അനുസ്മരണം I പാസ്റ്റർ എ. ടി. ജോർജ് സൺഡേ സ്കൂൾ നേതൃത്വത്തിലെ അതുല്യ പ്രതിഭ: പാസ്റ്റർ വർഗീസ് മത്തായി

✍️ പാസ്റ്റർ വർഗീസ് മത്തായി (മുൻ ഡയറക്ടർ ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ)

1999 ആണെന്നു തോന്നുന്നു, കോട്ടയം തലപ്പാടി ഐപിസി ശാലേം സഭയിൽ, സൺഡേ സ്കൂൾ -പി വൈ പി എ വാർഷികയോഗത്തിന് അതിഥിയായി എന്നെ ക്ഷണിച്ചു. അവിടെ എന്റെ ശ്രദ്ധയിൽപ്പെട്ട അവിസ്മരണീയമായ ഒരു കാര്യം. ഡിടിപി യോ ഇലക്ട്രോണിക്സ് അച്ചടി മാധ്യമങ്ങളോ ഇല്ലാതിരുന്ന ആ കാലത്ത് പ്രാദേശിക സൺഡേസ്കൂൾ വാർഷിക യോഗത്തിന് പ്രിൻറ് ചെയ്ത പ്രോഗ്രാം ഷീറ്റ് അവിടെ വിതരണം ചെയ്തു. സാധാരണ യോഗങ്ങളിൽ ഒന്നും പ്രിൻറ് ചെയ്ത പ്രോഗ്രാം ഷീറ്റ് വിതരണം ചെയ്യുന്നത് അന്നു വരെ ഞാൻ കണ്ടിട്ടില്ല. അക്കാലത്തെ ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷന്റെ പ്രമുഖ പ്രവർത്തകരായിരുന്ന പാസ്റ്റർ ഇ എ മോസസും, പാസ്റ്റർ എ ടി ജോർജും തലപ്പാടി സഭയിലെ അംഗങ്ങളായിരുന്നു. അവരുടെ നേതൃത്വം സഭയ്ക്കും ഐപിസി സൺഡേ സ്കൂളിനും പുരോഗമനപരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നു എന്നതിൻറെ തെളിവ് ആ യോഗത്തിൽ ഉടനീളം ഞാൻ കണ്ടു.

സൺഡേ സ്കൂൾ പ്രവർത്തനങ്ങൾ വിശാലവും ഫലപ്രദവും ആക്കുന്നതിന് നൂതന സമ്പ്രദായങ്ങൾ കണ്ടെത്തി ആവിഷ്കരിക്കുന്നതിന് നിരവധി ആളുകൾ അക്ഷരനഗരിയിൽ നിന്നും മുന്നോട്ടു വന്നിട്ടുണ്ട്. ഐപിസി സൺഡേ സ്കൂളിന് സ്വന്തമായി പാഠപുസ്തകം ഉണ്ടാകുന്നതിനു മുൻപ് തോട്ടയ്ക്കാട്ട് സഭാംഗമായ സി വി ഫിലിപ്പോസ് സാർ 1958ൽ കോട്ടയം ഭാഗത്തുള്ള സൺഡേസ്കൂൾ അധ്യാപകരെ വിളിച്ചു കൂട്ടി പാഠങ്ങൾ കൈകൊണ്ട് എഴുതിയുണ്ടാക്കി അതിൻറെ കാർബൺ കോപ്പി പരസ്പരം കൈമാറി പാഠപദ്ധതി തയ്യാറാക്കി പഠിപ്പിച്ചിരുന്നു. അക്കാലത്ത് ബ്രദർ ഈ വി എബ്രഹാം അതിന് നേതൃത്വം നൽകി. 1960 ൽ ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ ഏകീകൃതമായ രീതിയിൽ പ്രവർത്തനമാരംഭിച്ചത് മുതൽ കോട്ടയം ഭാഗത്ത് നിന്ന് പാസ്റ്റർ ഇ എ മോസസ്, പാസ്റ്റർ പി കെ എബ്രഹാം, പാസ്റ്റർ ഏ ടി ജോർജ്, ബ്രദർ കെ എസ് മാത്യു, ബ്രദർ കുര്യൻ ജോസഫ് എന്നിവർ വിവിധ കാലങ്ങളിൽ സൺഡേ സ്കൂളിന് നേതൃത്വം നൽകി.

സൺഡേ സ്കൂളിൻറെ വളർച്ചയ്ക്ക് നിസ്തുലമായ സംഭാവന നൽകിയ അതുല്യ പ്രതിഭകളിൽ ആളായിരുന്നു പാസ്റ്റർ ഏ ടി ജോർജ്.

ആദരണീയനായ പാസ്റ്റർ എ. ടി. ജോർജ് സാറുമായി വളരെ അടുത്ത സ്നേഹബന്ധം നിലനിർത്താൻ കഴിഞ്ഞതും, ദീർഘ വർഷങ്ങൾ സൺഡേ സ്കൂൾ പ്രസ്ഥാനത്തിൽ ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞതും എൻ്റെ വ്യക്തിപരമായ ജീവിതത്തിൽ വളരെ അനുഗ്രഹമായിരുന്നു.
സുദീർഘമായ വർഷങ്ങളിലെ അനുഭവ സമ്പത്തും അറിവും ഉണ്ടായിരുന്ന പ്രിയ സാറിൽ നിന്ന് അനേക കാര്യങ്ങൾ എനിക്കും പഠിക്കാൻ കഴിഞ്ഞിട്ടുlണ്ട്.

പരിപക്വമായ ജീവിതശൈലിയിലൂടെ സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഏറ്റവും ശ്രദ്ധയോടെ അധ്വാനിച്ച സൺഡേസ്കൂൾ പ്രവർത്തകൻ, അധ്യാപകൻ, സഭാ ശുശ്രൂഷകൻ എന്നീ നിലകളിൽ അദ്ദേഹം ചരിത്രത്താളുകളിലും ജനഹൃദയങ്ങളിലും ഇടം നേടി. മികവുറ്റ രീതിയിൽ ഇന്ത്യൻ പെന്തകോസ്ത് ദൈവസഭയുടെ സൺഡേ സ്കൂൾ പാഠാവലി തയ്യാറാക്കുന്നതിനും പരിഷ്കരിക്കുന്നതിനും വളരെ ശ്രദ്ധേയമായ പങ്കുവഹിച്ചവരിൽ പ്രമുഖ സ്ഥാനം പാസ്റ്റർ ഏ ടി ജോർജ് സാറിനുണ്ട്.

പരീക്ഷ, താലന്ത് പരിശോധന, അധ്യാപക പരിശീലന ക്യാമ്പുകൾ എന്നിവയുടെ നടത്തിപ്പിന്, അദ്ദേഹത്തിൻ്റെ സാന്നിധ്യവും സംഭാവനയും വിലപ്പെട്ടതായിരുന്നു.

തിരുവചനത്തിലെ ഉപദേശ സത്യങ്ങൾ പഠിക്കുകയും, പഠിപ്പിക്കുകയും, ജീവിതത്തിൽ പാലിക്കുകയും ചെയ്ത വ്യത്യസ്തമായ ഒരു ജീവിതശൈലിയുടെ ഉടമയായിരുന്നു പ്രിയ ജോർജ് സാർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.