ലേഖനം : മാനവ ജാതിക്ക് സന്തോഷവും സമാധാനവും | റവ. ജോർജ് മാത്യു

മാനവജാതിക്കു മുഴുവൻ സന്തോഷവും സമാധാനവും ആശംസിച്ചുകൊണ്ട് വീണ്ടുമൊരു ക്രിസ്മസ് സമാഗതമായി. ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭാഗീയത വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ നിർഭാഗ്യസാഹചര്യത്തിൽ ക്രിസ്മസ് സന്ദേശത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു. മാനവരാശിക്കുവേണ്ടി സ്നേഹവാനായ ദൈവം നൽകിയ ഏറ്റവും വലിയ ദാനത്തിന്റെ ആഘോഷംകൂടിയാണ് ക്രിസ്മസ്. ലോകമെമ്പാടും പല തരത്തിലും രീതിയിലും ക്രിസ്മസ് ആഘോഷങ്ങൾ നടന്നുവരുന്നു. കാലപ്രവാഹങ്ങളെ അതിജീവിക്കുന്ന സ്നേഹപ്രവഹമായ ക്രിസ്മസിന്റെ ആഘോഷങ്ങൾ ക്രിസ്തബ്ദം നാലാം നൂറ്റാണ്ടുമുതൽ ആരംഭിച്ചതായി കരുതപ്പെടുന്നു.

മാലാഖമാരുടെ നാട്ടിൽനിന്നും മാലോകരുടെ നാട്ടിലേക്ക് ഇറങ്ങിവന്ന ദൈവപൈതലിനെ അനുസ്മരിച്ചുകൊണ്ട് ഏതെല്ലാം രീതിയിലാണ് ആഘോഷങ്ങൾ നടന്നുവരുന്നത്. ക്രിസ്മസ് കാരളുകൾ, ക്രിബ്ബുകൾ, കമ്പിത്തിരി, മത്താപ്പൂ, ക്രിസ്മസ് ട്രീ, ഫീസ്റ്റ്, കാർഡ് ഇവയെല്ലാം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാണ്. നൂറ്റാണ്ടുകളായി ചക്രവർത്തിമാരും രാജാക്കന്മാരും നടത്തി വന്നിരുന്ന ചരിത്രപ്രസിദ്ധമായ പല ക്രിസ്മസ് വിരുന്നുകളുടെയും രോമാഞ്ചം കൊള്ളിക്കുന്ന കഥകൾ ചരിത്രത്തിനു പറയുവാനുണ്ടാകും. ഇന്നു ലോകത്തിലുള്ള ഏറ്റവും വലിയ ഉത്സവവും ഒരുപക്ഷെ ക്രിസ്മസ് തന്നെയാകും. ‘വൈരുദ്ധ്യത്തിൽ ഏകത്വം’ എന്ന തത്വം ക്രിസ്മസിനെ സംബന്ധിച്ചിടത്തോളം അന്വർത്ഥമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ജീവിക്കുകയും, പല ഭാഷകൾ സംസാരിക്കുകയും, പല സംസ്കാരങ്ങൾ പുലർത്തുകയും ചെയ്യുന്ന കോടിക്കണക്കിനു ജനങ്ങൾ പല രീതിയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നതെങ്കിലും, എല്ലാത്തിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്–ലോകരക്ഷകനായ യേശുവിന്റെ ജനനത്തിരുനാൾ കൊണ്ടാടുക–എന്നുള്ളത്.
യേശുവിന്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചിരുന്ന യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ യേശുവിന്റെതിരുവവതാരത്തെക്കുറിച്ചുള്ള നിരവധി സൂചനകൾ കാണുവാൻ സാധിക്കും. പാപത്തിലാണ്ടുപോയ മാനവജാതിയെ രക്ഷിക്കുവാൻ ദൈവം മനുഷ്യരൂപത്തിൽ അവതരിക്കേണ്ടത് ആവശ്യമായിരുന്നു. അതിനുവേണ്ടിയാണു ദൈവത്തിന്റെ ഏകജാതനായ പുത്രൻ യേശുവിനെ ദൈവം ലോകത്തിലേക്ക് അയക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഇങ്ങനെ എഴുതുന്നു : ‘തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു’ (3:16). മിശിഹാ എന്ന അഭിഷിക്തൻ മാനവരാശിയുടെ രക്ഷയ്ക്കായി ലോകത്തിൽ അവതരിക്കുമെന്ന് ദൈവജനമെന്ന പേരിൽ അറിയപ്പെട്ടിരുന്ന യഹൂദജാതി വിശ്വസിച്ചിരുന്നു. മിശിഹായുടെ വരവിനായി അവർ കത്തിരിക്കുകയും ചെയ്തു. എന്നാൽ യേശു എന്ന രക്ഷകൻ ഭൂമിയിലെ സമ്പന്നമായ ഒരു കൊട്ടാരത്തിലാണ് പിറക്കുന്നതെന്ന മൗഢ്യവിശ്വാസമായിരുന്നു അവർക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെയാണ് ബേതലഹേമിലെ പശുത്തൊഴുത്തിൽ മലീമസമായ അന്തരീക്ഷത്തിൽ പിറന്ന ഉണ്ണിയേശുവിനെ അംഗീകരിക്കുവാനോ, ആദരിക്കുവാനോ ദുരഭിമാനികളായ യഹൂദജനത്തിനു സാധിക്കാതെ പോയതും.

ഉണ്ണിയേശുവിന്റെ ജനനത്തിൽ ഏറ്റവുമധികം ആഹ്ലാദിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും ഇടയായത് മൂന്നു വിദ്വാന്മാർക്കും ആട്ടിടയർക്കും മിണ്ടാപ്രാണികളായ പശുക്കൾക്കുമായിരുന്നു. ആകാശത്തിൽ വാൽനക്ഷത്രം കണ്ടപ്പോൾത്തന്നെ വിദ്വാന്മാരായ ബൽത്താസറിനും, കാസ്പറിനും, മാൽഖയിനും ദേവകുമാരന്റെ ഭൂമിയിലുള്ള അവതാരത്തെക്കുറിച്ച് ബോദ്ധ്യമായി. യാതൊരു സംശയങ്ങളും മുൻവിധികളും കൂടാതെ അവർ വാൽനക്ഷത്രത്തെ പിന്തുടർന്ന് ബേതലഹേമിലെ കാലിത്തൊഴുത്തിലെത്തി. ദൈവപുത്രന്റെ രാജത്വവും, പൗരോഹിത്യവും, പ്രവാചകത്വവും അംഗീകരിക്കുന്നതിന്റെ അടയാളമായി അവർ വിലയേറിയ പൊന്നും മൂരും കുന്തിരിക്കവും ഉണ്ണിയേശുവിനു കാഴ്ചയായി സമർപ്പിച്ചു. മൂന്നു വിദ്വാന്മാരിൽ ഒരാളായ കാസ്പർ ഭാരതീയനായിരുന്നുവെന്ന് പാരമ്പര്യം അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിന് ചരിത്രപരമായ രേഖകളോ, തെളിവുകളോ ഒട്ടില്ലതാനും.
ആട്ടിൻകൂട്ടത്തിനു കാവൽ കാത്തു വെളിയിൽ ഉറങ്ങാതെ കിടന്നിരുന്ന നിരക്ഷരകുക്ഷികളായ ആട്ടിടയന്മാർ മാലാഖയുടെ മധുരമേറിയ ഗാനം കേട്ടു : ‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.’ ദൈവപുത്രൻ ജനിച്ചെന്ന വാർത്ത കേട്ടയുടൻ അവർ ആടുകളെ അവിടെ വിട്ട് വാൽനക്ഷത്രത്തെ പിന്തുടർന്ന് കാലിത്തൊഴുത്തിലെത്തി. അവിടെ കച്ചിക്കൂനയിൽ ശീലയിൽ പൊതിഞ്ഞുകിടക്കുന്ന ദൈവപൈതലിനെ കണ്ട് അത്യധികം സന്തോഷിക്കുകയും, ഉണ്ണിയേശുവിന്റെ പാദാരവിന്ദങ്ങളിൽ ചുംബിച്ച് അനുഗ്രഹം പ്രാപിക്കുകയും ചെയ്തു. അവർക്കു നേർച്ചകാഴ്ചകളായി നൽകാൻ ഒന്നുമില്ലായിരുന്നെങ്കിലും തങ്ങളുടെ നിഷ്കളങ്കമായ ഹൃദയങ്ങളെ ദൈവമുമ്പാകെ പരിപൂർണ്ണമായി സമർപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യം.

അടുത്ത കൂട്ടർ പശുക്കളാണ്. പ്രസവവേദനയെടുത്ത കന്യകമറിയം അഭയത്തിനായി പല വീടുകൾ സന്ദർശിച്ചെങ്കിലും ആരും അവർക്ക് ആശ്രയം നൽകിയില്ല. ആ പാവം മിണ്ടാപ്രാണികൾ തലയാട്ടിക്കൊണ്ട് യോസഫിനെയും മറിയയെയും തങ്ങളുടെ വാസസ്ഥലത്തേക്കു ക്ഷണിച്ചു. മലീമസമായ ആ പുൽത്തൊഴുത്തിൽ അഖിലാണ്ഡത്തിന്റെ സ്രഷ്ടാവിനു ജന്മം നൽകുവാൻ സഹായിച്ച ആ മിണ്ടാപ്രാണികൾ എത്രമാത്രം ഭാഗ്യശാലികളാണെന്ന് ഓർക്കണം. രാജാക്കന്മാർക്കും, സമ്പന്നർക്കും, വൈദികഗണങ്ങൾക്കും ലഭിക്കാത്ത തരത്തിലുള്ള ഭാഗ്യമാണ് ആ പശുക്കൾക്കു ലഭിച്ചത്.

യേശുവിന്റെ ഇഹലോകജീവിതത്തിനും വ്യക്തമായ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. സമൂഹത്തിലെ പാവങ്ങളോടും അഗതികളോടും ഭ്രഷ്ടരോടുമൊപ്പമാണ് യേശു കൂടുതൽ സമയം ചിലവഴിച്ചതും പ്രവർത്തിച്ചതും എന്നുള്ള വസ്തുത ഏറെ ശ്രദ്ധേയമാണ്. ‘എനിക്കു വേണ്ടത് നീതിമാന്മാരെയല്ല, പാപികളെയത്രേ’ എന്ന യേശുദേവന്റെ പ്രഖ്യാപനം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ‘ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എളുപ്പം’എന്ന അദ്ദേഹത്തിന്റെ അഭിപ്രായവും സമ്പത്തിനും ലൗകികനേട്ടങ്ങൾക്കും ദൈവരാജ്യത്തിൽ യാതൊരു സ്വാധീനവും ദൈവരാജ്യത്തിൽ ചെലുത്താനാകില്ല എന്നു വ്യക്തമാക്കുന്നു.
പാപിനിയായ മഗ്ദലനമറിയയെയും, ചുങ്കക്കാരൻ മത്തായിയെയും, സക്കായിയെയും, നിഷ്കളങ്കനായ ലാസറിനെയും സ്നേഹിച്ച ആ മഹാനുഭവൻ, പാവപ്പെട്ട പന്ത്രണ്ട് മുക്കുവരെയാണ് താൻ സ്ഥാപിച്ച ക്രിസ്തീയ സഭയുടെ മേൽനോട്ടം ഏല്പിച്ചതും. ആ മുക്കുവരിലൂടെയാണ് ഇന്നു ലോകമെമ്പാടും കോടിക്കണക്കിനു അംഗങ്ങളുള്ള നിലയിൽ ക്രൈസ്തവ സഭ വ്യാപിക്കുവാനും ഇടയായത്. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനീതികൾക്കുമെതിരെ ശക്തിയുക്തം പോരാടിയ ഒരു വിപ്ലവകാരി കൂടിയായിരുന്നു യേശുദേവൻ. ദൈവാലയത്തിൽ കച്ചവടം നടക്കുന്നു എന്നു കണ്ട മാത്രയിൽ ചമ്മട്ടിയെടുത്ത് കച്ചവടക്കാരെ അടിച്ചോടിച്ച അദ്ദേഹം, വിശന്നിരിക്കുന്ന തന്റെ അനുയായികളെ കണ്ടപ്പോൾ മനസലിയുകയും, സ്നേഹിതനായ ലാസറിന്റെ മരണവാർത്ത കേട്ടു കരയുകയും ചെയ്ത വ്യക്തി കൂടിയാണ്.

ക്രിസ്മസ് ആഘോഷവേളയിൽ ക്രൈസ്തവർ അനുസ്മരിക്കേണ്ട ചില വസ്തുതകളുണ്ട്. ക്രിസ്തുവിന്റെ പ്രമാണങ്ങളും ഉപദേശങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ നമുക്കു സാധിക്കുന്നുണ്ടോ ? മദ്യപാനവും, തീറ്റയും, മൃഗീയോല്ലാസങ്ങളുമായി ആ ചൈതന്യരൂപിയുടെ സ്മരണക്ക് നാം കളങ്കം ചാർത്തുന്നില്ലേ ? ജീവിതത്തിൽ ഒരു രൂപാന്തരവും വരുത്താതെ ബാഹ്യമായ ആഡംബരങ്ങളിൽ മാത്രം മുഴുകി അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ ? ദരിദ്രർക്കു സദ്വാർത്തയായും, കുരുടർക്കു കാഴ്ചയായും, ബധിരർക്കു കേൾവിയായും, തടവുകാർക്കു വിമോചനമായും, അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യമായും അവതരിച്ച യേശുവിനെ, ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും വിഭാഗീയതയുടെയും പേരിൽ വേദനിപ്പിക്കുന്നതു ക്രൂരതയല്ലേ ? സമൂഹത്തിൽ അവശതയനുഭവിക്കുന്നവരിലും, രോഗികളിലും യേശുവിനെ ദർശിക്കുവാൻ സാധിക്കുന്നവർക്കാണ് ക്രിസ്മസ് ആഘോഷങ്ങളിൽ ഏറ്റവുമധികം സന്തോഷിക്കുവാനും, ആഹ്ലാദിക്കുവാനും സാധിക്കുന്നതെന്ന സത്യം നാം വിസ്മരിക്കാതിരുന്നാൽ നന്ന്.

റവ. ജോർജ് മാത്യു പുതുപ്പള്ളി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.