ലേഖനം: പിതാക്കന്മാർക്കായി ഒരു ദിനം | പ്രമോദ് സെബാസ്റ്റ്യൻ

കരുതലിന്റെ പര്യായമായ പിതാക്കന്മാർക്കും ഒരു ദിനം ഉണ്ട് എന്നുള്ള വസ്തുത പലർക്കും അറിവില്ലായിരിക്കും.ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ. ഈ വർഷം ജൂൺ പതിനെട്ടാം തീയതി ഞായറാഴ്ച ഫാദേഴ്സ് ഡേയായി ആചരിക്കുന്നു.
മക്കളെ സ്നേഹത്തിന്റെയും, സുരക്ഷിതത്വത്തിന്റെയും, കരുതലിന്റെയും, ആത്മവിശ്വാസത്തിന്റെയും,  തണലിൽ,  വളര്‍ത്തി വലുതാക്കിയ പിതാവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസം.

1909ല്‍ അമേരിക്കയിലെ വാഷിംഗ്‌ടണില്‍ ഒരു പള്ളിയില്‍ മദേഴ്‌സ് ഡേ പ്രസംഗം കേട്ട സൊനോറ എന്ന യുവതിയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിന്‍റെ തുടക്കക്കാരി. തന്‍റെ പിതാവ് വില്യം ജാക്‍സണ്‍ സ്മാര്‍ട്ടിനെ ആദരിക്കാന്‍ ഒരു ദിവസം വേണമെന്ന് സൊനോറയ്ക്ക് തോന്നി. 1909 ജൂണ്‍ മാസം പത്തൊമ്പതാം തീയതി വില്യം ജാക്‍സണ്‍ സ്മാര്‍ട്ടിന്‍റെ ജന്‍‌മദിനത്തില്‍ തന്നെ സൊനോറ ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷം സംഘടിപ്പിച്ചു. തന്നെയും സഹോദരങ്ങളെയും വളര്‍ത്തി വലുതാക്കുവാനും പഠിപ്പിക്കുവാനും ജീവിതം മുന്നോട്ട് നയിക്കാനുള്ള ധൈര്യം പകരാനുമെല്ലാം പിതാവ് എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്ത് ത്യാഗം സഹിച്ചിട്ടുണ്ടെന്നും സ്വയം ഓര്‍മ്മിക്കാനുള്ള ഒരു ദിനമായി സൊനോറ അതിനെ മാറ്റി.

ഫാദേഴ്സ് ഡേ എന്നത്  ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു നല്ല ചിന്തയാണെന്ന് സൊനോറയ്ക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടുതന്നെ അതൊരു ഔദ്യോഗിക ആചരണമായി മാറണമെന്ന ആഗ്രഹവും അവര്‍ക്കുണ്ടായി.  ആദ്യമൊക്കെ വലിയ എതിര്‍പ്പിനെ സൊനോറയ്ക്ക് നേരിടേണ്ടിവന്നു എങ്കിലും തന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ കോണ്‍ഗ്രസ് ‘ഫാദേഴ്‌സ് ഡേ’യ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു. 1972ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റെ റിച്ചാര്‍ഡ് നിക്സണ്‍, എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്‌സ് ഡേ’ ആയി അംഗീകരിച്ച് പ്രഖ്യാപനമിറക്കിയത്.

ഫാദേഴ്‌സ് ഡേ എന്നത് ഇന്ത്യയിൽ ഒരു ഔദ്യോഗിക ദിനമോ, പൊതു അവധി ദിനമോ അല്ല. മറിച്ച് പാശ്ചാത്യ ലോകത്തിന്റെ സ്വാധീനത്താൽ ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഇന്ത്യയിലും ഫാദേഴ്സ് ഡേയായി ആചരിക്കുന്നു.

ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വിലമതിക്കുന്ന സമ്പത്ത് പിതാവ് ആണെന്ന് പലരുടെയും ഹൃദയം മന്ത്രിക്കുന്നുണ്ടാവും.   അമ്മയുടെ ഉള്ളിൽ നാം വിടരാൻ തുടങ്ങിയത് മുതൽ നമ്മളെ കുറിച്ചുള്ള കരുതൽ ആരംഭിച്ച പിതാവ്, തനിക്കു വരദാനമായി ലഭിച്ച മക്കൾക്ക് ഒരു കുറവും വരാതെ പോറ്റി വളർത്താനായി എത്രയെത്ര കഷ്ടത സഹിച്ചാണ് കഠിനാധ്വാനം ചെയ്തത്. എത്ര രാത്രികളെയാണ് പകലാക്കി മാറ്റിയെടുത്തത്. യഥാർത്ഥത്തിൽ പിതാവ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ എന്തായിരുന്നു എന്നല്ല, മറിച്ച് ഓരോ ഘട്ടത്തിലും നമുക്കു എന്തെല്ലാമായിരുന്നു എന്നുള്ള ഒരു ചിന്തയാണ് കടന്നുവരുന്നത്.

പിതാവ് തൻ്റെ മകന്റെ ആദ്യ നായകനും, തൻ്റെ മകളുടെ ആദ്യ പ്രണയവും എന്ന് പറയാറുണ്ട്.ഒരു കുട്ടിയുടെ ജീവിതത്തിൽ  പിതാവിന്റെ ശക്തി സമാനതകളില്ലാത്തതാണ്. ഓർമ്മയിൽ കടന്നുവരുന്നില്ല എങ്കിൽപോലും  നമ്മുടെ  കുരുന്നു കൈകൾ  ചേർത്ത് പിടിച്ച് ആദ്യം പിച്ചവയ്ക്കാൻ പഠിപ്പിച്ചത് , ജീവിതത്തിൽ സ്വപ്നം കാണാൻ പഠിപ്പിച്ചത്,  അത് നേടിയെടുക്കുന്നതിന് , ലക്ഷ്യം നേടും വരെ ഒരു താങ്ങായി പിടിച്ചു നിൽക്കാൻ ചുമലുകൾ തന്നത്.
മുന്നോട്ടു പോകുവാനും തോൽവികൾ ഉണ്ടാകുമ്പോൾ അതിനെ തന്മയത്തത്തോടെ നേരിടുവാനുമുള്ള കരുത്ത് നേടിയതും, മൂല്യങ്ങളും ധാർമ്മികതയും ജീവിതത്തിൽ പഠിച്ചതും.ജീവിതത്തിൽ പഠിക്കാനുള്ള കുടുംബ ജീവിതത്തിൻറെ ഏറ്റവും നല്ല പാഠങ്ങൾ സ്വയമേ തിരിച്ചറിഞ്ഞതും പിതാവിൽ നിന്നാവും.
പ്രശ്നത്തിൽ അകപ്പെട്ടാൽ ഒരു മടിയും കൂടാതെ നമുക്ക് തിരികെ ഓടി ചെല്ലുവാൻ കഴിയുക പിതാവിൻറെ അടുത്തേക്ക് മാത്രമാണ്.

മുടിയനായ പുത്രൻറെ ഉപമയിൽ പിതാവിന്റെ സ്നേഹത്തെക്കുറിച്ചുള്ള മനോഹരമായ ഒരു സന്ദേശം കാണാം.  ലൂക്കോസ് 15:11-32-ൽ കാണുന്ന ഈ ഉപമ, പിതാവിന്റെ നിരുപാധികമായ സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ഉപമയിൽ, ഇളയ മകൻ തന്റെ പിതാവിനോട് അനന്തരാവകാശത്തിന്റെ പങ്ക് ചോദിക്കുകയും അതു വാങ്ങി അശ്രദ്ധവും അതിരുകടന്നതുമായ ഒരു ജീവിതശൈലി നയിക്കുകയും ചെയ്യുന്നു.  ഒടുവിൽ, അവൻ തന്റെ എല്ലാ സമ്പത്തും പാഴാക്കി, നിരാശാജനകമായ ശൂന്യ അവസ്ഥയിൽ സ്വയം മനസ്സിലാക്കുന്നു.  തന്റെ വഴികളിലെ പിഴവ് മനസ്സിലാക്കി, ഒരു കൂലിവേലക്കാരനായി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിൽ അവൻ തന്റെ പിതാവിന്റെ അടുത്തേക്ക് മടങ്ങാൻ തീരുമാനിക്കുന്നു.

എന്നിരുന്നാലും, ദൂരെ നിന്ന് മകനെ കണ്ട പിതാവ് അനുകമ്പയോടെ അവന്റെ അടുത്തേക്ക് ഓടി, അവനെ  ആലിംഗനം ചെയ്തു സ്വീകരിക്കുന്നു.  അവനെ ശകാരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനു പകരം, പിതാവ് അവനിൽ സ്നേഹവും ക്ഷമയും കരുതലും നൽകുന്നു.  തന്റെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ മകന്റെ മടങ്ങിവരവ് ഒരു വലിയ വിരുന്നോടെ ആഘോഷിക്കുന്നു.

ഈ ഉപമ ഒരു പിതാവിന്റെ സ്നേഹത്തിന്റെ ആഴം മനോഹരമായി ചിത്രീകരിക്കുന്നു.  ഒരു പിതാവിന്റെ സ്‌നേഹം പ്രകടനത്തിലോ യോഗ്യതയിലോ അധിഷ്‌ഠിതമല്ലെന്നും മറിച്ച് നിരുപാധികമായ സ്വീകാര്യതയിലും ക്ഷമയിലും കരുതലിലും വേരൂന്നിയതാണെന്നും ഇത് വെളിപ്പെടുത്തുന്നു. അവൻ ചെയ്ത തെറ്റുകളും മോശം തിരഞ്ഞെടുപ്പുകളും എല്ലാം അവനോട് ക്ഷമിക്കുവാനും ബന്ധം പുനഃസ്ഥാപിക്കാനും പിതാവ് തയ്യാറാകുന്നു.

സ്വർഗീയ പിതാവെന്ന നിലയിൽ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെക്കുറിച്ച് ഈ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നു.  ദൈവസ്നേഹം മാറ്റമില്ലാത്തതും അചഞ്ചലവും അതിരുകളില്ലാത്തതുമാണ്.  നാം തെറ്റുകൾ വരുത്തുമ്പോഴോ, വഴിതെറ്റിപ്പോവുമ്പോഴോ, അയോഗ്യനാണെന്ന് തോന്നുമ്പോഴോ പോലും അത് നമ്മിലേക്ക് വ്യാപിക്കുന്നു.  പിതാവായ ദൈവത്തിൻ്റെ സ്നേഹം നമ്മെ ആശ്ലേഷിക്കാൻ കരുതുവാൻ എത്തുന്നു. ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്നു.

പിതൃദിനത്തിൽ,  നമ്മുടെ ഭൗമിക പിതാവിൻ്റെയും  സ്വർഗ്ഗീയ പിതാവിന്റെയും അഗാധമായ സ്നേഹത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം.നമ്മുടെ പിതാക്കന്മാരിൽ നിന്ന് നമുക്ക് ലഭിക്കുന്ന സ്നേഹവും  ക്ഷമയും കരുതലും വിലമതിക്കുവാൻ കഴിയുന്നതിൽ അപ്പുറമാണെന്ന് ഉൾക്കൊണ്ട്  സ്വന്ത ബന്ധങ്ങളിൽ ആ ഗുണങ്ങൾ പ്രകടമാക്കുവാൻ പരിശ്രമിക്കാം. ഫാദേഴ്സ് ഡേയയിൽ മാത്രമല്ല, ജീവനുള്ള കാലമത്രയും പിതാവിനെയും പിതാവിൻറെ ഓർമകളെയും ചേർത്തുവെച്ച് ജീവിക്കാം.

പ്രമോദ് സെബാസ്റ്റ്യൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.