ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടില്‍ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണം: പി.വൈ.പി.എ കേരള സ്റ്റേറ്റ്

കുമ്പനാട്: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികൾ നിർദേശിക്കാനും നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ സർക്കാരിന് നേരിട്ടു സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സഭകളുമായി ചർച്ച ചെയ്തു, ആത്മാർത്ഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിച്ചു, ഈ വിഷയത്തിൽ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണമെന്ന് പെന്തെക്കോസ്ത് യുവജന സംഘടന (പി.വൈ.പി.എ) കേരള സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പി.വൈ.പി.എ സംസ്ഥാന പ്രസിഡണ്ട് ഇവാ. ഷിബിൻ ജി. സാമുവേൽ അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, ജോയിന്റ് സെക്രെട്ടറി ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, ജനറൽ കോർഡിനേറ്റർ ജോസി പ്ലാത്താനത്ത് എന്നിവർ സംസാരിച്ചു. കേരളത്തിലെ 150 ലധികം സെന്റർ പി.വൈ.പി.എ കളെ പ്രതിനിധീകരിച്ച് പങ്കെടുത്ത കൗൺസിൽ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ പരിഗണനകളോ ഉണ്ടായിരുന്നില്ല. കമ്മീഷൻ മുൻപാകെ പരാതികളും നിവേദനങ്ങളും നൽകുന്നതിൽ വലിയ ബഹുജന പങ്കാളിത്തമുണ്ടായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഒരു പഠന കമ്മീഷനും ലഭിച്ചിട്ടില്ലാത്ത വിധം അഞ്ചുലക്ഷത്തിലധികം പരാതികൾ സമർപ്പിക്കപ്പെട്ടു എന്നത് ഈ ബഹുജന പങ്കാളിത്തത്തിന്റെ പ്രതിഫലനമാണെന്നും പ്രമേയം നിരീക്ഷിച്ചു.

ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ അഞ്ഞൂറിലധികം നിർദ്ദേശങ്ങളടങ്ങുന്ന ഒരു റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളത് എന്ന് മനസിലാക്കുന്നു. എന്നാൽ ഈ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇതു പുറത്തുവിടുകയോ, നിയമസഭയിൽ ചർച്ചയ്ക്കു വയ്ക്കുകയോ, ക്രൈസ്തവ സഭകളുമായി ആലോചിച്ച് തുടർനടപടികൾക്ക് തയ്യാറാവുകയോ ചെയ്യാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന നടപടി ക്രൈസ്തവ സമൂഹത്തിനു വേദന ഉളവാക്കുന്നതാണെന്നു പ്രമേയ അവതാരകൻ പ്രസ്താവിച്ചു.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ സംബന്ധിച്ച് 2019 കാലയളവിൽ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തി ഒരു പ്രാഥമിക പഠനം നടത്തിയിരുന്നെങ്കിലും അതിന്റെ റിപ്പോർട്ട് തമസ്കരിക്കപ്പെട്ട മുൻ അനുഭവവുമുണ്ട്. ഈ സാഹചര്യത്തിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ സഭകളുമായി ചർച്ച ചെയ്യണമെന്നും ആത്മാർത്ഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.