ഗാസ വളഞ്ഞ് ഇസ്രയേല്‍, കരയുദ്ധത്തിന് നീക്കം; ഇരുഭാഗത്തുമായി മരണം 1600

ജറുസലേം: പശ്ചിമേഷ്യയില്‍ കടുത്ത ആശങ്കവിതച്ച്‌ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം കരയുദ്ധത്തിലേക്ക്. ഹമാസിനെതിരേ യുദ്ധകാഹളംമുഴക്കി പതിനായിരക്കണക്കിന് ഇസ്രയേലി സൈനികട്രൂപ്പുകളും യുദ്ധടാങ്കുകളും തിങ്കളാഴ്ച ഗാസയെ വളഞ്ഞു. ഗാസയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാൻ സൈന്യത്തോട് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഉത്തരവിട്ടു. സമ്ബൂര്‍ണ ഉപരോധത്തിന്റെ ഭാഗമായി ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണ, ഇന്ധന വിതരണം നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു.

ശനിയാഴ്ച ആരംഭിച്ച യുദ്ധത്തില്‍ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. ഇതില്‍ എഴുന്നൂറിലേറെ പേര്‍ ഇസ്രയേലിലെ ഹമാസ് ആക്രമണത്തിലാണ് മരിച്ചത്. കിബുത്സിലെ നഗേവ് മരുഭൂമിയില്‍നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു 260 പേര്‍ക്ക് ദാരുണാന്ത്യം. ഇവിടെനിന്ന് 250 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ അറുന്നൂറിലധികംപേര്‍ കൊല്ലപ്പെട്ടു. 130-ലെറെപ്പേര്‍ ഇപ്പോഴും ഹമാസിന്റെ ബന്ദികളായിത്തുടരുകയാണ്. ഇവരെ ഗാസയിലേക്ക് കടത്തിക്കൊണ്ടുപോയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇതില്‍ കുട്ടികളും ജര്‍മനിയില്‍നിന്ന് നാസി വംശഹത്യയെ അതിജീവിച്ചെത്തി, വീല്‍ച്ചെയറില്‍ക്കഴിയുന്നയാളുമുണ്ട്. തെക്കൻ ഇസ്രയേലില്‍ പലയിടത്തുനിന്നും ഹമാസ് അംഗങ്ങളെ ഇനിയും തുരത്താനായിട്ടില്ലെന്നും അറിയിച്ചു.

ഞായറാഴ്ച രാത്രി ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും അഞ്ഞൂറിലധികം കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്.) അറിയിച്ചു. ഹമാസും തിരിച്ചടിച്ചു. വീടുകളും ബഹുനിലക്കെട്ടിടങ്ങളും ആരാധനാലയങ്ങളും സെൻട്രല്‍ ബാങ്ക് കെട്ടിടവും വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഗാസയില്‍നിന്ന് ഇതുവരെ 1.2 ലക്ഷം ആളുകള്‍ പലായനംചെയ്തെന്ന് യു.എൻ. അറിയിച്ചു.

ഇസ്രയേലിന് ശക്തമായ പിന്തുണപ്രഖ്യാപിച്ച യു.എസ്., കിഴക്കൻ മെഡിറ്ററേനിയൻ കടല്‍വഴി സൈനികോപകരണങ്ങളും വിമാനവാഹിനിക്കപ്പലുകളും എത്തിക്കാനുള്ള ശ്രമമാരംഭിച്ചു.

തടവുകാരെ കൈമാറാൻ ഇടപെട്ട് ഖത്തര്‍. തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റത്തിലൂടെ ഇസ്രയേല്‍-ഹമാസ് യുദ്ധം സമവായത്തിലെത്തിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയില്‍ ശ്രമം. ഹമാസ് ഗാസയിലേക്കു കടത്തിക്കൊണ്ടുപോയി ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ വിട്ടയക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. പകരം ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന 36 ഹമാസ് തടവുകാരെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനുള്ള ശ്രമങ്ങളാണ് യു.എസുമായി ചേര്‍ന്ന് ശനിയാഴ്ച രാത്രിമുതല്‍ ഖത്തര്‍ ഏകോപിപ്പിക്കുന്നത്. ഗാസയിലും ദോഹയിലുമുള്ള ഹമാസ് നേതൃത്വവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും അനുകൂലകാലാവസ്ഥയ്ക്ക് സാധ്യതകാണുന്നുണ്ടെന്നുമാണ് സൂചന. ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീൻകാരെ സ്വതന്ത്രരാക്കണമെന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമെന്ന് ഹമാസ് നേതൃത്വം അറിയിച്ചിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading