കേരള സംസ്ഥാന പിവൈപിഎ സ്നേഹക്കൂട് വേങ്ങൂർ ഹൗസിംഗ് പ്രോജെക്ടിന്റെ ശിലാസ്ഥാപനം നടന്നു

വേങ്ങൂർ: കൊട്ടാരക്കര വേങ്ങൂരിൽ ‘തല ചായിക്കാൻ ഒരിടം’ എന്ന ദൈവ ദാസന്മാരുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിയുന്നു. കേരള സംസ്ഥാന പി.വൈ.പി.എയുടെ സ്നേഹക്കൂട് പദ്ധതിയിലൂടെയാണ് മൂന്ന് ഭവനങ്ങൾ നിർമ്മിക്കുന്നത്. 2024 ജനുവരി കൊട്ടാരക്കര മേഖല കൺവൻഷനിൽ ആദ്യ ഭവനത്തിന്റെ താക്കോൽ ദാനം നടക്കും. ദൈവ സഭകളുടെയും വിദേശങ്ങളിലും സ്വദേശത്തും ജോലി ചെയ്യുന്ന സഹോദരങ്ങളുടെയും ദൈവദാസന്മാരുടെയും സാമ്പത്തിക കൈത്താങ്ങോടെ ഭവന നിർമ്മാണം പൂർത്തീകരിക്കാനാണ് ആഗ്രഹിക്കുന്നത്.

ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് സംസ്ഥാന പി വൈ പി എ യ്ക്കു സൗജന്യമായി നൽകിയ സ്ഥലത്ത് സ്നേഹക്കൂട് ഭവന പദ്ധതിക്ക് തറക്കല്ലിട്ടു പണികൾ ആരംഭിച്ചു. മൂന്ന് ഭവനങ്ങൾ പണിയാനുള്ള സ്ഥലമാണ് ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് സാറിന്റെ സഹോദരനുമായ പാസ്റ്റർ സാം ജോർജ് സൗജന്യമായ് നൽകിയത്.

പി വൈ പി എ സംസ്ഥാന അധ്യക്ഷൻ സുവി. ഷിബിൻ ജി സാമുവേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ലിജോ സാമുവേൽ നന്ദിയും അറിയിച്ചു. ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ സി തോമസ് ശിലാസ്ഥാപന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ പ്രസ്തുത പ്രോജെക്ടിനെ കുറിച്ചുള്ള പ്രസ്താവനയും, സ്റ്റേറ്റ് കൗൺസിൽ പ്രെസ്‌ബിറ്റിറി അംഗം പാസ്റ്റർ ജോൺ റിച്ചാർഡ്‌സ് അവർകൾ പ്രോജെക്ടിനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

പി വൈ പി എ സംസ്ഥാന ഉപാധ്യക്ഷൻ ഇവാ. മോൻസി പി മാമൻ, എളമാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജേക്കബ് വാളിയോട്, വാർഡ് മെമ്പർ ശ്രീമതി കവിത ശാലിനി, ഐപിസി സ്റ്റേറ്റ് കൗൺസിൽ മെമ്പറായ തോമസ് ജോൺ, പി വൈ പി എ സംസ്ഥാന സമിതി അംഗങ്ങളായ ജെറിൻ ജി ജെയിംസ് വേങ്ങൂർ, റിനു പൊന്നച്ചൻ മേഖല ഭാരവാഹികളായ അജി കെ മാത്യു, മാത്യു ജോൺ കുണ്ടറ, എബിൻ പൊന്നച്ചൻ, പാസ്റ്റർമാരായ ഡോ. എഡിസൺ തോമസ്, മനു എസ്., ബെന്നി കെ. , രാജു ഡി. , ഇസ്മായിൽ സി. എ. , റോബിൻസൺ, ജെറിൻ, ബ്രദർ വിൻസി പി മാമൻ, കെ. ബേബി, സാം പൊന്നച്ചൻ എന്നിവർ ആശംസകൾ അറിയിച്ചു.

പി വൈ പി എ യിലെ യുവജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് വേങ്ങൂർ പ്രോജെക്ട് മുന്നോട്ടു പോകുന്നത്. 2000 രൂപ വീതം 5 ഗഡുക്കളായി ആകെ 10,000 രൂപ വീതമാണ് സഹായമനസ്ക്കരായ യുവാക്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും പങ്കാളികളാകാവുന്ന ഈ പ്രോജെക്ടിനെ വളരെ ആവേശത്തോടെയാണ് വിശ്വാസ സമൂഹം സ്വീകരിക്കുന്നതെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.