ശാസ്ത്രവീഥി: കിലോനോവ എന്ന കില്ലർനോവ | പാസ്റ്റർ സണ്ണി പി. സാമുവൽ

നമ്മുടെ പ്രപഞ്ചം അതിവിശാലമാണ്. കണ്ണുകൊണ്ടു കാണാവുന്നതും അല്ലാത്തതുമായ എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്നതാണു അണ്ഡകടാഹം. ഭൗതികമായ വസ്തുക്കളും, ഊര്‍ജ്ജവും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, നക്ഷത്രകൂട്ടങ്ങളും അങ്ങനെ എല്ലാം ഇതില്‍ ഉൾപ്പെടുന്നു. ശാസ്ത്രം പുരോഗമിച്ചു വരുന്നതനുസരിച്ചും നൂതന ഉപകരണങ്ങൾ ഉള്ളതിനാലും പ്രപഞ്ചത്തേക്കുറിച്ചു അല്പം വിശാലമായ അറിവു നമുക്കു ഇപ്പോൾ ഉണ്ട്. നമ്മുടെ സൗരയൂഥം ഉൾപ്പെട്ട മില്‍ക്കീവേ ഗ്യാലക്സിയില്‍ ഏറ്റവും കുറഞ്ഞതു 100 ബില്യന്‍ (100,000,000,000) നക്ഷത്രങ്ങള്‍ ഉണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. അല്പം കൂടെ വിശദമായി പറഞ്ഞാല്‍, സെക്കൻഡിൽ ഒരു നക്ഷത്രംവച്ചു എണ്ണിത്തുടങ്ങിയാല്‍ ആകാശഗംഗയിലെ നക്ഷത്രങ്ങള്‍ മാത്രം എണ്ണിത്തീരാന്‍ ഏകദേശം 3000 വര്‍ഷത്തോളം വേണ്ടിവരും. ചില ഗ്യാലക്സിയില്‍ 400 ബില്യന്‍ നക്ഷത്രങ്ങള്‍ വരെയുണ്ട്. അതുമാത്രമല്ല നിരീക്ഷിയ്ക്കാവുന്ന പ്രപഞ്ചത്തിൽ ഏകദേശം 2 ട്രില്ല്യന്‍ (200,000,000,000) വരെ ഗ്യാലക്സികള്‍ പ്രപഞ്ചത്തില്‍ ഉണ്ട്. കണക്കു കൂടിയാലും കുറഞ്ഞാലും നമ്മുടെ തലയ്‍ക്കകത്തു നില്‍ക്കുന്ന കണക്കൊന്നുമല്ലിത്. മിക്ക താരാപഥങ്ങളും 1,000 മുതൽ 100,000 വരെ പാർസെക്കുകൾ വ്യാസമുള്ളവയാണ് ഒരു പാർസെക് എന്നതു 3.2 പ്രകാശവർഷമാണ്. അതായതു

3,260 മുതൽ 326,000 വരെ പ്രകാശവർഷം വ്യാസം. ഗാലക്സികൾ തമ്മിൽ ലക്ഷക്കണക്കിനു മെഗാപാർസെക്ക്സ് അകലത്തിൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. 3.26 മില്യൻ പ്രകാശവർമാണു ഒരു മെഗാപാർസെക്. എന്താല്ലേ? എങ്ങനെ കണക്കുകൂട്ടി എണ്ണിത്തീർക്കും? നമ്മുടെ മില്‍ക്കീവേ ഗ്യാലക്സി കുറുകേ കടക്കുവാന്‍ 10,000 പ്രകാശവര്‍ഷം വേണ്ടിവരും. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് എറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമാ സെഞ്ച്യുറിയിലേക്കു 4.24 പ്രകാശവര്‍ഷം ദൂരം ഉണ്ട്. ദൈവം ആകാശം വിരിച്ചു എന്നു പ്രവാചകൻ പറയുന്നതു എത്ര കൃത്യമാണ് (സെഖർ:12:1). അവൻ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു (ഇയ്യോബ് 9:7).

കിലോനോവ
പ്രപഞ്ചത്തിലെ ഏറ്റവും തീവ്രമായ വിസ്ഫോടനങ്ങളിൽ ഒന്നാണു കിലോനോവ. രണ്ടു ന്യൂട്രോൺ നക്ഷത്രങ്ങൾ; അല്ലെങ്കിൽ, ഒരു ന്യൂട്രോൺ നക്ഷത്രവും നക്ഷത്രപിണ്ഡമുള്ള ഒരു തമോഗർത്തവും കൂട്ടിയിടിച്ചു ലയിക്കുമ്പോൾ ഉൽസർജ്ജിക്കപ്പെടുന്ന വൈദ്യുതകാന്തിക വികിരണത്തിന്റെ ഉജ്ജ്വലമായ സ്ഫോടനമാണു കിലോനോവ. 10 മുതൽ 25 വരെ സോളാർ പിണ്ഡം ഉള്ള കൂറ്റൻ സൂപ്പർ ജയൻ്റ് നക്ഷത്രത്തിൻ്റെ തകർന്ന കാമ്പാണു ന്യൂട്രോൺ നക്ഷത്രം. ഒരു സോളാർ പിണ്ഡം എന്നതു സൂര്യൻ്റെ ഭാരത്തെയാണു സുചിപ്പിക്കുന്നത്. സൂര്യപിണ്ഡം എന്നതു 1.9891×10^30 കിലോഗ്രാം ആണെന്നാണു കണക്കാക്കിയിരിക്കുന്നത്. M☉ എന്ന ഏകകമാണു ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം നക്ഷത്രങ്ങൾ ലോഹസമ്പുഷ്ടമിയിരിക്കും. നക്ഷത്രജാലങ്ങളിൽ തമോഗർത്തങ്ങളെ ഒഴിവാക്കിയാൽ, വലിപ്പത്തിൽ ഏറ്റവും ചെറുതും സാന്ദ്രതയേറിയതും ന്യൂട്രോൺ നക്ഷത്രങ്ങളാണ്. ഇവയെ മൃതനക്ഷത്രങ്ങൾ എന്നും വിളിക്കാം. ന്യൂട്രോൺ നക്ഷത്രങ്ങൾക്ക് 10 കിലോമീറ്റർ വ്യാസവും ഏകദേശം 1.4 M☉ പിണ്ഡവും ഉണ്ടായിരിക്കും. ഗുരുത്വാകർഷണത്തകർച്ച (Gravitational collapse ) കാരണമാണു ഭീമാകാരനക്ഷത്രങ്ങൾ ചുരുങ്ങി മൃതനക്ഷത്രങ്ങളായി പരിണമിക്കുന്നത്. മൃതനക്ഷത്രങ്ങളുടെ ശേഷിക്കുന്ന അവശിഷ്ടങ്ങളിൽ ഒരു ടീസ്പൂൺ ദ്രവ്യത്തിനു തന്നെ ഒരുകോടി ടൺ ഭാരമുണ്ടായിരിക്കും!

ചിലപ്പോൾ പരസ്പരം പരിക്രമണം ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ നിരന്തരം ഊർജ്ജം നഷ്ടപ്പെട്ടു ഒടുവിൽ കൂട്ടിയിടിച്ചു ലയിക്കുന്നു. അങ്ങനെയാണു പ്ലാറ്റിനം, സ്വര്‍ണ്ണം, വെള്ളി പോലുള്ള ലോഹങ്ങള്‍ രൂപംകൊണ്ടതെന്നാണു കണ്ടെത്തല്‍. കിലോനോവ സ്ഫോടനങ്ങള്‍ ഗാമാ രശ്മികളുടെ പ്രവാഹത്തിനും കോസ്മിക് തരംഗങ്ങള്‍ക്കും കാരണമാകുന്നു. ഇതു ഗുരുത്വതരംഗങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. വിവിധ ഡാറ്റാ സ്രോതസ്സുകൾ ഉപയോഗിച്ചു ഇവ പ്രത്യേകം വിശകലനം ചെയ്യുന്നു. ചില പ്രത്യേകസന്ദർഭങ്ങളിൽ ഡാറ്റ ഫിസിക്കൽ മോഡലുകൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ന്യൂട്രോൺ നക്ഷത്രലയനങ്ങളിൽ എത്രത്തോളം ഭാരമേറിയ മൂലകങ്ങൾ രൂപപ്പെടുന്നുവെന്നു ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ഗവേഷകനായ ടിം ഡയട്രിച്ച് പറയുന്നു. ഒരു കിലോനോവ സ്ഫോടനത്തിന്‍റെ തരംഗങ്ങള്‍ 2017 ഓഗസ്റ്റ് 17 -൹ ലിഗോ, വിര്‍ഗോ തുടങ്ങിയ ഡിറ്റക്റ്ററുകള്‍ പിടിച്ചെടുത്തിരുന്നു. 13 കോടി പ്രകാശവര്‍ഷം അകലെയാണു ഈ പൊട്ടിത്തെറി നടന്നത്. ഭൂമിയുടെ 36 വര്‍ഷം പ്രകാശവര്‍ഷം അകലെ എവിടെ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കൂട്ടിയിടിച്ചു കിലോനോവ വിസ്ഫോടനം ഉണ്ടായാലും ഭൂമിയില്‍ കൂട്ടവംശനാശം സംഭവിക്കുമെന്നാണു ഇലിനോയ് അര്‍ബാന സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ഒരു കിലോനോവ സ്ഫോടനത്തിന്റെ കേന്ദ്രത്തിൽ നിന്നു പുറപ്പെടുന്ന കോസ്മിക് കിരണ കുമിളയ്ക്ക് 36 പ്രകാശവർഷം അകലെയുള്ള ഗ്രഹങ്ങളെ വരെയുള്ള ഗ്രഹങ്ങളെ സ്വാധീനിക്കാനും സാങ്കേതികവിദ്യകളെ തടസ്സപ്പെടുത്താനും കഴിയും. ഇതിൻ്റെ പ്രകാശം ഒരുമാസത്തിലേറെ ആകാശത്തു ദ്യുതിപരത്തി തങ്ങിനില്കും. ഇതിൽനിന്നു പുറപ്പെടുന്ന രശ്മികൾ കൂടുതൽ കാലം അന്തരീക്ഷത്തിൽ തങ്ങിനില്കുന്നതിനാൽ ആയിരക്കണക്കിനു വർഷങ്ങളോളം ഗ്രഹങ്ങളെ നിർജ്ജീവമാക്കും.
ഈ ഗാമാകിരണങ്ങളിൽ ഒരു കിരണം ഭൂമണ്ഡലത്തിൽ എത്തിയാൽ അതു നമ്മുടെ ഓസോണിനെ അയോണീകരിച്ചു വൻവിള്ളൽ വീഴ്ത്തും. തൽഫലമായി അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്കു അനർഗളം പ്രവഹിക്കും. 297 പ്രകാശവർഷം അകലെ നിന്നുപോലും ഇവയ്ക്കു ഭൂമിയെ സ്വാധീനിക്കുവാൻ കഴിയും. ഇങ്ങനെ സംഭവിച്ചാൽ ഈ കേടുപാടുകൾ പോക്കാൻ; അൾട്രാവയലറ്റു കിരണങ്ങൾ വരുത്തിയ പ്രശ്നങ്ങൾ പരിഹരിക്കുവാൻ; നാലു വർഷം വേണ്ടിവരും.

എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന കിലോനോവ വിസ്ഫോടനം അത്ര അപകടകാരിയല്ല എന്നാണു ശാസ്ത്രലോകം പറയുന്നത്. അതിനു അവർ മൂന്നു കാരണങ്ങൾ നിരത്തുന്നു. ഒന്ന്,ഇപ്പോൾ സംഭവിച്ചതു ബൈനറി ന്യൂട്രോൺ ലയനം -രണ്ടു ന്യൂട്രോൺ നക്ഷത്രങ്ങൾ ഒന്നാകുന്നത്- അല്ലായിരുന്നു. രണ്ട്, ഇത്തരം ലയനങ്ങൾ വളരെ വിരളമാണ്. 100 ബില്യൺ നക്ഷത്രങ്ങളിൽ 10 എണ്ണം മാത്രമേ ബൈനറി ന്യൂട്രോൺ നക്ഷത്രങ്ങളുടെ ലയനമാകൂ എന്നാണു ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. മൂന്ന്, ഇതുവരെ കണ്ടെത്തിയ ഒരുപിടി കിലോനോവകളിൽ ഒന്നും നമ്മുടെ ഗാലക്സിപരിധിയിൽ അല്ല.
എന്നിരുന്നാലും അപകടങ്ങൾ ഓരോ കോസ്മിക് കോണിലും പതിയിരിക്കുന്നു എന്നതാണു യാഥാർത്ഥ്യം. എന്തു ഏതു നിമിഷവും സംഭവിക്കാം. നമ്മുടെ സൂര്യൻ പോലും നമ്മെ അപകടത്തിലാക്കിയേക്കാം. പ്രപഞ്ചം അത്യന്തം അപകടകരമായ സ്ഥലമാണ്, നമ്മൾ അതിൽ ജീവിക്കാൻ ശ്രമിക്കുകയാണ്. എത്രനാൾ? ശാസ്ത്രത്തിനു മറുപടിയില്ല.

എന്നാൽ നാം അറിയുന്നു: “യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു; ഭൂലോകം ഇളകാതെ ഉറച്ചുനിൽക്കുന്നു” (സങ്കീ: 93:1; 96:10). ദൈവം നിശ്ചയിച്ചിരിക്കുന്ന സമയം വരെയും ഭൂമി ഇളകാതെ ഉറച്ചുനിൽക്കും. അവിടുന്നു ഇതിനെ സംരക്ഷിച്ചു നിറുത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.