ലേഖനം: സാക്ഷാൽ സ്വാതന്ത്ര്യം | ഡെല്ലാ ജോൺ

സ്വാതന്ത്ര്യദിന ചിന്തകൾ

സ്വതന്ത്ര ഭാരതത്തിലെ പൗരന്മാരാണ് നാം. ഭാരതീയർ എന്ന നിലയിൽ അഭിമാനിക്കാൻ നമുക്കേറെ വകയുണ്ട്. എന്നാൽ നമ്മുടെ സ്വാതന്ത്ര്യം യാദൃശ്ചികമായി ലഭിച്ചതല്ല. ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുവാൻ വേണ്ടി തങ്ങളുടെ ജീവൻ ബലിയർപ്പിച്ച ധീരരായ ദേശസ്നേഹികൾ നമുക്കുണ്ട്.നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും ഈ മഹത്തായ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി മരിച്ചവരുടെ സ്മരണകൾ ഹൃദയത്തിൽ സൂക്ഷിക്കുമ്പോഴും മറ്റു പല കാര്യങ്ങളും നാം ഓർക്കേണ്ടതുണ്ട്.

ലോകത്തിലെ പല രാജ്യങ്ങൾക്കും ഇല്ലാത്ത സ്വാതന്ത്ര്യം നമുക്കുണ്ട്. ഏതു തൊഴിൽ തിരഞ്ഞെടുക്കുവാനും, ഏത് ആശയവും പ്രകടിപ്പിക്കാനും,ഏതു മതത്തിൽ വിശ്വസിക്കുവാനും, അത് പ്രചരിപ്പിക്കുവാനും, എവിടെയും ജീവിക്കുവാനുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.അമൂല്യമായ പല സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്നവരാണ് നാമൊക്കെയും.

 

സ്വാതന്ത്ര്യം എന്നത് ശക്തമായ ഒരു വാക്കാണ്. സ്വതന്ത്രരായി തീരാനുള്ള ആഗ്രഹം നിമിത്തം എണ്ണമില്ലാത്ത യുദ്ധങ്ങളും, വിപ്ലവങ്ങളും, സാമൂഹിക പ്രക്ഷോഭങ്ങളും നമ്മുടെ ലോകത്തിൽ നടന്നിട്ടുണ്ട്. പാരതന്ത്ര്യത്തിന്റെയും അടിമത്വത്തിന്റെയും വിലയറിഞ്ഞവർക്കു മാത്രമേ സ്വാതന്ത്ര്യത്തിന്റെ മൂല്യം മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ. മറ്റൊരുതരത്തിൽ പറഞ്ഞാൽ നഷ്ടമാകുമ്പോൾ മാത്രം ഒരുവൻ വില മനസ്സിലാക്കുന്ന നിക്ഷേപമാണ് സ്വാതന്ത്ര്യം. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം ദൈവീകമായ ഒരു അനുഗ്രഹമായിട്ടാണ് വിലയിരുത്തപ്പെടേണ്ടത്.

സ്വതന്ത്രനാകുക എന്നാൽ മറ്റൊരു വ്യക്തിക്കോ വസ്തുവിനോ അടിമപ്പെടാതിരിക്കുക എന്നതാണ്. എന്നാൽ ക്രിസ്തീയ സ്വാതന്ത്ര്യം എന്നത് നമ്മൾ ആഗ്രഹിക്കുന്ന എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല, ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് ചെയ്യുവാനുള്ള സ്വാതന്ത്ര്യമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ചില പരിമിതികളോട് കൂടിയ, പരിധികൾ ഉള്ള, അതിരുകൾ ഉള്ള ഒന്നാണ് യഥാർത്ഥസ്വാതന്ത്ര്യം. പരിധികളും അതിരുകളും ഇല്ലാത്ത സ്വാതന്ത്ര്യം അരാജകത്വത്തിലേക്ക് വഴി തെളിക്കും.
ദൈവം നമ്മെ സൃഷ്ടിച്ച ലക്ഷ്യത്തിൽ നാം ജീവിക്കുമ്പോഴാണ്, നമ്മുടെ ആഗ്രഹങ്ങൾ ദൈവഹിതവുമായി പൊരുത്തപ്പെടുമ്പോഴാണ്l നാം യഥാർത്ഥത്തിൽ സ്വതന്ത്രരാകുന്നത്.

സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കി.ആകയാൽ അതിൽ ഉറച്ചുനിൽപ്പിൻ. അടിമനുകത്തിൽ പിന്നെയും കുടുങ്ങി പോകരുത് എന്നാണ് പൗലോസ് അപ്പസ്തോലൻ ഗലാത്യവിശ്വാസികളോട് പറയുന്നത്.ക്രിസ്തുവിന്റെ അനുയായികൾ എന്നും ക്രിസ്തുവിൽ സ്വതന്ത്രർ എന്നും അഭിമാനിക്കുന്ന നമ്മൾ പോലും ചില സമയങ്ങളിൽ ഭാരമുള്ള നുകത്തിൻ കീഴിൽ നമ്മെ തന്നെ തളച്ചിടാറുണ്ട്. ആകുലചിന്തകളാലും മനോഭാരങ്ങളാലും
ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളാലും നമ്മുടെ മേൽ ഭാരമുള്ള നുകങ്ങൾ നാം തന്നെ എടുത്തു വയ്ക്കാറുണ്ട്. അങ്ങനെ വീണ്ടും അടിമത്തത്തിൽ കുടുങ്ങി പോകാതെ യേശു നൽകിയ മഹത്തായ സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കി മുൻപോട്ടു പോകുവാൻ ഉത്സാഹിക്കാം.

പാപത്തിന്റെ ശിക്ഷയിൽ നിന്നും നിത്യമരണത്തിൽ നിന്നും ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയെങ്കിൽ നാം ഉറപ്പോടെ നിൽക്കണം. ക്രിസ്തീയ ജീവിതം സ്വാതന്ത്ര്യത്തിന്റെ ജീവിതമാണ്. തടവുകാർക്ക് വിടുതലും ബദ്ധന്മാർക്ക് സ്വാതന്ത്ര്യവും പാപികൾക്ക് മോചനവും രോഗികൾക്ക് സൗഖ്യവും നൽകിയ കർത്താവ് വിസ്മയകരമായ സ്വാതന്ത്ര്യമാണ് നമുക്ക് മുന്നിൽ ഒരുക്കിയത്. ഈ സ്വാതന്ത്ര്യം അനുഭവിക്കാൻ വിളിക്കപ്പെട്ടവരാണ് നാമെന്ന ഉത്തമ ബോധ്യം നമുക്കുണ്ടാവണം. വീണ്ടും അടിമത്തത്തിലേക്ക് വഴുതി വീഴാതിരിക്കാൻ ശ്രദ്ധിക്കണം.

നമുക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം സ്നേഹത്തിലൂടെ അന്യോന്യം സേവിക്കാനുള്ള അവസരമായി കാണണം. പാപത്തിന്റെ ദുഷ്പ്രവണതകളിൽ നിന്നും സ്വതന്ത്രരാവണം.

പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും എന്നുള്ള ക്രിസ്തുവചനം ഓർക്കാം.നാം അറിഞ്ഞ സത്യം തന്നെ നമ്മെ സ്വതന്ത്രരാക്കട്ടെ!!

ഡെല്ലാ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.