പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്; ലൊക്കേഷനും ഐപി അഡ്രസ്സും കണ്ടെത്താനാകില്ല

സാന്ഫ്രാന്സിസ്കോ: ഉപഭോക്താക്കളുടെ സുരക്ഷക്ക് മുൻഗണന നൽകി വീണ്ടും പുതിയൊരു സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഉപയോക്തൃ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി ഇനിമുതൽ വാട്സ് ആപ്പ് കോളുകളിൽ ഐപി അഡ്രസ്സ് സംരക്ഷിക്കുന്നതിനുള്ള പുതിയ ഫീച്ചറാണ് വാട്സ് ആപ്പ് അവതരിപ്പിച്ചത്.

ഓരോരുത്തരും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ് വർക്കുകളിലെ ഓരോ ഉപകരണത്തിനും ഒരു പ്രത്യേക പാറ്റേണിൽ വേർതിരിച്ചിരിക്കുന്ന വ്യത്യസ്തമായ നമ്പറുകൾ ഉണ്ട്. ഈ നമ്പറുകളെയാണ് ഐപി അഡ്രസ്സ് എന്ന് പറയുന്നത്. വാട്സ് ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാകുന്നതോടെ ഉപഭോക്താക്കളുടെ ലൊക്കേഷനും ഐപി അഡ്രസ്സും മറ്റുള്ളവർക്ക് കണ്ടെത്താനാകില്ല. വാട്സ് ആപ്പ് പ്രൈവസി സെറ്റിംഗ്സിൽ ‘കോളുകളിൽ ഐപി അഡ്രസ്സ് സംരക്ഷിക്കാം’ എന്ന ഓപ്ഷൻ ഇതോടെ ലഭ്യമാകും.

ഈ സവിശേഷതയിലൂടെ വാട്സ് ആപ്പ് വോയിസ് കോൾ, വീഡിയോ കോൾ തുടങ്ങിവയിൽ സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്തുകയാണ് വാട്സ്ആപ്പിന്റെ ലക്ഷ്യം. ഇനിമുതൽ, വാട്സ് ആപ്പിലൂടെയുള്ള കോളുകളെല്ലാം പ്ലാറ്റ്‌ഫോമിന്റെ സെർവറിലൂടെ സുരക്ഷിതമായി റൂട്ട് ചെയ്യപ്പെടുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്, ഈ ഫീച്ചര്‍ വരുന്നതോടു കൂടി ഇനിമുതല്‍ വാട്‌സ് ആപ്പ് എൻഡ് ടു എൻഡ് എൻക്രിപ്ട്ടഡ് ആയിരിക്കും. അജ്ഞാത കോൺടാക്റ്റുകൾ ഉൾപ്പെടുന്ന സാഹചര്യങ്ങളിൽ സ്വകാര്യത സംരക്ഷിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ഈ ഫീച്ചർ സഹായകമാകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ഇതുകൂടാതെ, വാട്സ് ആപ്പ് ചാനൽ അപ്‌ഡേറ്റുകൾക്കായുള്ള പ്രതികരണങ്ങൾ ഫിൽട്ടർ ചെയ്യുന്നതിനുള്ള പുതിയ ഫീച്ചറും വാട്ട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കാൻ പോകുന്നതായും റിപോർട്ടുകളുണ്ട്. ഇതിലൂടെ, ആരെങ്കിലും ഇമോജികളിലൂടെ ചാനലിലെ ഉള്ളടക്കത്തോട് പ്രതികരിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ സഹായകമാകും. പുതിയ ഈ രണ്ടു ഫീച്ചറുകളും വാട്സ്ആപ്പിന്റെ ബീറ്റ വേർഷനിൽ ലഭ്യമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.