ഭാവന: അഡ്രസ്സ് മാറ്റിയവൻ | ദീന ജെയിംസ് ആഗ്ര

ഉദിച്ചുവരുന്ന സൂര്യ കിരണങ്ങൾ രണ്ടുംകൽപ്പിച്ചാണെന്ന് തോന്നുന്നു, അത്രയുണ്ട് രാവിലെ തന്നെ ചൂടിന്റെ കാഠിന്യം… എന്റെ കൈപിടിച്ച് നടക്കുമ്പോൾ അമ്മ പിറുപിറുത്തു. ചൂടിന്റെ തീവ്രത മനസ്സിലാക്കിയിട്ടാകും എന്നും ഇരുത്തുന്നയിടത്തു നിന്ന് അല്പം മാറി ഒരു മരത്തണലിൽ ഇരുത്തി എന്നെ. വൈകിട്ട് നേരത്തെ വരാം എന്ന് പറഞ്ഞ് അമ്മ യാത്രയായി.

ആവുന്നത്ര പറഞ്ഞുനോക്കിയതാണ് അമ്മയോട് ഇന്ന് വീട്ടിൽ വിശ്രമിക്കാൻ അനുവദിക്കാൻ. വീട്ടിലെ പ്രാരാബ്‍ധം അമ്മയെ അതിനനുവദിച്ചില്ല. എന്റെ മുന്നിൽ വീഴുന്ന നാണയത്തുട്ടുകൾ മാത്രമാണ് അമ്മയും ഞാനും അപ്പനും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാനം.ഒരു ദിവസം അത് മുടങ്ങിയാൽ മൂന്നു വയറുകൾ പട്ടിണിയാകും.
എന്തൊരു വിധിയാണിത്. വെറുതെ ഓരോന്നോർത്തിരുന്നു ഞാൻ. ആരൊക്കെയോ എന്റെ മുന്നിലേക്ക് നാണയ തുട്ടുകൾ ഇടുന്നുണ്ട്. നല്ല തിരക്ക് ഉള്ളത് പോലെ തോന്നി.പെട്ടന്നാണത് സംഭവിച്ചത്… ആരോ ഒരാൾ എന്റെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചു. ആരൊക്കെയോ സംസാരിക്കുന്നത് മാത്രം കേൾക്കാം… എന്താ എന്തായിത്? ഞാൻ ഉറക്കെ നിലവിളിച്ചു. ഒരാൾ എന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു പേടിക്കേണ്ട, എന്റെ കണ്ണിലെന്തോ തേച്ചു അവരിലൊരാൾ.. ശീലോഹാം കുളത്തിൽ പോയി കഴുകാനും പറഞ്ഞു. സംഭവിക്കുന്നതൊന്നും തിരിച്ചറിയാതെ അന്ധാളിച്ചു നിന്ന എന്നോടൊരാൾ പറഞ്ഞു വാ, ഞാൻ നിന്നെ കൊണ്ടുപോകാം അവിടേക്ക്. ആരാ നിങ്ങൾ? എന്തിനാ എന്നെ കൊണ്ടുപോകുന്നത്? എനിക്കൊന്നും മസ്സിലാകുന്നില്ല.. ഞാൻ കരഞ്ഞു പറഞ്ഞു. കരയണ്ട സഹോദരാ, നിനക്ക് കാഴ്ച കിട്ടാൻ പോകുന്നു!അദ്ദേഹം എന്നെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

ആ മനുഷ്യനോടൊപ്പം നടന്നു അയാളുടെ വാക്കുകളിൽ യാതൊരു പ്രതീക്ഷയും എനിക്ക് ഇല്ലായിരുന്നെങ്കിലും. ജന്മനാ അന്ധനായ എനിക്ക് കാഴ്ച കിട്ടുമെന്ന് വിശ്വസിക്കാൻ ആകുമായിരുന്നില്ല.അപ്പോഴാണ് എന്റെ നാണയത്തുട്ടുകൾ ഓർമ്മ വന്നത്. “അയ്യോ, എന്റെ പൈസ…” സാരമില്ല അതുപോട്ടെ, ആ മനുഷ്യൻ വീണ്ടും എന്നെ ആശ്വസിപ്പിച്ചു. കുറച്ചുദൂരമുണ്ടായിരുന്നു നടക്കാൻ.അവിടെ എത്തി ആ മനുഷ്യൻ കുളത്തിലെ വെള്ളം എടുത്ത് എന്റെ കണ്ണുകൾ കഴുകി. അയ്യോ, എനിക്ക് കാണാൻ പറ്റുന്നു! ഞാൻ ഉറക്കെ അലറി… ഹാലെല്ലുയ്യാ എന്ന് ആ മനുഷ്യനും!

ഞാൻ ഉറക്കെ കരയാൻ തുടങ്ങി സന്തോഷത്താൽ… ആരാ എന്നെ സുഖപ്പെടുത്തിയത്? അദ്ദേഹം എവിടെ?
യേശുവാണ് നിനക്ക് വേണ്ടി ഈ അത്ഭുതം ചെയ്തത്… അദ്ദേഹം എന്നോട് പറഞ്ഞു.
എന്റെ നിലവിളി കേട്ടിട്ട് വലിയ ഒരു കൂട്ടമാളുകൾ തടിച്ചുകൂടി. എന്നെ കണ്ടവർക്കൊന്നും വിശ്വാസം വന്നില്ല. ഭിക്ഷക്കാരൻ പയ്യനല്ലേ ഇവനെന്നും അല്ല അവനെപ്പോലെ വേറെ ആരോ ആണെന്നും അവരുടെ ഇടയിൽ സംസാരമുണ്ടായി.
അത് ഞാൻ തന്നെ എന്ന് ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.

അന്ധനായ ഭിക്ഷക്കാരന് കാഴ്ച കിട്ടി എന്ന വാർത്ത എല്ലായിടത്തും എത്തി. എന്നെ കാണുവാൻ ആളുകൾ തിക്കും തിരക്കും കൂട്ടി. എന്നോടൊപ്പം സെൽഫിയും വീഡിയോയും എടുക്കാൻ ചെറുപ്പക്കാരുടെ നീണ്ട ക്യൂവായി. എനിക്ക് ആകെ അത്ഭുതം! യേശു എന്നെ സൗഖ്യമാക്കിയത് പലർക്കും തീരെ പിടിച്ചില്ല. അല്ലേലും ഒരുവൻ നന്നാകുന്നത് മറ്റൊരുത്തനു ഇഷ്ടപെടില്ലല്ലോ… ഭിക്ഷയെടുത്തു നടന്നപ്പോ തിരിഞ്ഞുപോലും നോക്കാത്ത പരീശന്മാരും വന്നു എനിക്ക് സംഭവിച്ചത് എന്തെന്നറിയാൻ. എന്റെ അപ്പനേയും അമ്മയെയും വിളിപ്പിച്ച് ഉറപ്പുവരുത്തി ഞാൻ കുരടൻ ആയിരുന്നെന്ന്. അവർക്ക് അല്പം പേടിയുണ്ടായിരുന്നു പള്ളിയിൽ നിന്ന് ഇനി മുടക്കുമോ എന്ന്. എന്നാൽ എനിക്ക് തെല്ലും ഭയമില്ലായിരുന്നു യേശുവിനെ ഉയർത്തുവാനും അവൻ എന്റെ കണ്ണ് തുറന്നു എന്ന് പറയാനും…. അവരെന്നെ പുറത്താക്കി. അവിടെയും യേശു എന്നെ കൈവിട്ടില്ല.

പിറവി കുരുടൻ എന്ന, ഭിക്ഷക്കാരനായ അന്ധൻ എന്ന എന്റെ അഡ്രസ്സ് യേശുമാറ്റി! ഇന്ന് ഞാൻ യേശുവിന്റെ ജീവിക്കുന്ന സാക്ഷിയാണ്. ഒരു ലജ്ജയുംകൂടാതെ എവിടെയും ഈ യേശുവിനെ ഞാൻ പ്രസംഗിക്കുന്നു. ഭിക്ഷയാചിച്ചിരുന്ന തെരുവുകളിലൊക്കെ ഇന്ന് ഞാൻ യേശുവിനെ ഉയർത്തുന്നു!  ആരെല്ലാം എതിർത്താലും ഇനിയും ഞാൻ യേശുവിന്റെ സാക്ഷിയായി ജീവിക്കും!
പരീശന്മാരോട് ഞാൻ ചോദിച്ച ചോദ്യം നിങ്ങളോടും ചോദിക്കുവാ… നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ?

ദീന ജെയിംസ് ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.