ലേഖനം: ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത മനുഷ്യർ | റോഷൻ ഹരിപ്പാട്

അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു” (ലുക്കോസ് 15:18-19) ജീവിതത്തിൽ വന്നു ഭവിച്ച തെറ്റിനെക്കുറിച്ചുള്ള ആഴമേറിയ പശ്ചാത്താപം അപ്പന്റെ വീട്ടിലേക്ക് നടന്നടുക്കുവാൻ ആ മകനെ പ്രേരിപ്പിച്ചു. വീടിനോടുക്കുംതോറും അവന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടേയിരുന്നു. അപ്പന്റെ പ്രതികരണം എന്തായിരിക്കും എന്നതായിരുന്നു ഏക ചിന്ത. എന്നാൽ മടങ്ങിവരുന്ന മകനെ ദൂരത്തുനിന്നു കണ്ട സ്നേഹനിധിയായ ആ പിതാവ് ഓടിച്ചെന്നു അവനെ ആശ്ലേഷിച്ചു വീട്ടിലേക്കു കൈകൊണ്ടു. എത്ര കൊടുംപാപിയാണെങ്കിലും അനുതപിച്ചു ഏറ്റുപറഞ്ഞു മടങ്ങിവരുന്ന ആരെയും ചേർത്തുപിടിക്കുന്ന പിതാവായ ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് യേശുകർത്താവ് പറഞ്ഞ ഈ ഉപമ എത്ര മനോഹരമാണ്. എന്നാൽ ഈ വ്യക്തിയുടെ മടങ്ങിവരവിനെ അംഗീകരിക്കാൻ മനസ്സില്ലാത്ത ഒരാൾ ആ വീട്ടിൽ തന്നെയുണ്ടായിരുന്നു. കാണാതെപോയ മകനെ വീട്ടിൽ കൈക്കൊണ്ടതിൽ അപ്പനോട് വരെ കോപ്പിച്ച ജേഷ്ഠൻ. അകത്തു ആഘോഷം നടക്കുമ്പോൾ പുറത്തു നിന്നുകൊണ്ട് സഹോദരന്റെ ഭൂതകാലം ചികഞ്ഞെടുത്തു കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന സ്വന്തം സഹോദരൻ. നാമും ചിലപ്പോഴൊക്കെ ഈ ജേഷ്ഠസഹോദരനെപ്പോലെ ആകാറുണ്ട്.

ചില നാളുകൾക്കു മുൻപ് ഷഷ്ടിപൂർത്തിയായ ഒരു ദൈവദാസന്റെ പ്രസംഗക്ലിപ്പ് എനിക്ക് വാട്സാപ്പിൽ കൂടി ലഭിച്ചത് ഞാൻ പലർക്കും ഫോർവേഡ് ചെയ്തു. അത് ലഭിച്ചവരിൽ ഒരാൾ ഉടൻതന്നെ എന്നെ വിളിച്ചു ചോദിച്ചു “എന്തിനാ ഇവന്റെയൊക്കെ പ്രസംഗം ഇങ്ങനെ അയക്കുന്നത്” ഞാൻ പറഞ്ഞു “വളരെ നല്ലൊരു മെസ്സേജ് ആയതുകൊണ്ട് അയച്ചതാണ്.” അപ്പോൾ അദ്ദേഹത്തിന്റെ മറുപടി അല്പം ക്ഷോഭത്തോടെയായിരുന്നു. “ഇവൻ ആരാണെന്ന് നിനക്ക് അറിയാമോ? കോളേജിൽ പഠിക്കുന്ന കാലത്തു കൂടെ പഠിച്ച ഒരു പെണ്ണുമായി പ്രേമം ആയിരുന്നു. അവസാനം രണ്ടിനെയും അവിടുന്ന് പറഞ്ഞുവിട്ടതാ, അറിയാമോ!” ഞാൻ ശരിക്കും ഞെട്ടിപ്പോയി. കാരണം ആ ദൈവദാസന്റെ ഇരുപതാമത്തെ വയസ്സിൽ അതായത് ഇന്നേക്ക് നാൽപ്പതോളം വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം. അത് സത്യവുമാണ്. പക്ഷെ അതിനു ശേഷം അദ്ദേഹം ദൈവവേലയ്ക്കു സമർപ്പിച്ചു, വിവാഹം കഴിച്ചു, മക്കളായി, കൊച്ചുമക്കളുമായി. ഇന്ന് അദ്ദേഹത്തെ അനേകരുടെ വിടുതലിനായി ദൈവം വളരെ ശക്തമായി ഉപയോഗിക്കുന്നു. അന്ന് അദ്ദേഹം പ്രേമിച്ച സഹോദരിയും പിന്നീട് ദൈവവേലയ്ക്ക് തീരുമാനമെടുത്തു. ഒരു പാസ്റ്ററാണ് അവരെ വിവാഹം കഴിച്ചത്. അവരും കുടുംബമായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. പക്ഷെ നാല്പതു കൊല്ലങ്ങൾക്കു മുൻപുണ്ടായ ആ സംഭവത്തെ ചൂണ്ടിക്കാട്ടി ഇന്നും അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിക്കുന്ന ആ വ്യക്തിയെ ഓർത്തു എനിക്ക് സഹതാപമാണ് തോന്നിയത്. അപ്പന്റെ ഭവനത്തിലേക്ക് മടങ്ങിവന്ന ധൂർത്തപുത്രനെ അംഗീകരിക്കാൻ മനസ്സില്ലാത്ത ജേഷ്ഠൻ… അതെ, ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത മനുഷ്യർ….

ഇസ്ക്കരിയോത്ത യൂദാ കർത്താവിനെ കാണിച്ചു കൊടുത്തു… അതുകഴിഞ്ഞു അവൻ പോയി കെട്ടിഞ്ഞാന്നു ചത്തു…  യഥാർത്ഥമായും ഈ പ്രവർത്തികളിൽ ഏതാണ് വലിയ തെറ്റ്…? യേശുവിനെ ശിക്ഷയ്ക്ക് വിധിച്ചത് കണ്ടപ്പോൾ ഒറ്റിക്കൊടുത്ത യൂദാക്ക് അനുതാപം ഉണ്ടായെങ്കിലും അവൻ ചെന്നു ഏറ്റുപറഞ്ഞത് മഹാപുരോഹിതന്റെ അടുക്കലാണ്. അവർ അവന്റെ വാക്ക് കേൾക്കാൻ പോലും തയ്യാറായില്ല. സ്വയം മരണത്തിനു ഏൽപ്പിച്ചു കൊടുക്കുംമുൻപ് ആ ധൂർത്തപുത്രൻ ചെയ്തത്പോലെ പ്രാണനാഥന്റെ ക്രൂശിന്റെ ചുവട്ടിൽ വന്നിട്ട് “കർത്താവേ, എനിക്ക് തെറ്റിപ്പോയി, എന്നോട് ക്ഷമിക്കണം” എന്നൊരു വാക്ക് യൂദാ പറഞ്ഞിരുന്നെങ്കിൽ ചരിത്രം മാറിമറിഞ്ഞേനെ. നീണ്ട മൂന്നരവർഷങ്ങൾ യേശുവിനോടു കൂടെ നടന്നെങ്കിലും ആ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ അവനു കഴിഞ്ഞില്ല. മനുഷ്യനാണ്, ആർക്കും അബദ്ധങ്ങൾ പറ്റാം. എന്നാൽ ആ അബദ്ധങ്ങളെ ഒരിക്കലും തിരുത്താൻ കഴിയാത്ത തെറ്റുകൾ ആക്കി മാറ്റുന്നത് നമ്മുടെ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തികൾ ആണ്. ഒരു വ്യക്തിയ്ക്ക് ഒരു വീഴ്ച സംഭവിക്കുമ്പോൾ അതിൽ സന്തോഷിച്ചു എങ്ങനെയെങ്കിലും അവനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു പ്രവണത നമ്മുടെ ഇടയിൽ കണ്ടുവരുന്നുണ്ട്. ഒരു കാലത്ത് അവരിൽ നിന്നു നന്മകൾ അനുഭവിച്ചവർപോലും എല്ലാം മറന്നു മാറിനിന്നു കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യും. ഈ ലോകത്തിലെ കോടതി നൽകുന്ന ജീവപര്യന്തം ശിക്ഷ പോലും 12 വർഷമേയുള്ളു എന്നാൽ നിസ്സാര തെറ്റിന്റെ പേരിൽ നന്നായി ഉപയോഗിക്കപ്പെട്ട പാസ്റ്റർമാരെ ആജീവനാന്തം ശുശ്രൂഷയിൽ നിന്നും മാറ്റി നിർത്തുന്ന സംഘടനകൾ. ഈ വിലക്കുന്നവരും വിമർശിക്കുന്നവരും എല്ലാം വിശുദ്ധന്മാരായതു കൊണ്ടല്ല, പിടിക്കപ്പെടാഞ്ഞത്കൊണ്ടു രക്ഷപ്പെട്ടു നിൽക്കുന്നതാണെന്നുള്ളത് ഒരു വലിയ സത്യം. എന്നാൽ നാം സേവിക്കുന്ന ദൈവം അങ്ങനെയല്ല. സംഭവിച്ചു പോയ തെറ്റുകളിൽ പശ്ചാത്തപിച്ചു തകർന്ന ഹൃദയവുമായി ദൈവസന്നിധിയിൽ കരയുന്ന വ്യക്തിയുടെ എത്ര വലിയ പാപവും ക്ഷമിച്ചു അവനെ സ്വർഗ്ഗത്തിന് അവകാശിയാക്കുന്നവനാണ് നമ്മുടെ ദൈവം.

സ്വാർത്ഥലാഭങ്ങൾക്കും അധികാരം നിലനിർത്തുവാൻ വേണ്ടിയും പശ്ചാത്താപവും അനുതാപവുമൊക്കെ നന്നായി അഭിനയിച്ചിട്ട് അണികളെയും കൂടെ നിൽക്കുന്നവരെയും കബളിപ്പിച്ചു പാപത്തിൽ തുടരുന്നവർ ഈ നൂറ്റാണ്ടിൽ ധാരാളമുണ്ട്. അങ്ങനെയുള്ളവരെ സൂക്ഷ്മബുദ്ധിയോടെ വിട്ടൊഴിയണം. അവർ ദൈവസഭ നശിപ്പിക്കുന്ന ബാക്റ്റീരിയകളാണ്. എന്നാൽ ദൈവത്താൽ പ്രയോജനപ്പെടുന്നവരെ അസൂയകൊണ്ടോ വൈരാഗ്യങ്ങൾകൊണ്ടോ അവരുടെ ഭൂതകാലം ചികഞ്ഞെടുത്തു വേട്ടയാടുമ്പോൾ ദൈവം എന്നും മൗനമായിരിക്കും എന്ന് കരുതരുത്. ഒരിക്കൽ നാം ഏറ്റുപറഞ്ഞു ക്ഷമിക്കപ്പെട്ട തെറ്റുകളെ ദൈവം വീണ്ടും ചൂണ്ടിക്കാണിച്ചതായി തിരുവചനത്തിൽ എങ്ങും കാണുന്നില്ല.  അതുകൊണ്ട് ദൈവം അംഗീകരിക്കുന്നവനെ ചേർത്തുപിടിക്കുവാനുള്ള മനസ്സ് നമുക്കും ഉണ്ടാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.