ലേഖനം: അദൃശ്യ രേഖ | രാജൻ പെണ്ണുക്കര

രാജൻ പെണ്ണുക്കര

അദൃശ്യ രേഖ, ഈ തലക്കെട്ട് വായിച്ചപ്പോഴേക്കും നിങ്ങൾക്കും ആശ്ചര്യം തോന്നിയോ? എന്നാൽ കാര്യങ്ങൾ വിശദമായി പഠിക്കുമ്പോൾ എല്ലാ സംശയങ്ങൾക്കും ഏകദേശം ഉത്തരം ലഭിക്കും എന്ന് കരുതുന്നു.

എല്ലാവാക്കുകൾക്കും നാനാർത്ഥങ്ങൾ ഉണ്ടെന്ന് അറിയാമല്ലോ!!. അതിൽ ഒരു മലയാളവാക്കായ രേഖ എന്ന വാക്കിന് വര (Line), അല്ലെങ്കിൽ എഴുത്ത് (പ്രമാണം) എന്ന അർത്ഥങ്ങൾ കൂടി ഉണ്ട്. പ്രത്യേകിച്ച് ഈ രണ്ട് അർത്ഥങ്ങളും നമ്മുടെ ഇന്നത്തെ ചിന്തവിഷയത്തിൽ വളരെ പ്രസക്തവും, അനുയോജ്യവും, വിലയേറിയതും തന്നെ എന്നുവേണം കരുതാൻ. ഇവിടെ അനുഭവമാകുന്ന പാഠശാലയിൽ നിന്നും പഠിച്ചെടുത്ത ചില പാഠങ്ങൾ കൂട്ടിച്ചേർത്ത് പങ്കുവെക്കുന്നത് ഒരു പക്ഷെ ആരുടെയെങ്കിലും തിരിച്ചറിവിനും, തിരിഞ്ഞു നോട്ടത്തിനും, പശ്ചാതാപത്തിനും, മാനസ്സാന്തരത്തിനു ഉതകുമെങ്കിൽ സ്വർഗ്ഗം സന്തോഷിക്കട്ടെ എന്നും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.

നാം പോലും അറിയാതെ, പല മേഖലകളിൽ പലവിധത്തിലുള്ള അദൃശ്യ രേഖകൾ പലരും വരച്ചു വെക്കാറുണ്ട് എന്നു പറഞ്ഞാൽ അതിശയം തോന്നുന്നുവോ? നിർഭാഗ്യവാശാൽ അവകൾ മനസ്സിലാക്കിയെടുക്കാൻ നാം വൈകി പോകുന്നു എന്നതല്ലേ സത്യം. ഞാനും ആദ്യം ഒക്കെ ചിന്തിച്ചുപോയി അങ്ങനെയൊരു അദൃശ്യ രേഖ ദൈവ സഭയിൽ, വിശ്വാസികളുടെ മദ്ധ്യത്തിൽ ആർക്കെങ്കിലും വരക്കുവാൻ സാധിക്കുമോ എന്ന്!! എന്നാൽ വളരെ എളുപ്പത്തിൽ ഇത് സാധ്യമെന്നും, അവരുടെ തന്ത്രവൈദഗ്ദ്ധ്യവും, കൗശലവും (Strategy) നന്നായി വിജയിക്കുമെന്നും അനുഭവം എന്ന ഗുരു കാണിച്ചു തന്നു അതുപോലെ പഠിപ്പിച്ചും തന്നു.

അങ്ങനെയെങ്കിൽ ഈ അദൃശ്യ രേഖ വരച്ചതാരാണ്, എന്തിനുവേണ്ടി വരച്ചു, ആർക്കുവേണ്ടി വരച്ചു, അതുകൊണ്ട് ആർക്ക് പ്രയോജനം ഉണ്ടാകുന്നു എന്നത് ഗഗനമായി പഠിക്കേണ്ടിയിരിക്കുന്നു.

ചില രശ്മികൾ നമ്മുടെ നഗ്നനേത്രങ്ങൾക്ക് അദൃശ്യമാണ്, എന്നാൽ അവ ഇല്ലായെന്നു പറയുവാനോ നിഷേധിക്കാനോ കഴിയുമോ?. നിഷേധിച്ചാലും അങ്ങനെയുള്ള രശ്മികൾ ഭൂമണ്ഡലത്തിൽ ഉണ്ട് എന്നതല്ലേ യാഥാർഥ്യം. ചില അദൃശ്യമായവ പ്രയോജനം ഉള്ളതാകാം എന്നാൽ ചിലത് ഗുണത്തിനും പകരം ദോഷം ചെയ്യുന്നു.

അതുപോലെ ദൈവസഭകളിലും വിശ്വാസികളുടെ ഇടയിലും മാനുഷിക രീതിയിൽ ചിലർ അറിഞ്ഞോ അറിയാതെയോ ചില അദൃശ്യ രേഖകൾ (Invisible Lines) വരച്ചു വെക്കുന്നു അഥവാ അദൃശ്യ എഴുത്തുകൾ/അലിഖിത നിയമങ്ങൾ (Unwritten laws) എഴുതിയത് പ്രവർത്തിപദത്തിൽ കൊണ്ടുവരാൻ പലരും ശ്രമിക്കുന്നു എന്നതാണ് വാസ്തവം. അദൃശ്യ രേഖകൾ/അലിഖിത നിയമങ്ങൾ വലിയ ശക്തി ഉള്ളവ ആകുന്നു എന്ന കാര്യം കൂടി മറന്നുപോകരുത്.

എന്നാൽ ചിലർ അങ്ങനെ ഉണ്ടെന്ന് ഒരിക്കലും അംഗീകരിച്ചു കൊടുക്കില്ല. കാരണം ഈ അദൃശ്യ കാര്യങ്ങൾ അങ്ങനെയുള്ള കൂട്ടർക്ക് അത്രമാത്രം നേട്ടവും പ്രയോജനവും ഉണ്ടാക്കുന്നു എന്നത് നമ്മുടെ കണക്കുകൂട്ടലിനും അനുമാനത്തിനും അപ്പുറമായിരിക്കും എന്നതാണ് സത്യം. എന്നാൽ മറുക്കൂട്ടർക്ക് അത് എന്തായി മാറുന്നു എന്ന് നിങ്ങൾ തന്നേ ചിന്തിക്കൂ.

ഈ അദൃശ്യ രേഖകൾ മനുഷ്യ നിർമ്മിതം ആകുന്നു. ഇത് അദൃശ്യമാകയാൽ എതുവഴി കടന്നു പോകുമെന്നും അതിന്റ പരിണിത ഫലം എന്താകും എന്ന് ഊഹിക്കുവാനോ, മുൻകൂട്ടി പ്രവചിക്കുവാൻ ആരാലും കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഈ രേഖ ഒന്ന് കടന്നുപോയാലോ പിന്നെ അന്നുവരെ ഒന്നിച്ചിരുന്നതിനെ അഥവാ ഏകഖണ്‌ഡം ആയിരുന്നതിനെ ഭിന്നിപ്പിച്ച് ഖണ്‌ഡം ഖണ്‌ഡം ആക്കി വിഭജിക്കുന്നു എന്നതാണ് സങ്കടം. മറ്റൊരു രീതിയിൽ പറഞ്ഞാൽ പല കഷണങ്ങൾ ആക്കി മാറ്റുന്നു എന്നതും ശരിയായ പ്രയോഗം തന്നേ.

മറ്റുള്ളവർ പുറമെ നോക്കുമ്പോൾ ഭയങ്കര ആത്മീകവും ഐക്യതയും ഉള്ള സഭ പോലെ തോന്നിപ്പിക്കയും, പക്ഷെ യഥാർത്ഥത്തിൽ അദൃശ്യ രേഖ കൊണ്ട് പല തട്ടിലും പല ഗ്രൂപ്പിലും പല പക്ഷത്തിലും ഒരിക്കലും കൂട്ടി മുട്ടാത്ത പല ദ്രുവത്തിലും ആക്കി മാറ്റി “”പാലക്ക”” പോലെ പിരിച്ചു നിർത്തിയാൽ പൂർണ്ണ വിജയം അതിന്റെ നടത്തിപ്പുകാർക്ക് കിട്ടും എന്നത് ശരിയല്ലേ?. പിന്നെ ആരും ഒന്നും ചോദിക്കില്ല, എന്തും ഇഷ്ടം പോലെ ചെയ്യാം, കാരണം ഭൂരിപക്ഷം ഇല്ലാലോ ചോദ്യങ്ങൾ ചോദിക്കാൻ!!. മാത്രവുമല്ല, മറ്റു ചിലർക്ക് ഇങ്ങനെയുള്ള സന്ദർഭവും സാഹചര്യവും അനുകൂലമാക്കി സഭയുടെ കിരീടം വെക്കാത്ത രാജാവായി നീണാൽ വാഴാനുള്ള അവസരം ഉണ്ടാക്കി കൊടുക്കും എന്നതും സത്യം അല്ലേ!!. കൂടാതെ ചില സ്വാർത്ഥ ചിന്താഗതിക്കാർക്കും പ്രയോജനം ഉണ്ടാകും എന്നും നിസംശയം പറയുവാൻ കഴിയും.

ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലതു; എന്ന് സഭാപ്രസംഗിയിൽ പറയുമ്പോൾ മറിച്ച് ചിലതിന്റ തുടക്കം നല്ലതെന്ന് തോന്നിയിട്ട് അവസാനം നാശം ആകുന്നു എങ്കിൽ എന്താകും സ്ഥിതി.

തുടക്കത്തിൽ തന്നേ ഒരു കാര്യം കൂടി പറഞ്ഞിട്ട് മുന്നോട്ട് പോകാം.. അമിത ആത്മീകം അഭിനയിക്കുന്നവരേയും, അമിത ആവേശവും, അതിസാമർഥ്യവും കാണിക്കുന്നവരേയും, വെറുതെ മുതല കണ്ണീർ ഒഴുക്കുന്നവരേയും, മുഖസ്തുതി പറയുന്നവരേയും, സ്നേഹം അഭിനയിക്കുന്നവരേയും, പേര് കിട്ടാൻ കൈവിട്ട് ധനപരമായി ഒത്തിരി സഹായിക്കുന്നവരേയും, പല പല സഭകൾ ചാടി വരുന്നവരേയും, 1 കോരി 14-ന്റെ അവസാന ഭാഗത്തെ പൗലോസിന്റെ ഏറ്റവും കാതലും പരമ പ്രധാനവുമായ ഉപദേശത്തിന് തികച്ചും വിപരീതമായി സകലവും ഉചിതമായും ക്രമമായും കാര്യങ്ങൾ നടത്തുവാൻ അനുവദിക്കാതെ പൊതുസഭയിൽ (വീട്ടിലെ പോലെ) എടുത്തുചാടി സംസാരിക്കുന്നവരേയും, പ്രതികരിക്കുന്നവരേയും ഒരുകാതം അകലെ മാറ്റി നിർത്തണമെന്നും അവരെയെല്ലാം നന്നായി പഠിക്കുകയും, വളരെ സൂക്ഷിക്കുകയും ചെയ്യണമെന്നും പല അനുഭവങ്ങളും പഠിപ്പിക്കുന്നില്ലേ!!. ഇവരെയൊക്കെ നിയന്ത്രിക്കാതെ, പ്രോത്സാഹിപ്പിക്കയും വളർത്തുകയും ചെയ്താൽ അല്ലേ ഭരണ കർത്താക്കൾക്ക് വിജയവും, പ്രയോജനവും, നീണാൽ വാഴാനും സൗകര്യം ഉണ്ടാകൂ. ഇവരെ പോലെയുള്ളവരാണ്, ഇവിടെയാണ്‌ പലപ്പോഴും രേഖകൾ വരയ്ക്ക പെടുന്നത് എന്ന്‌ പറഞ്ഞാൽ പിണങ്ങരുത്.

സാധാരണ നമ്മുടെ ഇടയിൽ നടക്കുന്നതും അല്ലെങ്കിൽ കണ്ടുവരുന്നതും വടക്കേ ഇന്ത്യയിലെ ആത്മീക ജീവിതത്തിൽ ഉണ്ടായ അനുഭവവങ്ങളും ചേർത്തൊരു ഉദാഹരണം പറയാം. അത്ര വലിയ പ്രശ്നങ്ങളോ സൗന്ദര്യപിണക്കമോ ഗ്രൂപ്പ്‌കളിയോ ഒന്നും ഇല്ലാതെ സന്തോഷത്തോടും സമാധാനത്തോടും ഒത്തൊരുമയോടും ഏകമനസ്സോടും, പരസ്പരം സ്നേഹത്തോടും, സഹോദര്യത്തോടും, സൗഹൃദത്തോടും കൂടെ വർഷങ്ങളായി പോയ്ക്കൊണ്ടിരുന്ന സഭയിൽ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഇങ്ങനെ ഒരു രേഖ വരച്ചാൽ ഉണ്ടാകുന്ന പരിണിത ഫലങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ആർക്കെങ്കിലും ഊഹിക്കാൻ കഴിയുമോ??.

അങ്ങനെ വളരെ സന്തോഷത്തോടും സമാധാനത്തോടും ഒത്തൊരുമയോടും കൂടി പോയ്ക്കൊണ്ടിരുന്ന സഭയിൽ ചില പുതിയ കുടുംബങ്ങൾ വന്നു കാലുകുത്തി ആഴ്ചകൾ തികയും മുൻപേ സഭയിലെ കുഞ്ഞുങ്ങളും യുവാക്കളും ഇങ്ങനെ ഇരുന്നാൽ പോരാ, ഒരു മാറ്റം (Change) വേണം അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കണം എന്ന വ്യാജേന ചില (ചില എന്നവാക്ക് അടിവരയിട്ട് സൂക്ഷിക്കണം) പ്രത്യേകം പ്രിയപ്പെട്ട ഫാമിലികളെ മാത്രം തിരഞ്ഞെടുത്ത് പിക്നിക് ഗ്രൂപ്പ്‌ ഉണ്ടാക്കി പോകുകയും ആനന്ദിച്ച് സല്ലപിച്ചുകൊണ്ട് അന്നു വൈകിട്ടത്തെ കോട്ടേജ് മീറ്റിംഗ് പോലും ഉപേക്ഷിക്കേണ്ട അവസ്ഥ കൂടി സംജാതമാക്കിയാൽ ആ തുടക്കം നല്ലതോ നിങ്ങൾ പറയൂ??. യഥാർത്ഥത്തിൽ, തുടക്കത്തിൽ തന്നേ ആ പ്രവർത്തിയോടെ ഒരു അദൃശ്യ രേഖ കൊണ്ട് വിശ്വാസികളുടെ ഇടയിൽ വിഭജനം അല്ലേ സൃഷ്ടിച്ചിരിക്കുന്നത്!!.

സത്യത്തിൽ അന്ന് സഭ രണ്ടു ചേരിയായി എന്നതാണ് സത്യം. അതിന് നേതൃത്വം കൊടുത്ത കുടുബം അഥവാ സംഘാടകർ, പിന്തുണച്ചവർ, ചെയ്തത് തെറ്റ് എന്ന് കണ്ടിട്ടും പ്രതികരിക്കാൻ നട്ടെല്ല് ഇല്ലാഞ്ഞവരും, മൗനസമ്മതം കൊടുത്ത് മക്കളെ പറഞ്ഞു വിട്ട എല്ലാമാതാപിതാക്കന്മാരും കാരണക്കാർ ആയി തീർന്നു.

പിന്നീട് ഈ പ്രിയപ്പെട്ടവർ മാത്രം മാറിമാറി ഭവനങ്ങളിൽ ഒത്തുകൂടലും സ്നേഹവിരുന്നും നർമസംഭാഷണവും, ചർച്ചയും, പ്രാർത്ഥനയും, ക്ലാസ്സും, പരിശീലനവും സൗഹൃദ സന്ദർശനവും (Social Visit) മറ്റും ആരംഭിച്ചാൽ അതും നല്ലതിനുള്ള തുടക്കമോ നിങ്ങൾ പറയൂ?. യോഗത്തിന് പോയാൽ പോലും അവർ ഒരുമിച്ചേ ഇരിക്കൂ, ഒരുമിച്ചേ ഭക്ഷിക്കൂ , കുശലപ്രശനം നടത്തൂ, ഒരേ നിറത്തിലുള്ള വസ്ത്രമേ ധരിക്കൂ, എല്ലാ ഞായറാച്ചയും ആരാധന കഴിഞ്ഞാലും പരിസരം വിട്ടുപോകാതെ രേഖക്ക് പുറത്ത് തള്ളപ്പെട്ട ഒരുകൂട്ടർ സ്ഥലം കാലിയാക്കി പോകും വരെ തത്തി കളിച്ചു സമയം പാഴാക്കി നിന്നിട്ട് മാറിമാറി മരം ചുറ്റി ഫോട്ടോ എടുക്കലും ഫോട്ടോ കൊളാജ് (Photo Collage) ഉണ്ടാക്കലും, മറ്റുള്ളവരെ പ്രകോപിപ്പിക്കാൻ സ്റ്റാറ്റസ്സ് ഇടീലും, വേറെ ഒരു സമതി കൂടലും ചർച്ചയും മറ്റും (ആരാധന കഴിഞ്ഞിട്ട് ചിലരെ മാത്രം ഒഴിച്ചിട്ടുള്ള ആത്മീക നാടകം) ഒരുതരം ഭിന്നിപ്പ്/പിളർപ്പ്, വിദ്വേഷം, ഒറ്റപ്പെടുത്താൽ, എന്ന അദൃശ്യ രേഖ വരച്ചതിന്റെ അഥവാ ഡിവിഷൻ ചെയ്തതിന്റെ ഏറ്റവും വലിയ ഉദാഹരണവും അതിന്റെ തിക്തമായ പരിണിത ഫലങ്ങളും അല്ലേ എന്നു പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ??. പക്ഷെ അവർ സമ്മതിച്ചു തരില്ല….

ഇത് സഭയുടെ ശുശ്രുഷകന്റേയും മറ്റ് ഉത്തരവാദിത്വപെട്ടവരുടെ സാന്നിധ്യത്തിലും, അറിവൊടും, മൗനാനുവാദത്തോടും അവരുടെ കുടുംബങ്ങളും ചേർന്നാണ് നടക്കുന്നതെങ്കിൽ ഈ വരയുടെ ആഴവും നീളവും വീതിയും നിറവും നിങ്ങൾ തന്നേ ആലോചിച്ച് തീരുമാനിക്കൂ എന്നു മാത്രം പറയുന്നു..

ഇനിയും ഈ ചെയ്യുന്നത് തെറ്റ് എന്ന് പറഞ്ഞാലോ, ഈ പോക്ക് അപകടത്തിലേക്ക് എന്ന് ഉപദേശിച്ചാലോ അതിനു നേതൃത്വം കൊടുക്കുന്നവർ സമ്മതിച്ചു കൊടുക്കില്ല. കാരണം അവർക്ക് വേണ്ടിയത് അതാണ്. അവരുടെ തന്ത്രങ്ങൾ ജയിക്കാൻ ഇങ്ങനെയുള്ള അനുകൂല പരിതസ്ഥിതി അല്ലേ വേണ്ടത്, മാത്രവുമല്ല സമ്പന്നരായവരെ പിണക്കാനും പറ്റില്ലല്ലോ!!. ചില പ്രവണതകൾ ചില രേഖകൾ തുടക്കത്തിലേ തുടച്ചു (Erase) മാറ്റിയില്ലെങ്കിൽ അല്ലെങ്കിൽ തച്ചുടച്ചു കളഞ്ഞില്ലായെങ്കിൽ ദൈവ സഭയുടെ അടിസ്ഥാനം ഇളകും സംശയം ഇല്ല.

നാം കേട്ടിട്ടുള്ള പഴംചൊല്ലുപോലെ “”രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ””. നേതാക്കന്മാർക്ക് വേണ്ടിയിരുന്നതും അതായിരുന്നു, എത്ര അനായാസം കാര്യങ്ങൾ നടന്നു കിട്ടി.

ഇത് തെറ്റാണ്, ഇങ്ങനെ ഒരു അദൃശ്യ രേഖ നമ്മുടെ ഇടയിൽ വരച്ചിരിക്കുന്നു എന്ന് ചൂണ്ടി കാണിച്ചാൽ അംഗീകരിക്കാൻ ഉത്തരവാദിത്വപെട്ടവർ തയ്യാറായില്ലായെങ്കിൽ ബലഹീനാരായ ന്യുനപക്ഷ വിശ്വാസികൾ എന്തുചെയ്യും. ഇങ്ങനെ അദൃശ്യ രേഖ വരക്കുന്നത് ഭാവിയിൽ ദോഷം ചെയ്യും എന്ന് ചൂണ്ടികാണിക്കുന്നവർ ഒടുവിൽ ശത്രുക്കളും കുറ്റക്കാരും ആകുന്ന അവസ്ഥയും അഥവാ മനഃപൂർവ്വം അവരെ മറ്റുരീതിയിൽ കുറ്റക്കാരാക്കി ക്രൂശിച്ച് സഭക്ക് പുറത്താക്കി ശല്യം ഒഴിവാക്കി വിജയം കൊയ്യുന്ന ആത്മീക ലോകം.

ഏതോ മഹാൻ പറഞ്ഞതുപോലെ വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും കമ്പോളത്തിൽ (ചന്തയിൽ) സ്നേഹത്തിന്റെ ചുംബനവും അപ്പം നുറുക്കലും ഉപവാസവും പ്രാർത്ഥനയും അഭിഷേകവും വെളിയിൽ നിന്നും സ്പെഷ്യൽ ആളിനെ വരുത്തി പ്രവചനവും മറ്റും തകൃതിയായി നടത്തുന്നത് ദൈവീകമോ എന്ന് പലപ്പോഴും സംശയം തോന്നുന്നു. ഇതിനെയാണോ ആത്മീകം എന്നും, സുവിശേഷ വേല എന്നും, പ്രവചനശുശ്രുഷ എന്നൊക്കെ നാം വിളിക്കുന്നത്??.

എന്തുകൊണ്ട് ഈ ഭിന്നിപ്പിന്റ, പിളർപ്പിന്റെ, വിഭജനത്തിന്റെ, വിയോജിപ്പിന്റ, കൈപ്പിന്റ ദുഷ്ട ആത്മാവിന്റെ വ്യാപാരത്തെ ഈ വരുന്ന ഒരു പ്രവാചകനും മനസ്സിലാകുന്നില്ല വെളിപ്പെടുന്നില്ല എന്നതാണ് ആശ്ചര്യം. ശരിയാണ് പുറമെ കാണുമ്പോൾ ചിരിയും കളിയും സ്നേഹ ചുംബനവും (പേരിന് മാത്രം) ഉണ്ട്. എന്നാൽ വേറെ ഒരു രീതിയിൽ പറഞ്ഞാൽ ഇതിന്റെയെല്ലാം *സത്ത്* (Essence) അടങ്ങുന്ന അദൃശ്യ രേഖയല്ലേ ഇവരുടെ ഇടയിൽ വരച്ചു വെച്ചിരിക്കുന്നത്. ശരിയാണ് ഇതൊക്കെ അദൃശ്യമല്ലേ അതുകൊണ്ട് അവയൊന്നും ഒരിക്കലും അവർക്ക് വെളിപ്പെടില്ല. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, കാരണം അവരുടെ അകകണ്ണ് തുറന്നിട്ടില്ല, മാത്രവുമല്ല, അവരുടെ ദൈവം വയറ് എന്ന് വചനം പറയുന്നു. വെളിപ്പെട്ടാലും ധൈര്യം കാണില്ല പുറത്തു പറയാൻ. കാരണം കിട്ടുന്ന നന്മയുടെ അളവും മൂല്യവും കുറയുമോ എന്ന ഭയം അല്ലേ ഭരിക്കുന്നത്.

ഈ ഭിന്നിപ്പിക്കുന്ന ആത്മാവ് ആണ് ഇന്നത്തെ മിക്ക സഭകളെയും ഭരിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റുകാണില്ല. അന്ത്യകാലം എന്നല്ലാതെ എന്തു പറയാൻ. ഈ ആത്മാവ് സഭയിൽ കടന്നുവന്നാൽ ശുശ്രുഷകൻ വിലക്കില്ല, അറിഞ്ഞാലും മൗനം നടിക്കും, കാരണം ഇതിന്റെ ഏറ്റവും കൂടുതൽ പ്രയോജനവും ആദായവും ലഭിക്കുന്നത് ശുശ്രുഷകന് ആണ്. കൂടാതെ ചിലർക്ക് കിരീടം വെക്കാത്ത രാജാവായി സഭയുടെ സിരാ കേന്ദ്രങ്ങളിൽ കയറി പറ്റാനും വോട്ട് നേടാനും ഉതകും എന്നത് നിഷേധിക്കാമോ??. ഇതിനെ വോട്ട് ബാങ്ക് എന്ന് വിളിക്കുന്നതാണ് അതിലും നല്ലത്. പതിനഞ്ച് വയസ്സ് മാത്രം ഉള്ള പയ്യൻ സ്നാനപ്പെട്ടു എന്ന കാരണം പറഞ്ഞു വോട്ട് ചെയ്യിക്കുന്ന ആത്മീക ഭരണകൂടം ഏത് രീതിയിൽ ഉള്ളതെന്ന് മനസ്സിലാകുന്നില്ല. മേലാളന്മാർ പറയുന്നത് അവർ സഭയിലെ അംഗങ്ങൾ ആണ് അതുകൊണ്ട് വോട്ട് ഇടാൻ അവകാശം ഉണ്ട്. മൈനർ എന്ന ദേശത്തിന്റ നിയമത്തെ പോലും കാറ്റിൽ പറത്തുന്ന ആത്മീകത്തിന്റ മൂല്യം എത്ര എന്ന് നിങ്ങൾ പറയൂ. “സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ”..”ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ, ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു” (1 പത്രൊസ് 2:13, റോമർ 13:1) എന്ന വാക്യങ്ങൾക്ക് ഇവർ എന്ത് പ്രാധാന്യം കൊടുക്കുന്നു..

അപ്പോൾ ഇതൊന്നും പരിപാവനമായ സുവിശേഷ വേലയുടെ നല്ല ലക്ഷണമോ, ലക്ഷ്യമോ, ദൈവ സഭയുടെ വളർച്ചക്കോ, യേശുവിന്റെ നാമം ഉയരുവാനോ, നശിച്ചു പോകുന്ന മനുഷ്യരെക്കുറിച്ചുള്ള ആത്മഭാരം കൊണ്ടോ, അതോ പാപികളെ നേർവഴി കാട്ടി രക്ഷാമാർഗ്ഗം കാണിക്കാനോ മറ്റും അല്ല ചെയ്യുന്നത്??. സത്യത്തിൽ ഇതെല്ലാം ആത്മീകതയുടെ മറവിൽ ഭൗതീകത്തിനു വേണ്ടി നടത്തുന്ന ചതിവും വിശ്വാസവഞ്ചനയും ഒരുതരം ചൂഷണവും മുതലെടുപ്പും മാത്രമല്ലേ എന്നുകൂടി പറയാതിരിക്കാൻ തരമില്ല.

വേറെ ഒരു കൂട്ടർ കുടുംബ വാഴ്ച പാരമ്പര്യത്തിന്റെ അദൃശ്യ രേഖ ഉണ്ടാക്കുന്നു.. പാരമ്പര്യ വാഴ്ച്ച എന്ന അദൃശ്യമായ അലിഖിത പ്രമാണം അഥവാ കീഴ്‌വഴക്കം നടപ്പാക്കാൻ നിരന്തരം ശ്രമിക്കുന്നു. ഞാൻ മാറിയാൽ എന്റെ പിൻഗാമി തന്നേ വേണം സഭയുടെ അധികാര കസേരയിൽ ഇരിക്കേണ്ടത് എന്ന അന്തർഗതത്തോടെ (Idea) അവർ രഹസ്യ ധാരണ ഉണ്ടാക്കി മാറിമാറി മത്സരിക്കുന്നു ഭരിക്കുന്നു. അഥവാ പിൻഗാമി ഇല്ലെങ്കിൽ അകന്നതോ അടുത്തതോ ആയ ബന്ധുക്കളെയൊ ഭാര്യഗ്രഹത്തിലെ ആരെയെങ്കിലുമോ കുത്തികയറ്റി കസേരയിൽ ഇരുത്തി മറ്റുള്ളവരെ (യോഗ്യത ഉള്ളവർ ഉണ്ടായാലും) ഒരു കാരണവശാലും അടുപ്പിക്കരുതെന്ന കൗശല മനോഭാവത്തോടെ പരിശുദ്ധന്മാരായി അഭിനയിച്ച് ആത്മീകം കളിക്കുന്നു..

യഥാർത്ഥത്തിൽ അതിനെ ബന്ധുജനപക്ഷപാതം, സ്വജനപക്ഷപാതം (Nepotism) എന്ന് വിളിക്കുന്നു. ഇത് എഴുതപെട്ട നിയമം അല്ലായെങ്കിലും അതിനെ അലിഖിത നിയമം (കീഴ്‌വഴക്കം) എന്നും വിളിക്കാം.

അങ്ങനേ…. ഇവിടെ നടക്കൂ എന്ന് അവർ ശഠിക്കുന്നു. ഇതും ഒരു തരം ഭിന്നിപ്പിന്റെതും, അധികാര മോഹത്തിന്റെയും ദുഷ്ടാത്മാവ് ആകുന്നു. അദ്ദേഹം ഇല്ലെങ്കിൽ സഭ ഇല്ല എന്ന മിഥ്യാബോധവും തെറ്റിദ്ധാരണയും വിശ്വാസികളുടെ മനസ്സിൽ സൃഷ്ഠിച്ചാണ് ഈ ഭിന്നിപ്പിന്റെ ദുഷ്ടാത്മാവ് പ്രവർത്തി തുടങ്ങുന്നത്.

അതിന്റെ പ്രതിഫലനം എന്നോണം, വല്ലപ്പോഴും മാത്രം പേരിന് ആരാധനക്ക് വരുന്നവർ പോലും കൃത്യമായി സഭയിലെ ഇലക്ഷൻ ദിനത്തിൽ മാത്രം കസേര തികയാത്ത പോലെ ആരാധനയ്ക്ക് വരുന്നതും മറ്റും ദൈവത്തോടുള്ള ഭക്തിയോ സ്നേഹമോ അതോ തലേ ദിവസത്തേ ഫോൺ വിളിയുടെ അനന്തര ഫലമോ എന്ന് സ്വർഗ്ഗം തീരുമാനിക്കട്ടെ. സർവ്വ ഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഏഴു കണ്ണുകൾ സ്വർഗ്ഗത്തിൽ നിന്നും എല്ലാം നോക്കുന്നു എന്ന ഭയം നമ്മേ ദൈനം ദിനം ഭരിക്കണം.

സങ്കിർത്തനം 84:10 പൂർത്തിയാക്കി നടക്കാനും ഇരിക്കാനും തനിയെ എഴുനേൽക്കാനും നിൽക്കാനും ആരോഗ്യം ഇല്ലായെങ്കിലും എന്റെ കാലശേഷം മാത്രമേ കസേര ഒഴിയുക ഉള്ളൂ എന്ന സ്ഥാനമാന മോഹത്തോടുള്ള അത്യാഗ്രഹം ശുദ്ധവും നിഷ്കളങ്കവും കുറ്റമില്ലാത്ത നല്ല മനഃസാക്ഷിയോടു കൂടിയ ആത്മീകതയുടെ ലക്ഷണമാണോ എന്നു തോന്നുന്നില്ല.

ചിലർക്ക് ആരാധന സ്ഥലത്ത് പോലും പ്രേത്യേക ഇരിപ്പിടം മാറ്റി (Reserve) വെച്ചിരിക്കുന്നതും വേർതിരിവിന്റ അദൃശ്യ രേഖ വരച്ചതിന്റ ഉദാഹരണം ആകുന്നു. എന്താ സഭയുടെ അധികാര കേന്ദ്രത്തിൽ ഇരിക്കുന്നവർ സാധാരണ വിശ്വാസികൾ അല്ലേ, അതോ അവർ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠന്മാരും ഉന്നത ശ്രേണിയിൽ ഉള്ളവരോ??. പൂർവ്വപിതാക്കന്മാർ എല്ലാവരേയും ഒരുപോലെ കണ്ടു അതായിരുന്നു അവർ കണ്ട ആത്മീക കാഴ്ചപ്പാടും ദർശനവും. എന്നാൽ ഇന്ന് ദൈവസഭയിൽ ഇരിപ്പിടത്തിനു പോലും തരംതിരിക്കൽ, ഇനംതിരിപ്പ് (Classification) വന്നു. വചനം പറയുന്നു അവർ ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവന്നു. ഇന്ന് ഒരുമനം ഉണ്ടോ, ഇനിയും നിങ്ങൾ പറയൂ എവിടെ സമത്വം, എവിടെ ഐക്യം, എവിടെ മാതൃക.

ഹൃദയ ശുദ്ധി ഉള്ളവർ മാത്രം ദൈവത്തെ കാണും എന്ന് വിശുദ്ധ വചനം പറയുമ്പോൾ ഇങ്ങനെയുള്ളവർക്ക് കുറഞ്ഞ പക്ഷം ദൂരെ നിന്നെങ്കിലും ദൈവത്തെ ഒന്ന് കാണുവാൻ സാധിക്കുമോ എന്ന ചോദ്യം ബാക്കി നിൽക്കെ, സ്വർഗ്ഗത്തിൽ പോകുന്ന കാര്യം പിന്നെ തീരുമാനിക്കാം.

ഒരു കാര്യം മറക്കാതെ ഹൃദയത്തിൽ എഴുതി വെച്ചുകൊൾക, വല്ലവരുടേയും പ്രലോഭനങ്ങളിൽ മയങ്ങി വേറെ ആർക്കോ വേണ്ടി, അവരുടെ നേട്ടങ്ങൾക്കുവേണ്ടി, സ്വന്ത മനഃസാക്ഷിയെ വഞ്ചിച്ച് സത്യവിരുദ്ധമായി പ്രവർത്തിച്ച് “”നിന്റെ സ്വർഗ്ഗം നഷ്ട്ടമാക്കല്ലേ”” എന്ന് മാത്രം ഇപ്പോൾ പറയുന്നു. നിന്റെ മനഃസാക്ഷിയെ നീ സ്വയം വഞ്ചിച്ചാൽ, പ്രയോജനം മറ്റുള്ളവർക്ക് ഉണ്ടാകും, നിനക്ക് സ്വർഗ്ഗം നഷ്ടമാകും എന്നു മാത്രം പറഞ്ഞു തത്കാലം നിർത്തുന്നു.

അപ്പോൾ ഇതൊന്നും ദൈവസഭയുടെ നന്മക്കൊ, യേശുവിനോടുള്ള സ്നേഹമോ നശിച്ചുപോകുന്ന പാപികളോടുള്ള അനുകമ്പയോ, അവരെ നേർവഴി നടത്തി രക്ഷാമാർഗ്ഗം കാണിക്കാനുള്ള സുവിശേഷ താൽപ്പര്യമോ അല്ല. മറിച്ച് ഇതെല്ലാം സ്ഥാനത്തിനും മാനത്തിനും നിലനിൽപ്പിനും, അധികാരത്തിനും ഭൗതികത്തിനും വേണ്ടി ആത്മീകതയുടെ മറവിൽ കാട്ടികൂട്ടുന്ന കൗശലവും ചതിവും വിശ്വാസവഞ്ചനയും അല്ലേ എന്നുകൂടി പറയാതിരിക്കാൻ തരമില്ല.

ഇപ്രകാരം വരകൾ ഇടുന്നവരേയും, വരകളേയും കണ്ടിട്ട് സ്വർഗ്ഗം എത്ര ദുഖിക്കുന്നു എത്ര മാർക്ക്‌ ഇടുന്നു എന്നതാണ് അവസാന ചോദ്യം. പ്രവർത്തികളുടെ പുസ്തകത്തിൽ പറയുന്നതുപോലെ ഇത് സഭയെ മുടിക്കാനാണ് എന്ന് പറയുന്നതാവും ഉചിതം. നമുക്ക് ഒന്ന് മാറി ചിന്തിക്കാം, ഇനിയും അവസരം ഉണ്ട്, നമ്മുടെ തെറ്റുകളെ ഗ്രഹിക്കാം ഏറ്റുപറയാം വീണ്ടും മാനസാന്തരപ്പെടാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.