ലേഖനം: കരിഞ്ഞ കൊള്ളികൾ | രാജൻ പെണ്ണുക്കര

 

കത്തിജ്വലിക്കുന്ന മനോഹരമായ ദീപത്തെ നാം കാണും… പക്ഷെ ദീപം തെളിയിക്കാൻ ഒരഞ്ഞു വേദനിച്ചു ജീവൻ വെടിഞ്ഞു കരിഞ്ഞു പോയ തീപ്പെട്ടികൊള്ളിയെ ആരും കാണില്ല.. അതിന്റ അവസാനം ചവട്ടുകൊട്ടയിലോ പുറം പറമ്പിലോ…
യഥാർത്ഥത്തിൽ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന സത്യവും യാഥാർഥ്യങ്ങളും നമ്മുടെയൊക്കെ ജീവിതാനഭവങ്ങളും ഇങ്ങനെയൊക്കെയല്ലേ?.

മഴയുള്ളപ്പോൾ കുട വേണം, മഴമാറിയാൽ നനഞ്ഞകുടയും ഒരു ബാധ്യത പോലെ ആയി മാറുന്ന സത്യം ഓർമ്മയുണ്ടോ, അതുപോലെയല്ലേ ഇന്നുപലരും?. കറിവേപ്പിലയുടെ സാക്ഷ്യം അറിയില്ലേ. രുചിയും മണവും വരുത്താൻ ആദ്യമായോ അവസാനമായോ അതിനെ കൂടി ചേർത്തെ മതിയാകൂ. ചിലതിലൊക്കെ മുൻനിരയിലും കാണണം. പക്ഷേ തീൻ മേശയിൽ വരുമ്പോൾ ആദ്യം പുറത്തു പോകുന്നത് കറിവേപ്പില അല്ലേ.

ഇന്ന് ആത്മികഗോളത്തിലും, സ്വന്തം ഭവനങ്ങളിലും, സമൂഹത്തിലും സഹോദരങ്ങളുടെ ഇടയിലും കാണുവാൻ കഴിയുന്ന പ്രതിഭാസം ഇതുതന്നേയാണ്. എല്ലാത്തിലും ഒരു തുടക്കമുണ്ട്, ചില തുടക്കങ്ങൾ വേദനയിലും കഷ്ടതയിലും ഒറ്റപ്പെടിലിലും കൂടി കടന്നുപോയതാകാം. പട്ടിണികിടന്നു പകുതി വയർ മുറുക്കിയുടുത്തും പോറ്റിപുലർത്തി വളർത്തിയവരെ മറന്നു പോകുന്നതും കഷ്ടപെട്ടവരെയും എരിഞ്ഞു തീർന്നവരെയും പലപ്പോഴും തിരിച്ചറിയാതെ തീപ്പെട്ടികൊള്ളിയെ പോലെ പുറത്തു കളയുന്നതല്ലേ മനുഷ്യസ്വഭാവം. നനഞ്ഞകുട പോലെ ക്രമേണ അവരെല്ലാം ഒരുതരം ബാധ്യതയൊ, ഒരധികപറ്റൊ ആയിമാറുന്നു എന്നതല്ലേ സത്യം!.

ഇതൊന്നും നീതിയും ന്യായവും നടപ്പാക്കാനോ, സത്യത്തിന്റെ വിജയത്തിനോ, സമൂഹത്തിന്റെ നന്മക്കോ, സഭയുടെ ആത്മീക വളർച്ചക്കോ ഉന്നമനത്തിനോ വേണ്ടിയല്ല മറിച്ച്, ഇതെല്ലാം ചിലപ്പോൾ ഒരു വ്യക്തിയുടെ സ്വാർത്ഥ നേട്ടങ്ങൾക്കും സ്ഥാപിത താൽപ്പര്യങ്ങൾക്കും സൗകര്യങ്ങൾക്കും സുഖത്തിനും പാരമ്പര്യവാഴ്ചക്കും നിലനിൽപ്പിനും, കൂടുതൽ നാൾ അടക്കി വാഴനും സ്വന്തമാക്കി തീർക്കാനും, ആർഭാടത്തിനും വയറ്റിപ്പിഴപ്പിനും (ജീവസന്ധാരണത്തിനും) വേണ്ടി മാത്രം ആയിരിക്കും എന്നതല്ലേ ദുഃഖകരം.

വളരെ നിസാരമായി പലരും പറയുന്നത് കേട്ടിട്ടില്ലേ അതൊക്കെ അങ്ങനെയാ… ഒന്ന് ചത്താലേ മറ്റൊന്നിനു വളമാകൂ എന്നൊക്കെ.. ശരിയായിരിക്കാം പക്ഷെ സഹിച്ച നൊമ്പരത്തിനും ഒഴുക്കിയ കണ്ണുനിരിനും മറ്റുള്ളവർ കാണാത്തതും അറിയാത്തതുമായ വേദനകളുടെയും (കാര്യങ്ങളുടെ) മൂല്യങ്ങൾ അളന്നും തൂക്കിയും തിട്ടപ്പെടുത്തി സ്വർഗ്ഗത്തിൽ വളരെ വ്യക്തമായും കൃത്യമായും കുറിച്ചു വെച്ചിരിക്കുന്ന രേഖകൾ ഉണ്ടാകുമല്ലോ!!.

പുറമേ കാണുമ്പോൾ എത്ര സുന്ദരമായി കത്തിജ്വലിക്കുന്ന ദീപം. പക്ഷേ അതൊരിക്കൽ വെറുമൊരു തിരിയായിരുന്നു. എന്നാൽ അതിൽ എണ്ണ വീണപ്പോൾ ഭാവവും രൂപവും മാറി, എന്നിട്ടും ജ്വലിച്ചില്ല. വിളക്കെ നീ എത്ര കാലം ഇങ്ങനെ എണ്ണ ഒഴിച്ചു കാത്തിരുന്നാലും നിന്നിൽ നിന്നും പ്രകാശം വരില്ല. എന്നാൽ നിന്നെയൊന്നു പ്രകാശപ്പൂരിതം ആക്കാൻ ഒരു തീപ്പെട്ടികൊള്ളിക്ക്‌ ജീവൻ ബലി കൊടുക്കേണ്ടി വരുന്നു എന്ന സത്യം മറന്നുപോകല്ലേ. ആർക്കോവേണ്ടി ആരോ ത്യാഗമാകുന്ന അവസ്ഥ. അതൊരു നിസ്സാര തടികഷണം ആയതുകൊണ്ട് ആർക്കും അതിന്റ വേദനയും നഷ്ടവും ഗ്രഹിക്കുവാൻ (Feel) കഴിയുന്നില്ല.

അതേ ഇന്നു എല്ലാതലങ്ങളിലും, മേഖലയിലും ഉന്നതനിലവാരവും വരുമാനവും പേരും പെരുമയും പ്രശസ്തിയും ഉള്ള സഭയായി, പ്രസ്ഥാനമായി പൂർണ്ണവളർച്ച വന്ന വൃക്ഷം പോലെ നല്ല പൂക്കളും കായ്കനികളും താങ്ങും തണലും ആകർഷണവും പ്രദാനം ചെയ്യുന്ന രീതിയിൽ വളർന്ന് വലുതായി പലരും അതിലെ നന്മകൾ അനുഭവിച്ച്, തടിച്ചു കൊഴുക്കുമ്പോൾ, ജീവസന്ധാരണം നടത്തുമ്പോൾ മറന്നുപോകുന്ന സത്യം ഉണ്ട്. അതൊരു കുഞ്ഞു കുരുന്നു ചെടിയായിരുന്നപ്പോൾ ഉണങ്ങാതെ വാടാതെ കീടങ്ങൾ തിന്നു നശിപ്പിക്കാതെ ചെറുകുറുക്കന്മാർ കയറാതെ പരിലാളനയും പരിരക്ഷയും പോഷണവും കൊടുത്തു ദിനരാത്രം കാവൽ ഇരുന്നവരെ അഥവാ അതിന്റ തുടക്കവും സാഹചര്യവും മുഖാന്തിരവും കാരണവും അറിഞ്ഞ് ആദ്യകാലങ്ങളിൽ അതിനെ നിലനിർത്തുവാൻ അധ്വാനവും ത്യാഗവും ചെയ്തവരെ മനഃപൂർവം മറന്നു പോയാൽ അത് തലമറന്ന് എണ്ണ തേക്കുന്നതിന് തുല്യം എന്നല്ലേ ലോകം വിളിക്കൂ.

എന്നാൽ ദൈവസഭകളിലും, സമൂഹത്തിലും, കുടുംബ ജീവിതത്തിലും അങ്ങനെ മറ്റുതലങ്ങളിലും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്നതു കാണുമ്പോൾ സഹിക്കുവാനും പൊറുക്കുവാനും കഴിയുമോ എന്നചോദ്യം പിന്നേയും അവശേഷിക്കുന്നു.

മറ്റൊന്നിന്റ വിജയത്തിനും വളർച്ചക്കും ആനന്ദത്തിനും ഭംഗിക്കു വേണ്ടിയും വേറൊന്നിന് നിർബന്ധിതമായി ജീവൻ (Sacrifice, Qurbani) കൊടുക്കേണ്ടി വരുന്ന അവസ്ഥ ചിന്തിച്ചു നോക്കു. എന്തുകൊണ്ട് ഇങ്ങനെ എന്നചോദ്യം പിന്നേയും ഉത്തരം ഇല്ലാതെ കിടക്കുന്നു. നടന്നു വന്നവഴികൾ നാം മറക്കരുത്.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.