ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങ് നാളെ: ബൈബിളിൽ തൊട്ട് പ്രതിജ്ഞ, ആംഗ്ലിക്കൻ സഭാ ആർച്ചുബിഷപ് മുഖ്യ കാർമികൻ
KE News Desk l London, UK
ലണ്ടൻ: ആംഗ്ലിക്കൻ സഭയുടെ ആസ്ഥാന ദൈവാലയമായ വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി. ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രൗഢഗംഭീരമായ കിരീടധാരണച്ചടങ്ങ് വെസ്റ്റ്മിനിസ്റ്റർ ആബേയിൽ ശനിയാഴ്ച നടക്കും. പരമ്പരാഗതവും ക്രിസ്തീയ വിശ്വാസപ്രകാരവും ചടങ്ങുകൾക്കൊപ്പം ആഡംബരപൂർണമായ ഘോഷയാത്രയ്ക്കും ലണ്ടൻജനത സാക്ഷ്യംവഹിക്കും. പ്രൊട്ടസ്റ്റന്റ് വിശ്വാസ അനുഭാവം പ്രഖ്യാപിക്കുന്നതുൾപ്പെടെ പരമ്പരാഗതമായി നിലവിലുള്ള 3 രാജകീയ പ്രതിജ്ഞകൾ. പാരമ്പര്യങ്ങൾ പലതും തിരുത്തി കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയാണ് ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം. രാജകീയ ചടങ്ങിൽ ഭരണകൂട മേധാവിക്കും പ്രത്യേക പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് കിങ് ജയിംസ് ബൈബിൾ ഭാഗം വായിക്കും.
ആബിക്കുള്ളിലെ പ്രദക്ഷിണത്തിൽ ചാൾസിനൊപ്പം വിവിധ മതമേലധ്യക്ഷന്മാരും പ്രധാനമന്ത്രി ഋഷി സുനകും പാർലമെന്റ് സ്പീക്കറും കോമൺവെൽത് രാജ്യങ്ങളെ പ്രതിനീധികരിച്ച് എത്തുന്നവരും അണിനിരക്കും. അതതു രാജ്യങ്ങളുടെ പതാകയേന്തിയാകും കോമൺവെൽത് പ്രതിനിധികൾ ഇതിൽ അണിചേരുക. ആംഗ്ലിക്കൻ സഭയുടെ ആത്മീയ ആചാര്യനായ കാന്റർബറി ആർച്ചുബിഷപ് റവ. ഡോ. ജസ്റ്റിൻ വെൽബിയാകും മുഖ്യ കാർമികൻ. സഹകാർമികയായുള്ള ആംഗ്ലിക്കൻ സഭയിലെ വനിതാ ബിഷപ് റൈറ്റ് റവ.ഗുലി ഫ്രാൻസിസ് ദെഹ്ക്വാനിയുടെ സാന്നിധ്യം പുതിയ ചരിത്രമാകും. അധികാരത്തിന്റെ അടയാളങ്ങളായ കുരിശു പതിപ്പിച്ച്, രത്നങ്ങളാൽ അലങ്കരിച്ച അംശവടിയും വജ്രമോതിരവും ചടങ്ങിൽ ആർച്ച്ബിഷപ് രാജാവിനു കൈമാറും. സോവറിൻസ് ഓർബ് എന്നറിയപ്പെടുന്ന കുരിശുപതിപ്പിച്ച ഗോളമാണ് ഇതിലെ പ്രധാനപ്പെട്ട സ്ഥാനചിഹ്നം. രാജാവിന്റെ അധികാരങ്ങളെല്ലാം ദൈവത്തിൽനിന്നുള്ളതാകുന്നു എന്ന് ഓർമിപ്പിക്കാനുള്ളതാണിത്. ചടങ്ങിൽ പങ്കെടുക്കുന്നവരും വീക്ഷിക്കുന്നവരുമെല്ലാം രാജാവിനോടു വിധേയത്വം പ്രഖ്യാപിക്കുന്ന ‘കോറസ് ഓഫ് മില്യൺസ്’ എന്ന ആശയമാണ് പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള മാറ്റങ്ങളിൽ ഒന്ന്. ഇതിന്റെ ഭാഗമായി മറ്റു ക്രൈസ്തവവിഭാഗങ്ങളെയും ഹിന്ദു, മുസ്‍ലിം, ജൂത, സിഖ് മതങ്ങളെയും പ്രതിനീധീകരിച്ച് എത്തുന്നവർക്കു ചടങ്ങിൽ പ്രത്യേക പ്രാധാന്യം നൽകും.
ഇംഗ്ലണ്ടിന്റെ വിശ്വാസവും നിയമവും സംരംക്ഷിക്കുമെന്ന പ്രതിജ്ഞയാണു ചടങ്ങിലെ മറ്റൊരു പ്രധാന ഭാഗം. ആർച്ച്ബിഷപ്പാണ് ഈ സത്യവാചകങ്ങൾ ചൊല്ലിക്കൊടുക്കുന്നത്. ബൈബിളിൽ കൈവച്ചാണ് ഈ പ്രതിജ്ഞ. പ്രതിജ്ഞയ്ക്കുശേഷം രാജാവിനെ സെന്റ് എഡ്വേഡ് ചെയറിലിരുത്തി തൈലാഭിഷേകം നടത്തും. തലയിലും നെഞ്ചിലും കൈകളിലും കുരിശടയാളത്തിൽ വിശുദ്ധതൈലം പൂശിയാണ് അഭിഷേകം. ജറുസലമിലെ തിരുക്കല്ലറയുടെ പള്ളിയിലായിരുന്നു ഈ തൈലത്തിന്റെ പവിത്രീകരണം. ചാൾസ് രാജാവിന്റെ മുത്തശ്ശി ഗ്രീസിലെ ആലീസ് രാജകുമാരിയെ സംസ്കരിച്ച മൗണ്ട് ഓഫ് ഓലീവ്സിലെ ആശ്രമത്തിന്റെ ഒലിവ് തോട്ടങ്ങളിൽനിന്നു ശേഖരിച്ച ഒലിവിൽനിന്ന് എണ്ണയെടുത്തു സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് ഈ തൈലം തയാറാക്കിയത്. കീരീടധാരണത്തിലെ ഏറ്റവും പവിത്രവും സുപ്രധാനവുമായ ചടങ്ങാണ് തൈലാഭിഷേകം. തൈലാഭിഷേകത്തിനുംശേഷമാണ് രാജാവിനെ കീരീടം അണിയിക്കുക. സോവറിൻസ് ഓർബ് എന്നറിയപ്പെടുന്ന കുരിശുപതിപ്പിച്ച ഗോളവും ദൈവവിശ്വാസത്തിന്റെ പ്രതീകമായി സമർപ്പിക്കും.
രാജകിരീടം അണിയിക്കുന്ന ചടങ്ങ് പൂർത്തിയാകുന്നതോടെ ആബിയിൽ മണിനാദവും ട്രംപറ്റും മുഴങ്ങും. തുടർന്ന് ‘ഗോഡ് സേവ് ദ കിങ്’ എന്ന ദേശീയഗാനത്തോടെ ചടങ്ങുകൾക്കു സമാപനമാകും. അപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൺ സല്യൂട്ടുമുണ്ടാകും. ടവർ ഓഫ് ലണ്ടനിൽ 62 ആചാരവെടികൾ മുഴങ്ങും. ഇതിനു പുറമേ 11 ഇടങ്ങളിലാണ് സമാനമായ ഗൺസല്യൂട്ട്. രാജാവും രാജ്ഞിയും വിശുദ്ധ കുർബാന സ്വീകരിക്കുന്നതോടെ ആബിയിലെ ചടങ്ങുകൾ അവസാനിക്കും. പിന്നീട് ആബിയിൽനിന്ന് സമീപത്തെ സെന്റ് എഡ്വേഡ്സ് ചാപ്പലിൽ എത്തുന്ന രാജാവും രാജ്ഞിയും അവിടെനിന്നു വീണ്ടും പരേഡിന്റെ അകമ്പടിയോടെ ബക്കിങ്ങാം കൊട്ടാരത്തിലേക്കു തിരിക്കും.

- Advertisement -


