ചെറു ചിന്ത: വായിച്ചാലും ഇല്ലെങ്കിലും | റോജി തോമസ്

“വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും” – കുഞ്ഞുണ്ണി മാഷ്

വ്യക്തികള്‍ക്കിടയില്‍ ഒരു ശീലമെന്ന നിലയില്‍ പുസ്തക വായന കുറയുന്നത് സമീപ കാലഘട്ടങ്ങളില്‍ നമ്മെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. പത്രങ്ങള്‍പോലും ടീപ്പോയില്‍ വിശ്രമിക്കുന്ന മടക്ക് നിവര്‍ത്താത്ത ശൈലീ പ്രതീകങ്ങള്‍ മാത്രമായി.

ഡിജിറ്റല്‍ മീഡിയ വന്നതോടെ ആളുകള്‍ക്ക് മുമ്പെന്നതിനെക്കാള്‍ അധികമായി പ്രിന്‍റഡ് മാധ്യങ്ങളോട് താല്പര്യം നശിച്ചു. ഇത് പലപ്പോഴും വായന കുറയുന്നതിലേക്കും അശേഷം ഇല്ലാതാവുന്ന നിലയിലും എത്തി. ഇന്നത്തെ ലോകത്ത്, ദീര്‍ഘ വായനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പല വ്യക്തികളും വെല്ലുവിളിയായി കാണുന്നു. ആളുകള്‍ക്ക് പുസ്തകങ്ങളില്‍ മുഴുകുന്നത് ബുദ്ധിമുട്ടും അക്ഷമയും ആകുന്നു.

ആധുനിക ജീവിതശൈലി പലപ്പോഴും തിരക്കുള്ളതാണ്, വായന പോലുള്ള ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ച് സമയം മാത്രമേ അവശേഷിക്കുന്നുള്ളൂ. ജോലി, പഠനം, പരിപാലനം, കുടുംബ ബാധ്യതകള്‍, മറ്റ് ഉത്തരവാദിത്തങ്ങള്‍ എന്നിവയ്ക്കിടയില്‍ പതിവായി വായിക്കാന്‍ സമയവും സന്ദര്‍ഭവും ഊര്‍ജവും കണ്ടെത്താന്‍ ആളുകള്‍ പാടുപെട്ടേക്കാം.

പുസ്തകങ്ങള്‍ അറിവിന്‍റെയും വിനോദത്തിന്‍റെയും വിലപ്പെട്ട സ്രോതസ്സായി തുടരുമ്പോള്‍, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍, ഓഡിയോ ബുക്കുകള്‍, ഓണ്‍ലൈന്‍ വാര്‍ത്താ സംവിധാനങ്ങള്‍, തല്‍സമയ സംപ്രേക്ഷണങ്ങള്‍ എന്നിവ പോലുള്ള സാധ്യതകളില്‍ നിന്ന് വായനാശീലം കടുത്ത മത്സരത്തെ അഭിമുഖീകരിക്കുന്നു. കണ്ണോടിച്ചുപോകുന്ന ഒരു ആവശ്യകതമാത്രമായി നമുക്കത്. മറ്റു സാധ്യതകള്‍ സൗകര്യവും വഴക്കവും ആകുമ്പോള്‍ പരമ്പരാഗത അച്ചടി മാധ്യമങ്ങളെക്കാള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലേക്ക് വ്യക്തികള്‍ ആകര്‍ഷിക്കപ്പെടുന്നു.

ഈ വെല്ലുവിളികള്‍ക്കിടയിലും, പുസ്തക വായനയില്‍ ചിലര്‍ പ്രാധാന്യവും ആനന്ദവും ആരോഗ്യവും നിലനിര്‍ത്തുന്നതായി കാണാം. ബൗദ്ധിക ഉന്നമനം, വൈകാരിക ഉജ്ജ്വലനം, ആയാസരഹിവും വിശ്രമാധിഷ്ഠിതവുമായ നിരവധി നേട്ടങ്ങള്‍ പുസ്തകവായന വാഗ്ദാനം ചെയ്യുന്നു. സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും വായനയോടുള്ള ഇഷ്ടം വളര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.

വായനാശീലത്തിന്‍റെ പുനഃസ്ഥാപനത്തിന് വ്യക്തികള്‍, സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവ ഒത്തു ശ്രമിക്കേണ്ടണ്ടിയിരിക്കുന്നു. കൂടാതെ, വിദ്യാഭ്യാസ പാഠ്യപദ്ധതികളിലേക്ക് വായന സമന്വയിപ്പിക്കുകയും കുടുംബങ്ങളിലും സമൂഹത്തിലും വായനയ്ക്ക് അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നത് പുസ്തകങ്ങളോടും സാഹിത്യങ്ങളോടുമുള്ള ആജീവനാന്ത മതിപ്പ് വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.

പുസ്തകവായന കാലാതീതമായ ബൗദ്ധിക മുന്നേറ്റത്തിന്‍റെ വിളക്കുമാടമായി നിലകൊള്ളുന്നു. അതിലെ താളുകള്‍ ജ്ഞാനവും വികാരവിചാരങ്ങളും നാടകീയതകളും ചരിത്രവും അനുഭവും കാലഘട്ടങ്ങളും ഭാഷയും എന്നിങ്ങനെ എന്തെന്തു വസ്തുതകളുടെ കലവറയായി നിറഞ്ഞിരിക്കുന്നു. എന്നിട്ടും, പുരോഗതിയുടെ പ്രയാണത്തിനിടയില്‍, മാനുഷിക പ്രബുദ്ധതയുടെ മൂലക്കല്ലായി ഒരിക്കല്‍ ബഹുമാനിക്കപ്പെട്ടിരുന്ന ഈ വിശുദ്ധമായ ശീലം, ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്വാധീനം മൂലം ഒരു വഴിത്തിരിവിലാണ്.

ഒരു പുസ്തകത്തിന്‍റെ; പഴക്കമുള്ള കൂട്ടുകെട്ട്, കൈയിലുള്ള അതിന്‍റെ സാന്നിധ്യം, അഗാധവും അതിശയകരവുമായ അറിവും ആസ്വാദനവും വികാസവും നല്‍കുന്ന പേജുകള്‍ എന്നിവ എത്ര ഗൃഹാതുരമാണ്. ആശയങ്ങളും ആധിപത്യങ്ങളും ജനിക്കുകയും, അക്ഷരസ്നേഹികള്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്ന സാഹിത്യത്തിന്‍റെ പവിത്രമായ താളിതളുകളില്‍, ഡിജിറ്റല്‍ യുഗത്തിന്‍റെ മുന്നേറ്റത്തെ മറികടക്കുന്ന ഒരു അജയ്യശക്തിയായി ലിഖിതപദാവലി ഇന്നും നിലനില്‍ക്കുന്നു.

പുസ്തകം അജ്ഞാതമായ മേഖലകളിലേക്കുള്ള ഒരു കവാടമല്ലാതെ മറ്റെന്താണ്, കഴിഞ്ഞ നൂറ്റാണ്ടുകളുടെ ചരിത്രവും ജീവതവും വരാനിരിക്കുന്ന തലമുറകളുടെ സ്വപ്നങ്ങളും വഹിക്കുന്ന ലിപിവിന്യസിത സ്വര്‍ണ്ണപാത്രം! അതിന്‍റെ പേജുകളില്‍ മനുഷ്യന്‍റെ വിജയത്തിന്‍റെയും ദുരന്തത്തിന്‍റെയും വൃത്താന്തങ്ങള്‍, തത്ത്വചിന്തകരുടെ ആശയങ്ങള്‍, കവികളുടെ കാവ്യചിന്തകള്‍! അതിലെ ഓരോ വാക്കും സമയത്തിന്‍റെയും സ്ഥലത്തിന്‍റെയും പരിധികള്‍ മറികടക്കാനുള്ള മനുഷ്യന്‍റെ അതിരുകളില്ലാത്ത കഴിവിന്‍റെ വിശാലതയാണ്.

വായനാശീലമുള്ള ഒരു വ്യക്തി കേവലം അറിവിന്‍റെ ശേഖരണത്തിനപ്പുറം മാനസികവും ബൗദ്ധികവും ശാരീരികവുമായ മേഖലകളില്‍ സ്വസ്ഥതയും സുഖവും അനുഭവിക്കുന്നു. അവന്‍റെ വായനാശീലം അവന്‍റെ ശരീരത്തിനോ കണ്ണുകള്‍ക്കോ ആയാസമോ ക്ഷതമോ വരുത്തുന്നില്ല. അവന്‍റെ ചിന്തകള്‍ ചിറകുവിരിക്കുകയും തലച്ചോറിന്‍റെ ഉപയോഗവും വികാസവും സാധ്യമാവുകയുമാണ്. വായിക്കുന്ന ഒരുവന്‍ തന്‍റെ ചിന്തകള്‍ക്കനുസരിച്ച് വിഭാവനം ചെയ്യുകയും കണക്കുട്ടലുകള്‍ നടത്തുകയും എതിര്‍ക്കുകയോ അനുകൂലിക്കുകയോ വിമര്‍ശ്ശിക്കുകയോ എല്ലാം ചെയ്യുമ്പോള്‍ തനിക്ക് ഗുണകരമായ ഒരു ശീലം തുടരുകയാണ് ചെയ്യുന്നത്.

ഈ അടുത്ത കാലത്ത് റെസ്റ്റോറന്‍റില്‍ വച്ച് ഒരു യുവാവിനെ സപുസ്തകം കാണേണ്ടിവന്നത് അത്യന്തം അത്ഭുതകരമായിരുന്നു. അദ്ദേഹം മൊബൈലിനെക്കാള്‍ അധികമായി ഒഴിവിടങ്ങളില്‍ പുസ്തകവായന പ്രമുഖമായി കരുതി. അതുപോലെ ഒരു ചൈനക്കാരന്‍ തന്‍റെ പാര്‍ക്കിംഗ് ഇടവേളയില്‍ പുസ്തകം വായിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. മൊബൈല്‍ വിപ്ലവം കൊടിപിടിച്ച രാജ്യത്തെ ഒരു പൗരന്‍ അത് മാറ്റിവെച്ച് വീട്ടില്‍ എന്നതിലുപരി തന്‍റെ സഞ്ചാരപാതയില്‍ പുസ്തകം കരുതിവച്ച് വായിക്കുന്നു. നല്ല വായനയിലൂടെ നല്ല മനുഷ്യന്‍ രൂപപ്പെടുന്നു. അതുകൊണ്ടാണ് ‘പുസ്തകം വായിച്ചു വളരാത്തവന്‍ വെറും മൃഗമാണ്’ എന്നു ഷേക്സ്പിയര്‍ പറഞ്ഞത്.

മാനസികമായി, വായനയുടെ പ്രയോജനങ്ങള്‍ പലവിധമാണ്. വൈവിധ്യമാര്‍ന്ന സാഹിത്യകൃതികളുമായി ഇടപഴകുന്നത് മനസ്സിനെ തണുപ്പിക്കുകതന്നെ ചെയ്യും. വിമര്‍ശനാത്മക ചിന്ത, വിശകലനം, പ്രശ്നപരിഹാരം തുടങ്ങിയ വൈജ്ഞാനിക കഴിവുകള്‍ വളര്‍ത്തുന്നു. മാത്രമല്ല, വായന ഭാവനയെയും സര്‍ഗ്ഗാത്മകതയെയും ഉത്തേജിപ്പിക്കുന്നു. മനസ്സിനെ യാഥാര്‍ത്ഥ്യങ്ങളിലേക്കും സാങ്കല്‍പ്പിക ലോകത്തേയ്ക്കും ഒരുപോലെ നയിക്കുന്നു. വായന ദൈനംദിന ജീവിതത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ മാനസിക പുനഃരുജ്ജീവനത്തിനും സ്വസ്ഥതയനുഭവിക്കുന്നതിനും ഒരു വഴി നല്‍കുന്നു. ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതുമായി വായനയെ ബന്ധിപ്പിച്ചിരിക്കുന്നു. കാരണം ഉറക്കത്തിനു മുമ്പ് ഒരു നല്ല പുസ്തകം വായിച്ച് വിശ്രമിക്കുന്നത് സുഖകരവും പതിയെ സ്വസ്ഥമായ മയക്കത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യും.

പുസ്തകങ്ങളുടെ താളുകള്‍ക്കുള്ളില്‍ മനുഷ്യവിജ്ഞാനത്തിന്‍റെ വിശാലതയെ അനുഭവിച്ചറിയുവാന്‍ കഴിയും. ചരിത്രവും ശാസ്ത്രവും വിജ്ഞാനവും തത്വചിന്തയും മുതല്‍ വ്യത്യസ്ത സാഹിത്യശൈലികളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ വായനക്കാര്‍ അവരുടെ ബൗദ്ധിക ചക്രവാളം വികസിപ്പിക്കുന്നു.

പുസ്തകത്തിന്‍റെ താളുകള്‍ക്കിടയില്‍ ഒരു യാത്ര ആരംഭിക്കുന്നു. ഭാവനയുടെയും കണ്ടെത്തലിന്‍റെയും മാത്രമല്ല, മസ്തിഷ്ക വികാസത്തിലും ഓര്‍മ്മ ശക്തിയിലും സ്വാധീനം ചെലുത്തുന്ന ഒരു യാത്ര. കണ്ണുകള്‍ വാചകത്തിന്‍റെ വരികളിലൂടെ സഞ്ചരിക്കുമ്പോള്‍, മസ്തിഷ്കം ഭാവനയിലേക്ക് നീങ്ങുന്നു. ഇത് വായനക്കാരന്‍റെ വൈജ്ഞാനിക വാസ്തുവിദ്യയ്ക്ക് ഉതകുന്ന ചിന്തകള്‍ക്ക് കാരണമാകുന്നു. ബുദ്ധിയുടെ പ്രവര്‍ത്തനക്ഷമത അതിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമാകും; ഉപയോഗം കുറയുന്നുവെങ്കിലോ പ്രവര്‍ത്തനക്ഷതവും തളര്‍ച്ചയും ഉണ്ടാവും. ഇന്നത്തെ മൊബൈല്‍ ഉപയോഗത്താല്‍ എന്തും ഏതിനും സെര്‍ച്ച് ചെയ്താലോ ഗൂഗിളിനോട് ചോദിച്ചാലോ മതി, അല്ലെങ്കില്‍ ആപ്പുകള്‍ ഉണ്ട്. ഇതുകാരണം ഓര്‍ത്തിരിക്കേണ്ടതിന്‍റെയോ, പഠിച്ചിരിക്കേണ്ടതിന്‍റെയോ, അറിഞ്ഞിരിക്കേണ്ടതിന്‍റെയോ ആവശ്യകത കുറഞ്ഞ് വരുന്നു. പഴമക്കാര്‍ പറയുന്നതുപോലെ തലപുകയ്ക്കേണ്ടതില്ല. അങ്ങനെ വരുന്നതിലൂടെ നമുക്ക് സൃഷ്ടിപരമായി കിട്ടിയ ഒരു കഴിവ് അറ്റുപോകുക ആയിരിക്കില്ലേ?

ഒരു ശരാശരി വായനക്കാരന്‍ മിനിറ്റില്‍ 250 വാക്കുകളുടെ വേഗതയില്‍ ഒരു പുസ്തകത്തിലൂടെ സഞ്ചരിക്കുന്നു, അതിനാല്‍ ആഴ്ചയില്‍ 105,000 വാക്കുകളായി 420 മിനിറ്റ്. ഇന്നത്തെ മിക്ക പുസ്തകങ്ങളും ഏകദേശം 60,000 വാക്കുകളാണ്. നിങ്ങള്‍ക്ക് ഓരോ ദിവസവും ഒരു മണിക്കൂര്‍ വായിക്കാമെന്നും മിനിറ്റില്‍ ഏകദേശം 250 വാക്കുകള്‍ വായിക്കാമെന്നും കരുതിയാല്‍, നിങ്ങള്‍ക്ക് ആഴ്ചയില്‍ ഒന്നിലധികം പുസ്തകങ്ങള്‍ അല്ലെങ്കില്‍ പ്രതിവര്‍ഷം 60 അല്ലെങ്കില്‍ 70 പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അത് ജീവിതത്തിന്‍റെ ഒഴിവ് സമയങ്ങളില്‍ സാധ്യമാക്കാവുന്നതാണ്. ദിവസേന വായിക്കുക. രാവിലെ സമയങ്ങളില്‍, കോഫി ഷോപ്പില്‍, സായാഹ്ന സമയങ്ങളില്‍, കിടപ്പില്‍, യാത്രാ സമയങ്ങളില്‍ എന്നിങ്ങനെ. എപ്പോള്‍ വേഗത്തില്‍ വായിക്കണമെന്നും എപ്പോള്‍ പതുക്കെ വായിക്കണമെന്നും നല്ലൊരു വായനാശാലിക്ക് അറിയാം.

നമ്മില്‍നിന്നും അന്യംനിന്നു പോകുന്ന ശീലങ്ങളിലും നന്മയിലും സ്വഭാവഗുണങ്ങളിലും ശൈലികളിലും വ്യവസ്ഥിതികളിലും ഉള്‍ച്ചേരുന്ന ഒരു ഭാഗം മാത്രമാണ് വായനാശീലം. ആയതിനാല്‍ നിസാരമെങ്കിലും അധികം നന്മകളുള്ള നഷ്ടപ്പെട്ട പുസ്തകവായനയുടെ ശീലം വീണ്ടെടുത്തുക്കൊണ്ട് സാഹിത്യത്തിന്‍റെ കാലാതീതമായ ആശ്ലേഷത്തില്‍ മുഴുകാം. അവിടെ ഓരോ വാക്കും അന്തരംഗത്തിലും ചിന്തയിലും പ്രതിധ്വനിക്കട്ടെ. മനുഷ്യഭാവനയുടെ ശാശ്വതശക്തിയെ ഓര്‍മ്മപ്പെടുത്തുന്ന; അറിവിനും ആനന്ദത്തിനും വേണ്ടിയുള്ള അന്വേഷണ ഇടങ്ങളാണല്ലോ പുസ്തകത്താളുകള്‍!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.