ലേഖനം: ദൈവത്തോടൊപ്പമുള്ള ഏകാന്തസമയം | പാസ്റ്റര്‍ ജോസ് ഫിലിപ്പ്

ലോകമനുഷ്യന് വര്‍ഷങ്ങളുടെ വരവും പോക്കും കാലഗതിയുടെ സ്വാഭാവിക ആവര്‍ത്തനം മാത്രമാണ്. എന്നാല്‍ ഒരു ദൈവപൈതലിന് ആത്മപരിശോധനയുടെയും ആത്മസമര്‍പ്പണത്തിന്റെയും ദൈവകൃപയ്ക്ക് നന്ദിയേകുന്ന ധന്യനിമിഷവുമാണ്. അതോടൊപ്പം പുതിയ തീരുമാനങ്ങളും പുതുദര്‍ശനങ്ങളും കൈക്കൊള്ളുകയും പ്രത്യാശാനാടിനോട് ഒരു ചുവടുകൂടി അടുത്തു എന്ന ബോധ്യത്തിന്റെ വേളകൂടിയാണ്.
ഒരു ചെടി വളരുവാന്‍ വായു, സൂര്യപ്രകാശം, ഭക്ഷണം എന്നീ ഘടകങ്ങള്‍ അനിവാര്യമാണ്.

മനുഷ്യശരീരത്തിനും സന്തുലിത നില പാലിക്കുവാന്‍ ഭക്ഷണം, സൂര്യപ്രകാശം, ശരീരാഭ്യാസം എന്നിവ ആവശ്യമാണ്. ആയതുപോലെ നമ്മുടെ ആത്മീയാഭിവൃദ്ധിക്ക് ആത്മീയ പരിപോഷണം ദിനന്തോറും ആവശ്യമാണ്.
ഒരു ആത്മസുഹൃത്തിന്റെ അനുഭവം ഞാന്‍ ഓര്‍ക്കുന്നു. ‘എന്റെ മാനസാന്തരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ദൈവവുമായി ഏകാന്തസയമം (Quiet time) ചെലവിടുന്നതിനു ഞാന്‍ വളരെയധികം ശുഷ്‌കാന്തിയുള്ളവനായിരുന്നു. ദിവസവും അതിരാവിലെ ഉണര്‍ന്ന് പ്രാര്‍ത്ഥനയ്ക്കും വചനധ്യാനത്തിനും സമയം കണ്ടെത്തുക പതിവായിരുന്നു. എനിക്കു തന്നെ ആശ്ചര്യം തോന്നുമാറ് ഈ അനുഭവം നിലനിന്നിരുന്നു. എന്നാല്‍ സത്യസന്ധമായി പറയട്ടെ, കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ഇത് ഒരു ചടങ്ങായി മാറി. അങ്ങനെ കുറെ വര്‍ഷങ്ങള്‍ ഹൃദയത്തെ യഥാര്‍ത്ഥമായി സ്പര്‍ശിക്കാത്ത ഒരു നടപടിയായി ഇതു തുടര്‍ന്നു. ആചാരങ്ങളില്‍ മതിപ്പില്ലാത്ത എനിക്ക് പിന്നീട് ഏകാന്തമായ പ്രാര്‍ത്ഥനാ സമയം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.’

നമ്മുടെ സഭകള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം എന്തെന്ന് ഞാന്‍ ഒരു ദൈവഭക്തനോടു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തതയാര്‍ന്ന മറുപടി ഇതായിരുന്നു. ‘ദൈവം പറയുന്നത് കേള്‍ക്കുവാന്‍ അവര്‍ എല്ലാ ദിവസവും സമയം കണ്ടെത്തുന്നില്ല.’ എത്ര വാസ്തവമായ വാക്കുകള്‍. ക്രിസ്തീയ സമൂഹം ആത്മീയത എത്രമാത്രം അവകാശപ്പെട്ടാലും വരണ്ട ജീവിതാനുഭവമാണ് ദൈവം മിക്കവരിലും ദര്‍ശിക്കുക. നാം ചടങ്ങായി ചെയ്യുന്നതില്‍ ആത്മീയത ഉണ്ടായിരിക്കില്ല എന്ന പൊതു തത്വം സന്‍മനസ്സുള്ളവര്‍ നിഷേധിക്കില്ല. ദൈവസന്നിധിയില്‍ ശാന്തമനസ്സോടെ സമയം ചെലവഴിക്കുകയും ദൈവത്തോട് നാമും തിരികെ നമ്മോടു ദൈവവും സംസാരിക്കുന്ന ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍ ജീവിതത്തില്‍ അനുഭവമാക്കിയാല്‍ കൈവരുന്ന ഹൃദയസന്തോഷവും ആത്മീയാഭിവൃദ്ധിയും വര്‍ണ്ണാനാതീതമാണ്.
ഒരു ക്രിസ്തീയ വിശ്വാസിയുടെ ദൈനംദിന ജീവിതത്തിലെ പ്രധാന വിജയരഹസ്യം ദൈവത്തോടൊപ്പം വ്യക്തിപരമായി ചെലവഴിക്കുന്ന വിലയേറിയ സമയമാണ്. പഠനങ്ങള്‍ വ്യക്തമാക്കുന്നത്, ദിവസേനയുള്ള ഈ ആത്മീയാനുഭവത്തില്‍ പരാജയപ്പെടുന്നവരാണ് ആത്മീയ ജീവിതത്തില്‍ ശീതവാന്മാരും സാവധാനം പിന്മാറിപ്പോകുന്നവരും. ദിനംതോറും ഒരു നിശ്ചിത സമയം സമര്‍പ്പിത ഹൃദയത്തോടെ ദൈവത്തോടൊപ്പം ഏകാന്തമായി സമയം കണ്ടെത്തുന്നവര്‍ കര്‍ത്താവിനോടുള്ള കൂട്ടായ്മയില്‍ അനുക്രമമായ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കും എന്നതില്‍ രണ്ടു പക്ഷമില്ല.

ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലെ അനുഗ്രഹത്തിന് ഉത്തമ ഉദ്ദാഹരണമാണ് അബ്രഹാം. ഉല്പത്തി 19:27-ല്‍ അബ്രഹാം രാവിലെ എഴുന്നേറ്റ് താന്‍ യഹോവയുടെ സന്നിധിയില്‍ നിന്നിരുന്ന സ്ഥലത്തു ചെന്നു. (And Abraham woke up early in the morning to the place where he stood before the Lord.) പ്രഭാതത്തില്‍ ദൈവത്തോടൊപ്പം ഏകാന്തസമയം ചെലവഴിച്ച അബ്രഹാമിന്റെ തീരുമാനവും ജീവിതവും പുരോഗതിയുടെ ചിറകിലേറി തിരക്കിന്റെ സമവാക്യവുമായി മുന്നേറുന്ന ആധുനിക ക്രിസ്ത്യാനിക്ക് ഒരു തുറന്ന പാഠമാണ്. പുറപ്പാട് പുസ്തകം 34-ാം അദ്ധ്യായത്തില്‍ മോശെയും ഇതേ അനുഭവത്തിന്റെ തെളിവായി കാണുന്നു. മോശെ രാവിലെ എഴുന്നേറ്റു. മോശെ സീനായി പര്‍വ്വതത്തില്‍ തനിയെ കയറി, ദൈവസന്നിധിയില്‍ നിന്നു. ദൈവം തന്റെ വചനം മോശെയ്ക്കു കൊടുത്തു.
73-ാം സങ്കീര്‍ത്തനത്തില്‍ ഭക്തനായ ആസാഫും തന്റെ ആശയക്കുഴപ്പത്തിനൊടുവില്‍ ദൈവശബ്ദം കേട്ടതോടെ പങ്കിടുന്ന വചനവും ശ്രദ്ധേയമാണ്. എന്നാല്‍ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലത് (വാക്യം 28).
യേശുവും തന്റെ പിതാവുമായുള്ള ഏകാന്തസംസര്‍ഗ്ഗത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. യേശു രാവിലെ മാത്രമല്ല, മുഴുരാത്രിയും പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിച്ചിരുന്നു എന്ന് തിരുവെഴുത്ത് സാക്ഷിക്കുന്നു (മത്തായി 14:23. ലൂക്കോസ് 6:12).
ദൈവവുമായി ചെലവഴിക്കുന്ന ഏകാന്തസമയത്തിലൂടെ ദൈവവുമായുള്ള ആത്മീയ ബന്ധം ശക്തിപ്പെടുത്തുവാനും ദൈവഹിതം തിരിച്ചറിഞ്ഞുമുള്ള സ്ഥിരതയാര്‍ന്ന ആത്മീയജീവിതം ചിട്ടപ്പെടുത്തുവാനും നമുക്കു കഴിയുന്നു. ക്രമീകൃത ദൈവവചന പഠനവും പ്രാര്‍ത്ഥനാജീവിതവും ആത്മീയ പ്രതിബദ്ധതയും കൈവരിക്കുവാന്‍ ഇതുവഴി സാധ്യമാകുന്നു.
ദൈവീക കൂട്ടായ്മയില്‍ വളരുന്നവര്‍, ക്രിസ്തുവിന്റെ പരിജ്ഞാനത്തില്‍ നിലനില്‍ക്കുന്നവരും ആത്മസ്വഭാവമുള്ളവരും മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമായി വര്‍ത്തിപ്പാന്‍ പ്രാപ്തരുമാകും. ദൈവം അതിനായി നമ്മെ സഹായിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.