ഓപ്പറേഷന്‍ അജയ്: ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ത്യ അയയ്ക്കും, ആവശ്യമെങ്കില്‍ നാവികസേനാ കപ്പലുകളും

ന്യൂഡല്‍ഹി: ഇസ്രയേലില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഓപ്പറേഷന്‍ അജയ് എന്ന പ്രത്യേക രക്ഷാദൗത്യം ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും പൂര്‍ണതോതിലുള്ള ഒഴിപ്പിക്കല്‍ ഉണ്ടാകില്ല. ഇന്ത്യന്‍ പൗരന്മാരെ സ്വദേശത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ മടക്കിക്കൊണ്ടുവരാനാണ് ഓപ്പറേഷന്‍ അജയ് നടപ്പിലാക്കുന്നതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചത്.

ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേഷന്റെ ഭാഗമായി തയ്യാറാക്കും. ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്താനായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും തയ്യാറാക്കിനിര്‍ത്തും. വിദ്യാര്‍ഥികളും ജോലിക്കാരും വ്യവസായികളുമായി 18,000-ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലില്‍ ഉള്ളത്. വ്യാഴാഴ്ച ആദ്യ വിമാനം പുറപ്പെടും. ആദ്യ ബാച്ചില്‍ പുറപ്പെടേണ്ടവരെ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി ഇ- മെയല്‍ വഴി ഇക്കാര്യം അറയിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത മറ്റുള്ളവരെ പിന്നീട് കാര്യമറിയിക്കും.

സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രായേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ നിർദേശിച്ചു. ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് ശക്തമായ പിന്തുണ ആവർത്തിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേലിനൊപ്പം നില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി രണ്ടുവട്ടം വ്യക്തമാക്കിയിരുന്നു.

അതേസമയം ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ 3700 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ശനിയാഴ്ച രാവിലെ നൂറുകണക്കിന് ഹമാസ് ഭീകരർ അതിർത്തി കടന്ന് ഇസ്രായേലിൽ അക്രമം നടത്തുകയായിരുന്നു. ഇസ്രായേലി സൈനികരെ അടക്കം ഇവർ ബന്ദികളാക്കിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading