ലേഖനം: നിയമങ്ങൾ പാലിക്കാം | ഡെല്ല ജോണ്‍

റോഡ് ക്യാമറകൾ കൺതുറന്നു. നിയമലംഘകർക്ക് പിഴ വീണു തുടങ്ങി.. നിയമങ്ങൾ മനുഷ്യരുടെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയാണെന്നുള്ള തിരിച്ചറിവ് പലർക്കും ഇല്ലാതെ പോയതാണ് നിയമലംഘനത്തിനും തുടർ അപകടങ്ങൾക്കും ഹേതുവാകുന്നത്. നിയമങ്ങൾ ഉള്ളിടത്തു നിയമലംഘനങ്ങളും നടക്കാറുണ്ട്. അരുത് എന്ന് പറയുന്നത് ചെയ്തു നോക്കുവാനുള്ള ഒരു ജിജ്ഞാസ മനുഷ്യസഹജമാണ്. നിയമങ്ങൾ പാലിക്കുന്നത് സ്വൈര്യ ജീവിതത്തിനും സ്വസ്ഥതയോടെ സുഗമമായി ജീവിക്കുവാനും നമ്മെ സഹായിക്കുന്നു.റോഡിൽ അനേകജീവിതങ്ങൾ പൊലിയുന്നതിനു നിയമലംഘനങ്ങളും കാരണമാകുന്നുണ്ട്.

നിയമങ്ങളില്ലാത്ത, നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങൾ വിഭാവനം ചെയ്തിട്ടുണ്ടോ? എത്രമാത്രം അരാജകത്വവും അസമാധാനപരവും അനീതിയും നിറഞ്ഞതായിരിക്കും അങ്ങനെ ഒരു ലോകം. പ്രപഞ്ചത്തിന്റെ ചലനം പോലും അദൃശ്യമായ ചില നിയമത്തിന്മേൽ അടിസ്ഥാനപ്പെട്ടിരിക്കുന്നുവല്ലോ. ദൈനംദിന യാത്രകളിൽ പാതയോരത്ത്,പൊതു വാഹനങ്ങളിൽ, തെരുവോരങ്ങളിൽ ഒക്കെ കാണുന്ന മുന്നറിയിപ്പ് ബോർഡുകൾ അനുസരിക്കുന്നത് നമ്മുടെ സുരക്ഷയ്ക്ക് ഏറ്റവും നല്ലത് തന്നെയാണ്.

പൊതു നിയമങ്ങൾ അനുസരിക്കുന്നത് പൊതുജനജീവിതത്തെ സുഗമമാക്കുന്നത് പോലെ ദൈവികനിയമങ്ങൾ പ്രമാണിക്കുന്നത് ആത്മീയ ജീവിതത്തെ അനുഗ്രഹകരമാക്കുന്നു. നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത് എന്ന് കൽപ്പിച്ച യഹോവയുടെ വാക്ക് ധിക്കരിച്ച ആദി മാതാപിതാക്കൾക്ക് ഉണ്ടായ അനുഭവവും പുറകോട്ടു നോക്കരുത് എന്ന ദൈവകൽപ്പന ലംഘിച്ച ലോത്തിന്റെ ഭാര്യയുടെ അവസ്ഥയും നിനവേയിലേക്ക് പോകുവാൻ കൽപ്പിച്ച ദൈവത്തോട് മുഖം തിരിച്ച് തർശീശിലേക്ക് പോയ യോനയുടെ ജീവിതപാഠവും അനുസരണക്കേടിന്റെ അനന്തരഫലങ്ങളാണ് നമുക്കു മുൻപിൽ വരച്ചു കാട്ടുന്നത്. ആധുനിക സമൂഹത്തിൽ നിയമലംഘനം ഒരു കുറ്റമേ അല്ലാതായിരിക്കുകയാണ്. നിയമത്തിന്റെ പഴുതുകളും രാഷ്ട്രീയമോ സാമ്പത്തികമോ ആയ സ്വാധീനങ്ങളും ഉപയോഗിച്ച് തെറ്റുകളെ വെള്ള തേക്കുന്ന ശ്രമമാണ് ചുറ്റുപാടും കാണുന്നത് എന്നാൽ എങ്ങനെയൊക്കെ വെളുപ്പിക്കാൻ ശ്രമിച്ചാലും അരുത് എന്നത് തന്നെയാണ്.

ദൈവത്തോടുള്ള ഭക്തിയും ദൈവിക പ്രബോധനവും ധാർമിക അച്ചടക്കവും വിവേകപൂർണമായ ഉപദേശങ്ങളും പകർന്നു തരുന്ന, ദൈവമക്കൾക്കുള്ള പെരുമാറ്റച്ചട്ടങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന സദൃശ്യവാക്യങ്ങളുടെ പുസ്തകം ശ്രദ്ധാപൂർവ്വം വായിച്ചാൽ ധാരാളം അരുതുകൾ കാണാം.സ്വന്ത വിവേകത്തിൽ ഊന്നരുത്, നിനക്കു തന്നെ ജ്ഞാനിയായി തോന്നരുത്, വെറുതെ ശണ്ഠയിടരുത്,വകതിരിവും ജ്ഞാനവും ദൃഷ്ടിയിൽ നിന്ന് മാറിപ്പോകരുത് ഇങ്ങനെ നാം ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങൾ ഈ പുസ്തകം പ്രസ്താവിക്കുന്നു.എല്ലാ കാലഘട്ടത്തിലും പ്രസക്തമായ ഉപദേശങ്ങളാണ് ഇതിൽ നമുക്ക് കാണാൻ കഴിയുന്നത്. അജ്ഞതയാൽ തെറ്റു പറ്റാതിരിക്കാൻ ഇവ അനുസരിക്കുന്നത് ഉപകാരപ്പെടും. ദൈവകൃപയുടെ സംരക്ഷണത്തിന് കീഴിൽ ആയിരിക്കുവാനും പാപത്തിലോ കുഴപ്പത്തിലോ ചെന്ന് ചാടാതെ സൂക്ഷിക്കപ്പെടുവാനും ദൈവ കൽപ്പന പ്രമാണിക്കുന്നത് നല്ലതുതന്നെയാണ്..

അസാന്മാർഗികതയും അസന്തുഷ്ടിയും വിളയാടുന്ന, മൂല്യബോധം നഷ്ടപ്പെട്ട ഈ തലമുറയുടെ നടുവിൽ എങ്ങനെ വിജയകരമായി ജീവിക്കാം, എങ്ങനെ പാപത്തെ ഒഴിഞ്ഞുപോകാം എന്നൊക്കെ പഠിപ്പിക്കുന്നത് ദൈവികപ്രമാണങ്ങളാണ്.അതുകൊണ്ട്, ഭൂരിപക്ഷശക്തികൾ പാപത്തിന്റെ സുഖങ്ങളും വഴികളും തേടുവാൻ പ്രലോഭിപ്പിക്കുമ്പോൾ പൊതുനിയമങ്ങൾക്കും ദൈവികനിയമങ്ങൾക്കും കീഴ്പ്പെട്ടുകൊണ്ട് സജ്ജനത്തിന്റെ വഴിയിൽ നടന്ന് നീതിമാന്മാരുടെ പാതകളെ പ്രമാണിച്ച് ഇരുട്ടിന്റെ ശക്തികളോട് സമരസപ്പെടാതെ മുൻപോട്ട് പോകാൻ നമുക്ക് പ്രയത്നിക്കാം.

ഡെല്ല ജോണ്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.