആരുള്ളൂ ?

ക്രിസ്തീയ ജീവിതം വിജയകരമാക്കാൻ നാം നമ്മുടെ ജീവിതത്തെ തിരിച്ചറിയണം . പ്രവൃത്തിയിലൂടെയാണ് ജീവിതത്തെ തിരിച്ചറിയുന്നത് .പ്രവർത്തിയില്ലാത്ത വിശ്വാസം ചത്തതാകുന്നു . ആത്മാവിന്റെ ഫലങ്ങൾ ഉണ്ടെങ്കിൽ ആ വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കുന്നു . പുറത്തു മാന്യതയും അകമേ കടിച്ചു കീറുന്ന ചെന്നായ്ക്കളുടെ പെരുമാറ്റമെങ്കിൽ എന്ത് കാര്യം? നിരന്തര സ്തുതി സ്തോത്ര യാഗങ്ങളിലൂടെ സകല സൃഷ്ടികർത്താവും സർവ്വസൈന്യാധിപനും സർവ്വവ്യാപിയും സർവ്വഞ്ജാനിയും ആയ ദൈവത്തെ മഹത്വപ്പെടുത്തുന്നതിലൂടെ ഈ ജീവിതം വിജയകരമാക്കാം . ആത്മീക ഐക്യത സഭയിലും ജീവിതത്തിലും പരിപാലിക്കണം; അത് ക്രിസ്തീയധാർമികതയുടെ അടിസ്ഥാനഘടകമാണ് . ദൈവത്തിന് മുഖപക്ഷം ഇല്ലല്ലോ .നമ്മൾ വെളിച്ചം ആണെന്നും ഈ വെളിച്ചം മറ്റുള്ളവരുടെ മുൻപിൽ പ്രകാശിക്കണം എന്നും നാം തിരിച്ചറിയണം .അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത ദൈവത്തിന്റെ ദീർഘക്ഷമയാണ് ഈ കാലത്തിലെ ദൈവത്തിന്റെ അളവുകോൽ . എന്നാൽ കർത്താവിന്റെ വരവിങ്കൽ ആരെല്ലാം എടുക്കപ്പെടും ആരെല്ലാം തള്ളപ്പെടും എന്നത് അവനവന്റെ ക്രിസ്തീയ ജീവിതശൈലിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.

അനുഗ്രഹങ്ങളുടെ ആധിക്യത്താലുള്ള സുവിശേഷത്തിന് പകരം ജീവിതാനുഭവങ്ങളുടെ സാക്ഷ്യമായിരിക്കട്ടെ നമ്മുടെ ക്രിസ്തീയ ജീവിതം . ഇത് അന്ത്യകാലമാണ് .കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു. നമ്മുടെ വിളിയും തിരഞ്ഞെടുപ്പും ഈ നാളുകളിൽ തിരിച്ചറിഞ്ഞ് ക്രിസ്തീയ ജീവിതം ഒന്നുകൂടി പുനംക്രമീകരിച്ച് ദൈവ ഇഷ്ടപ്രകാരം പുതുക്കി രൂപാന്തരപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ് . അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചു കളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കളെപോലെ ആയിരിക്കാതെ ബുദ്ധിയുള്ളവരും പരിജ്ഞാനത്താൽ സകല മർമ്മങ്ങളെയും വേർതിരിച്ചറിഞ്ഞ് ദൈവരാജ്യത്തിന്റെ അവകാശികൾ ആകാനും ക്രിസ്തുവെന്ന തലയോളം സകലത്തിലും വളരുവാൻ ശ്രമിക്കുക. അതല്ലോ ദൈവനിർണയം .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.