ലേഖനം: ഇവയിൽ വലിയതോ സ്നേഹം തന്നെ | അമൽ മാത്യു

ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ. – 1 കൊരിന്ത്യർ 13:13

എന്തുകൊണ്ടാണ് സ്നേഹം മാത്രം വലുതായി ചിത്രീകരിച്ചത്? നമുക്കറിയാം വിശ്വാസവും പ്രത്യാശയും ഉണ്ടെങ്കിലേ ആത്മീക ജീവിതത്തിൽ മുന്നോട്ട് പോകുവാൻ കഴിയുകയുള്ളൂ എന്ന്. ഒരുപക്ഷേ ഇവ മൂന്നും വലിയതാണ് എന്ന് പറയാമായിരുന്നു. എന്നിട്ടും എന്താണ് പൗലോസ് അപ്പോസ്തലൻ അത് രണ്ടിനെക്കാളും വലുത് സ്നേഹമാണെന്ന് പറയുന്നത്? എന്താണ് സ്നേഹത്തിനു ഇത്ര പ്രസക്തി? 1 കൊരിന്ത്യർ 13ാം അദ്ധ്യായത്തിൽ അതിൻ്റെ 1ാം വാക്യം മുതൽ സ്നേഹമില്ലെങ്കിൽ ഒന്നുമില്ല, സ്‌നേഹമില്ലെങ്കിൽ ഞാൻ ഏതുമല്ല, സ്നേഹമില്ലെങ്കിൽ എനിക് ഒരു പ്രയോജനവുമില്ല എന്നിങ്ങനെ കാണുവാൻ സാധിക്കും.

യഥാർത്ഥത്തിൽ എന്താണ് സ്നേഹം?
ആർക്കാണ് സ്നേഹിക്കാൻ പറ്റുക?
എങ്ങനെയാണ് സ്നേഹിക്കാൻ കഴിയുക?

കുറച്ച് പൈസ കൊടുക്കുന്നതും ഭൗതിക കാര്യങ്ങളിൽ സഹായിക്കുന്നതും
പ്രാർത്ഥിക്കാം എന്ന് പറയുന്നതുമാണോ ഈ സ്നേഹം?
(ഇതെല്ലാം ഒരു തരത്തിൽ സ്നേഹം തന്നെയാണ്). നാല് പേരുടെ മുമ്പിൽ പ്രസംഗിക്കുവാൻ ആർക്കും പറ്റും, പ്രവർത്തിച്ച് കാണിക്കുവാൻ എത്ര പേർക്ക് പറ്റും.? മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടിയല്ല, മറിച്ച് ഇരു ചെവി അറിയാതെ, പേരിനും പ്രശസ്തിക്കും വേണ്ടിയല്ലാതെ, ദൈവത്തിനു വേണ്ടി, ദൈവനാമത്തിന് വേണ്ടി ചെയ്യുവാൻ എത്ര പേർക്ക് ഇടയാകും? (ചെയ്യുന്നവർ ഇല്ല എന്നല്ല. എനിക്ക് വ്യക്തിപരമായി അനേകം ആളുകളെ അറിയാം)

ബൈബിൾ പ്രകാരം നോക്കുകയാണെങ്കിൽ യേശുകർത്താവ് എങ്ങനെ സ്നേഹിക്കണം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ്. മണ്ണിൽ തുപ്പി അതെടുത്ത് ചെളിയുണ്ടാക്കി കുരുടൻ്റെ കണ്ണിൽ പൂശിയ യേശു, കുഷ്ഠരോഗിയെ സ്പർശിച്ചുകൊണ്ട് സുഖപ്പെടുത്തിയ യേശു, നാറ്റം വമിച്ച കല്ലറയിൽ നിന്ന് 4ാം ദിവസം ലാസറിനെ ഉയർപ്പിച്ച യേശു, അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. യേശു സ്നേഹത്തിൻ്റെ പ്രതീകമാണ്. യേശു ദൈവമാണെന്ന് പറയുമ്പോൾ തന്നെ ഒരു മനുഷ്യനായി, മനുഷ്യനെ പോലെ ഈ ഭൂമിയിൽ ജീവിച്ചു കാണിച്ചു. ഒരു സാധാരണ മനുഷ്യൻ എങ്ങനെയാണോ അതുപോലെ എല്ലാവരെയും സ്നേഹിച്ചും, കരുതിയും, നല്ല പ്രവർത്തികൾ ചെയ്തും, നമ്മളിൽ ഒരുവനായി യേശു നമ്മോട് കൂടെ ഉണ്ടായിരുന്നു.

പ്രിയമുള്ളവരെ, നമുക്ക് സാധിക്കുമോ, നമ്മുടെ നിലയും വിലയും വിട്ട് നമ്മുടെ സഹവാസികൾക്ക്, കഷ്ടത അനുഭവിക്കുന്നവർക്ക്, രോഗത്താൽ ഭാരപ്പെടുന്നവർക്ക് തണലായി നില കൊള്ളൂവാൻ? ദൈവം നമ്മെ നന്മകൾ നൽകി അനുഗ്രഹിക്കും, ഈ ലോകത്തിൽ നാം ഓരോരുത്തരെയും മാനിക്കും. പക്ഷേ അതൊന്നും നാം മാത്രമാണ് വലിയത് എന്ന് പറയുവാൻ ആകരുത്, യേശു നമുക്ക് മാതൃകയായത് പോലെ നമ്മുടെ സഹ പ്രവർത്തകരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുവാനും, അവരെ ചേർത്ത് പിടിക്കുവാനും, പണത്തിനെക്കാൾ ഉപരി അവരിൽ ഒരാളായി, കൂടെ നിർത്തുവാൻ നമുക്ക് സാധിക്കുമോ? നമ്മുടെ ചുറ്റുപാടിൽ തന്നെ എത്ര പേർ ഉണ്ടായിരിക്കും, നമ്മുടെ സഭയിൽ തന്നെ എത്ര പേർ ഉണ്ടായിരിക്കും. അവർക്ക് പണമായിരിക്കില്ല വേണ്ടത്, മറിച്ച് ഒന്നാശ്വസിപ്പിക്കുവാൻ, ഒരു നല്ല വാക്ക് പറഞ്ഞ് സമാധാനിപ്പിക്കുവാൻ, പ്രീയമുള്ളവരെ നമുക്ക് അതിൽ ഒരാളായി മാറുവാൻ സാധിക്കില്ലേ?
ദൈവവും നമ്മേക്കുറിച്ച് അതാണ് ആഗ്രഹിക്കുന്നത്. വിശ്വാസവും പ്രത്യാശയും മുറുകപിടിച്ച് ഈ ലോക യാത്രയിൽ മുന്നോട്ട് മുന്നേറുമ്പോൾ സ്നേഹമെന്ന വലിയ സന്ദേശം മറ്റുള്ളവർക്ക് കൈമാറി, മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാൻ, പ്രാർത്ഥനയോടെ പോകുവാൻ ദൈവം നമ്മെ ഇടയാകട്ടെ.

 

“സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.”

(അമൽ മാത്യു)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.