കവിത: കുടുംബം | രാജൻ പെണ്ണുക്കര

എത്രശ്രേഷ്ഠമാണൊന്നുകേൾക്കുവാനോമനപേരുചൊല്ലും “കുടുംബം”…

കൂടുമ്പോളിമ്പമെന്നവാക്കന്വർത്ഥമാക്കണം “കുടുംബം”…

ഇത്രശ്രേഷ്ഠമാമീവാക്കിനർത്ഥമിന്നേതുവിധമെന്നോർക്കുമോ?..
കൂടുമ്പോളിന്നു കേൾക്കുവാനുണ്ടോ ഇമ്പമാം മൃദുസ്വരങ്ങൾ!!.

എവിടെത്തിരിഞ്ഞാലും കേൾക്കാനുണ്ട് സൗന്ദര്യപിണക്കം…
കദനമാം കഥകളല്ലേ നാമിന്നുകേൾക്കുന്നതും പലപ്പോഴും..

പിന്നെ പരസ്പരമൊന്നുതാഴാനുമിന്നാർക്കുണ്ടുഭാവം…
ഞാനെന്നയഹംഭാവമല്ലേ വളരുന്നതും വാനോളമായി.

ഈഗോ എന്നതിനെവിളിച്ചാലും പിണങ്ങല്ലേ മിത്രമേ…
എന്തിനുമേതിനും അപരനാണ് ഹേതുയെന്നാണല്ലോ നാട്ടിലെ പറച്ചിൽ…

ഉള്ളിലോയെന്നും കയ്പ്പുനീരിൻകുടംപോലെയല്ലേ…
പേരിനൊരു ‘ചിറ്റം’ പോലിന്നഭിനയിക്കുന്നു ചിലർ…

ഞാനോതും ശരികളാണുസത്യമെന്നുകരുതുന്ന ചിലർ…
അകലുന്ന കണ്ണിപോൽ അതിവേഗം വിട്ടുപോകുന്നു ദൂരെയായി…

ചില്ലുകൊട്ടാരമ്പോൽ ക്ഷിപ്രമുടഞ്ഞുപോകുന്ന ജീവിതം…
പിന്നെയൊട്ടിച്ചെടുക്കാനൊന്നുശ്രമിച്ചെന്നാകിലും നിഷ്ഫലം…

പിഞ്ചുമക്കളും കണ്ടുപഠിക്കുന്നാപാഠങ്ങളേവതും…
പിന്നെ പകർത്തുന്നാപാഠങ്ങളോരോന്നുമോരോന്നായി…

ഭയമില്ലായിന്നൊരണുപോലും പരസ്പരം മനുഷ്യന്…
ലേശം പേടിപോലുമില്ലായിന്നു ദൈവത്തേയും…

സൽഗുണസമ്പന്നരായി മാറിടേണം നാമേവരും…
നന്മതൻ പൂമരമായി പൂത്തുലയേണം സദാകാലവും ..

മാധുര്യസ്വരങ്ങൾ നിറഞ്ഞതാക്കണം നാവെപ്പോഴും…
ശോഭാപൂരിതമാകണം ജ്യോതിയാലേ നിത്യവും…

തൈലം പോൽ സുഗന്ധം പരത്തേണം ദേശമൊക്കെയും…
അരികിലായിപറന്നടുക്കണം പൂമ്പാറ്റപോലേവരും…

നേടണം പേരിനൊത്തയർത്ഥങ്ങളാകയും…
ആപേരാകണം കുടുംബമെന്നതും…

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.